'വൈറ്റ് കോളര്‍' ഭീകരര്‍ റഷ്യന്‍ നിര്‍മിത ആയുധങ്ങള്‍ വാങ്ങിക്കൂട്ടി; ഐഇഡി തയ്യാറാക്കാനുള്ള സ്ഫോടകവസ്തുക്കള്‍ സൂക്ഷിക്കാന്‍ ഡീപ് ഫ്രീസറും; ഫണ്ട് കണ്ടെത്തിയതും ആയുധങ്ങള്‍ എത്തിച്ചതും ഡോ. ഷഹീന്‍ സയീദ്; ലക്ഷ്യമിട്ടത് രാജ്യത്തെ നിര്‍ണായക കേന്ദ്രങ്ങളില്‍ സ്‌ഫോടനങ്ങള്‍ നടത്താനെന്ന് അന്വേഷണ സംഘം

Update: 2025-11-23 07:49 GMT

ലക്‌നൗ: ചെങ്കോട്ട സ്‌ഫോടനക്കേസില്‍ ഉള്‍പ്പെട്ട 'വൈറ്റ് കോളര്‍ തീവ്രവാദ മൊഡ്യുള്‍' സംഘം രാജ്യവ്യാപകമായി ഭീകരാക്രമണം നടത്താന്‍ ലക്ഷ്യമിട്ട് റഷ്യന്‍ ആയുധങ്ങളടക്കം വാങ്ങിക്കൂട്ടിയെന്നും സ്‌ഫോടക വസ്തുക്കള്‍ സൂക്ഷിക്കാനായി ഡീപ് ഫ്രീസര്‍ വാങ്ങിയെന്നും റിപ്പോര്‍ട്ട്. അറസ്റ്റിലായ ഡോ. മുസമ്മില്‍, ഡോ. ഷഹീന്‍, ഡോ. അദീല്‍, അമീര്‍ എന്നിവരുമായി ബന്ധപ്പെട്ട് ആയുധങ്ങള്‍ ശേഖരിക്കുന്നതിനും സ്‌ഫോടകവസ്തുക്കള്‍ നിര്‍മിക്കുന്നതിനുമുള്ള സങ്കീര്‍ണ്ണമായ ഒരു ശൃംഖലയുണ്ടായിരുന്നുവെന്നാണ് അന്വേഷണത്തില്‍ വെളിപ്പെട്ടത്. ഡോ. ഷഹീനുമായി ബന്ധമുള്ള ഒരാള്‍ വഴി മുസമ്മില്‍ 5 ലക്ഷം രൂപയ്ക്ക് ഒരു റഷ്യന്‍ അസോള്‍ട്ട് റൈഫിള്‍ വാങ്ങിയിരുന്നു. പിന്നീട് ഡോ. അദീലിന്റെ ലോക്കറില്‍നിന്ന് ഈ ആയുധം കണ്ടെടുത്തു.

മറ്റൊരു റഷ്യന്‍ നിര്‍മിത റൈഫിളായ എകെ ക്രിങ്കോവ്, ഒരു ചൈനീസ് സ്റ്റാര്‍ പിസ്റ്റള്‍, ഒരു ബെറെറ്റ പിസ്റ്റള്‍, ഏകദേശം 2,900 കിലോ സ്‌ഫോടകവസ്തുക്കളുടെ അസംസ്‌കൃത വസ്തുക്കള്‍ എന്നിവ നേരത്തേ ഫരീദാബാദില്‍നിന്ന് പിടിച്ചെടുത്തിരുന്നു. ഉമറിന്റെ ആവശ്യപ്രകാരം ലക്‌നൗ ആസ്ഥാനമായി പ്രവര്‍ത്തിച്ച ഡോ. ഷഹീന്‍ ആണ് റഷ്യന്‍ അസോള്‍ട്ട് റൈഫിളുകളും ഡീപ് ഫ്രീസറും ക്രമീകരിച്ചതെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. സംശയം ഒഴിവാക്കാന്‍ വിതരണക്കാരുമായി രഹസ്യ ചര്‍ച്ചകള്‍ നടത്തിയ ശേഷമാണ് ഇതു ചെയ്തത്. ഇടപാടുകള്‍ നടത്തിയത് മുസമ്മിലാണ്. അന്വേഷണ ഏജന്‍സികള്‍ വിതരണക്കാരെയും നിരീക്ഷിച്ചുവരികയാണ്. മൊത്തം 26 ലക്ഷം രൂപയാണ് പ്രതികള്‍ സമാഹരിച്ചത്, ഇതില്‍ ഭൂരിഭാഗവും ഷഹീന്‍ വഴിയാണ് ലഭിച്ചത്.

വൈറ്റ് കോളര്‍ തീവ്രവാദ മൊഡ്യൂളുമായി ബന്ധപ്പെട്ട് അറസ്റ്റിലായവര്‍ വിദേശത്തുനിന്നടക്കം ആയുധങ്ങള്‍ വാങ്ങിയെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. രാജ്യത്താകെ സ്ഫോടനം നടത്തുക എന്ന ഉദ്ദേശത്തോടെ ഇവര്‍ വലിയതോതില്‍ സ്ഫോടകവസ്തുക്കള്‍ സംഭരിച്ചിരുന്നുവെന്നാണ് വിവരം. പാക്കിസ്ഥാന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജെയ്ഷെ മുഹമ്മദുമായി ബന്ധമുള്ളവരാണ് വൈറ്റ് കോളര്‍ തീവ്രവാദ മൊഡ്യുളില്‍ അറസ്റ്റിലായവര്‍. ഇതില്‍ അന്വേഷണ സംഘം അറസ്റ്റ് ചെയ്ത മുസമ്മില്‍ ഗനായി, ഷഹീന്‍ സായിദ്, അദീല്‍ റാഥര്‍ എന്നിവരാണ് കേസില്‍ അറസ്റ്റിലായ ഡോക്ടര്‍മാര്‍. ഇതില്‍ മുസമ്മില്‍ അഞ്ചുലക്ഷം രൂപ വിലവരുന്ന റഷ്യന്‍ നിര്‍മിത എ.കെ-56 റൈഫിള്‍ വാങ്ങിയെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയിരിക്കുന്നത്. അറസ്റ്റിലായ ഷഹീന്‍ സയീദ് വഴിയാണ് മുസമ്മില്‍ റൈഫിള്‍ വാങ്ങിയത്.

മറ്റൊരു റഷ്യന്‍ നിര്‍മിത അസോള്‍ട്ട് റൈഫിളായ എ.കെ ക്രിന്‍കോവ്, ഒരു ചൈനീസ് സ്റ്റാര്‍ പിസ്റ്റള്‍, ബെരേറ്റ പിസ്റ്റള്‍, 2900 കിലോഗ്രാം സ്ഫോടകവസ്തുക്കള്‍ എന്നിവയാണ് ഇവരില്‍ നിന്ന് പിന്നീട് കണ്ടെടുത്തത്. അദീലിന്റെ ലോക്കറില്‍ നിന്ന് എ.കെ-56 കണ്ടെത്തിയതാണ് കേസില്‍ നിര്‍ണായക വഴിത്തിരിവായത്. ഭീകരവാദികളുടെ ലക്ഷ്യങ്ങള്‍ എത്രത്തോളം അപകടകരമാണെന്ന് അന്വേഷണ സംഘം അപ്പോഴാണ് തിരിച്ചറിഞ്ഞത്. റഷ്യയില്‍ നിന്ന് ആയുധങ്ങള്‍ സംഘടിപ്പിക്കാന്‍ നീക്കം നടത്തിയത് അറസ്റ്റിലായ ഷഹീന്‍ സയീദാണെന്നാണ് എന്‍ഐഎ പറയുന്നത്. സ്ഫോടക വസ്തുക്കള്‍ സൂക്ഷിക്കാനായി ഡീപ് ഫ്രീസറും ഇത്തരത്തില്‍ സംഘടിപ്പിച്ചു. ചൂടുകൂടിയാല്‍ അപകടമുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് ഐഇഡി തയ്യാറാക്കാനുള്ള സ്ഫോടകവസ്തുക്കള്‍ സൂക്ഷിക്കാനാണ് ഡീപ് ഫ്രീസര്‍ വാങ്ങിയത്. ഡല്‍ഹിയില്‍ ചാവേര്‍ ആക്രമണം നടത്തിയ ഉമര്‍ നബിയുടെ നിര്‍ദേശപ്രകാരം ഇടപാടുകള്‍ നടന്നത് മുസമ്മില്‍ വഴിയായിരുന്നു.

ശക്തമായ ഐഇഡികള്‍ നിര്‍മിക്കാന്‍ അത്യാവശ്യമായ അസംസ്‌കൃത രാസവസ്തുക്കള്‍ സൂക്ഷിക്കാനാണ് ഫ്രീസര്‍ ഉപയോഗിച്ചതെന്നാണ് ആരോപണം. രാസസംയുക്തങ്ങള്‍ തിരിച്ചറിയുന്നതിനായി കണ്ടെടുത്ത സാംപിളുകള്‍ ഫൊറന്‍സിക് സംഘങ്ങള്‍ പരിശോധിച്ചുവരികയാണ്. റൈഫിളും ഫ്രീസറും ക്രമീകരിക്കാന്‍ സഹായിക്കുക മാത്രമല്ല, ആയുധങ്ങളും വെടിക്കോപ്പുകളും വാങ്ങുന്നതിനായി പണം സമാഹരിക്കാന്‍ ഷഹീന്‍ സ്വന്തം ശൃംഖല ഉപയോഗിക്കുകയും ചെയ്തതായി രഹസ്യാന്വേഷണ വൃത്തങ്ങള്‍ പറഞ്ഞു. ജയ്‌ഷെ കമാന്‍ഡറും പുല്‍വാമ ആക്രമണത്തിന്റെ സൂത്രധാരനുമായ ഉമര്‍ ഫാറൂഖിന്റെ ഭാര്യ അഫിറ ബിബി വഴിയാകാം ഈ ബന്ധങ്ങളെന്നും വൃത്തങ്ങള്‍ കൂട്ടിച്ചേര്‍ത്തു. ജയ്ഷ് തലവന്‍ മസൂദ് അസ്ഹറിന്റെ മരുമകനായ ഉമര്‍ ഫാറൂഖ്, 2019ലെ പുല്‍വാമ ആക്രമണത്തിന് ശേഷം നടന്ന ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. പുല്‍വാമ ആക്രമണത്തില്‍ 40 സിആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടിരുന്നു.

ആയുധങ്ങള്‍ക്കും സ്ഫോടകവസ്തുക്കള്‍ക്കുമായി 26 ലക്ഷം രൂപയാണ് ഇവര്‍ സംഘടിപ്പിച്ചത്. പണം കണ്ടെത്താനുള്ള ചുമതല ഷഹീന്‍ ആണ് ഏറ്റെടുത്തത്. ഫണ്ട് കണ്ടെത്തുന്നതില്‍ മാത്രമല്ല ആയുധങ്ങളും സ്ഫോടകവസ്തുക്കളും സംഭരിക്കാനും ഷഹീന് നിരവധി വഴികള്‍ അറിയാമായിരുന്നുവെന്നാണ് ഇന്റലിജന്‍സിന് ലഭിച്ച വിവരം.

ഡല്‍ഹിയില്‍ ചാവേര്‍ ആക്രമണം നടത്തിയ ഉമര്‍ നബി ഐഇഡി തയ്യാറാക്കാനായി പരിശീലനം നേടിയത് ഓണ്‍ലൈന്‍ വഴി തുര്‍ക്കിയില്‍ നിന്നുള്ള ഹാന്‍ഡ്ലറിന്റെ സഹായത്തോടെയാണ് എന്നാണ് കണ്ടെത്തിയത്. ബോംബ് നിര്‍മാണ ട്യൂട്ടോറിയലുകള്‍, മാന്വലുകള്‍, ഓപ്പണ്‍ സോഴ്‌സ് ഉള്ളടക്കങ്ങള്‍ എന്നിവയെക്കുറിച്ച് ഉമര്‍ ഓണ്‍ലൈന്‍ വഴി വിപുലമായി പഠിച്ചതായും തുര്‍ക്കിയിലെ ഹാന്‍ഡ്ലര്‍മാരില്‍നിന്നു നിര്‍ദ്ദേശങ്ങള്‍ ലഭിച്ചിരുന്നതായും അന്വേഷണത്തില്‍ വെളിപ്പെട്ടു. നൂഹില്‍നിന്ന് രാസവസ്തുക്കളും ഡല്‍ഹിയിലെ ഭഗീരഥ് പാലസില്‍നിന്നും ഫരീദാബാദിലെ എന്‍ഐടി മാര്‍ക്കറ്റില്‍നിന്നും ഇലക്ട്രോണിക് ഘടകങ്ങളും ഇയാള്‍ ശേഖരിച്ചതായും സ്‌ഫോടകവസ്തു മിശ്രിതം സംസ്‌കരിക്കാനും മറ്റും ഇയാള്‍ ഫ്രീസര്‍ ഉപയോഗിച്ചതായുമാണ് ആരോപണം.

എല്ലാ പദ്ധതികളും പൂര്‍ത്തിയായി ആക്രമണത്തിന് സജ്ജമായിക്കൊണ്ടിരിക്കെയാണ് ജമ്മുകശ്മീര്‍ പോലീസ് നടത്തിയ അന്വേഷണത്തില്‍ ഭീകരവാദികള്‍ ഒന്നൊന്നായി അറസ്റ്റിലാകാന്‍ തുടങ്ങിയത്. ഇവര്‍ക്കെല്ലാം അല്‍ ഫലാ സര്‍വകലാശാലയുമായി ബന്ധമുണ്ടെന്ന വിവരങ്ങളും പുറത്തുവന്നു. ഇതിനിടയില്‍ ഇവര്‍ക്കിടയില്‍ തന്നെ ചില വാക്കുതര്‍ക്കങ്ങളുണ്ടായി. ഇതിന് ദൃക്സാക്ഷികളുണ്ട്. അല്‍ ഫലാ യൂണിവേഴ്‌സിറ്റി പരിസരത്ത് വച്ച് പണത്തെച്ചൊല്ലി പ്രതികള്‍ക്കിടയില്‍ തര്‍ക്കം ഉണ്ടായിരുന്നു. ഇത് നിരവധി വിദ്യാര്‍ഥികള്‍ കണ്ടിട്ടുണ്ടെന്നും അന്വേഷണ വൃത്തങ്ങള്‍ വ്യക്തമാക്കി. ഈ ഏറ്റുമുട്ടലിനുശേഷം, സ്‌ഫോടകവസ്തുക്കള്‍ നിറച്ച തന്റെ ചുവന്ന ഇക്കോസ്‌പോര്‍ട്ട് (EcoSport) ഉമര്‍ മുസമ്മിലിനു കൈമാറിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

Similar News