ഗസ്സ മുതല്‍ കാശ്മീര്‍ വരെ ഭീകരവാദത്തിന്റെ പണമെത്തുന്നു; ലഷ്‌കര്‍ ഭീകരര്‍ക്കുവരെ ഫണ്ടിംഗ്; സിഎഎ സമരത്തിലും കോടികള്‍ ഒഴുകിയെത്തി; ഹമാസിനും പണം എത്തുന്നു; ട്രംപ് നിരോധിച്ച യുഎസ് എയ്ഡിലൂടെ പണം എത്തുന്നത് തീവ്രവാദികളുടെ കൈയിലേക്കോ?
ട്രംപ് നിരോധിച്ച യുഎസ് എയ്ഡിലൂടെ പണം എത്തുന്നത് തീവ്രവാദികളുടെ കൈയിലേക്കോ?
1961-ല്‍ അമേരിക്കന്‍ കോണ്‍ഗ്രസ് പാസാക്കി അന്നത്തെ പ്രസിഡന്റ് ജോണ്‍ എഫ്. കെന്നഡി ഒപ്പിട്ട വിദേശ സഹായ നിയമത്തിലൂടെയാണ് യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഏജന്‍സി ഫോര്‍ ഇന്റര്‍നാഷണല്‍ ഡെവലപ്മെന്റ് (യുഎസ്എഐഡി) എന്ന യുഎസ് എയ്ഡ് എന്ന ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ സഹായമെത്തിക്കുന്ന എജന്‍സി പിറന്നുവീണത്. അമേരിക്കല്‍ ഭരണകൂടത്തിന് നിയന്ത്രിക്കാന്‍ കഴിയാത്ത രീതിയില്‍ സ്വതന്ത്ര ഏജന്‍സിയായിരുന്നു ഇത്. ശീതയുദ്ധകാലത്ത് സോവിയറ്റ് സ്വാധീനത്തെ ചെറുക്കുകയും വിദേശ സഹായം തന്ത്രപരമായി നല്‍കിക്കൊണ്ട് അമേരിക്കയുടെ താല്‍പ്പര്യങ്ങള്‍ മുന്നോട്ട് കൊണ്ടുപോകുകയും ചെയ്യുക എന്നതായിരുന്നു ഇതിന്റെ ലക്ഷ്യങ്ങളിലൊന്ന്.
എന്നാല്‍ താന്‍ അധികാരത്തിലേറിയാല്‍, മറ്റു രാജ്യങ്ങള്‍ക്ക് നല്‍കുന്ന സഹായങ്ങള്‍ നിര്‍ത്തലാക്കുമെന്ന് ട്രംപ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. 'അമേരിക്ക ഫസ്റ്റ്' എന്ന ആശയത്തിന് പ്രാധാന്യം കൊടുക്കാന്‍ വിദേശ ചെലവുകള്‍ വെട്ടി കുറയ്ക്കുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനം. ഇതിന്റെ ഭാഗമായി, യുഎസ്എയ്ഡിന്റെ 2,200 ജീവനക്കാരെ ശമ്പളത്തോടെ അവധിയില്‍ പ്രവേശിപ്പിക്കാന്‍ ട്രംപ് ഭരണകൂടം ഉത്തരവിട്ടിരുന്നു. എന്നാല്‍ ഈ ഉത്തരവ് തടഞ്ഞ, അമേരിക്കന്‍ ജില്ലാ ജഡ്ജി കാള്‍ നിക്കോള്‍സ്, ജീവനക്കാരെ ശമ്പളത്തോടു കൂടി അവധിയില്‍ പ്രവേശിപ്പിക്കാനുള്ള പദ്ധതി താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കയാണ്.
ആറ് പതിറ്റാണ്ടുകളായി സേവനം നടത്തുന്നഏജന്‍സിയെയും അതിന്റെ ആഗോള പരിപാടികളെയും നിര്‍ത്തലാക്കുന്നത് തടയാന്‍ തൊഴിലാളികള്‍ ശ്രമിച്ചിരുന്നു. ഇതിനാല്‍ ചില ജീവനക്കാരെ നിര്‍ബന്ധിത അവധിയില്‍ പ്രവേശിപ്പിച്ചിരുന്നു. യുഎസ്എയ്ഡ് അടച്ചുപൂട്ടുന്നതിനുള്ള ശ്രമങ്ങള്‍ തടയാന്‍ ശ്രമിക്കുന്ന അമേരിക്കയിലെ സര്‍ക്കാര്‍ ജീവനക്കാരുടെ ഏറ്റവും വലിയ യൂണിയനും വിദേശ സേവന തൊഴിലാളികളുടെ അസോസിയേഷനുമാണ് ഭരണകൂടത്തിനെതിരെ രംഗത്തെത്തിയത്. ഡെമോക്രാറ്റിക്ക് പാര്‍ട്ടിക്കാര്‍ യുഎസ് എയ്ഡിനുവേണ്ടി നിലകൊള്ളുമ്പോള്‍, സംഘടനയുടെ പ്രവര്‍ത്തനം തീവ്രവാദത്തിന് അടക്കം പോവുന്നുണ്ടെന്നാണ് ട്രംപ് അനുകൂലികള്‍ ചൂണ്ടിക്കാട്ടുന്നത്.
ഗസ്സമുതല്‍ കശ്മീര്‍വരെയെത്തുന്ന ഭീകരത
യുഎസ് എയ്ഡിന്റെ പ്രവര്‍ത്തനം ട്രംപ് ഭരണകൂടം താല്‍ക്കാലികമായി നിര്‍ത്തിവെച്ചത് പിന്നാലെ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങളാണ്. ഗസ്സയിലെ ഹമാസിന് തൊട്ട് കശ്മീരിലെ ലഷ്‌ക്കറെ ത്വയ്യിബക്കുവരെ ഇവരുടെ പണം എത്തുന്നുണ്ടെന്നാണ്, ഫോക്സ് ന്യൂസ് പോലുള്ള ചാനലുകള്‍ പറയുന്നത്. എന്നാല്‍ സര്‍ക്കാരുകളെ അസ്ഥിരപ്പെടുത്തുന്നതിനും, ഇന്ത്യയില്‍ ട്രാന്‍സ്ജെന്‍ഡര്‍ ക്ലിനിക്കുകള്‍ സ്ഥാപിക്കുന്നതിനും, തെറ്റായ വാര്‍ത്ത നല്‍കാന്‍ മാദ്ധ്യമങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും അമേരിക്കക്കാരുടെ നികുതി പണം ഉപയോഗിക്കുന്നുണ്ടെന്നാണ് ഈ റിപ്പോര്‍ട്ടില്‍ പറയുന്നത്.
ഇന്ത്യയിലെയും ബംഗ്ലാദേശിലെയും സര്‍ക്കാരുകളെ അസ്ഥിരപ്പെടുത്താന്‍ ജോര്‍ജ്ജ് സോറോസ് യുഎസ്ഐഡിയെ ഉപയോഗിച്ചിരുന്നുവെന്ന് നിരവധി റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ലഷ്‌കറിന്റെ ഫണ്ടിംഗ് ഏജന്‍സിയായ ഫത്താ-ഇ-ഇന്‍സാനിയത്തില്‍ (എഫ്ഇഐ) പോലും യുസ്ഐഡി യുടെ സഹായം എത്തിയിട്ടുണ്ടെന്നാണ് വിവരം.
ലഷ്‌കര്‍-ഇ-തൊയ്ബയുടെ ആദ്യ ഫണ്ടിംഗ് വിഭാഗമായ ജമാഅത്ത്-ഉദ്-ദവയെ അമേരിക്കയും ഇന്ത്യയും ഭീകര സംഘടനയായി പ്രഖ്യാപിച്ചിരുന്നു. ഇതിന് ശേഷമാണ് എന്‍ജിഒയുടെ മറപറ്റി എഫ്ഇഐ രൂപീകരിച്ചത്. ജീവകാരുണ്യ പ്രവര്‍ത്തനത്തിന്റെ പേരില്‍ ഇവര്‍ പിരിക്കുന്ന തുക ജമ്മുകശ്മീരില്‍ അരക്ഷിതാവസ്ഥ സൃഷ്ടിക്കാനാണ് ഉപയോഗിക്കുന്നത്. മിഷിഗണ്‍ ആസ്ഥാനമായുള്ള മുസ്ലീം ചാരിറ്റിയായ ഹെല്‍പ്പിംഗ് ഹാന്‍ഡ് ഫോര്‍ റിലീഫ് ആന്‍ഡ് ഡെവലപ്‌മെന്റ് (എച്ച്എച്ച്ആര്‍ഡി) വഴിയാണ് USID നല്‍കിയ ഫണ്ടുകള്‍ FEI ക്ക് ലഭിച്ചതെന്നാണ് വിവരം. 2023-ല്‍ ഹൗസ് ഫോറിന്‍ അഫയേഴ്‌സ് കമ്മിറ്റി ചെയര്‍മാന്‍ ടി. മക്കോള്‍ ഈ പ്രശ്‌നം ഉയര്‍ത്തിക്കാട്ടി USIഉക്ക് കത്തയച്ചിരുന്നു. ഈ ആരോപണങ്ങളെല്ലാം ഉണ്ടായിരുന്നിട്ടും 2023 ല്‍ USAID HHRDക്ക് 73,000 ഡോളര്‍ അനുവദിച്ചിരുന്നു.
എഫ്ഇഐയെയും അതിന്റെ മാതൃ സംഘടനയായ ലഷ്‌കര്‍-ഇ-തൊയ്ബയെയും യുഎസ് നിരോധിച്ച ഉത്തരവില്‍ എഫ്ഇഐ പാക് ആസ്ഥാനമായുള്ള സംഘടനയാണെന്നും നിരോധിത ഭീകര സംഘടനയായ ലഷ്‌കര്‍-ഇ-തൊയ്ബയുമായും അതിന്റെ മാനുഷിക സംഘടനയായ ജമാഅത്ത്-ഉദ് ദവയുമായും അടുത്ത ബന്ധമുണ്ടെന്നും യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് പറഞ്ഞിരുന്നു. യുസ്ഐഡി ക്കുള്ള ധനസഹായം മരവിപ്പിച്ച ട്രംപിന്റെ നടപടി ലോകത്താകെ പടര്‍ന്നു കിടക്കുന്ന ജിഹാദി സംഘങ്ങള്‍ക്ക് വന്‍ തിരിച്ചടിയാകുമെന്ന് പറയുന്നു. നിലവില്‍ ഗസ്സക്ക് കിട്ടുന്ന 55 ശതമാനവും അമേരിക്കയില്‍നിന്നാണ്. ഇതിലെ വലിയൊരു പങ്കും ഹമാസിന് പോവുന്നു. അങ്ങനെ ഹമാസ് നേതാക്കള്‍ കോടീശ്വരര്‍ ആവുകയാണ്.
എന്താണ് യുഎസ് എയ്ഡ്?
പ്രകൃതി ദുരന്തം, പകര്‍ച്ചവ്യാധികള്‍, ആരോഗ്യ പ്രതിസന്ധികള്‍, കാര്‍ഷിക വികസനം, ദാരിദ്ര്യ നിര്‍മാര്‍ജനം, യുദ്ധ മേഖലകളിലെ രക്ഷാപ്രവര്‍ത്തനം തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്ക് വലിയ ധനസഹായങ്ങള്‍ നല്‍കുന്ന പ്രസ്ഥാനമാണ് യുഎസ്എയ്ഡ് എന്നാണ് പൊതുവെ പറയുക. അതിന്റെ പ്രവര്‍ത്തനം നിലയ്ക്കുന്നത് ഇന്ത്യയുള്‍പ്പെടെ നൂറിലധികം രാജ്യങ്ങളിലെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെ സാരമായി ബാധിക്കുമെന്ന് അമേരിക്കയിലെ ഡെമോക്രാറ്റുകള്‍ പറയുന്നു. സമൂഹത്തിന്റെ ഏറ്റവും താഴെ തട്ടിലുള്ള ആളുകള്‍ക്ക് സഹായമെത്തിക്കുന്ന ഈ ഏജന്‍സിക്ക് ചെലവാകുന്നത് അമേരിക്കന്‍ ഫെഡറല്‍ ബജറ്റിന്റെ ഒരു ശതമാനം മാത്രമാണ്.
നൂറിലധികം രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന യു.എസ് എയ്ഡിന്റെ ഇന്ത്യയിലെ പ്രോജക്ടുകളും ഇനിയൊരു അറിയിപ്പുണ്ടാകും വരെ നിര്‍ത്തിവെക്കാന്‍ അമേരിക്ക ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്ത്യയില്‍ നരേന്ദ്രമോദി സര്‍ക്കാരിനെതിരായ പ്രചാരണത്തില്‍ ഏജന്‍സി പങ്കാളിയായെന്നും സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ശ്രമങ്ങളെ പിന്തുണച്ചെന്നും വലതുപക്ഷക്കാര്‍ നാളുകളായി ഏജന്‍സിക്കെതിരെ ഉന്നയിക്കുന്ന ആരോപണമാണ്. 2017-ല്‍ ഹെറിറ്റേജ് ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യ പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം ജോര്‍ജ് സോറോസിന്റെ ഓപ്പണ്‍ സൊസൈറ്റി ഫൗണ്ടേഷനുമായി ചേര്‍ന്ന് യുഎസ്എയ്ഡ് ഇന്ത്യയടക്കമുള്ള നിരവധി രാജ്യങ്ങളില്‍ വിഭാഗീയ അജണ്ടകള്‍ പ്രോത്സാഹിപ്പിച്ചതായി ആരോപിച്ചിരുന്നു. ഇന്ത്യയില്‍ സിഎഎ സമരത്തിലും ഖലിസ്ഥാന്‍ വാദികള്‍ക്കും സംഘടനവഴി പണം എത്തിയെന്ന് ആരോപണമുണ്ട്. എങ്കിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഒരുപാട് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ സംഘടന നടത്തുന്നുണ്ട് എന്നത് സത്യമാണ്. ട്രംപിന്റെ പുതിയ തീരുമാനങ്ങളെ ലോകരാജ്യങ്ങള്‍ പൊതുവെ വളരെ സംശയത്തോടെയാണ് കാണുന്നത്.
ചൈന മുതലെടുക്കുമോ?
അമേരിക്ക യുഎസ് എയ്ഡ് 'സഹായം' നിര്‍ത്തിയാല്‍ ആ അവസരം മുതലെടുത്ത് ചൈന രാജ്യങ്ങള്‍ക്ക് സഹായം നല്‍കാന്‍ തുടങ്ങും എന്ന് അമേരിക്കന്‍ എഴുത്തുകാരും, ചിന്തകരും ആശങ്ക പ്രകടിപ്പിക്കുന്നുണ്ട്. ആഗോളതലത്തില്‍ മാനുഷിക സഹായത്തിനായി ചെലവഴിക്കുന്ന ഓരോ 10 ഡോളറിലും 4 ഡോളര്‍ അമേരിക്കയുടെ പക്കലുള്ളതിനാല്‍, ആഗോള വികസന മേഖലയെ ഇത് ആഴത്തില്‍ ബാധിക്കുമെന്നും രോഗം, ക്ഷാമം, സംഘര്‍ഷം എന്നിവ വര്‍ദ്ധിക്കാനുള്ള സാധ്യതയുണ്ടെന്നും സഹായ ഏജന്‍സികള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഈ നീക്കം ചൈനയ്ക്ക് മുതലെടുക്കാന്‍ കഴിയുമെന്ന് അതുകൊണ്ടാണ് സുരക്ഷാ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നത്. രാജ്യാന്തര മാധ്യമങ്ങളിലെല്ലാം അമേരിക്കന്‍ എഴുത്തുകാരും, ചിന്തകരും, രാഷ്ട്രീയ നിരീക്ഷകരും അമേരിക്കന്‍ പ്രസിഡന്റിനോട് ഈ തീരുമാനം പുനഃപരിശോധിക്കാന്‍ അഭ്യര്‍ത്ഥിക്കുകയാണ്. അമേരിക്കയെ പരോക്ഷമായി തിരിച്ചടിക്കുമെന്ന ചിന്തയില്ലാതെ ഇത് നടപ്പിലാക്കരുതെന്ന് അമേരിക്കന്‍ പത്ര മാധ്യമങ്ങളിലും, സോഷ്യല്‍ മീഡിയയിലും ചര്‍ച്ചകള്‍ ഉണ്ട്.
2018-ല്‍, ചൈനീസ് സര്‍ക്കാര്‍, വിദേശ നിക്ഷേപ പരിപാടിയായ ബെല്‍റ്റ് ആന്‍ഡ് റോഡ് ഇനിഷ്യേറ്റീവ് (ബിആര്‍ഐ) ഉള്‍പ്പെടെയുള്ള ചൈനയുടെ പദ്ധതികള്‍ കാര്യക്ഷമമായി നടപ്പിലാക്കാന്‍, ചൈന ഇന്റര്‍നാഷണല്‍ ഡെവലപ്മെന്റ് കോ-ഓപ്പറേഷന്‍ ഏജന്‍സി അഥവാ 'ചൈന എയ്ഡ്' തുടങ്ങി. എത്രത്തോളം തുക ഇതിലൂടെ ചെലവാക്കുന്നുണ്ട് എന്ന് ചൈനീസ് സര്‍ക്കാര്‍ വെളിപ്പെടുത്തുന്നില്ലെങ്കിലും, വില്യം ആന്‍ഡ് മേരിയുടെ ഗ്ലോബല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തിയ പഠനത്തില്‍, 2000 നും 2021 നും ഇടയില്‍ ചൈന വികസ്വര രാജ്യങ്ങള്‍ക്ക് 1.34 ട്രില്യണ്‍ ഡോളര്‍ വായ്പ നല്‍കിയതായി കണ്ടെത്തി.'സഹായം' ഒരു പ്രധാന വിദേശനയ ഉപകരണമെന്ന നിലയില്‍ വികസിപ്പിക്കും എന്ന് ആ സമയത്തെ ചൈനീസ് സര്‍ക്കാര്‍ പത്രക്കുറിപ്പില്‍ പറഞ്ഞിരുന്നു.
അമേരിക്കയുടെ നയപരിപാടികളില്‍ നിന്ന് വ്യത്യസ്തമായാണ് ചൈന എയ്ഡ് പ്രവര്‍ത്തിക്കുന്നത്. പ്രാദേശിക സംഘടനകളുമായി പങ്കാളിത്തം സ്ഥാപിക്കുന്നതിനുപകരം വായ്പകളിലും, അടിസ്ഥാന സൗകര്യ പദ്ധതികളിലും കൂടുതല്‍ ശ്രദ്ധ കൊടുക്കാനാണ് ചൈന എയ്ഡ് നോക്കുന്നത്. എന്നാല്‍ രണ്ട് ഏജന്‍സികള്‍ക്കും സമാനമായ ലക്ഷ്യങ്ങളുണ്ട്. സര്‍ക്കാരിന്റെ ശക്തിയും, സ്വാധീനവും വ്യാപിപ്പിക്കുക എന്ന രഹസ്യ അജണ്ട, രാജ്യാന്തര സഹായം നല്‍കുന്ന സര്‍ക്കാരുകള്‍ നടപ്പിലാക്കാന്‍ പരോക്ഷമായി ശ്രമിക്കാറുണ്ട് എന്നതും സത്യമാണ്.