ചണ്ഡീഗഢിന്മേലുള്ള പഞ്ചാബിന്റെ അവകാശവാദം ദുര്‍ബലപ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍ നിയന്ത്രണത്തിലാക്കാന്‍ നീക്കം; പ്രതിഷേധവുമായി ഭരണ പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നിച്ചതോടെ പിന്‍മാറ്റമോ? അന്തിമ തീരുമാനം എടുത്തിട്ടില്ലെന്ന് അമിത് ഷാ; ബില്‍ ശൈത്യകാല സമ്മേളനത്തില്‍ അവതരിപ്പിക്കില്ല
ന്യൂഡല്‍ഹി: ചണ്ഡീഗഡുമായി ബന്ധപ്പെട്ട് ഭരണഘടനാ ഭേദഗതി കൊണ്ടുവരാനുള്ള നീക്കത്തില്‍ നിന്നും കേന്ദ്രസര്‍ക്കാര്‍ പിന്മാറിയേക്കും. ബില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ പരിഗണനയില്‍ മാത്രമാണ്. ഇതുമായി ബന്ധപ്പെട്ട് അന്തിമ തീരുമാനം ഇതുവരെ എടുത്തിട്ടില്ല. ബന്ധപ്പെട്ട എല്ലാവരുമായും കൂടിയാലോചിച്ചശേഷം മാത്രമേ തീരുമാനം കൈക്കൊള്ളുകയുള്ളൂ. അടുത്ത മാസം ആരംഭിക്കുന്ന പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനത്തില്‍ ബില്‍ കൊണ്ടുവരാന്‍ ആലോചനയില്ലെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം സമൂഹമാധ്യമത്തിലൂടെ അറിയിച്ചു.
പഞ്ചാബിലെ ഭരണ പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നിച്ച് രംഗത്തെത്തിയതോടെയാണ് കേന്ദ്രത്തിന്റെ പിന്‍വാങ്ങള്‍. ചണ്ഡീഗഢിനായുള്ള കേന്ദ്ര നിയമനിര്‍മ്മാണ പ്രക്രിയ ലളിതമാക്കാനുള്ള നിര്‍ദ്ദേശം പരിഗണനയില്‍ മാത്രമാണെന്നും അന്തിമ തീരുമാനം എടുത്തിട്ടില്ലെന്നും ആഭ്യന്തര മന്ത്രാലയം ഔദ്യോഗിക എക്‌സ് പോസ്റ്റില്‍ വ്യക്തമാക്കി. ചണ്ഡീഗഢിലെ നിലവിലുള്ള ഭരണസംവിധാനത്തില്‍ മാറ്റംവരുത്താനോ പഞ്ചാബുമായോ ഹരിയാണയുമായോ ഉള്ള പരമ്പരാഗത ബന്ധത്തില്‍ വ്യതിയാനമുണ്ടാക്കാനോ ഈ നിര്‍ദ്ദേശം ലക്ഷ്യമിടുന്നില്ലെന്ന് മന്ത്രാലയം അറിയിച്ചു. 'കേന്ദ്രഭരണ പ്രദേശത്തിനായി കേന്ദ്രസര്‍ക്കാര്‍ നടത്തുന്ന നിയമനിര്‍മ്മാണ പ്രക്രിയ ലളിതമാക്കാന്‍ മാത്രമാണ് ഈ നിര്‍ദ്ദേശം, ഇത് ഇപ്പോഴും സര്‍ക്കാര്‍ തലത്തില്‍ പരിഗണനയിലാണ്,' മന്ത്രാലയം പ്രസ്താവനയില്‍ പറയുന്നു.
നിയമസഭകളില്ലാത്ത ആന്‍ഡമാന്‍ & നിക്കോബാര്‍ ദ്വീപുകള്‍, ലക്ഷദ്വീപ്, ദാദ്ര & നാഗര്‍ ഹവേലി, ദാമന്‍ & ദിയു തുടങ്ങിയ മറ്റ് കേന്ദ്രഭരണ പ്രദേശങ്ങള്‍ക്ക് തുല്യമായി ചണ്ഡീഗഢിനെ മാറ്റാനുള്ള ബില്‍ അവതരിപ്പിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിട്ടത്. ഈ നീക്കം പഞ്ചാബിലുടനീളം വലിയ എതിര്‍പ്പുകള്‍ക്ക് കാരണമായി. ചണ്ഡീഗഢിന്മേലുള്ള പഞ്ചാബിന്റെ ദീര്‍ഘകാല അവകാശവാദം ദുര്‍ബലപ്പെടുത്താന്‍ കേന്ദ്രം ശ്രമിക്കുന്നുവെന്ന് വിവിധ രാഷ്ട്രീയ കക്ഷികള്‍ ആരോപിച്ചു.
ചണ്ഡീഗഡിനെ ഭരണഘടനയുടെ 240-ാം അനുച്ഛേദത്തിന്റെ പരിധിയില്‍ കൊണ്ടുവന്നാല്‍ കേന്ദ്രഭരണ പ്രദേശത്തിനായി രാഷ്ട്രപതിക്ക് നേരിട്ട് ചട്ടങ്ങള്‍ രൂപവത്കരിക്കാനാകും. ഭരണഘടനയുടെ 240-ാം അനുച്ഛേദം അനുസരിച്ച് (എ) ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍, (ബി) ലക്ഷദ്വീപ്, (സി) ദാദ്ര, നഗര്‍ ഹവേലി, (ഡി) ദാമന്‍, ദിയു, (ഇ) പുതുച്ചേരി എന്നീ കേന്ദ്രഭരണ പ്രദേശങ്ങളുടെ സമാധാനം, പുരോഗതി, സദ്ഭരണം എന്നിവയ്ക്കായി രാഷ്ട്രപതിക്ക് ചട്ടങ്ങള്‍ രൂപവത്കരിക്കാവുന്നതാണ്. ഡിസംബര്‍ ഒന്നിന് ആരംഭിക്കുന്ന ശീതകാല സമ്മേളനത്തില്‍ ഭരണഘടന (131ാം ഭേദഗതി) ബില്‍ 2025 അവതരിപ്പിക്കാനാണ് കേന്ദ്രം പദ്ധതിയിടുന്നതെന്നായിരുന്നു പാര്‍ലമെന്റ് ബുള്ളറ്റിനിലുള്ളണ്ടായിരുന്നത്.
ഭരണഘടനയുടെ 240-ാം അനുച്ഛേദത്തിന്റെ പരിധിയില്‍ ചണ്ഡീഗഡിനെ കൊണ്ടുവരാനുള്ള കേന്ദ്രസര്‍ക്കാരിന്റെ നീക്കങ്ങളാണ് രാഷ്ട്രീയ തര്‍ക്കങ്ങള്‍ക്ക് വഴി തെളിച്ചത്. നിലവില്‍ പഞ്ചാബിന്റെയും ഹരിയാനയുടെയും സംയുക്ത തലസ്ഥാനമാണ് ചണ്ഡീഗഡ്. 240-ാം അനുച്ഛേദത്തിന്റെ പരിധിയില്‍ കേന്ദ്രഭരണപ്രദേശത്തെ കൊണ്ടുവരുന്നതോടെ അവിടേക്കു മാത്രമായുള്ള നിയമങ്ങള്‍ നേരിട്ട് രൂപീകരിക്കാന്‍ രാഷ്ട്രപതിക്ക് അധികാരം ലഭിക്കും. നിലവില്‍, പഞ്ചാബ് ഗവര്‍ണറാണ് ചണ്ഡീഗഡിന്റെയും അഡ്മിനിസ്‌ട്രേറ്റര്‍. 1984 ജൂണ്‍ 01 മുതല്‍ ഈ സംവിധാനമാണ് നിലനില്‍ക്കുന്നത്.
ചണ്ഡിഗഡിനെ ആര്‍ട്ടിക്കിള്‍ 240 ന്റെ പരിധിയില്‍ ഉള്‍പ്പെടുത്തി, ലെഫ്റ്റനന്റ് ഗവര്‍ണറെ നിയമിച്ച് നേരിട്ടു ഭരിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കം പഞ്ചാബിനെതിരായ ആക്രമണമാണെന്നാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ ആരോപിച്ചത്. കേന്ദ്രസര്‍ക്കാര്‍ നീക്കം പഞ്ചാബ് തലസ്ഥാനത്തിന്മേലുള്ള സംസ്ഥാനത്തിന്റെ അധികാരം ദുര്‍ബലപ്പെടുത്തുമെന്ന് എഎപി കുറ്റപ്പെടുത്തി. ഭരണഘടനാ ഭേദഗതി ബില്‍ പഞ്ചാബിനു നേര്‍ക്കുള്ള കടന്നാക്രമണമാണെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. കേന്ദ്രസര്‍ക്കാര്‍ നീക്കം ഫെഡറല്‍ തത്വങ്ങള്‍ക്ക് എതിരാണെന്നും, പഞ്ചാബ് വിരുദ്ധ ബില്ലാണെന്നും എന്‍ഡിഎ മുന്‍ സഖ്യകക്ഷിയായ ശിരോമണി അകാലിദള്‍ നേതാവ് സുഖ്ബീര്‍ സിങ് ബാദല്‍ ആരോപിച്ചു.
