വഴിയാത്രക്കാരനെ ബൈക്ക് ഇടിച്ച് തെറിപ്പിച്ച പൊലീസുകാരനെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കാതെ രക്ഷപ്പെടുത്തി; ബന്ധുക്കളുമായുള്ള വാക്കു തര്‍ക്കം ഫോണില്‍ പകര്‍ത്തിയ സുഹൃത്തുക്കള്‍ക്കെതിരെ കേസും മര്‍ദ്ദനവും; കായംകുളത്ത് സംഭവിച്ചത് പൊലീസ് രാജിന്റെ പുത്തന്‍ മോഡല്‍; നിയമപോരാട്ടത്തിനൊരുങ്ങി യുവാവ്
ആലപ്പുഴ: കായംകുളത്ത് വഴിയാത്രക്കാരനെ ബൈക്ക് ഇടിച്ച് തെറിപ്പിച്ച പൊലീസ് ഉദ്യോഗസ്ഥനെ വൈദ്യപരിശോധനയ്ക്ക് പോലും വിധേയനാക്കാതെ രക്ഷപ്പെടുത്തിയ പൊലീസ് നടപടിക്കെതിരെ നിയമപോരാട്ടത്തിനൊരുങ്ങി യുവാവ്. അപകടത്തില്‍ മുഹ്‌സിന്‍ എന്ന യുവാവിന് സാരമായ പരിക്കേറ്റിരുന്നു. ബൈക്ക് ഓടിച്ച ഉദ്യോഗസ്ഥനെ ആശുപത്രിയിലെത്തിയ കായംകുളം പൊലീസ് കൂട്ടികൊണ്ട് പോകാന്‍ ശ്രമിക്കുന്നതിനിടെ യുവാവിന്റെ ബന്ധുക്കളുമായി വാക്ക് തര്‍ക്കമുണ്ടായി. ഇത് മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ യുവാവിന്റെ സുഹൃത്തുക്കള്‍ക്കെതിരെ പൊലീസ് വ്യാജ കേസ് ചമച്ച് മര്‍ദിച്ചതായായാണ് ആരോപണം. ഇവര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ പൊലീസ് കംപ്ലയിന്റ് അതോറിറ്റിയില്‍ പരാതി നല്‍കിയിട്ടുണ്ട്.
ഫെബ്രുവരി 2 നാണ് സംഭവമുണ്ടാകുന്നത്. കായംകുളം ഫയര്‍ സ്റ്റേഷന് മുന്നില്‍ വെച്ച് പരാതിക്കാരന്റെ സുഹൃത്തായ മുഹ്സിനെ ബൈക്കില്‍ വന്ന പൊലീസ് ഉദ്യോഗസ്ഥന്‍ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. അപകടത്തില്‍ മുഹ്‌സിന് തലയ്ക്കും കൈയ്ക്കും സാരമായ പരിക്കേറ്റു. വിവരമിറിഞ്ഞാണ് പരാതിക്കാരനും ആശുപത്രിയില്‍ എത്തുന്നത്. മുഹ്സിന്റെ ബന്ധുക്കളും ബൈക്ക് ഓടിച്ചിരുന്ന പൊലീസ് ഉദ്യോഗസ്ഥനും ആശുപത്രിയില്‍ ഉണ്ടായിരുന്നു. ഇയാള്‍ മദ്യപിച്ചിരുന്നതായി ബന്ധുക്കള്‍ക്ക് സംശയമുണ്ടായിരുന്നിട്ടും ആശുപത്രി അധികൃതര്‍ പരിശോധനയ്ക്ക് വിധേയനാക്കാന്‍ തയ്യാറായില്ല എന്നും ആരോപണമുണ്ട്.
കായംകുളം പൊലീസ് സ്റ്റേഷനില്‍ നിന്നും 4 പൊലീസ് ഉദ്യോഗസ്ഥര്‍ ആശുപത്രിയില്‍ എത്തിയതായും പരാതിയില്‍ പറയുന്നു. ബൈക്ക് ഓടിച്ചിരുന്ന ഉദ്യോഗസ്ഥനെ പരിശോധനയ്ക്ക് പോലും വിധേയനാക്കാതെ ആശുപത്രിയില്‍ നിന്നും കൊണ്ടുപോകാനുള്ള ശ്രമമാണ് പൊലീസ് നടത്തിയെന്നും ആരോപണമുണ്ട്. തുടര്‍ന്ന് ആശുപത്രില്‍ പരിക്കേറ്റ മുഹ്സിന്റെ ബന്ധുക്കളും, പൊലീസ് ഉദ്യോഗസ്ഥരും തമ്മില്‍ തര്‍ക്കമുണ്ടായി. ഈ സംഭവങ്ങള്‍ പരാതിക്കാരന്‍ മൊബൈലില്‍ പകര്‍ത്തിയിരുന്നു. വീഡിയോ ദൃശ്യങ്ങള്‍ പകര്‍ത്തുന്നത് ശ്രദ്ധയില്‍പെട്ട പൊലീസ് ഉദ്യോഗസ്ഥര്‍ ബന്ധുക്കളെയടക്കം ഭീക്ഷണിപ്പെടുത്തിയതായും ആക്ഷേപമുണ്ട്.
ശേഷം ബൈക്ക് ഓടിച്ച ഉദ്യോഗസ്ഥനുമായി പൊലീസ് സംഘം സ്ഥലം വിട്ടതായും പരാതിയില്‍ പറയുന്നു. വീഡിയോ ആവശ്യപ്പെട്ട് പൊലീസുകാര്‍ പരാതിക്കാരനെ പല തവണ ബന്ധപ്പെടുകയും ചെയ്തിരുന്നു.അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരാതിക്കാരന്റെ പക്കല്‍ ഉണ്ടെന്ന് മനസ്സിലാക്കിയ പൊലീസ് പല തവണ ഒത്തുതീര്‍പ്പിന് ശ്രമിച്ചതായും ആരോപണമുണ്ട്. എന്നാല്‍ പരാതിക്കാര്‍ ഇതിന് മുതിര്‍ന്നില്ല. ഇത് പൊലീസിനെ വല്ലാതെ ചൊടിപ്പിച്ചതായാണ് പരാതിക്കാര്‍ പറയുന്നത്. തുടര്‍ന്ന് ഫെബ്രുവരി 3 ന് പരാതിക്കാരനെയും 2 സുഹൃത്തുകളെയും ഒരു കാര്യവുമില്ലാതെ പൊലീസ് ജീപ്പില്‍ കയറ്റി കൊണ്ട് പോകുകയായിരുന്നു.
സ്റ്റേഷനില്‍ എത്തിച്ച പരാതിക്കാരെ പൊലീസുകാര്‍ ക്രൂരമായി മര്‍ദിച്ചതായും പറയുന്നു. ഇവര്‍ക്കെതിരെ വ്യാജ കേസ് ചമച്ചതായും ആരോപണമുണ്ട്. ക്രൂരമായ പൊലീസ് മര്‍ദ്ദനത്തിനിരയായ പരാതിക്കാരനെ കായംകുളം സര്‍ക്കാര്‍ ആശുപത്രയില്‍ പ്രവേശിപ്പിച്ചിരുന്നു. രണ്ട് കേസുകളാണ് പരാതിക്കാര്‍ക്കെതിരെ പൊലീസ് രജിസ്റ്റര്‍ ചെയ്തത്. പൊലീസിന്റെ കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതിന് പരാതിക്കാര്‍ക്കെതിരെ പൊലീസ് കേസെടുത്തത്. വഴിയാത്രക്കാരനെ ഇടിച്ച് തെറിപ്പിച്ച പൊലീസ് ഉദ്യോഗസ്ഥനെ വൈദ്യപരിശോധനയ്ക്ക് പോലും വിധേയനാക്കാതെ രക്ഷപ്പെടുത്തിയ പൊലീസ് ഒദ്യോഗിക പദവി ദുരുപയോഗം ചെയ്തതായാണ് പരാതിക്കാര്‍ പറയുന്നത്.