ഇരുട്ടത്ത് ഭക്ഷണമില്ലാതെ നരകിക്കുമ്പോള്‍ വഴിക്കുവരും! ഹമാസിനെ നിലയ്ക്കുനിര്‍ത്താന്‍ ഗസ്സയിലേക്കുള്ള വൈദ്യുതി വിതരണം നിര്‍ത്തി വച്ച് ഇസ്രയേല്‍; രണ്ടാം ഘട്ട വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ വഴിമുട്ടിയതോടെ അന്നം മുട്ടിച്ച് ഹമാസിനെ മുട്ടുകുത്തിക്കാന്‍ ഇസ്രയേല്‍

ഗസ്സയിലേക്കുള്ള വൈദ്യുതി വിതരണം നിര്‍ത്തി വെച്ച് ഇസ്രയേല്‍

Update: 2025-03-10 09:11 GMT

ജെറുസലേം: ഗസ്സയിലേക്കുള്ള വൈദ്യുതി വിതരണം നിര്‍ത്തി വെച്ച് ഇസ്രയേല്‍. ഹമാസിനെ നിലയ്ക്ക് നിര്‍ത്തുന്നതിനായി ഇസ്രയേല്‍ നിരവധി കര്‍ശന നടപടികള്‍ സ്വീകരിക്കുകയാണ്. ഒന്നാം ഘട്ട വെടിനിര്‍ത്തല്‍ പൂര്‍ത്തിയാവുകയും രണ്ടാം ഘട്ട വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ വഴിമുട്ടുകയും ചെയ്തതിന് പിന്നാലെയാണ് ഇസ്രയേല്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ചത്.

ഗസ്സയിലേക്കുള്ള എല്ലാ ദുരിതാശ്വാസ സഹായങ്ങളും തടഞ്ഞതായിരുന്നു ഇതിലെ ആദ്യ നടപടി. ഇപ്പോള്‍ വൈദ്യുതിയും പൂര്‍ണമായി തടഞ്ഞിരിക്കുകയാണ്. ഇസ്രയേലിലെ ഊര്‍ജ്ജ മന്ത്രി എലി കോഹന്‍ ഇസ്രയേല്‍ ഇലക്ട്രിക്ക് കോര്‍പ്പറേഷന് ഇക്കാര്യത്തില്‍ അടിയന്തര നിര്‍ദ്ദേശം നല്‍കി.

അതേ സമയം ഇസ്രയേല്‍ അധികൃതര്‍ പറയുന്നത് ഹമാസ് ആക്രമണം നടത്തിയ 2023 ഒക്ടോബര്‍ ഏഴ് മുതല്‍ ഗസ്സയിലേക്കുള്ള വൈദ്യുതി വിതരണം നിര്‍ത്തി വെച്ചിരുന്നു എന്നാണ്. എന്നാല്‍ കഴിഞ്ഞ നവംബറില്‍ ഒരു ജലശുദ്ധീകരണശാലയിലേക്ക് വീണ്ടും വൈദ്യുതി നല്‍കാന്‍ തീരുമാനിച്ചിരുന്നതായും അതാണ് ഇപ്പോള്‍ നിര്‍ത്തി വെയ്ക്കുന്നത് എന്നുമാണ്.

ഈ പ്ലാന്റ് വഴി ആറ് ലക്ഷത്തോളം പേര്‍ക്കാണ് ശുദ്ധജലം ലഭിക്കുന്നത്. കുടിവെള്ള ശുദ്ധീകരണം ഉള്‍പ്പെടെ സുപ്രധാന മേഖലകളെ നിയന്ത്രണം സാരമായി ബാധിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇസ്രയേല്‍ ഉപരോധം ഗസ്സയില്‍ ഭക്ഷണം പാകം ചെയ്യുന്നത് പോലും ബുദ്ധിമുട്ടിലാക്കിയിരിക്കുന്നു എന്നാണ് സൂചന. ഗാസയില്‍ പാചകവാതകമോ വിറകോ ലഭ്യമല്ലാത്ത സാഹചര്യത്തില്‍ വൈദ്യുതിയുടെ സഹായത്തോടെയാണ് ഭക്ഷണം പാചകം ചെയ്തിരുന്നത്.

കുട്ടികളുടെ ഭക്ഷണം ആണ് ഏറ്റവും വലിയ പ്രതിസന്ധി. അവര്‍ക്ക് വേണ്ടിപോലും ഭക്ഷണം ഉണ്ടാക്കാന്‍ കഴിയുന്നില്ല എന്നാണ് ഗസ്സ നിവാസികള്‍ പറയുന്നത്. ഇസ്രേയേല്‍ നിയന്ത്രണങ്ങള്‍ക്ക് പിന്നാലെ തന്നെ ഗസ്സയില്‍ ജല ദൗര്‍ലഭ്യവും രൂക്ഷമാക്കിയിരുന്നു. ഇന്ധന ക്ഷാമം രൂക്ഷമായത് ജനററേറ്ററുകളുടെ പ്രവര്‍ത്തനത്തെയും പമ്പിങ്ങിനെയും ബാധിച്ചിരുന്നു.

ഗസ്സയിലേക്കുള്ള വൈദ്യുതി തടഞ്ഞ ഇസ്രയേല്‍ നടപടിക്ക് എതിരെ വ്യാപക വിമര്‍ശനമാണ് വിവിധ കോണുകളില്‍ നിന്നും ഉയരുന്നത്. ഇസ്രയേലിന് ആയുധങ്ങള്‍ നല്‍കുകയും അവര്‍ക്ക് എതിരെ ശബ്ദമുയര്‍ത്താതിരിക്കുകയും ചെയ്യുന്ന രാജ്യങ്ങള്‍ വംശീയ ഉന്‍മൂലനത്തിന് കൂട്ടു നില്‍ക്കുകയാണ് എന്ന് ഫലസ്തീന്‍ പ്രദേശത്തെ ഐക്യരാഷ്ട്രസഭയുടെ പ്രത്യേക റിപ്പോര്‍ട്ടര്‍ ഫ്രാന്‍സെസ അല്‍ബനീസ് കുറ്റപ്പെടുത്തിയത്.

ഗസ്സയിലെ ജലലഭ്യത ഉറപ്പാക്കുന്ന വഴികളും ഇസ്രയേല്‍ വിച്ഛേദിച്ചതായി മനുഷ്യാവകാശ സംഘടനകള്‍ കുറ്റപ്പെടുത്തുന്നു. ഗസ്സയിലേക്കുള്ള പൈപ്പ്ലൈനുകള്‍ ബ്ലോക്ക് ചെയ്തതായും ജല ശുദ്ധീകരണത്തിനും, മാലിന്യ സംസ്‌കരണ പ്ലാന്റുകളും പ്രവര്‍ത്തിപ്പിക്കാന്‍ ഉപയോഗിക്കുന്ന സോളാര്‍ പാനലുകള്‍ നശിപ്പിക്കപ്പെട്ടതായും ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് ചൂണ്ടിക്കാട്ടി.

ഗസ്സയിലെ വൈദ്യുതി വിതരണം വിച്ഛേദിക്കാനുള്ള ഇസ്രായേലിന്റെ തീരുമാനത്തെ അപലപിച്ച ഹമാസ് ബ്ലാക്ക്മെയില്‍ എന്നാണ് നടപടിയെ വിശേഷിപ്പിച്ചത്. അതിനിടെ ഇസ്രായേല്‍-ഹമാസ് വെടിനിര്‍ത്തല്‍ കരാര്‍ പുനരുജ്ജീവിപ്പിക്കാന്‍ ഈജിപ്ത്, ഖത്തര്‍, അമേരിക്ക എന്നീ രാജ്യങ്ങളില്‍ നിന്നുള്ള മധ്യസ്ഥ ശ്രമങ്ങളുടെ ഭാഗമായ ചര്‍ച്ചകള്‍ ദോഹയില്‍ നടക്കാനിരിക്കെയാണ് ഇസ്രയേല്‍ നടപടികള്‍ കടുപ്പിക്കുന്നത്. ഗാസയിലെ ബന്ദികളെ പാര്‍പ്പിച്ചിരിക്കുന്ന മേഖലകളിലും വൈദ്യുതി വിതരണം തടസപ്പെടും എന്ന കാര്യവും ഉറപ്പാണ്.

Tags:    

Similar News