യുദ്ധഭൂമിയില്‍ കുട്ടികള്‍ മരിച്ചുവീഴുമ്പോഴായിരുന്നു ഭാര്യക്കൊപ്പമുള്ള സെലന്‍സ്‌കിയുടെ ഫോട്ടോ ഷൂട്ട്; യുക്രെയിന്‍ സൈനികരുടെ ശവശരീരങ്ങള്‍ക്ക് വില പറയുകയാണ് അയാള്‍; ജനങ്ങള്‍ വെറുക്കുന്ന നേതാവാണ് സെലന്‍സ്‌കി; ട്രംപിന്റെ വാക്കുകള്‍ ഏറ്റുപിടിച്ച് മസ്‌ക്; അനുനയത്തിന് ട്രംപിനെ കാണാന്‍ മക്രോണും സ്റ്റാര്‍മറും
സെലന്‍സ്‌കിയെ കടന്നാക്രമിച്ച് മസ്‌ക്
വാഷിങ്ടണ്‍: ഡൊണള്‍ഡ് ട്രംപിനെ പോലെ തന്നെ സെലന്‍സ്‌കിയെ കണ്ണെടുത്താല്‍ കണ്ടുകൂടാ ഇലോണ്‍ മസ്‌കിനും. യുക്രെയിന്‍ പ്രസിഡന്റിന് എതിരെ തുറന്ന വിമര്‍ശനം അഴിച്ചുവിടുക മാത്രമല്ല, കളിയാക്കാനും മടിക്കാറില്ല ശതകോടീശ്വരനും, ട്രംപിന്റെ കാര്യക്ഷമതാ വകുപ്പിന്റെ( ഡോജ്) തലവനുമായ മസ്‌ക്. ട്രംപും സെലന്‍സ്‌കിയും തമ്മിലുള്ള അകല്‍ച്ച യുക്രെയിനെ രാഷ്ട്രീയ പ്രതിസന്ധിയില്‍ ആക്കിയതിന് പിന്നാലെ 'എക്‌സി'ല്‍ മസ്‌ക് കടന്നാക്രമിച്ചു.
' യഥാര്‍ഥത്തില്‍ യുക്രെയിനിലെ ജനങ്ങള്‍ വെറുക്കുന്ന നേതാവാണ് സെലന്‍സ്‌കി. അതുകൊണ്ടാണ് അദ്ദേഹം തിരഞ്ഞെടുപ്പ് നടത്താന്‍ വിസമ്മതിക്കുന്നത്. തിരഞ്ഞെടുപ്പ് നടത്താന്‍ ഞാന്‍ സെലന്‍സ്‌കിയെ വെല്ലുവളിക്കുന്നു. ഇല്ല, സെലന്‍സ്‌കി അതുചെയ്യില്ല', മസ്‌ക് പറഞ്ഞു.
' സെലന്‍സ്‌കിയെ അവഗണിക്കുന്ന പ്രസിഡന്റ് ട്രംപ് ശരിയായ കാര്യമാണ് ചെയ്യുന്നത്. യുക്രെയിന്‍ സൈനികരുടെ ശവശരീരങ്ങള്‍ക്ക് വില പറഞ്ഞുകൊണ്ട് വ്യാജമായ സംവിധാനം കൊണ്ടുനടക്കുകയാണ് അയാള്‍'- തന്റെ വഴിക്ക് വരാത്ത സെലന്‍സ്‌കി സ്വേച്ഛാധിപതിയാണെന്ന ട്രംപിന്റെ വാക്കുകള്‍ ഏറ്റുപിടിച്ച് കൊണ്ട് മസ്‌ക് കുറിച്ചു.
മൂന്ന് വര്‍ഷം മുമ്പ് റഷ്യ- യുക്രെയ്ന്‍ യുദ്ധം നടക്കുന്നതിനിടെ സെലന്‍സ്‌കി വോഗ് മാസികയുടെ ഫോട്ടോഷൂട്ടില്‍ പങ്കെടുത്തതിനെയും മസ്‌ക് വിമര്‍ശിച്ചു. വോഗ് കവര്‍ ഫോട്ടോ ഉള്‍പ്പെടുത്തിയ എക്സിലെ പോസ്റ്റിനുള്ള മറുപടി നല്‍കി കൊണ്ടാണ് മസ്‌കിന്റെ എക്‌സ് പോസ്റ്റ്. യുദ്ധ ഭൂമിയില്‍ കുട്ടികള്‍ മരിച്ചു വീഴുമ്പോഴാണ് അദ്ദേഹം ഇത് ചെയ്തത് എന്ന കുറിപ്പോട് കൂടിയാണ് മസ്‌ക് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്.
സെലെന്‍സ്‌കിയുടെയും ഭാര്യ ഒലീന സെലെന്‍സ്‌കയുടെയും ചിത്രങ്ങള്‍ ഉള്‍ക്കൊള്ളുന്ന വോഗ് ഫോട്ടോഷൂട്ട് പ്രശസ്ത ഫൊട്ടോഗ്രഫര്‍ ആനി ലീബോവിറ്റ്സാണ് എടുത്തിരിക്കുന്നത്. ധീരതയുടെ ഛായ ചിത്രം, യുക്രെയ്ന്‍ പ്രഥമ വനിത ഒലീന സെലന്‍സ്‌കി എന്ന തലക്കെട്ടോടു കൂടിയാണ് വോഗ് ചിത്രത്തിന്റെ ഫീച്ചര്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. ലേഖനം പ്രധാനമായും സെലെന്‍സ്‌കിയെ കേന്ദ്രീകരിച്ചായിരുന്നു.
2022ല്‍തന്നെ ഫോട്ടോഷൂട്ടിനെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു. റിപ്പബ്ലിക്കന്‍ കോണ്‍ഗ്രസ് വനിത ലോറന്‍ ബോബര്‍ട്ട് ഉള്‍പ്പെടെ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. ഞങ്ങള്‍ യുക്രെയിന് 60 ബില്യണ്‍ ഡോളര്‍ സഹായം അയയ്ക്കുമ്പോള്‍ സെലെന്‍സ്‌കി വോഗിനായി ഫോട്ടോഷൂട്ടുകള്‍ നടത്തുകയാണെന്ന് ലോറന്‍ ബോബര്‍ട്ട് അന്ന് പറഞ്ഞിരുന്നു
റഷ്യയാണ് യുക്രെയിനില്‍ അധിനിവേശം നടത്തിയതെങ്കിലും എല്ലാറ്റിനും യുക്രെയിന്‍ പ്രസിഡന്റിനെ പഴിക്കുന്ന സമീപനമാണ് ട്രംപ് സ്വീകരിക്കുന്നത്. റഷ്യന്‍ വ്യാജ വാര്‍ത്തകളില്‍ വീണിരിക്കുകയാണ് ട്രംപ് എന്ന് സെലന്‍സ്‌കി തിരിച്ചടിച്ചതും ട്രംപിനെ പ്രകോപിപ്പിച്ചു. അതോടെ, തിരഞ്ഞെടുപ്പ് നടത്താതെ സ്വേച്ഛാധിപതിയായി വാഴുകയാണ് സെലന്‍സ്‌കിയെന്നും ജനപിന്തുണ നഷ്ടപ്പെട്ട നേതാവാണെവന്നും ട്രംപ് വിമര്‍ശിച്ചു.
അതേസമയം, സെലന്‍സ്‌കിയെ പിന്തുണയ്ക്കുന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മര്‍ വിന്‍സ്റ്റണ്‍ ചര്‍ച്ചിലിനോടാണ് അദ്ദേഹത്തെ താരതമ്യം ചെയ്തത്. യുദ്ധ സമയത്ത് തിരഞ്ഞെടുപ്പ് മാറ്റി വയ്ക്കാന്‍ മതിയായ കാരണം ഉണ്ടെന്നും സ്റ്റാര്‍മര്‍ പറഞ്ഞു. ബ്രിട്ടീഷ് പ്രതിരോധ സെക്രട്ടറി ജോണ്‍ ഹീലിയും യുക്രെയിനെ പിന്തുണച്ചു. തിരഞ്ഞെടുപ്പ് നടത്തണമെന്ന് റഷ്യയും യുക്രെയിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍, യുദ്ധം താറുമാറാക്കിയ യുക്രെയിനില്‍ തിരഞ്ഞെടുപ്പ് നടത്തുക ബുദ്ധിമുട്ടേറിയ കാര്യമാണ്. വിശേഷിച്ചും റഷ്യന്‍ നിയന്ത്രിത മേഖലകളില്‍.
യുദ്ധം അവസാനിപ്പിക്കാനുള്ള കരാറില്‍ എത്തിക്കാന്‍ യൂറോപ്യന്‍ നേതാക്കളും തങ്ങളുടേതായ രീതിയില്‍ പരിശ്രമം തുടരുന്നു. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണ്‍ വൈറ്റ് ഹൗസില്‍ വച്ച് ട്രംപുമായി തിങ്കളാഴ്ച കൂടിക്കാഴ്ച നടത്തും. കെയര്‍ സ്റ്റാര്‍മര്‍ വ്യാഴാഴ്ച ട്രംപിനെ കാണുന്നുണ്ട്.