എവിടെയും കുടിയേറ്റ വിരുദ്ധതയോ? യുകെയില്‍ സ്ഥിര താമസത്തിനു പത്തു വര്‍ഷത്തെ ആലോചനകള്‍ മുറുകുമ്പോള്‍ ഓസ്‌ട്രേലിയയില്‍ വീട് വാങ്ങാന്‍ വിലക്ക്; നാടുകടത്തലില്‍ അമേരിക്കയെ പിന്തുടര്‍ന്ന ബ്രിട്ടന്‍ വീടിന്റെ കാര്യത്തിലും നിലപാട് കടുപ്പിക്കുമോ? വീട് വാങ്ങാനുള്ള നിക്ഷേപ തുകയുടെ കാര്യത്തില്‍ ബ്രിട്ടനിലെ ബാങ്കുകളും കടുത്ത നിലപാടിലേക്ക്
ബ്രിട്ടനിലെ ബാങ്കുകളും കടുത്ത നിലപാടിലേക്ക്
കവന്‍ട്രി: അമേരിക്കയില്‍ ട്രംപ് അധികാരം പിടിച്ചതോടെ സ്വീകരിച്ച ശക്തമായ കുടിയേറ്റ നിയന്ത്രണ നടപടികളില്‍ മറ്റു രാജ്യങ്ങളും ആവേശം കൊള്ളുകയാണ് എന്ന സൂചനയാണ് ഇപ്പോള്‍ പുറത്തു വരുന്നത്. ഇന്ത്യന്‍ അനധികൃത കുടിയേറ്റക്കാരുമായി ഈ റിപ്പോര്‍ട്ട് തയാറാകുന്ന ഘട്ടത്തില്‍ മൂന്നാമത്തെ വിമാനവും അമൃത്സറില്‍ ലാന്‍ഡ് ചെയ്ത വാര്‍ത്തയ്‌ക്കൊപ്പമാണ് കെയര്‍ വിസയില്‍ എത്തിയ മലയാളി കുടുംബത്തെ യുകെയില്‍ നിന്നും നാട് കടത്തി എന്ന വാര്‍ത്തയും പുറത്തു വന്നത്. ഇതോടെ ആകെ 332 പേരെയാണ് അമേരിക്ക തിരികെ ഇന്ത്യയില്‍ എത്തിച്ചിരിക്കുന്നത്. യുകെയില്‍ റസ്റ്ററന്റുകള്‍ കേന്ദ്രീകരിച്ചും നെയില്‍ പോളിഷ് സെന്ററുകള്‍ അടക്കമുള്ള സ്ഥലങ്ങളിലും ഒക്കെ ഹോം ഓഫിസ് വ്യാപകമായ തിരച്ചില്‍ നടത്തി കൊണ്ടിരിക്കുകയാണ്. കുടിയേറ്റ നിയന്ത്രണ നടപടികള്‍ കാനഡ, ന്യുസിലാന്‍ഡ്, ആസ്‌ട്രേലിയ എന്നിവ തുടരെ തുടരെ പ്രഖ്യാപിക്കുകയൂം ചെയുന്നു. ലോകത്തെ ഏതു കോണില്‍ നിന്നും കുടിയേറ്റം സംഭവിക്കുന്ന രാജ്യങ്ങള്‍ കൂടിയാണ് പഞ്ച നേത്ര രാഷ്ട്രങ്ങള്‍ എന്നറിയപ്പെടുന്ന അമേരിക്ക, ബ്രിട്ടന്‍, കാനഡ, ന്യുസിലാന്‍ഡ്, ഓസ്ട്രേലിയ എന്നിവ.
അതിനാല്‍ ഒരു രാജ്യത്തുണ്ടാകുന്ന നയങ്ങളുടെ പിന്തുടര്‍ച്ച ഈ അഞ്ചു രാജ്യങ്ങളിലും സംഭവിക്കാനും സാധ്യത കൂടുതലാണ്. ബ്രിട്ടനില്‍ കുടിയേറ്റം വര്‍ധിച്ചതിനാല്‍ അതിനു വേഗത കുറയ്ക്കാന്‍ സ്ഥിര താമസത്തിനുള്ള ഐ എല്‍ ആര്‍ അപേക്ഷകള്‍ക്ക് പത്തു വര്‍ഷത്തെ കാലപരിധി വയ്ക്കണമെന്ന നിര്‍ദേശം പ്രധാന രാഷ്ട്രീയ പാര്‍ട്ടികളുടെ അജണ്ട ആയി മാറിക്കഴിഞ്ഞു. ഇപ്പോള്‍ കുടിയേറ്റക്കാരായി എത്തുന്നവര്‍ക്ക് രണ്ടു വര്‍ഷത്തേക്ക് വീട് വാങ്ങാന്‍ കഴിയില്ല എന്ന നിയമവുമായി ആസ്ട്രേലിയയും എത്തുന്നു. ഇത്തരത്തില്‍ ലോകത്തിന്റെ ഓരോ കോണില്‍ നിന്നും ദിവസവും എത്തുന്നത് കുടിയേറ്റ വിരുദ്ധ നയങ്ങള്‍ നിറഞ്ഞ തീരുമാനങ്ങള്‍ ആയതോടെ കുടിയേറാന്‍ വെമ്പല്‍ കൊള്ളുന്ന മലയാളികള്‍ക്ക് 2025 നിര്‍ണായക വര്‍ഷം കൂടിയാണ്. പട പേടിച്ചു പന്തളത്തു ചെന്നപ്പോള്‍ അവിടെ പന്തം കൊളുത്തി പട എന്ന തരത്തില്‍ ഒരു രാജ്യത്തെ ബുദ്ധിമുട്ടുകള്‍ ഓര്‍ത്തു മറ്റൊരിടത്തു ചെല്ലുമ്പോള്‍ അവിടെ അതിനേക്കാള്‍ ഭയാനകമായ സാഹചര്യം കാത്തിരിക്കുന്നു എന്ന ഉറപ്പുകൂടിയാണ് കുടിയേറ്റ തീരുമാനത്തില്‍ നിര്‍ണായകമാകുന്നത്. ജോലി സ്ഥിരതയും ശമ്പളവും കാലാവസ്ഥയും ഒക്കെ പിന്നിലേക്ക് മാറ്റി വയ്ക്കാന്‍ പ്രേരിപ്പിക്കും വിധമാണ് ശക്തമായ കുടിയേറ്റ വിരുദ്ധ നയങ്ങളുമായി ഓരോ രാജ്യവും മുന്നോട്ടു വരുന്നത് എന്നത് തീര്‍ച്ചയായും ആശങ്ക നിറഞ്ഞ സാഹചര്യം തന്നെയാണ്.
പുതിയ നീക്കം ഓസ്‌ട്രേലിയയില്‍ നിന്നും; വീട് വാങ്ങാന്‍ നിയന്ത്രണം; ബ്രിട്ടനിലും കാര്യങ്ങള്‍ കടുപ്പമാകുന്നു
കുടിയേറ്റ വിരുദ്ധ വിഷയത്തില്‍ ഏറ്റവും പുതിയ ചലനങ്ങള്‍ ഉണ്ടാകുന്നത് ഓസ്‌ട്രേലിയായില്‍ നിന്നുമാണ്. കൂടുതല്‍ വിശാലമായ രാജ്യം എന്ന നിലയില്‍ എത്ര പേരെ വേണമെങ്കിലും ഉള്‍ക്കൊള്ളാന്‍ കഴിയും എന്ന നിലയില്‍ കുടിയേറ്റക്കാര്‍ക്ക് നിയന്ത്രണം കാര്യമാക്കാതെ എത്താന്‍ കഴിയുന്ന സ്ഥലം എന്നതായിരുന്നു ഓസ്‌ട്രേലിയയുടെ വിശേഷണം, കടുത്ത ചൂടും എവിടെ നോക്കിയാലും കാണുന്ന പാമ്പും ഒക്കെ സഹിക്കാന്‍ മലയാളികള്‍ അടക്കം ഉള്ളവര്‍ തയാറായത് അവിടെ ലഭിക്കുന്ന ഉയര്‍ന്ന വേതനവും കൂടുതല്‍ പണം മിച്ചം പിടിക്കാന്‍ കഴിയും എന്ന സാഹചര്യവുമാണ്. എന്നാല്‍ ലോകത്തെവിടെയും പോലെ ഒരിടത്തു എത്തി വേര് പിടിച്ചു കഴിഞ്ഞാല്‍ തങ്ങളുടെ ധനശേഷി പ്രകടിപിക്കുന്ന ഇന്ത്യന്‍ സമൂഹത്തിന്റെ ധാരാളിത്തം മൂലം വീടുകളുടെ വില ക്രമാതീതമായി ഉയരുന്ന സാഹചര്യത്തെയാണ് ഇപ്പോള്‍ ഓസ്ട്രേലിയ അഭിമുഖീകരിക്കുന്നത്. നിക്ഷേപം എന്ന നിലയില്‍ അഞ്ചും ആറും വീടുകള്‍ ഒക്കെ മലയാളികള്‍ പോലും വാങ്ങിക്കൂട്ടുന്ന ട്രെന്‍ഡ് ഓസ്‌ട്രേലിയായില്‍ പലയിടത്തും ദൃശ്യമാണ്. ഈ സാഹചര്യത്തില്‍ തദ്ദേശീയ ജനവിഭാഗത്തിന് വീടുകള്‍ കിട്ടാക്കനിയായി മാറുകയാണ് എന്ന പരാതിയും ശക്തമായി. തികച്ചും സമാനമായ സാഹചര്യമാണ് യുകെയിലെ ടൂറിസ്റ്റു ഡെസ്റ്റിനേഷനായ വെയ്ല്‍സിലെ കാര്‍ഡിഫില്‍ സംഭവിച്ചത്. ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള ധനികര്‍ നിക്ഷേപം എന്ന നിലയില്‍ വീടുകള്‍ വാങ്ങി ടൂറിസ്റ്റുകള്‍ക്കായി വാടകക്ക് നല്‍കുന്ന ട്രെന്‍ഡ് ഉണ്ടായതോടെ തദേശിയര്‍ക്കു വീട് കിട്ടാതായി. ഈ സാഹചര്യത്തില്‍ ഹോളിഡേ ഹോം എന്ന പേരില്‍ വീടുകള്‍ വാങ്ങുന്നതിനു കടുത്ത നിയന്ത്രങ്ങളാണ് വെയ്ല്‍സ് പാര്‍ലിമെന്റില്‍ കഴിഞ്ഞ വര്‍ഷം ചര്‍ച്ചക്ക് എത്തിയത്.
ഇപ്പോള്‍ സമാനമായ വിധത്തില്‍ വീട് വില കുതിയ്ക്കുന്ന സാഹചര്യത്തില്‍ വിദേശികള്‍ക്ക് രണ്ടു വര്‍ഷത്തേക്ക് വീട് വാങ്ങാനുള്ള നിയന്ത്രമാണ് ഓസ്ട്രേലിയ പ്രഖ്യാപിക്കുന്നത്. ഏപ്രില്‍ ഒന്നിന് നിലവില്‍ വരുന്ന നിയമം 2027 വരെ തുടരും എന്നാണ് സര്‍ക്കാര്‍ അറിയിപ്പ്. ഈ വര്‍ഷം അവസാനം ഓസ്‌ട്രേലിയായില്‍ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ കൂടുതല്‍ ശക്തമായ നിയന്ത്രണ നടപടികളും പ്രതീക്ഷിക്കുകയാണ്. യുവ ജനങ്ങള്‍ക്ക് വീട് വാങ്ങാന്‍ കഴിയുന്നില്ല എന്ന അവസ്ഥയാണ് ഇപ്പോഴത്തെ നിയന്ത്രങ്ങള്‍ക്ക് പ്രധാനമായത്. ജീവിത ചിലവ് കൂടിയതോടെ ഒരിക്കലും വീട് വാങ്ങാന്‍ കഴിയില്ല എന്ന ചിന്ത ചെറുപ്പക്കാരില്‍ ശക്തമാണ്. ഇത് നെഗറ്റീവ് വോട്ടുകളായി പിറക്കാനുള്ള സാധ്യതയും ഏറെയാണ്. കഴിഞ്ഞ ഏതാനും വര്‍ഷമായി ജീവിത ചിലവ് കുതിച്ചു കയറിയതിനാല്‍ വീട് വാങ്ങാനുള്ള നിക്ഷേപത്തിന് കരുതല്‍ സമ്പാദിക്കാന്‍ ചെറുപ്പക്കാര്‍ക്ക് കഴിയുന്നുമില്ല. കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ വീടുകളുടെ മൂല്യം 70 ശതമാനം വരെ വര്‍ധിച്ചു എന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കുന്നത്. 2023 ലെ ജൂണ്‍ 30 വരെയുള്ള ഒരു വര്‍ഷത്തിനിടയില്‍ വിദേശികള്‍ 4.9 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള വീടുകളും വീട് വയ്ക്കാനുള്ള പ്ലോട്ടുകളും സ്വന്തമാക്കി എന്നും റിപോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
താത്കാലിക വിസയില്‍ എത്തുന്നവര്‍ വീട് വാങ്ങുന്നത് തടയുക എന്നതാണ് ഇതിന്റെ ഉദ്ദേശം എന്ന് വ്യക്തം. ഭവന മന്ത്രി ക്ലെയര്‍ ഓ നീല്‍ ഈ പദ്ധതി പ്രഖ്യാപിച്ചത് വലിയ ആഘോഷമാക്കുകയാണ് തദ്ദേശീയ മാധ്യമങ്ങള്‍ . ഈ തീരുമാനം കാലാവധി നീട്ടണമോ എന്നത് രണ്ടു വര്‍ഷം കഴിഞ്ഞു ആലോചിക്കാം എന്ന് മന്ത്രി പറയുന്നത് തന്നെ ഒരു സൂചനയാണ്. സാഹചര്യങ്ങള്‍ കൂടുതല്‍ കടുക്കാന്‍ സാധ്യത ഉള്ളതിനാല്‍ വീട് വാങ്ങാന്‍ വിദേശികള്‍ക്ക് കടുത്ത നിയന്ത്രങ്ങള്‍ വീണ്ടും എത്താനുള്ള സാധ്യതയും തള്ളാനാകില്ല. നാട്ടില്‍ നിന്നും എത്തിക്കുന്ന നിക്ഷേപം സ്വീകരിക്കാന്‍ ബ്രിട്ടനിലെ ബാങ്കുകള്‍ അടുത്തിടെ ആയി മടി കാട്ടിയതും നിക്ഷേപിക്കാന്‍ ഉള്ള പണത്തെക്കുറിച്ചു തുടരെ തുടരെ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നതും ഇതേ സാഹചര്യത്തിലാണ്. നിക്ഷേപത്തിന് എത്തിക്കുന്ന പണത്തിന്റെ ഉറവിടത്തില്‍ വിട്ടുവീഴ്ച ചെയ്തു മോര്‍ട്ടഗേജ് നല്‍കുന്ന സ്ഥാപങ്ങള്‍ക്ക് ഇതിനകം തന്നെ പിഴ അടക്കമുള്ള സാഹചര്യത്തെ നേരിടേണ്ടി വന്നിട്ടുണ്ട്. അതിനാല്‍ വിപണിയില്‍ മുന്നില്‍ നില്‍ക്കുന്ന മോര്‍ട്ടഗേജ് ഉപദേശക സ്ഥാപനങ്ങള്‍ ഇത്തരം കാര്യങ്ങളില്‍ കടുത്ത നിലപടുകള്‍ സ്വീകരിക്കുകയാണ്. ഇത് യുകെയിലും മലയാളികള്‍ക്ക് വീട് വാങ്ങാനുള്ള അവസരത്തെ ബാധിച്ചു തുടങ്ങിയിട്ടുണ്ട്. സോളിസിറ്റേഴ്സ് റെഗുലേറ്റേഴ്സ് അതോറിട്ടി കണ്ണുരുട്ടി തുടങ്ങിയതും മലയാളി സ്ഥാപനങ്ങള്‍ക്കുള്ള മുന്നറിയിപ്പാണ് എന്ന് വ്യക്തം.
കുടിയേറ്റ തള്ളിക്കയറ്റത്തില്‍ വീര്‍പ്പു മുട്ടുന്ന രാജ്യങ്ങള്‍
പൗരത്വ ഓഫര്‍ സ്വീകരിച്ചു എത്തുന്ന യുകെ മലയാളികള്‍ ഉള്‍പ്പെടെയുള്ളവരെ ഈ നീക്കം ബാധിക്കില്ലെങ്കിലും സ്റ്റുഡന്റ് വിസയില്‍ എത്തുന്ന മലയാളികള്‍ വീട് വാങ്ങാന്‍ നടത്തുന്ന നീക്കത്തിന് തിരിച്ചടിയാകും .വാടക ലാഭിക്കാന്‍ ഒന്നിലേറെ പേര് ചേര്‍ന്നും തുടര്‍ച്ചയായി വിദ്യാര്‍ഥികള്‍ എത്തുന്നതിനാല്‍ കേരളത്തില്‍ നിന്നും എത്തുന്ന വിദ്യാര്‍ഥികള്‍ വഴി വീട് വാങ്ങാന്‍ ഉള്ള മലയാളികളുടെ ട്രെന്‍ഡും ഒക്കെ ചേര്‍ന്നാണ് ഈ സാഹചര്യത്തിലേക്ക് കാര്യങ്ങള്‍ എത്തുന്നത്. ഏതു രാജ്യത്തും ലഭിക്കുന്ന അവസരങ്ങളെ നിയന്ത്രണം ഇല്ലാതെ ദുരുപയോഗം ചെയ്യാന്‍ മലയാളികള്‍ അടക്കമുള്ള കുടിയേറ്റ സമൂഹം നടത്തുന്ന ശ്രമങ്ങളാണ് ഇപ്പോള്‍ പല രാജ്യങ്ങളിലും തിരിച്ചടി ആയി മാറുന്നത്, പത്തു വര്‍ഷത്തേക്ക് ബ്രിട്ടന്‍ ലക്ഷ്യം വച്ച കെയര്‍ വിസ സ്‌കീം ഓപ്പണ്‍ ചെയ്തു രണ്ടു വര്‍ഷത്തിനകം ലക്ഷക്കണക്കിന് മലയാളികള്‍ അടക്കമുള്ളവര്‍ എത്തിയതോടെയാണ് ഇപ്പോള്‍ ആ വഴി തടയുന്ന നിയമ നിര്‍മാണത്തിന് ബ്രിട്ടന്‍ നിര്‍ബന്ധിതമായത്. കുടുംബം അടക്കം ആളുകള്‍ ഇരച്ചെത്തും എന്ന ചിന്തിക്കാന്‍ ബ്രിട്ടന് കഴിയാതെ പോയതാണ് കുടിയേറ്റ വീര്‍പ്പുമുട്ടലില്‍ രാജ്യത്തിന് ശ്വാസം മുട്ടി തുടങ്ങിയത്.
ഇതേ പാതയില്‍ സ്റ്റുഡന്റ് വിസയിലും ആളുകള്‍ തള്ളിക്കയറിയതോടെ പഠിക്കാന്‍ വരുന്ന വ്യക്തിക്ക് മാത്രം വിസ എന്ന നിയന്ത്രണത്തിനും ബ്രിട്ടന്‍ തയാറായത് അടുത്തിടെയാണ്. ഒടുവില്‍ ഈ വിഷയം ചര്‍ച്ചയ്‌ക്കെടുത്താല്‍ ഭരിക്കുന്ന കക്ഷിയെ വരെ ചരിത്രത്തില്‍ ഇല്ലാത്ത തോല്‍വിയിലേക്ക് എത്തിക്കാം എന്നും ബ്രിട്ടന്‍ കഴിഞ്ഞ വര്‍ഷം കാട്ടിത്തന്നു. കോവിഡിന് ശേഷം രാജ്യത്തെ സാമ്പത്തിക തകര്‍ച്ചയില്‍ നിന്നും കൈ പിടിച്ചു ഉയര്‍ത്തിയ ഋഷി സുനക് സര്‍ക്കാര്‍ കാലിടറി വീണത് കുടിയേറ്റക്കാരുടെ ആധിക്യത്തില്‍ ശ്വാസം മുട്ടിയ ജനങ്ങളുടെ എതിര്‍പ്പ് വോട്ടായി മാറിയതോടെയാണ്. ഈ എതിര്‍പ്പ് കൂടുതല്‍ വോട്ടുകള്‍ എത്തിക്കും എന്ന് മനസിലാക്കിയാണ് ഇപ്പോള്‍ തീവ്ര വലതു പക്ഷ പാര്‍ട്ടിയായി മാറിയ റീഫോം യുകെ പത്തുവര്‍ഷം വേണം പൗരത്വം നല്കാന്‍ എന്ന കാര്യം ഉയര്‍ത്തും എന്ന് തിരിച്ചറിഞ്ഞു ഒരു പടി മുന്‍പേ ടോറികള്‍ തന്നെ ഈ ആവശ്യം ഉന്നയിച്ചത് . ഇത്തരം കാര്യങ്ങളില്‍ ടോറികളും ലേബറും ഒക്കെ ഒന്നിച്ചു നില്‍ക്കുന്ന ഒട്ടേറ മുന്‍കാല ചരിത്രം ഉള്ളതിനാല്‍ ഇപ്പോള്‍ യുകെയില്‍ എത്തിയവര്‍ക്ക് പത്തു വര്‍ഷം കാത്തിരുന്നാല്‍ മാത്രമേ പൗരത്വത്തിലേക്ക് നീങ്ങാനാകൂ എന്ന സാഹചര്യമാണ് ഉരുത്തിരിയുന്നത്.