സെമിയില്‍ ഓസ്‌ട്രേലിയയെ നേരിടാന്‍ ഒരുങ്ങവെ അനാവശ്യ വിവാദം; കോണ്‍ഗ്രസ് വക്താവിന്റെ പ്രസ്താവന അങ്ങേയറ്റം അപമാനകരം; പബ്ലിസിറ്റിക്കായി അപകീര്‍ത്തികരമായ വാക്കുകള്‍ വേണ്ടെന്ന് ബിസിസിഐ സെക്രട്ടറി; ഷമയുടേത് കോണ്‍ഗ്രസ് നിലപാടല്ലെന്ന് രാജീവ് ശുക്ല; ഇന്ത്യന്‍ നായകനെ വിമര്‍ശിച്ചതില്‍ ആരാധകരും കലിപ്പില്‍
പബ്ലിസിറ്റിക്കായി അപകീര്‍ത്തികരമായ വാക്കുകള്‍ വേണ്ടെന്ന് ബിസിസിഐ സെക്രട്ടറി
മുംബൈ: ചാമ്പ്യന്‍സ് ട്രോഫിയില്‍ സെമി ഫൈനല്‍ മത്സരത്തില്‍ ഓസ്‌ട്രേലിയയെ നേരിടാന്‍ ഒരുങ്ങവെ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയുടെ ഫിറ്റ്‌നെസിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് വക്താവ് ഡോ.ഷമ മൊഹമ്മദ് നടത്തിയ പ്രസ്താവനയെ തള്ളി ബിസിസിഐ. ഓസ്‌ട്രേലിയക്കെതിരായ നിര്‍ണായക മത്സരത്തിനിറങ്ങാനിരിക്കെ നമ്മുടെ ക്യാപ്റ്റനെക്കുറിച്ച് ഇത്തരം പ്രസ്താവനകള്‍ നടത്തിയത് അങ്ങേയറ്റം നിര്‍ഭാഗ്യകരമായിപ്പോയെന്ന് ബിസിസിഐ സെക്രട്ടറി ദേവജിത് സൈക്കിയ പറഞ്ഞു. ഒരു ഐസിസി ടൂര്‍ണമെന്റ് നടക്കുന്നതിനിടെ ഇത്തരം പ്രതികരണങ്ങള്‍ പുറത്തുവരുന്നത് താരങ്ങളുടെ ആത്മവീര്യത്തെ ബാധിക്കാന്‍ സാധ്യതയുണ്ടെന്നും ബിസിസിഐ സെക്രട്ടറി ഒരു ദേശീയ മാധ്യമത്തോടു പ്രതികരിച്ചു.
ഉത്തരവാദിത്തമുള്ള ഒരു പദവിയില്‍ ഇരിക്കുന്നയാള്‍ നടത്തിയ ബാലിശമായ പ്രസ്താവന അങ്ങേയറ്റം നിര്‍ഭാഗ്യകരമാണ്. അതും ചാമ്പ്യന്‍സ് ട്രോഫി സെമിയില്‍ ഇന്ത്യ, ഓസ്‌ട്രേലിയയെ നേരിടാന്‍ ഇറങ്ങുന്നതിന് തൊട്ടു മുമ്പ്. ഈ സമയം ടീമിനെ പിന്തുണക്കുക്കയായിരുന്നു വേണ്ടിയിരുന്നത്. അതുകൊണ്ട് തന്നെ ഇതൊരിക്കലും അംഗീകരിക്കാനാനാവില്ല. കോണ്‍ഗ്രസ് വക്താവിന്റെ പ്രസ്താവന അങ്ങേയറ്റം അപമാനകരവും അടിസ്ഥാനരഹിതവുമാണ്. ചാമ്പ്യന്‍സ് ട്രോഫി സെമിയില്‍ ആരാധകര്‍ ഇന്ത്യയെ ഒരുമിച്ച് പിന്തുണക്കേണ്ട സമയമാണിതെന്നും സൈക്കിയ വാര്‍ത്താ ഏജന്‍സിയായ എ എന്‍ ഐയോട് പറഞ്ഞു.
''ഐസിസി ടൂര്‍ണമെന്റിനിടെ ഉത്തരവാദിത്തപ്പെട്ട ഒരു വ്യക്തിയില്‍നിന്ന് ഇത്തരം പരാമര്‍ശമുണ്ടായത് ദൗര്‍ഭാഗ്യകരമാണ്. ആ വ്യക്തിയുടേയും ടീമിന്റെ ആകെയും ആത്മവീര്യത്തെ ഇതുപോലുള്ള പരാമര്‍ശങ്ങള്‍ ബാധിക്കാന്‍ സാധ്യതയുണ്ട്. എല്ലാ താരങ്ങളും ചാംപ്യന്‍സ് ട്രോഫിയില്‍ അവരുടെ കഴിവിന്റെ പരമാവധി പ്രകടനം നടത്താനാണു ശ്രമിക്കുന്നത്. മത്സരഫലങ്ങളില്‍ അതു വ്യക്തമാണ്. പബ്ലിസിറ്റിക്കു വേണ്ടി ആളുകള്‍ ഇത്തരം അപകീര്‍ത്തികരമായ പ്രതികരണങ്ങള്‍ നടത്തരുതെന്നാണു ഞാന്‍ പ്രതീക്ഷിക്കുന്നത്.'' ബിസിസിഐ സെക്രട്ടറി വ്യക്തമാക്കി.
അതേസമയം, ഇന്ത്യന്‍ ക്രിക്കറ്റിലെ ഏറ്റവും ഫിറ്റായ കളിക്കാരിലൊരാളാണ് രോഹിത് ശര്‍മയെന്ന് ബിസിസിഐ വൈസ് പ്രസിഡന്റും കോണ്‍ഗ്രസ് നേതാവുമായ രാജീവ് ശുക്ല പറഞ്ഞു. ഷമ മുഹമ്മദ് പറഞ്ഞത് വ്യക്തിപരമായ അഭിപ്രായമാണെന്നും അത് കോണ്‍ഗ്രസ് നിലപാടല്ലെന്നും രാജീവ് ശുക്ല പറഞ്ഞു. അവര്‍ പറഞ്ഞതും പോസ്റ്റിട്ടതും വ്യക്തിപരമായ അഭിപ്രായമാണ്. കോണ്‍ഗ്രസ് പാര്‍ട്ടിക്ക് അതില്‍ ഒന്നും ചെയ്യാനില്ല. രോഹിത് ഫിറ്റായ കളിക്കാരനാണ്. ഇന്ത്യന്‍ ടീമും രോഹിത്തിന് കീഴില്‍ മികച്ച പ്രകടനമാണ് നടത്തുന്നത്. രോഹിത് മഹാനായ കളിക്കാരനാണെന്നും രാജീവ് ശുക്ല പറഞ്ഞു
രോഹിത് ശര്‍മയെ ബോഡി ഷെയ്മിംഗ് നടത്തിക്കൊണ്ടുള്ള വിവാദ എക്‌സ് പോസ്റ്റ് പിന്‍വലിച്ചെങ്കിലും രോഹിത്തിനെതിരെ ആക്രമണം കടുപ്പിച്ച് കോണ്‍ഗ്രസ് വക്താവ് ഷമ മൊഹമ്മദ് നേരത്തെ രംഗത്തെത്തിയിരുന്നു. കളിക്കാരുടെ ഫിറ്റ്‌നസിനെ പറ്റിയാണ് തന്റെ പോസ്റ്റെന്നും , ബോഡി ഷെയ്മിംഗ് അല്ലെന്നും ഷമ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐക്ക് നല്‍കിയ അഭിമുഖത്തില്‍ വിശദീകരിച്ചിരുന്നു. കളിക്കാര്‍ ഫിറ്റ് ആവണമെന്നാണ് തന്റെ നിലപാട്, ഇന്നലത്തെ മത്സരം കണ്ടപ്പോള്‍ രോഹിത് ശര്‍മ്മ തടി അല്‍പം കൂടുതലാണെന്ന് എനിക്ക് തോന്നി. അത് തുറന്നു പറഞ്ഞതിന് ഒരു കാരണവുമില്ലാതെയാണ് തന്നെ ആക്രമിക്കുന്നതെന്നും ഷമ പറഞ്ഞിരുന്നു.
ഷമയുടെ നിലപാടിനെതിരെ കോണ്‍ഗ്രസ് പാര്‍ട്ടിയും രംഗത്തെത്തി. ഷമയോട് സമൂഹമാധ്യമങ്ങളിലെ പ്രതികരണങ്ങള്‍ നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ടതായി കോണ്‍ഗ്രസ് മീഡിയ, പബ്ലിസിറ്റി വിഭാഗം തലവന്‍ പവന്‍ ഖേര പ്രതികരിച്ചു. ചാംപ്യന്‍സ് ട്രോഫി ടൂര്‍ണമെന്റിലെ ഗ്രൂപ്പ് ഘട്ടത്തില്‍ മൂന്നു മത്സരങ്ങളും ജയിച്ച ഒരേയൊരു ടീമാണു ഇന്ത്യ. ന്യൂസീലന്‍ഡിനെതിരെ 44 റണ്‍സ് വിജയം നേടി ഗ്രൂപ്പില്‍ ഒന്നാമന്‍മാരായാണ് ഇന്ത്യ സെമി ഫൈനല്‍ കളിക്കാന്‍ ഒരുങ്ങുന്നത്. ചൊവ്വാഴ്ച നടക്കുന്ന സെമി പോരാട്ടത്തില്‍ ഓസ്‌ട്രേലിയയാണ് ഇന്ത്യയുടെ എതിരാളികള്‍.