'പാലത്തായി കേസില്‍ മതം നോക്കി സമീപനമെടുത്തിട്ടില്ല; സിപിഎം - ബിജെപി ബാന്ധവത്തിന്റെ തെളിവാണിത്; ഹരീന്ദ്രന്റേത് വര്‍ഗീയ പ്രസ്താവന; യാഥാര്‍ഥ്യങ്ങള്‍ പറയുന്നത് എസ്ഡിപിഐ ആണെങ്കില്‍ അതിനെ തള്ളിക്കളയേണ്ടതുണ്ടോ എന്ന് മുസ്ലിംലീഗ്; 'ഹരീന്ദ്രന്‍ വര്‍ഗീയതക്കെതിരെ ശക്തമായ നിലപാടെടുക്കുന്നയാള്‍'; സിപിഎം നേതാവിനെ പിന്തുണച്ച് കെ കെ രാഗേഷും

'പാലത്തായി കേസില്‍ മതം നോക്കി സമീപനമെടുത്തിട്ടില്ല; സിപിഎം - ബിജെപി ബാന്ധവത്തിന്റെ തെളിവാണിത്

Update: 2025-11-23 13:20 GMT

കണ്ണൂര്‍: പാലത്തായി കേസുമായി ബന്ധപ്പെട്ട് സിപിഎം നേതാവ് ഹരീന്ദ്രന്റെ പ്രസംഗത്തിനെതിരെ മുസ്ലിംലീഗ്. ഇതുവരെ കേള്‍ക്കാത്ത വര്‍ഗീയ പരാമര്‍ശമാണ് സിപിഎം നേതാവ് നടത്തിയതെന്ന് മുസ്ലിം ലീഗ് കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് അബ്ദുള്‍ കരീം ചേലേരി ആരോപിച്ചു. മതനിരപേക്ഷതക്കെതിരായ നെറികെട്ട പ്രതികരണമാണ് പി. ഹരീന്ദ്രന്‍ നടത്തിയതെന്നും അബ്ദുള്‍ കരീം ചേലേരി പറഞ്ഞു.

മുസ്ലിം ലീഗ് ഒരു ഘട്ടത്തിലും ഒരു വിഷയത്തിലും ഇരകളുടെ മതമോ രാഷ്ട്രീയ നോക്കി നിലപാട് എടുക്കാറില്ല. മുഖ്യമന്ത്രിയും സിപിഎം സംസ്ഥാന സെക്രട്ടറിയും നിലപാട് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഹരീന്ദ്രന്റെ നിലപാടാണോ സിപിഎമ്മിന് എന്ന് അറിയണം. തദ്ദേശ തെരഞ്ഞെടുപ്പിലെ സിപിഎം, ബിജെപി ബാന്ധവത്തിന്റെ തെളിവാണ് ഹരീന്ദ്രന്റെ വാക്ക്. പാലത്തായി കേസിന്റെ ഓരോ ഘട്ടത്തിലും അട്ടിമറിക്കാന്‍ സിപിഎം ഉണ്ടായിരുന്നു. ബിജെപി നേതാവിനെ രക്ഷിക്കാന്‍ ആയിരുന്നു സിപിഎമ്മിന്റെ നീക്കം. യാഥാര്‍ഥ്യങ്ങള്‍ പറയുന്നത് എസ്ഡിപിഐ ആണെങ്കില്‍ അതിനെ തള്ളിക്കളയേണ്ടതുണ്ടോ എന്നും അബ്ദുള്‍ കരീം ചേലേരി ചോദിച്ചു.

കേരളത്തിന്റെ വര്‍ഗീയപരമായ ചേരിതിരിവ് ഉണ്ടാക്കി എന്തിനാണ് തകര്‍ക്കാന്‍ ശ്രമിക്കുന്നതെന്നും ചോദ്യം. സിപിഎം പോലുള്ള പുരോഗമന പ്രസ്ഥാനത്തിന്റെ നേതാക്കള്‍ക്ക് എങ്ങനെയാണ് ഇത് പറയാന്‍ കഴിയുക. കേസില്‍ പൊലീസ് സ്വീകരിച്ച നിലപാടിന്റെ പിന്നില്‍ സിപിഎം എന്ന് തോന്നിയാല്‍ എങ്ങനെയാണ് കുറ്റം പറയാന്‍ കഴിയുകയെന്നും അദ്ദേഹം ചോദിച്ചു.

അതേസമയം വിവാദം മുറുകിയതോടെ വിവാദ പരാമര്‍ശം നടത്തിയ ഹരീന്ദ്രനെ പിന്തുണച്ച് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെകെ രാഗേഷ് രംഗത്തുവന്നു. പി ഹരീന്ദ്രന്‍ വര്‍ഗീയതക്കെതിരെ ശക്തമായ നിലപാടെടുക്കുന്നയാളാണെന്നും അദ്ദേഹത്തെ വര്‍ഗീയവാദിയാക്കരുത്, അദ്ദേഹം അഞ്ച് തവണയെങ്കിലും ആര്‍എസ്എസ് ആക്രമണം ഏറ്റയാളാണ്. പരാമര്‍ശത്തില്‍ ഹരീന്ദ്രന്‍ മറുപടി പറയും. ഹരീന്ദ്രന്‍ വര്‍ഗീയ ചിന്ത വച്ച് പരാമര്‍ശം നടത്തുന്ന ആളല്ല. സംഭവത്തില്‍ മീഡിയ വണ്‍ വര്‍ഗീയ പ്രചരണം നടത്തി. പ്രസംഗം വളച്ചൊടിച്ച് അവതരിപ്പിച്ചു. ഉസ്താദുമാരുടെ കാര്യം പ്രസംഗത്തില്‍ പറഞ്ഞ് പോയതാണ്. അക്കാര്യം ഹരീന്ദ്രന്‍ വിശദീകരിക്കും. പ്രസംഗത്തില്‍ ഊന്നല്‍ ശ്രദ്ധിക്കണം ദുര്‍വ്യാഖ്യാനം ചെയ്യാന്‍ ഒരു ഭാഗം വന്നിട്ടുണ്ടാകാം എന്നും കെ ക രാഗേഷ് പറഞ്ഞു.

പാലത്തായി കേസില്‍ എസ്ഡിപിഐ നിലപാടെടുത്തത് പീഡിപ്പിച്ച ആള്‍ ഹിന്ദു ആയതുകൊണ്ടാണെന്നാണ് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി ഹരീന്ദ്രന്‍ പറഞ്ഞത്. ഉസ്താദുമാര്‍ പീഡിപ്പിച്ച കേസില്‍ പ്രതിഷേധവുമില്ല, മുദ്രാവാക്യവും ഇല്ല. സങ്കുചിത രാഷ്ട്രീയമാണ് പാലത്തായി കേസില്‍ എസ്ഡിപിഐ സ്വീകരിച്ചതെന്നും പി ഹരീന്ദ്രന്‍ പറഞ്ഞു. ഇന്നലെ രാത്രി നടത്തിയ പരിപാടിയിലാണ് ഹരീന്ദ്രന്റെ പരാമര്‍ശം.

കേസുമായി ബന്ധപ്പെട്ട് സിപിഎമ്മിനെതിരെ പ്രചാരണം നടത്തുന്നത് അടിസ്ഥാനമില്ലാതെയാണ്. എത്ര ഉസ്താദുമാര്‍ ഇങ്ങനെ കുട്ടികളെ ആണ്‍ പെണ്‍ വ്യത്യാസമില്ലാതെ പീഡിപ്പിച്ചിട്ടുണ്ട്. ഇവിടെ പീഡിപ്പിച്ചത് ഹിന്ദു ആയതുകൊണ്ടാണ് ഇവര്‍ വിവാദമുണ്ടാക്കിയതെന്നും ഹരീന്ദ്രന്‍ പറഞ്ഞു. പാലത്തായി പീഡനക്കേസിലെ വിധിയ്ക്ക് ശേഷം എസ്ഡിപിഐ, സിപിഎമ്മിനെതിരെ വലിയ രീതിയില്‍ വിമര്‍ശനം ഉന്നയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് എസ്ഡിപിഐക്ക് മറുപടി എന്ന നിലയില്‍ സിപിഎം നേതാവിന്റെ പരാമര്‍ശമുണ്ടായത്.

'ഇക്കാലമത്രയും സിപിഎമ്മാണ് കേസ് നടത്തിപ്പുമായി നടന്നത്. കേസിന്റെ നടത്തിപ്പിനോ സാക്ഷി വിസ്താരത്തിനോ ആരുമുണ്ടായിട്ടില്ല. പാലത്തായി പെണ്‍കുട്ടിക്ക് എന്തെങ്കിലും സഹായം നല്‍കുക എന്നതിന് ഉപരിയായി ഈ കേസിനെ സിപിഎമ്മിന് എതിരായായി തിരിച്ചുവിടുക എന്നാണ് അന്നും ഇന്ന് അവര്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതാണ് വിവാദമായത്.

ഈ മാസം 15നാണ് പാലത്തായി പീഡനക്കേസില്‍ അധ്യാപകനായ ആര്‍എസ്എസ് നേതാവും ബിജെപി തൃപ്രങ്ങോട്ടൂര്‍ പഞ്ചായത്ത് പ്രസിഡന്റായിരുന്ന കടവത്തൂര്‍ മുണ്ടത്തോട് കുറുങ്ങാട്ട് ഹൗസില്‍ കെ.പത്മരാജന് മരണംവരെ ജീവപരന്ത്യം ശിക്ഷ വിധിച്ചത്. പോക്‌സോ വകുപ്പ് പ്രകാരം 20 വര്‍ഷം കഠിന തടവ് ഉള്‍പ്പെടെ 40 വര്‍ഷം തടവും രണ്ട് ലക്ഷം രൂപ പിഴയുമാണ് തലശ്ശേരി ജില്ലാ പോക്‌സോ കോടതി ശിക്ഷ വിധിച്ചത്. സംഘപരിവാര്‍ അധ്യാപക സംഘടനാ ജില്ലാ നേതാവാണ് പ്രതി പത്മരാജന്‍. മൂന്ന് വകുപ്പുകളിലായാണ് ശിക്ഷ വിധിച്ചത്. 376AB IPC പ്രകാരം 12 വയസ്സിന് താഴെയുള്ള കുട്ടികളോടുള്ള ലൈംഗികാതിക്രമവും, ജീവപര്യന്തവും 1 ലക്ഷം രൂപ പിഴയും പോക്‌സോ സെക്ഷന്‍ 5(f) പ്രകാരം 20 വര്‍ഷം കഠിനതടവും 50,000 രൂപ പിഴയും പോക്‌സോ സെക്ഷന്‍ 5(l) പ്രകാരം 20 വര്‍ഷം തടവും 50,000 രൂപ പിഴയും വിധിച്ചിരുന്നു.

Tags:    

Similar News