ഇസ്രയേലിനോട് ഏറ്റുമുട്ടാന്‍ വരുന്നവരെ വെറുതെ വിടില്ല; ബെയ്‌റൂട്ടില്‍ ഹിസ്ബുള്ള മേധാവി ഹസന്‍ നസറുള്ളയുടെ സംസ്‌കാര ചടങ്ങിനിടെ താഴ്ന്നു പറന്ന് പോര്‍വിമാനങ്ങള്‍; അജ്ഞാത കേന്ദ്രത്തിലുള്ള നിലവിലെ ഹിസ്ബുള്ള മേധാവി നയീം കാസിം സാന്നിധ്യം അറിയിച്ചത് വീഡിയോ സന്ദേശം വഴി

ഹസന്‍ നസറുള്ളയുടെ സംസ്‌കാരം ലെബനനിലെ ബെയ്റൂട്ടില്‍ നടന്നു

Update: 2025-02-24 09:41 GMT

ബെയ്‌റൂട്ട്: കൊല്ലപ്പെട്ട ഹിസ്ബുള്ള മേധാവി ഹസന്‍ നസറുള്ളയുടെ സംസ്‌കാരം ലെബനനിലെ ബെയ്റൂട്ടില്‍ നടന്നു. കഴിഞ്ഞ വര്‍ഷം സെപ്തംബര്‍ 27നാണ് ഇസ്രയേല്‍ ബോംബാക്രമണത്തില്‍ നസ്രള്ള കൊല്ലപ്പെട്ടത്. തുടര്‍ന്ന് മകന്‍ ഹാദിയുടെ കല്ലറയ്ക്ക് സമീപം നസ്രള്ളയുടെ മൃതദേഹം താത്കാലികമായി സംസ്‌കരിച്ചിരുന്നു.

ഹിസ്ബുള്ളയുടെ നിയന്ത്രണത്തിലുള്ള തെക്കന്‍ ബെയ്റൂട്ടില്‍ കാമില്‍ ചാമൗന്‍ സ്‌പോര്‍ട്സ് സിറ്റി സ്റ്റേഡിയത്തിലായിരുന്നു ഇന്നലെ സംസ്‌കാരച്ചടങ്ങുകള്‍ നടന്നത്. നസ്രള്ളയുടെ ചിത്രങ്ങളും ഹിസ്ബുള്ള പതാകയുമേന്തിയ അനുയായികള്‍ സ്റ്റേഡിയത്തില്‍ അണിനിരന്നിരുന്നു. തുറന്ന വാഹനത്തില്‍ മൃതദേഹം വഹിക്കുന്ന പേടകവുമായി വിലാപയാത്രയും നടത്തി. ഒക്ടോബറില്‍ കൊല്ലപ്പെട്ട ഹിസ്ബുള്ള ഉന്നത നേതാവ് ഹാഷിം സഫീദിനിന്റെ സംസ്‌കാരച്ചടങ്ങും ഇതോടൊപ്പം നടന്നു.

ചടങ്ങുകള്‍ക്കിടെ ഇസ്രയേലി യുദ്ധവിമാനങ്ങള്‍ രണ്ട് തവണ സ്റ്റേഡിയത്തിന് മുകളിലൂടെ താഴ്ന്ന് പറന്നു. ഇസ്രയേലിനോട് ഏററുമുട്ടാന്‍ വരുന്നവരെ വെറുതേ വിടില്ലെന്ന വ്യക്തമായ സന്ദേശമാണ് പോര്‍ വിമാനങ്ങള്‍ ഈ അവസരത്തില്‍ പറന്നെത്തിയത് എന്നാണ് ഇസ്രേയല്‍ പ്രതിരോധ മന്ത്രി ഇസ്രയേല്‍ കാറ്റ്സ് വ്യക്തമാക്കിയത്.

അജ്ഞാത കേന്ദ്രത്തിലുള്ള നിലവിലെ ഹിസ്ബുള്ള മേധാവി നയീം കാസിമിന്റെ സന്ദേശം സ്‌ക്രീനുകളില്‍ പ്രദര്‍ശിപ്പിച്ചു. ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഖ്ചിയും യെമനിലെ ഹൂതി വിമത പ്രതിനിധികളും ചടങ്ങില്‍ പങ്കെടുത്തു.നസ്രള്ളയേയും ഉന്നത കമാന്‍ഡര്‍മാരെയും ഇസ്രയേല്‍ വധിച്ചതോടെ ഹിസ്ബുള്ളയുടെ ശക്തി ക്ഷയിച്ചിരുന്നു.

അമേരിക്കയും ഫ്രാന്‍സും മുന്നോട്ടുവച്ച മദ്ധ്യസ്ഥ കരാര്‍ അംഗീകരിച്ച ഇസ്രയേല്‍ നവംബറില്‍ ലെബനീസ് അതിര്‍ത്തിയില്‍ ഹിസ്ബുള്ളയുമായി വെടിനിറുത്തല്‍ പ്രഖ്യാപിച്ചിരുന്നു. ഇസ്രയേല്‍ സൈന്യം ലബനനില്‍ നിന്നും പിന്‍മാറുന്നത് വരെ നസറുള്ളയുടെ സംസ്‌ക്കാര ചടങ്ങുകള്‍ ഹിസ്ബുള്ള ഭീകരര്‍ നീട്ടിക്കൊണ്ടു പോകുകയായിരുന്നു.

ഹസന്‍ നസറുള്ളയും ഹിസ്ബുള്ളയുടെ മുതിര്‍ന്ന കമാന്‍ഡര്‍മാരും ഭൂമിക്കടിയിലുള്ള രഹസ്യ സങ്കേതത്തില്‍ യോഗം ചേരുന്ന സമയത്താണ് ഇസ്രയേല്‍ സൈന്യം ആക്രമണം നടത്തിയത്. അതീവ പ്രഹരശേഷിയുള്ള ബങ്കര്‍ ക്ലസ്റ്റര്‍ ബോംബുകളാണ് ഇസ്രയേല്‍ ഇവര്‍ക്ക് നേരേ പ്രയോഗിച്ചത്. കൂടാതെ കഴിഞ്ഞ ദിവസം ലബനനിലെ പല ഹിസ്ബുള്ള കേന്ദ്രങ്ങളിലും ഇസ്രയേല്‍ ശക്തമായ വ്യോമാക്രമണം നടത്തിയിരുന്നു.

Tags:    

Similar News