ഡ്രോണ്‍ ഇടിച്ചു കയറ്റിയത് രാജ്യത്തിലെ അതിസുരക്ഷാ ആണവ നിലയത്തിൽ; 1986-ലെ ദുരന്തം നടന്ന അതെ നാലാം റിയാക്ടറിൽ ബ്ലാസ്റ്റ്; ചെര്‍ണോബില്‍ ആണവ ഷെല്‍റ്ററിന് നേരെ ഡ്രോണ്‍ സ്‌ഫോടനം; വികരണം പുറത്തു വരാത്തത് വൻ ദുരന്തം ഒഴിവായി; ആശങ്കയിൽ അധികൃതർ; എന്തൊക്കെ സഹിക്കണമെന്ന്.. സെലൻസ്കി; പിന്നിൽ റഷ്യയെന്നും മറുപടി; പ്രദേശത്ത് അതീവ ജാഗ്രത!

Update: 2025-02-15 10:41 GMT

കീവ്: ചെർണോബിൽ ആണവ നിലയത്തിൽ ഡ്രോണ്‍ ഇടിച്ചുകയറ്റിയതായി റിപ്പോർട്ടുകൾ. ചെർണോബിലെ ആണവ നിലയത്തിൽ നിന്നുള്ള വികിരണം തടയാൻ നിർമിച്ച സംരക്ഷണ കവചത്തിൽ ഡ്രോണ്‍ ഇടിച്ചു. 1986-ലെ ആണവ ദുരന്തം നടന്ന നാലാം റിയാക്ടറിന്‍റെ അവശിഷ്ടങ്ങൾ സൂക്ഷിക്കുന്ന ന്യൂ സേഫ് കൺഫൈൻമെന്‍റിന് (എൻഎസ്‌സി) നേരെയാണ് ഡ്രോണ്‍ ആക്രമണം നടന്നത്. ഇന്‍റർനാഷണൽ ആറ്റോമിക് എനർജി ഏജൻസിയും യുക്രൈൻ പ്രസിഡന്‍റ് വ്ലാദിമിർ സെലൻസ്കിയും ഇക്കാര്യം സ്ഥിരീകരിച്ചു. പിന്നിൽ റഷ്യയാണെന്നാണ് യുക്രൈൻ ആരോപിക്കുന്നത്.

വളരെ ഉയർന്ന സ്‌ഫോടക ശേഷിയുള്ള ഡ്രോണ്‍ ആണ് ഇടിച്ചതെന്നും ആണവ കേന്ദ്രങ്ങൾ ലക്ഷ്യമിടുന്നത് എത്ര ഭീകരമായ ദുരന്തത്തിന് കാരണമാകുന്ന പ്രവൃത്തിയാണെന്നും സെലൻസ്കി തുറന്നടിച്ചു. ഈ ഡ്രോണ്‍ ആക്രമണം തീവ്രവാദമാണെന്ന് സെലൻസ്കി അപലപിച്ചു. യുക്രൈനിലെ ആണവ കേന്ദ്രങ്ങളുടെ സുരക്ഷയെ കുറിച്ച് ഈ സംഭവം ആശങ്ക ഉയർത്തുന്നു.

ഡ്രോണ്‍ ഇടിച്ചതിന് പിന്നാലെ തീപിടിത്തമുണ്ടായെങ്കിലും ഉടൻ അണയ്ക്കാൻ കഴിഞ്ഞതിനാൽ ദുരന്തമൊഴിവായി. അഗ്നിശമന സേനാംഗങ്ങൾ ദ്രുതഗതിയിൽ സ്ഥലത്തെത്തി തീ അണച്ചു. ആണവ വികിരണം തടയാൻ നിർമിച്ച സംരക്ഷണ കവചത്തിന് സാരമായ കേടുപാടുകൾ ഉണ്ടായി. എന്നാൽ വികിരണം പുറത്തേയ്ക്ക് വരുന്ന സാഹചര്യമുണ്ടായിട്ടില്ല. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ഇക്കാര്യത്തിൽ ഇന്‍റർനാഷണൽ ആറ്റോമിക് എനർജി ഏജൻസി അതീവ ജാഗ്രത പുലർത്തുന്നുണ്ടെന്ന് ഐഎഇഎ ഡയറക്ടർ ജനറൽ റാഫേൽ ഗ്രോസി വ്യക്തമാക്കി.

അതേസമയം, 1986 ഏപ്രില്‍ 26 നാണ് ചെര്‍ണോബില്ലിലെ റിയാക്ടര്‍ 4 പൊട്ടിത്തെറിച്ചത്. റിയാക്ടര്‍ നിന്നിടത്ത് നിന്നുള്ള വികിരണം തടയുന്നതിന് റിയാക്ടര്‍ നിന്ന സ്ഥലത്തെ പൂര്‍ണമായി മറച്ചുവെക്കും വിധം സ്റ്റീലും കോണ്‍ക്രീറ്റും ഉപയോഗിച്ച് ഒരു സാര്‍ക്കോഫോഗസ് അഥവാ ഷെല്‍റ്റര്‍ നിര്‍മിച്ചു. 1996 ആയപ്പോഴേക്കും ഈ നിര്‍മിതി ദുര്‍ബലമാവുകയും വികിരണ തോത് വര്‍ധിക്കുകയും ചെയ്യുന്ന സ്ഥിതി വന്നു. ഇതിന് ശേഷം 2017 ലാണ് പഴയ ഷെല്‍റ്ററിനെ മൂടും വിധം പുതിയ സാര്‍ക്കോഫോഗസ് നിര്‍മിച്ചത്. ഈ നിര്‍മിതിയുടെ മേല്‍കൂരയിലാണ് ഡ്രോണ്‍ സ്‌ഫോടനം നടന്നത്.

Tags:    

Similar News