'നീയും മക്കളും പോയി മരിക്ക്'; ഷൈനിയും മക്കളും മരിച്ചതിന് തലേദിവസം നോബി അയച്ച ആ ശബ്ദ സന്ദേശം കേസില്‍ നിര്‍ണായകം; തെളിവായ ഷൈനിയുടെ ഫോണ്‍ കണ്ടെത്തി; ഫോണ്‍ ലോക്ക് ചെയ്ത നിലയില്‍; സൈബര്‍ വിദഗ്ധര്‍ പരിശോധിക്കും

നിര്‍ണായക തെളിവായ ഷൈനിയുടെ ഫോണ്‍ കണ്ടെത്തി

Update: 2025-03-08 11:47 GMT

കോട്ടയം: ഏറ്റുമാനൂരില്‍ അമ്മയും മക്കളും ജീവനൊടുക്കിയ കേസില്‍ നിര്‍ണായകമായ മൊബൈല്‍ ഫോണ്‍ കണ്ടെത്തി. മരിച്ച ഷൈനിയുടെ ഫോണാണ് കണ്ടെത്തിയത്. ഷൈനിയുടെ വീട്ടില്‍ നടത്തിയ പരിശോധനയിലാണ് പൊലീസ് ഫോണ്‍ കണ്ടെടുത്തത്. ഫോണ്‍ ലോക്ക് ചെയ്ത നിലയിലാണ്. ഷൈനി മരിക്കുന്നതിന്റെ തലേദിവസം ഫോണ്‍ വിളിച്ചെന്നായിരുന്നു ഭര്‍ത്താവ് നോബി ലൂക്കോസിന്റെ മൊഴി. ഈ ഫോണ്‍ വിളിയിലെ ചില സംസാരങ്ങളാണ് കൂട്ട ആത്മഹത്യയ്ക്ക് പ്രകോപനമായതെന്നാണ് നിഗമനം. മൊബൈല്‍ ഫോണ്‍ സൈബര്‍ വിദഗ്ധര്‍ പരിശോധിക്കും.

ഷൈനി ട്രെയിനിന് മുന്നില്‍ ചാടിയ റെയില്‍വേ ട്രാക്കില്‍ ഫോണിനായി പൊലീസ് പരിശോധന നടത്തിയിരുന്നു. നേരത്തെ വീട്ടില്‍ നടത്തിയ പരിശോധനയിലും ഫോണ്‍ കിട്ടിയിരുന്നില്ല. മാതാപിതാക്കളോട് അന്വേഷിച്ചപ്പോള്‍ ഫോണ്‍ എവിടെയെന്ന് അറിയില്ലെന്നായിരുന്നു മറുപടി.

ഷൈനിയുടെ ഫോണും നേരത്തെ പൊലീസ് പിടിച്ചെടുത്ത കേസില്‍ അറസ്റ്റിലായ ഷൈനിയുടെ ഭര്‍ത്താവ് നോബിയുടെ ഫോണും ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കും.ഷൈനിയുടെ ഫോണ്‍ കാണാതായത്തില്‍ ദുരൂഹതയുണ്ടായിരുന്നു. ഷൈനി ആത്മഹത്യ ചെയ്യുന്നതിന് തലേന്ന് നോബി ഫോണിലേക്ക് സന്ദേശം അയച്ചിരുന്നുവെന്ന വിവരമുണ്ട്. ഇത് ഉള്‍പ്പെടെ പരിശോധിക്കുന്നതിന് ഷൈനിയുടെ ഫോണ്‍ നിര്‍ണായക തെളിവാകും.

ഷൈനിയും രണ്ട് പെണ്‍മക്കളും ട്രെയിനിന് മുന്നില്‍ ചാടി ജീവനൊടുക്കിയ സംഭവത്തില്‍ ഭര്‍ത്താവ് തൊടുപുഴ സ്വദേശി ചേരിയില്‍ വലിയപറമ്പില്‍ നോബി ലൂക്കോസിനെ ഏറ്റുമാനൂര്‍ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാള്‍ക്കെതിരെ ആത്മഹത്യാപ്രേരണ കുറ്റവും ചുമത്തിയിരുന്നു. നോബിയെ ചോദ്യം ചെയ്തപ്പോള്‍ ഷൈനി മരിച്ചതിന് തലേദിവസം വാട്‌സാപ്പില്‍ മെസേജ് അയച്ചിരുന്നതായി നോബി മൊഴി നല്‍കിയിരുന്നു. ചില സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ചുള്ള കാര്യങ്ങളായിരുന്നു മെസേജിലുണ്ടായിരുന്നത്. പ്രകോപനമരമായ രീതിയില്‍ എന്തെങ്കിലും മെസേജുണ്ടോയെന്ന് പ്രതി കൃത്യമായ മറുപടി നല്‍കിയിട്ടില്ല.

എന്ത് മെസേജുകള്‍ ആണ് അയച്ചുതന്ന കണ്ടെത്താന്‍ പൊലീസ് നോബിയുടെ ഫോണ്‍ കസ്റ്റഡിയിലെടുത്തിരുന്നു. നോബിയുടെ വാട്‌സ്ആപ്പ് ചാറ്റുകളെല്ലാം ഡിലീറ്റ് ചെയ്ത നിലയിലായിരുന്നു. ഇത് റിക്കവറി ചെയ്യാനുള്ള ശ്രമത്തിലാണ് പൊലീസ്. ഇതിനിടെയാണ് ഷൈനിയുടെ ഫോണ്‍ കാണാത്തതില്‍ ദുരൂഹത തുടര്‍ന്നിരുന്നത്. നോബിയുടെ ഫോണില്‍ ഡിലീറ്റ് ചെയ്ത ചാറ്റുകള്‍ ഷൈനിയുടെ ഫോണില്‍ ഉണ്ടോയെന്ന കാര്യം ഉള്‍പ്പെടെ പരിശോധിക്കേണ്ടതുണ്ട്. ഷൈനിയുടെ വീട്ടില്‍ നിന്നും ഇന്ന് ഫോണ്‍ കണ്ടെടുത്തതോടെ കേസില്‍ കൂടുതല്‍ തെളിവ് ലഭിക്കുമെന്നാണ് അന്വേഷണ സംഘം കരുതുന്നത്.

ഫെബ്രുവരി 28ന് പുലര്‍ച്ചെ 4.44നാണ് ഷൈനി മക്കളായ അലീനയെയും ഇവാനയെയും കൂട്ടി വീട്ടില്‍ നിന്ന് ഇറങ്ങിയത്. വീടിന് എതിര്‍വശമുള്ള റോഡിലൂടെയാണ് റെയില്‍വേ ട്രാക്കിലേക്കെത്തിയത്. ഇളയമകള്‍ ഇവാനയെ ഷൈനി കൈപിടിച്ച് വലിച്ചുകൊണ്ട് പോകുന്നത് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്.

ആത്മഹത്യ ചെയ്തതിന്റെ തലേദിവസം നോബി ലൂക്കോസ്, ഷൈനിയെ ഫോണില്‍ വിളിച്ചിരുന്നു. മദ്യലഹരിയില്‍ വിളിച്ച നോബി ഷൈനിയെ അധിക്ഷേപിച്ച് സംസാരിച്ചു. വിവാഹമോചനക്കേസില്‍ സഹകരിക്കില്ലെന്നും കുട്ടികളുടെ പഠനത്തിന് അടക്കമുള്ള ചെലവ് നല്‍കില്ലെന്നും പറഞ്ഞു. നോബിയുടെ അച്ഛന്റെ ചികിത്സക്കെടുത്ത വായ്പയുടെ ഉത്തരവാദിത്തത്തില്‍ നിന്നും ഒഴിഞ്ഞു. ഇക്കാര്യങ്ങളെല്ലാം നോബി പൊലീസിന്റെ ചോദ്യം ചെയ്യലില്‍ സമ്മതിച്ചിട്ടുണ്ട്. ഇതാകാം ഷൈനിയുടെയും മക്കളുടെയും ആത്മഹത്യയിലേയ്ക്ക് നയിച്ചതെന്നാണ് പൊലീസിന്റെ നിഗമനം.

Tags:    

Similar News