ഇന്‍ഫോപാര്‍ക്കിലെ ആംബുലന്‍സ് ഡ്രൈവറായ 19കാരന്‍ അടൂരിലെത്തിയത് ഒരു ചടങ്ങില്‍ പങ്കെടുക്കാന്‍; ബന്ധുവായ 16 കാരനൊപ്പം ചേര്‍ന്ന് പത്ത് വയസുകാരിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചത് കൂട്ടുകാരികളുടെ മുന്നില്‍നിന്നും; അയല്‍ക്കാരനായ പ്രതിയെ തിരിച്ചറിഞ്ഞത് പെണ്‍കുട്ടിക്ക് കാണിച്ചുകൊടുത്ത ചിത്രത്തില്‍നിന്നും; പോക്‌സോ ചുമത്തി അതിവേഗ അറസ്റ്റ്
അടൂരില്‍ പത്തു വയസുകാരിയെ പീഡിപ്പിച്ചത് കൂട്ടുകാരികള്‍ക്ക് ഒപ്പം കടയില്‍പോയി വരുന്നതിനിടെ
പത്തനംതിട്ട: പത്തനംതിട്ട അടൂരില്‍ അഞ്ചാം ക്ലാസുകാരിയായ പത്ത് വയസുകാരിയെ വായ പൊത്തിപ്പിടിച്ച് തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസില്‍ പ്രതികളായ ആംബുലന്‍സ് ഡ്രൈവറായ 19-കാരനെയും അയല്‍വാസിയായ 16-കാരനെയും പൊലീസ് പിടികൂടിയത് കുറ്റകൃത്യം നടന്ന് മണിക്കൂറുകള്‍ക്കുള്ളില്‍. അതിജീവിതയായ പെണ്‍കുട്ടിക്ക് കാണിച്ചുകൊടുത്ത ചിത്രത്തില്‍നിന്ന് പ്രതികളെ തിരിച്ചറിഞ്ഞ പോലീസ് തിങ്കളാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെ ഇരുവരെയും പിടികൂടുകയായിരുന്നു.
എറണാകുളം വടയംപാടി സ്വദേശിയായ സുധീഷ് രമേഷും ഇയാളുടെ ബന്ധുവായ 16-കാരനുമാണ് അറസ്റ്റിലായത്. ഇരുവര്‍ക്കുമെതിരെ പോക്സോ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. സുധീഷിനെ കസ്റ്റഡിയിലെടുത്ത പൊലീസ് ഇയാളില്‍ നിന്നും ലഭിച്ച വിവരം അനുസരിച്ച് പിന്നാലെ 16-കാരനേയും പിടികൂടി. അടൂര്‍ ഡി.എസ്.പി ജി. സന്തോഷ് കുമാറാണ് ഇരുവരുടേയും അറസ്റ്റ് രേഖപ്പെടുത്തിയത്.
കാക്കനാട് ഇന്‍ഫോപാര്‍ക്കിലെ ആംബുലന്‍സ് ഡ്രൈവറായ സുധീഷ് അടൂരില്‍ ഒരു ചടങ്ങില്‍ പങ്കെടുക്കാനെത്തിയതായിരുന്നു. പെണ്‍കുട്ടിയുടെ വീടിന് സമീപത്തായിരുന്നു ചടങ്ങ്. ഞായറാഴ്ച വൈകുന്നേരം ആറ് മണിയോടെ കൂട്ടുകാരികള്‍ക്കൊപ്പം കടയില്‍ പോയി വരികയായിരുന്ന പെണ്‍കുട്ടിയെ അയല്‍വാസിയായ 16-കാരന്‍ വായ പൊത്തിപ്പിടിച്ച് തട്ടിക്കൊണ്ടു പോകുകയായിരുന്നു. കൂടെയുണ്ടായിരുന്ന 19-കാരന്‍ കൂട്ടുകാരികളെ ഭയപ്പെടുത്തി നിര്‍ത്തിയ ശേഷമായിരുന്നു പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയത്.
പെണ്‍കുട്ടിയെ വലിച്ചിഴച്ച് അടുത്തുള്ള കാടുപിടിച്ച സ്ഥലത്തെ ആളൊഴിഞ്ഞ വീട്ടിലെത്തിച്ച 16-കാരന്‍ ആദ്യം പീഡിപ്പിച്ചു. ഇതിനിടയില്‍ കരഞ്ഞ കുട്ടിയുടെ വായ പൊത്തിപ്പിടിക്കുകയും ചെയ്തു. പിന്നീട് 19-കാരനും കുട്ടിയെ പീഡിപ്പിച്ചു. അപ്പോഴേക്കും പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങളും നാട്ടുകാരും വിവരമറിഞ്ഞിരുന്നു. പോലീസിനെ വിവരം അറിയിക്കുകയും സംഭവസ്ഥലത്തെത്തിയ പോലീസ് കുട്ടിയെ വൈദ്യപരിശോധനയ്ക്കായി അടൂര്‍ ജനറല്‍ ആശുപത്രിയില്‍ എത്തിക്കുകയുമായിരുന്നു. അമ്മയുടെ സാന്നിധ്യത്തില്‍ പെണ്‍കുട്ടിയുടെ മൊഴിയും രേഖപ്പെടുത്തി.
വളരെ ഗുരുതരമായിട്ടാണ് കുട്ടിയെ ഉപദ്രവിച്ചിരിക്കുന്നതെന്നും സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം നടക്കുന്നതായും ഡിവൈഎസ്പി ജി സന്തോഷ് അറിയിച്ചു. തെളിവുകളെല്ലാം ശേഖരിച്ചു കഴിഞ്ഞു. പ്രതികളെയെല്ലാം കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കുട്ടിയെ പരിചയമുള്ള ആളുകള്‍ തന്നെയാണ് പ്രതികള്‍. ഞായറാഴ്ച വൈകിട്ട് അഞ്ചുമണിയോടെയാണ് സംഭവം. അടൂരില്‍ ബന്ധുവീട്ടിലെ ഒരു ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു എറണാകുളം സ്വദേശിയായ യുവാവ്.
എറണാകുളം സ്വദേശിയായ യുവാവ് രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പൊലീസ് പിടികൂടുകയായിരുന്നു. ചോദ്യം ചെയ്യല്‍ ഇരുവരും കുറ്റം നിഷേധിച്ചു. എന്നാല്‍, വൈദ്യ പരിശോധനയില്‍ പെണ്‍കുട്ടി പീഡനത്തിന് ഇരയായിയെന്ന് വ്യക്തമായി. പ്രായപൂര്‍ത്തിയാകാത്തയാളെ ജുവനൈല്‍ ബോര്‍ഡിന് മുമ്പാകെയും സുധീഷിനെ മജിസ്‌ട്രേറ്റിന് മുമ്പാകെയും ഹാജരാക്കി. പ്രതി സുധീഷിനെ റിമാന്‍ഡ് ചെയ്തു.