തോക്ക് മുനയില്‍ നിര്‍ത്തി മോഷണം നടത്തി; ചുറ്റും കേള്‍ക്കുന്നത് ഭയപ്പെടുത്തുന്ന വാര്‍ത്തകള്‍; സ്വന്തം സുരക്ഷയില്‍ വിശ്വാസമില്ലാതെ ബോക്സര്‍ അമീര്‍ഖാന്‍ ബ്രിട്ടന്‍ ഉപേക്ഷിച്ച് മൂന്ന് മക്കളെയും ഭാര്യയെയും കൂട്ടി ദുബായില്‍ സ്ഥിര താമസമാക്കുമ്പോള്‍

Update: 2025-01-29 03:19 GMT

ദുബായ്: തോക്കിന്‍ മുനയില്‍ നിര്‍ത്തി നടത്തിയ മോഷണത്തോടെ ഭയചകിതനായ ബോക്സര്‍ അമീര്‍ഖാന്‍, ബ്രിട്ടന്‍ വിട്ട് ദുബായില്‍ സ്ഥിരതാമസമാക്കി. ബ്രിട്ടനില്‍ ജീവിക്കാന്‍ ഭയക്കുന്നു എന്നാണ് അമീര്‍ഖാന്‍ പറയുന്നത്. കിഴക്കന്‍ ലണ്ടനിലെ ലെയ്ടണില്‍ സഹാറഗ്രില്ലില്‍, പത്‌നി ഫാര്യല്‍ മക്ദൂമിനും, സുഹൃത്ത് ഒമര്‍ ഖാലിദിനും ഒപ്പം ഭക്ഷണം കഴിക്കുന്നതിനിടയിലായിരുന്നു അമീര്‍ഖാന്റെ 72,000 പൗണ്ട് വിലയുള്ള ഫ്രാങ്ക് മുള്ളര്‍ വാന്‍ഗാര്‍ഡ് കൊറോണോ ഗ്രാഫ് വാച്ച് തട്ടിയെടുത്തത്.

2022 ഏപ്രില്‍ 18 ന് ആയിരുന്നു സംഭവം നടന്നത്. തോക്കു ചൂണ്ട് അമീര്‍ഖാന് നേരെ പാഞ്ഞെത്തിയ അക്രമി വാച്ച് ഊരിത്തരാന്‍ ആവശ്യപ്പെടുകയായിരുന്നു. പിന്നീട് ഈ കേസുമായി ബന്ധപ്പെട്ട് ഗൂഢാലോചനയ്ക്കും, അനധികൃതമായി ആയുധങ്ങള്‍ കൈവശം വച്ചതിനും രണ്ടു പേരെ അറസ്റ്റ് ചെയ്തിരുന്നു. വിചാരണയില്‍ അവര്‍കുറ്റക്കാരെന്ന് കണ്ടെത്തുകയും ശിക്ഷിക്കുകയും ചെയ്തിരുന്നു. ഒരാള്‍ക്ക് ഒന്‍പത് വര്‍ഷവും എട്ട് മാസവും ജയില്‍ ശിക്ഷ ലഭിച്ചപ്പോള്‍ മറ്റെയാള്‍ക്ക് ഏഴ് വര്‍ഷവും ഒന്‍പത് മാസവുമാണ് തടവ് വിധിച്ചത്. വാച്ച് അമീര്‍ഖാന് പോലീസ് തിരികെ നല്‍കുകയും ചെയ്തു.

എന്നാല്‍, ഈ സംഭവമാണ് ബോക്സര്‍ അമീര്‍ ഖാനെ തന്റെ , പത്തും ആറും, നാലും വയസ്സുള്ള മൂന്ന് കുട്ടികള്‍ക്കും ഭാര്യയ്ക്കുമൊപ്പം 4000 മൈല്‍ അകലെയുള്ള ദുബായിലേക്ക് പോകാന്‍ പ്രേരിപ്പിച്ചത്. താന്‍ ഈ അറബ് രാജ്യത്തില്‍ ഭയമില്ലാത്ത ഒരു ജീവിതമാണ് നയിക്കുന്നത് എന്നാണ് അമീര്‍ഖാന്‍ അവകാശപ്പെടുന്നത്. കാറിന്റെ വാതില്‍ പൂട്ടാതെ തന്നെ അത് പാര്‍ക്ക് ചെയ്ത് പോകാന്‍ കഴിയുമെന്നും, നിയമം കര്‍ശനമായതിനാല്‍ കുറ്റകൃത്യങ്ങള്‍ കുറവാണെന്നും അദ്ദേഹം പറയുന്നു. സാധാരണക്കാര്‍ ആഗ്രഹിക്കുന്നതും അതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബ്രിട്ടനിലെ കഫേകളില്‍ പോകുമ്പോള്‍ ചിലപ്പോഴൊക്കെ അതിനകത്ത് സംഘര്‍ഷങ്ങള്‍ ഉണ്ടാകുന്നതിന് ദൃക്സാക്ഷിയായിട്ടുണ്ട് എന്ന് അമീര്‍ഖാന്‍ പറയുന്നു. തനിക്ക് അതിന്റെ ആവശ്യമില്ലെന്നും, ജീവിതം മുഴുവന്‍ പോരാടിയ താന്‍ ഇപ്പോള്‍ ഒരു വിരമിച്ച പോരാളിയാണെന്നും അമീര്‍ഖാന്‍ പറയുന്നു. തെരുവുകളില്‍ കിടന്ന് തമ്മില്‍ തല്ലുന്നതില്‍ അര്‍ത്ഥമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അതിനു ശേഷം തോക്കുകള്‍ വരവായി. താന്‍ സ്വമേധയാ ആ വാച്ച് ഊരിക്കൊടുക്കുമായിരുന്നു എന്നും അദ്ദേഹം പറയുന്നു.

എന്നാല്‍, ഈ മോഷണം മാത്രമല്ല മുന്‍ ലൈറ്റ്വെയ്റ്റ് ലോക ചാമ്പ്യന് അഭിമുഖീകരിക്കെണ്ടി വന്നത് 2012 ല്‍ അമീര്‍ഖാനെയും സഹോദരന്‍ ഹാറൂണിനെയും ആറുപേര്‍ അടങ്ങിയ ഒരു സംഘം ആക്രമിച്ചിരുന്നു. അന്ന്, ബോക്സറുടെ റേഞ്ച് റോവര്‍ തട്ടിയെടുക്കാനായിരുന്നു സംഘം ശ്രമിച്ചത്. എന്നാല്‍, അന്ന് സഹോദരന്മാര്‍ ഇരുവരും തിരിച്ചടിച്ചതിനാല്‍ സംഘം ഓടി മറയുകയായിരുന്നു.

Similar News