വിമാനത്തിലുണ്ടായിരുന്ന ആരും തന്നെ ഇനി ജീവനോടെ ഉണ്ടാകില്ല; പൊട്ടോമാക് നദിയില്‍ നിന്ന് ഇതുവരെ 28 പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു; മുഴുവന്‍പേരെയും കണ്ടെത്തുന്നതുവരെ തിരച്ചില്‍ തുടരും; എന്നിട്ട് അവരുടെ പ്രിയപ്പെട്ടവരെ ഏല്‍പ്പിക്കും; അമേരിക്കയെ നടുക്കിയ വിമാനദുരന്തത്തില്‍ വിശദീകരണവുമായി കൊളംബിയ ഫയര്‍ ചീഫ്

Update: 2025-01-30 16:27 GMT

വാഷിങ്ടൻ: അമേരിക്കയെ തന്നെ ഒന്നടങ്കം നടുക്കിയ ദുരന്തമാണ് ഇന്ന് നടന്നത്. യുഎസ് ആർമി ഹെലികോപ്റ്റർ പരിശീലന പറക്കലിനിടെയാണ് വിമാനവുമായി കൂട്ടിയിടിച്ച് വൻ ദുരന്തം ഉണ്ടാകുന്നത്. ഇപ്പോഴിതാ സംഭവത്തിൽ കൂടുതൽ വിശദികരണവുമായി അധികൃതർ രംഗത്ത് വന്നിരിക്കുകയാണ്. യുഎസിലെ വാഷിങ്ടൻ റീഗൽ നാഷനൽ വിമാനത്താവളത്തിൽ ലാൻഡിങ്ങിനിടെ യാത്രാ വിമാനം സൈനിക ഹെലികോപ്റ്ററുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ വിമാനത്തിലുണ്ടായിരുന്ന മുഴുവൻ പേരും മരിച്ചതായി നിഗമനം. വിമാനത്തിലുണ്ടായിരുന്ന ആരും തന്നെ ജീവനോടെയുണ്ടാകുമെന്ന് കരുതുന്നില്ലെന്നു ഡിസ്ട്രിക്ട് ഓഫ് കൊളംബിയ ഫയർ ചീഫ് ജോൺ ഡോൻലി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.

ഇതുവരെ 28 പേരുടെ മൃതദേഹങ്ങൾ പൊട്ടോമാക് നദിയിൽനിന്നു കണ്ടെടുത്തു. നദിയിൽ തിരച്ചിൽ തുടരുകയാണ്. എല്ലാ മൃതദേഹവും കണ്ടെടുത്ത് പ്രിയപ്പെട്ടവരെ തന്നെ ഏൽപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 60 യാത്രക്കാരും നാല് ക്രൂ അംഗങ്ങളും ഉൾപ്പെടെ 64 പേരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. പരിശീലന പറക്കലിലായിരുന്ന സൈനിക ഹെലികോപ്റ്ററിൽ 3 പേരാണ് ഉണ്ടായിരുന്നത്. വിമാനത്തിന്റെ ബ്ലാക് ബോക്സ് മുങ്ങൽ വിദഗ്ധർ കണ്ടെത്തിയതായി റിപ്പോർട്ട് ചെയ്തു.

കൻസാസിൽനിന്നു പുറപ്പെട്ട അമേരിക്കൻ എയർലൈൻസിന്റെ 5342 എന്ന വിമാനം റൺവേയിലേക്ക് അടുക്കുന്നതിനിടെയാണു സൈന്യത്തിന്റെ ബ്ലാക്ക് ഹാക് ഹെലികോപ്റ്ററിൽ ഇടിച്ചത്. മുതിർന്ന സേനാ ഉദ്യോഗസ്ഥർ ഹെലികോപ്റ്ററിൽ ഇല്ലായിരുന്നെന്നാണു വിവരം. തുടർന്ന് വിമാനം നദിയിലേക്ക് വീഴുകയായിരുന്നു. വൈറ്റ് ഹൗസിൽനിന്ന് 5 കിലോമീറ്റർ ദൂരത്തായിരുന്നു അപകടം നടന്നത്. സംഭവത്തിൽ അന്വേഷണം നടത്തുമെന്ന് പെന്റഗൺ വ്യക്തമാക്കി.

അതേസമയം, ഇത് ഞെട്ടിപ്പിക്കുന്ന അപകടമെന്നാണ് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രതികരിച്ചു. ഇതു നടക്കാന്‍ പാടില്ലായിരുന്നുവെന്ന് പറഞ്ഞ ട്രംപ്, വിമാനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നതില്‍ കണ്‍ട്രോള്‍ ടവറുകളുടെ കാര്യക്ഷമതയിൽ സംശയവും പ്രകടിപ്പിച്ചു. 2009 ന് ശേഷം യുഎസിലുണ്ടാകുന്ന വലിയ വിമാനാപകടമാണ് ഇതെന്നാണ് റിപ്പോർട്ട്. 2009ൽ ന്യൂയോർക്കിലുണ്ടായ അപകടത്തിൽ 49 പേർക്കാണ് ജീവൻ നഷ്ടമായിരിക്കുന്നത്.

ആകാശത്ത് നടന്ന കൂട്ടിയിടിയിൽ വിമാനവും ഹെലികോപ്റ്ററും തണുത്തുറഞ്ഞ പോട്ടോമാക് നദിയിലാണ് പതിച്ചത്. നിമിഷങ്ങൾക്കകം തുടങ്ങിയ തെരച്ചിൽ ഇപ്പോഴും തുടരുന്നു. അത്യാധുനിക ഉപകരണങ്ങളുടെ സഹായത്തോടെയാണ് 24 അടി ആഴമുള്ള നദിയിൽ തിരയുന്നത്. ഇരുട്ടും കൊടും തണുപ്പും ആദ്യ മണിക്കൂറുകളിൽ രക്ഷാപ്രവർത്തനത്തിന് തടസമായിരിക്കുന്നത്. നടുക്കുന്ന അപകടമാണ് ഉണ്ടായതെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രതികരിച്ചു.

വിമാന ദുരന്തങ്ങളിൽ അത്യപൂർവമാണ് ആകാശത്തെ കൂട്ടിയിടികൾ. അതുകൊണ്ടുതന്നെ വിശദമായ അന്വേഷണത്തിൽ മാത്രമേ അപകട കാരണം വ്യക്തമാകൂ. ഹെലികോപ്റ്ററിൽ നിന്നും വിമാനത്തിൽ നിന്നും അപകടത്തിന് തൊട്ടുമുൻപ് എയർ ട്രാഫിക് കൺട്രോളുമായി നടത്തിയ സംഭാഷങ്ങളുടെ ഓഡിയോ പുറത്തുവന്നിട്ടുണ്ട്.

Tags:    

Similar News