'യൂറോപ്പിന്റെ പ്രതിരോധത്തിന് അമേരിക്ക പണം നല്‍കുന്നതില്‍ അര്‍ഥമില്ല; നാറ്റോയില്‍നിന്നും യുഎന്നില്‍നിന്നും യു എസ് പുറത്തിറങ്ങേണ്ട സമയമായി'; നിലപാട് കടുപ്പിച്ച് ട്രംപിന് പിന്നാലെ മസ്‌കും; സ്റ്റാര്‍ലിങ്ക് ഓഫ് ചെയ്താല്‍ യുക്രൈന്‍ തീര്‍ന്നെന്ന് പരിഹാസവും; സെലന്‍സ്‌കിയ്ക്കും മുന്നറിയിപ്പ്
നാറ്റോ സഖ്യം യുഎസ് മതിയാക്കണമെന്ന് മസ്‌ക്
വാഷിങ്ടന്‍: നാറ്റോ (നോര്‍ത്ത് അറ്റ്ലാന്റിക് ട്രീറ്റി ഓര്‍ഗനൈസേഷന്‍) സഖ്യത്തില്‍നിന്നു അമേരിക്ക ഉടന്‍ പുറത്തുകടക്കണമെന്നു ഡോജ് മേധാവിയും വ്യവസായിയുമായ ഇലോണ്‍ മസ്‌ക്. യൂറോപ്പിന്റെ പ്രതിരോധത്തിന് അമേരിക്ക പണം നല്‍കുന്നതില്‍ അര്‍ഥമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
'ഇപ്പോള്‍ തന്നെ നാറ്റോയില്‍നിന്നു പുറത്തുകടക്കണം' എന്ന് എക്‌സില്‍ പ്രചരിച്ച പോസ്റ്റിനു മറുപടിയായി 'നമ്മള്‍ തീര്‍ച്ചയായും അങ്ങനെ ചെയ്യണം' എന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്. അമേരിക്ക 'നാറ്റോയില്‍നിന്നും യുഎന്നില്‍നിന്നും പുറത്തിറങ്ങേണ്ട സമയമായി' എന്ന് എഴുതിയ പോസ്റ്റിനും മസ്‌ക് മറുപടി നല്‍കിയിരുന്നു. 'ഞാന്‍ സമ്മതിക്കുന്നു' എന്നായിരുന്നു പ്രതികരണം.
32 അംഗ നാറ്റോ സഖ്യം ഏപ്രിലില്‍ 76-ാം വാര്‍ഷികം ആഘോഷിക്കാന്‍ ഒരുങ്ങവേയാണു മസ്‌കിന്റെ പരാമര്‍ശമെന്നതു ശ്രദ്ധേയമാണ്. നാറ്റോ സഖ്യകക്ഷികള്‍ പണം നല്‍കിയില്ലെങ്കില്‍ അവരെ പ്രതിരോധിക്കില്ലെന്നു യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നേരത്തേ വ്യക്തമാക്കിയിരുന്നു. യൂറോപ്പിന്റെ പ്രതിരോധത്തിനെന്തിന് അമേരിക്ക പണം നല്‍കണമെന്നാണ് മസ്‌ക് ചോദിക്കുന്നത്. അതിന് അര്‍ഥമില്ലെന്നും മസ്‌ക് പറയുന്നു. തന്റെ സമൂഹമാധ്യമ പ്ലാറ്റ്ഫോമായ എക്സിലൂടെയായിരുന്നു മസ്‌കിന്റെ അഭിപ്രായ പ്രകടനം.
അമേരിക്ക നാറ്റോയില്‍ നിന്ന് മാത്രമല്ല യുഎന്നില്‍ നിന്നും പുറത്ത് വരേണ്ട സമയമായി എന്ന മറ്റൊരു പോസ്റ്റിനും മസ്‌ക് മറുപടി നല്‍കിയിട്ടുണ്ട്. ഇതിന് താന്‍ അതിനെ അനുകൂലിക്കുന്നു എന്നാണ് ഇലോണ്‍ മസ്‌ക് റിപ്ലൈ നല്‍കിയത്.
അതേ സമയം യുക്രൈന്‍ പ്രസിഡന്റ് വൊളോദിമിര്‍ സെലന്‍സ്‌കിയ്ക്ക് മുന്നറിയിപ്പുമായും ഇലോണ്‍ മസ്‌ക് രംഗത്ത് വന്നു. സ്റ്റാര്‍ലിങ്ക് ഇന്റര്‍നെറ്റ് സംവിധാനം താന്‍ ഓഫ് ചെയ്താല്‍ യുക്രൈന്റെ മുഴുവന്‍ പ്രതിരോധ നിരയും തകര്‍ന്നടിയുമെന്ന് ഇലോണ്‍ മസ്‌ക് എക്സില്‍ പങ്കുവെച്ച പോസ്റ്റില്‍ പറഞ്ഞു.
'യുക്രൈനെതിരായ പോരാട്ടത്തില്‍ താന്‍ അക്ഷരാര്‍ത്ഥത്തില്‍ പുതിനെ വെല്ലുവിളിച്ചു. യുക്രൈന്‍ സൈന്യത്തിന്റെ നട്ടെല്ലാണ് എന്റെ സ്റ്റാര്‍ലിങ്ക് സംവിധാനം. ഞാനത് നിര്‍ത്തിവെച്ചാല്‍ അവരുടെ മുഴുവന്‍ പ്രതിരോധ നിരയും തകര്‍ന്നടിയും.' മസ്‌ക് പറഞ്ഞു.
യുക്രൈന്റെ പരാജയം സുനിശ്ചിതമായ സാഹചര്യത്തില്‍, വര്‍ഷങ്ങളോളം നീണ്ട അരുംകൊലകള്‍ എന്നെ വേദനിപ്പിക്കുന്നു. ഇത് ശ്രദ്ധിക്കുന്ന, ഇതേ കുറിച്ച് ചിന്തിക്കുന്ന മനസിലാക്കുന്ന ആരും ... നിര്‍ത്താനാണ് ആഗ്രഹിക്കുക. മസ്‌ക് പറയുന്നു.
ഇതിന് മുമ്പും സെലന്‍സ്‌കിയ്ക്ക് എതിരെ മസ്‌ക് എക്സില്‍ പോസ്റ്റ് പങ്കുവെച്ചിരുന്നു. ഒരിക്കലും അവസാനിക്കാത്ത യുദ്ധമാണ് സെലന്‍സ്‌കി ആഗ്രഹിക്കുന്നതെന്നും അത് ഹീനമാണെന്നും മാര്‍ച്ച് മൂന്നിന് പങ്കുവെച്ച ഒരു പോസ്റ്റില്‍ മസ്‌ക് പറഞ്ഞു.
2022 ലാണ് യുക്രൈന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് ഇലോണ്‍ മസ്‌ക് രാജ്യത്ത് സ്റ്റാര്‍ലിങ്ക് ഇന്റര്‍നെറ്റ് സേവനം ആരംഭിച്ചത്. റഷ്യയില്‍ നിന്നുള്ള ആക്രമണത്തെ തുടര്‍ന്ന് യുക്രൈനില്‍ പല മേഖലകളിലും പരമ്പരാഗത ഇന്റര്‍നെറ്റ് ശൃംഖലകള്‍ യുദ്ധത്തില്‍ തകരാറിലായതോടെയാണ് യുക്രൈനില്‍ ഉപഗ്രഹ ഇന്റര്‍നെറ്റ് സേവനമായ സ്റ്റാര്‍ലിങ്ക് എത്തിച്ചത്.
അമേരിക്കന്‍ ഭരണകൂടമാണ് ഇതിന് വേണ്ടിയുള്ള സാമ്പത്തിക പിന്തുണ നല്‍കിയത്.യുക്രൈനെ തകര്‍ക്കാന്‍ സ്റ്റാര്‍ലിങ്ക് സാറ്റലൈറ്റ് ബ്രോഡ്ബാന്‍ഡ് സേവനത്തെ തടസപ്പെടുത്താനും ഹാക്ക് ചെയ്യാനും അന്ന് റഷ്യ ശ്രമിച്ചിരുന്നു.
2022 ല്‍ 'യുക്രൈനെ മുറുകെ പിടിക്കുന്നു' എന്ന് പോസ്റ്റ് പങ്കുവെച്ചയാളാണ് ഇലോണ്‍ മസ്‌ക്. ഇപ്പോള്‍ നേര്‍ വിപരീത നിലപാടാണ് മസ്‌കിന്. ഇത് കമന്റില്‍ പലരും ചോദ്യം ചെയ്യുന്നുമുണ്ട്.
യുക്രൈന്റെ സാമ്പത്തിക സ്രോതസുകള്‍ തടസപ്പെടുത്തി യുദ്ധത്തിന് വിരാമമിടാന്‍ യുക്രൈനിലെ പ്രഭുക്കന്‍മാര്‍ക്ക് ഉപരോധമേര്‍പ്പെടുത്തണമെന്ന ആഹ്വാനവും മസ്‌ക് ഇന്ന് പങ്കുവെച്ചിരുന്നു. അതുവഴി യുദ്ധം ഉടന്‍ അവസാനിക്കുമെന്നും മസ്‌ക് പറയുന്നു.