ആ കപ്പല്‍ സഞ്ചരിച്ചത് ഓട്ടോ പൈലറ്റില്‍; സാങ്കേതിക സംവിധാനത്തില്‍ കപ്പല്‍ മുമ്പോട്ട് പോയപ്പോള്‍ ജീവനക്കാര്‍ അശ്രദ്ധ കാട്ടി; യുകെയിലെ കപ്പല്‍ കൂട്ടിയിടിയ്ക്ക് കാരണം ജീവനക്കാരുടെ പിഴവ് മാത്രം; സോളോംഗിന്റെ ക്യാപ്ടന്‍ അഴിക്കുള്ളില്‍
ലണ്ടന്‍: കഴിഞ്ഞ ദിവസം യു.കെയില്‍ കപ്പലുകള്‍ കൂട്ടിയിടിച്ച് തീപിടുത്തം ഉണ്ടായ സംഭവത്തില്‍ ഒരാള്‍ അറസ്റ്റിലാകുമ്പോള്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. എണ്ണ ടാങ്കറുമായി കൂട്ടിയിടിച്ച ചരക്ക് കപ്പലായ സോളോംഗിന്റെ ക്യാപ്റ്റനാണ് ഇപ്പോള്‍ കസ്റ്റഡിയില്‍ ഉള്ളത്. ഇയാള്‍ അശ്രദ്ധയോടെ കപ്പല്‍ നിയന്ത്രിച്ചതിന്റെ ഫലമായിട്ടാണ് അപകടം ഉണ്ടായത് എന്നാണ് പ്രാഥമിക നിഗമനം. ഇയാളുടെ പേരോ മറ്റ് വിശദാംശങ്ങളോ കപ്പലിന്റെ ഉടമകളായ ഏണസ്റ്റ് റോസ് ഇനിയും പുറത്തു വിട്ടിട്ടില്ല. ഹമ്പര്‍സൈഡ് പോലീസാണ് ഇയാളെ കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്. അന്വേഷണത്തോട് തങ്ങള്‍ പൂര്‍ണമായി സഹകരിക്കുന്നുണ്ടെന്നാണ് കമ്പനി വ്യക്തമാക്കിയിരിക്കുന്നത്.
സോളോംഗിലെ ഒരു ജീവനക്കാരനെ കാണാതായിട്ടുണ്ട്. ഇയാള്‍ മരിച്ചിരിക്കാം എന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. അപകടത്തെ തുടര്‍ന്ന് ഉണ്ടായ പരിസ്ഥിതി പ്രശ്നങ്ങള്‍ എങ്ങനെ പരിഹരിക്കാം എന്നാണ് ഇപ്പോള്‍ സര്‍ക്കാര്‍ ഗൗരവകരമായി ചര്‍ച്ച ചെയ്യുന്നത്. കപ്പലുകള്‍ കൂട്ടിയിടിച്ച് തീപിടിച്ചുഎങ്കിലും പല ജീവനക്കാരും തലനാരിഴക്കാണ് രക്ഷപ്പെട്ടത്. അപകടത്തില്‍ പെട്ട അമേരിക്കന്‍ എണ്ണ ടാങ്കറായ സ്റ്റെല്ലാ ഇമ്മാക്യുലേറ്റിലെ പല ജീവനക്കാരും പറയുന്നത് തങ്ങള്‍ ലൈഫ് ജാക്കറ്റ് പോലും ധരിക്കാതെയാണ് കടലിലേക്ക് ചാടിയത് എന്നാണ്. അപകടത്തില്‍ നിന്ന് രക്ഷപ്പെട്ട 36 ജീവനക്കാര്‍ ഇപ്പോള്‍ വിവിധ ഹോട്ടലുകളില്‍ താമസിക്കുകയാണ്.
ഇവരെ ബ്രിട്ടീഷ് ഉദ്യോഗസ്ഥന്‍മാരും അമേരിക്കന്‍ കോസ്റ്റ്ഗാര്‍ഡ് ജീവനക്കാരും പിന്നീട് ചോദ്യം ചെയ്യും. അമേരിക്കന്‍ എണ്ണടാങ്കറിലെ ജീവനക്കാര്‍ പറയുന്നത് തങ്ങള്‍ ശരിക്കും മരണത്തെ മുന്നില്‍ കണ്ടു എന്നാണ്. രക്ഷപ്പടുന്നതിനായി ലൈഫ്ബോട്ടിലേക്ക് കയറുന്ന തിരക്കില്‍ പലരും നേരിയ തോതില്‍ പൊള്ളലേറ്റിരുന്നു. എന്നാല്‍ ആരുടേയും പരിക്കുകള്‍ ഗുരുതരമല്ല. കപ്പലില്‍ ഉണ്ടായിരുന്ന 23 ജീവനക്കാര്‍ക്കും ഞൊടിയിടയില്‍ രക്ഷപ്പെടാന്‍ കഴിഞ്ഞു. ഇത്തരത്തില്‍ അപകടങ്ങള്‍ ഉണ്ടായാല്‍ എങ്ങനെ രക്ഷപ്പെടണമെന്ന് വിദഗ്ധ പരിശീലനം ലഭിച്ചിട്ടുള്ളതിനാല്‍ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞു എന്നാണ് ഇവര്‍ പറയുന്നത്.
പോര്‍ച്ചുഗലില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള സോളോംഗ് എന്ന കപ്പല്‍ അപകടത്തില്‍ പെടുന്ന സമയത്ത് ഓട്ടോപൈലറ്റിലാണ് പ്രവര്‍ത്തിച്ചിരുന്നത് എന്നാണ് മനസിലാക്കാന്‍ കഴിഞ്ഞത്. കപ്പല്‍ ഓട്ടോപൈലറ്റില്‍ സഞ്ചരിക്കുകയാണെങ്കില്‍ പോലും കപ്പലിലെ ജീവനക്കാര്‍ ഇക്കാര്യത്തില്‍ അതീവശ്രദ്ധ പുലര്‍ത്തുന്നതാണ് പതിവ്. എന്നാല്‍ ഈ കപ്പലിലെ ജീവനക്കാര്‍ ഇക്കാര്യം ശ്രദ്ധിച്ചിരുന്നില്ല. അത് കൊണ്ട് തന്നെ ഈ അപകടം നൂറ് ശതമാനവും സോളോംഗിലെ ജീവനക്കാരുടെ പഴിവ് കൊണ്ട് സംഭവിച്ചതാണെന്ന് തന്നെയാണ് മനസിലാക്കുന്നത്.
പല പരിസ്ഥിതി സംഘടനകളും അപകടം നടന്ന മേഖലയില്‍ പരിശോധന നടത്തുകയാണ്. അമേരിക്കന്‍ ഓയില്‍ടാങ്കറിലെ എണ്ണ പരന്ന് പരിസ്ഥിതി പ്രശ്നം ഉണ്ടാക്കിയോ എന്ന കാര്യം അവര്‍ പരിശോധിക്കും.