കരുവന്നൂര്‍ കള്ളപ്പണ ഇടപാട് കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകണം; കെ. രാധാകൃഷ്ണന്‍ എംപിക്ക് സമന്‍സ് അയച്ച് ഇ.ഡി; പാര്‍ട്ടി അക്കൗണ്ടുകളിലേക്ക് എത്തിയ കള്ളപ്പണത്തില്‍ വിശദീകരണം തേടും; അന്തിമ കുറ്റപത്രം സമര്‍പ്പിക്കാനിരിക്കെ നിര്‍ണായക നീക്കം

കെ. രാധാകൃഷ്ണന്‍ എംപിക്ക് സമന്‍സ് അയച്ച് ഇ.ഡി

Update: 2025-03-13 15:27 GMT

തൃശ്ശൂര്‍ : കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് മുന്‍ മന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവുമായ കെ. രാധാകൃഷ്ണന്‍ എംപിക്ക് ഇഡി സമന്‍സ്. ചോദ്യം ചെയ്യലിന് ഇഡി ഓഫീസില്‍ ഹാജരാകാനാണ് നിര്‍ദ്ദേശം. കരുവന്നൂര്‍ ബാങ്കുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട കേസിന്റെ ഭാഗമായാണ് കെ. രാധാകൃഷ്ണനെ വിളിച്ച് വരുത്തിയത്. കരുവന്നൂര്‍ സഹകരണ ബാങ്കില്‍ തട്ടിപ്പ് നടന്ന കാലയളവില്‍ തൃശ്ശൂര്‍ ജില്ലാ സെക്രട്ടറിയായിരുന്നു കെ. രാധാകൃഷ്ണന്‍.

സംസ്ഥാനത്തെ സഹകരണ ബാങ്കുകള്‍ കേന്ദ്രീകരിച്ച് വന്‍ തോതില്‍ കളളപ്പണ ഇടപാട് നടക്കുന്നതായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് ഹൈക്കോടതിയെ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. കരുവന്നൂര്‍ ബാങ്കിന് പുറമേ മാവേലിക്കര, കണ്ടല അടക്കം 18 സഹകരണ സ്ഥാപനങ്ങള്‍ക്കെതിരെ നിലവില്‍ അന്വേഷണം നടക്കുന്നുണ്ട്. ഒരേ ഭൂമിയുടെ പേരില്‍ പല ലോണുകളെടുത്ത സംഭവങ്ങള്‍ പല സ്ഥാപനങ്ങളിലുമുണ്ട്. ഭൂമിയടക്കം ഈഡു നല്‍കിയവര്‍ അറിഞ്ഞും അറിയാതെയുമൊക്കെയാണ് ഇത്തരം വഴിവിട്ട ഇടപാടുകള്‍ നടന്നിരിക്കുന്നതെന്നാണ് സഹകരണ ബാങ്കുകള്‍ക്കെതിരായ ഇ ഡി അന്വേഷണം ചോദ്യം ചെയ്തുളള ഹര്‍ജിയില്‍ ഹൈക്കോടതിയില്‍ ഇഡി മറുപടി നല്‍കിയത്.

ഇ.ഡി കൊച്ചി ഓഫിസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നിര്‍ദേശിച്ചുകൊണ്ടുള്ള സമന്‍സാണ് അയച്ചിരുന്നത്. ഇന്നലെ ഹാജരാകാന്‍ ആവശ്യപ്പെട്ടായിരുന്നു സമന്‍സ് അയച്ചിരുന്നത്. എന്നാല്‍ കെ. രാധാകൃഷ്ണന്‍ ഡല്‍ഹിയില്‍ ആയിരുന്നതിനാല്‍ ഇന്നു മാത്രമാണ് സമന്‍സ് കൈപ്പറ്റിയത്. അതിനാല്‍ ചോദ്യം ചെയ്യലിന് മറ്റൊരു ദിവസം ഹാജരാകാന്‍ ആവശ്യപ്പെട്ടുകൊണ്ട് പുതിയ സമന്‍സ് അയയ്ക്കുമെന്നാണ് വിവരം. കരുവന്നൂര്‍ ബാങ്കുമായുള്ള സി.പി.എം. ബന്ധം, സി.പി.എം.പാര്‍ട്ടി അക്കൗണ്ടുമായി ബന്ധപ്പെട്ട പണമിടപാടുകള്‍ തുടങ്ങിയ കാര്യങ്ങളില്‍ വ്യക്തത വരുത്തുന്നതിനാണ് അദ്ദേഹത്തെ ചോദ്യം ചെയ്യുന്നത്.

കരുവന്നൂര്‍ കള്ളപ്പണ ഇടപാടിലൂടെ ലഭിച്ച പണം പാര്‍ട്ടി അക്കൗണ്ടുകളിലേക്ക് എത്തിയതായി ഇ.ഡി കണ്ടെത്തിയിരുന്നു. ഈ തട്ടിപ്പ് നടന്ന കാലയളവില്‍ രാധാകൃഷ്ണനായിരുന്നു സിപിഎം ജില്ലാ സെക്രട്ടറി. അതിനാല്‍ തന്നെ കെ. രാധാകൃഷ്ണനെ ചോദ്യം ചെയ്യലില്‍നിന്ന് ഒഴിവാക്കാനാവില്ലെന്ന് ചൂണ്ടിക്കാണിച്ചു കൊണ്ടാണ് കേസില്‍ അന്തിമ കുറ്റപത്രം സമര്‍പ്പിക്കാനിരിക്കെ ഇ.ഡിയുടെ പുതിയ നീക്കം.

കരുവന്നൂര്‍ കേസുമായി ബന്ധപ്പെട്ട് നിലവിലെ ജില്ലാ സെക്രട്ടറിയേയും ഇ.ഡി. മുന്‍പ് ചോദ്യം ചെയ്തിരുന്നു. കരുവന്നൂര്‍ കേസന്വേഷണത്തിന്റെ അവസാന ഘട്ടത്തിലാണ് ഇ.ഡി. അന്തിമ കുറ്റപത്രം തയാറാക്കുന്നതിന് മുന്നോടിയായാണ് കെ.രാധാകൃഷ്ണന്റെയും മൊഴിയെടുക്കുന്നത്. എന്നാല്‍, അദ്ദേഹം ഇ.ഡിക്ക് മുന്നില്‍ ഹാജരാകുന്നത് സംബന്ധിച്ച വിശദീകരണം പുറത്തുവന്നിട്ടില്ല. സി.പി.എം. ജില്ലാ സെക്രട്ടറിയായിരുന്നു എം.എം. വര്‍ഗീസ് അടക്കമുള്ള നേതാക്കളെ ഇതിനോടകം തന്നെ ഇ.ഡി. ചോദ്യം ചെയ്ത് കഴിഞ്ഞിട്ടുണ്ട്.

Tags:    

Similar News