ഗര്‍ഭാശയം നീക്കം ചെയ്തതോടെ വയര്‍ വീര്‍ത്തു, കടുത്ത പനി അനുഭവപ്പെട്ടു; പിന്നാലെ സ്കാനിംഗിൽ കണ്ടെത്തിയത് കുടലിന്‍റെ ഭാഗത്തെ മുറിവ്; ഒരാഴ്ചക്കിടെ 2 ശസ്ത്രക്രിയ; വീട്ടമ്മ മരിച്ച സംഭവത്തിൽ ചികിത്സാപിഴവ് ആരോപിച്ച് ബന്ധുക്കൾ; വിശദീകരണവുമായി ആശുപത്രി അധികൃതർ

Update: 2025-11-23 05:22 GMT

പത്തനംതിട്ട: ഒരാഴ്ചക്കിടെ രണ്ട് ശസ്ത്രക്രിയകൾക്ക് വിധേയയായ വീട്ടമ്മ ചികിത്സയിലിരിക്കെ മരിച്ച സംഭവത്തിൽ ചികിത്സാ പിഴവ് ആരോപിച്ച് കുടുംബം രംഗത്ത്. പത്തനംതിട്ട ആങ്ങമൂഴി കലപ്പമണ്ണിൽ മായ (58) ആണ് മരിച്ചത്. പത്തനംതിട്ട കോഴഞ്ചേരിയിലുള്ള ഒരു സ്വകാര്യ ആശുപത്രിക്കെതിരെയാണ് കുടുംബം ഗുരുതരമായ ആരോപണം ഉന്നയിച്ചിരിക്കുന്നത്. ഗര്‍ഭാശയം നീക്കം ചെയ്യുന്ന ശസ്ത്രക്രിയക്കിടെ സംഭവിച്ച പിഴവാണ് രണ്ടാമത്തെ ശസ്ത്രക്രിയ നടത്താൻ കാരണമെന്നാണ് കുടുംബത്തിന്‍റെ ആരോപണം.

വീട്ടമ്മയുടെ മരണത്തിൽ വിശദമായ അന്വേഷണം വേണമെന്നും, ആശുപത്രി അധികൃതരുടെയും ഡോക്ടർമാരുടെയും ഭാഗത്തുനിന്ന് അശ്രദ്ധ ഉണ്ടായിട്ടുണ്ടോയെന്ന് പരിശോധിക്കണമെന്നും ബന്ധുക്കൾ ആവശ്യപ്പെട്ടു. കഴിഞ്ഞയാഴ്ച മകള്‍ക്കൊപ്പം നടന്നാണ് മായ ആശുപത്രിയിലേക്കെത്തിയത്. ഗര്‍ഭാശയവുമായി ബന്ധപ്പെട്ട സര്‍ജറിക്കാണ് ഇവര്‍ എത്തിയത്. ഗര്‍ഭാശയം നീക്കം ചെയ്തതിന് ശേഷം ഇവരുടെ വയര്‍ വീര്‍ത്തുവരികയും കടുത്ത പനി അനുഭവപ്പെടുകയും ചെയ്തു.

ശാരീരിക ബുദ്ധിമുട്ട് വര്‍ദ്ധിച്ചതോടെ വീണ്ടും സ്കനിംഗ് നടത്താൻ ആശുപത്രി അധികൃതര്‍ ആവശ്യപ്പെട്ടതായി വീട്ടുകാര്‍ വ്യക്തമാക്കുന്നു. സ്കാനിംഗിൽ കുടലിന്‍റെ ഭാഗത്ത് മുറിവ് കണ്ടെത്തിയിരുന്നു. ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ശസ്ത്രക്രിയ നടത്തി വെന്‍റിലേറ്ററിലേക്ക് മാറ്റി. ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്. അതേസമയം, സംഭവത്തിൽ ആശുപത്രി അധികൃതർ വിശദീകരണവുമായി രംഗത്തെത്തി.

മായയുടെ ചികിത്സയ്ക്ക് സങ്കീർണ്ണമായ ശസ്ത്രക്രിയ ആവശ്യമായിരുന്നുവെന്നും, ബന്ധുക്കളെ കാര്യങ്ങൾ പറഞ്ഞ് ബോധ്യപ്പെടുത്തിയ ശേഷമാണ് എല്ലാ നടപടിക്രമങ്ങളും പൂർത്തിയാക്കിയതെന്നുമാണ് ആശുപത്രിയുടെ ഭാഗത്തുനിന്നുള്ള വിശദീകരണം. ചികിത്സാ പിഴവ് ആരോപണമുയർന്ന സാഹചര്യത്തിൽ, പോസ്റ്റ്‌മോർട്ടം റിപ്പോർട്ടും വിശദമായ അന്വേഷണ റിപ്പോർട്ടും കേസിൽ നിർണ്ണായകമാകും. സാധാരണയായി, ഇത്തരം കേസുകളിൽ രോഗിയുടെ മെഡിക്കൽ രേഖകൾ വിശദമായി പരിശോധിക്കുകയും വിദഗ്ദ്ധ സമിതിയുടെ അഭിപ്രായം തേടുകയും ചെയ്യാറുണ്ട്. 

Tags:    

Similar News