പാക്കിസ്ഥാനെ ഞെട്ടിച്ച് വീണ്ടും ഭീകരാക്രമണം; ക്വെറ്റയില്‍ നിന്ന് ടഫ്താനിലേക്ക് പുറപ്പെട്ട പാക്ക് സേനയുടെ ബസിനുനേരെ ആക്രമണം; 90 സൈനികരെ വധിച്ചെന്ന് ബലൂച് ലിബറേഷന്‍ ആര്‍മി; മൂന്ന് സൈനികരടക്കം അഞ്ച് പേര്‍ മാത്രമാണ് കൊല്ലപ്പെട്ടതെന്ന് സൈന്യം
പാക്കിസ്ഥാനെ ഞെട്ടിച്ച് വീണ്ടും ഭീകരാക്രമണം
ഇസ്ലാമാബാദ്: പാക്കിസ്ഥാനില്‍ വീണ്ടും ഭീകരാക്രമണം. പാക്ക് സൈനിക വ്യൂഹം ആക്രമിച്ചതായി ബലൂച് ലിബറേഷന്‍ ആര്‍മി അറിയിച്ചു. ക്വറ്റയില്‍ നിന്ന് ടഫ്താനിലേക്ക് പോയ സൈനിക വ്യൂഹത്തിന് നേരെയാണ് ഭീകരാക്രമണം ഉണ്ടായത്. 90 പാക് സൈനികരെ വധിച്ചുവെന്ന് ബി എല്‍ എ അവകാശപ്പെട്ടു. എന്നാല്‍ ഇത് പാക് സൈന്യം നിഷേധിച്ചു. മൂന്ന് സൈനികരടക്കം അഞ്ച് പേര്‍ മാത്രമാണ് കൊല്ലപ്പെട്ടതെന്ന് സൈന്യം വ്യക്തമാക്കി.
പാക്ക് സേനാംഗങ്ങള്‍ സഞ്ചരിച്ച ബസില്‍ കാറിടിച്ചുണ്ടായ അപകടത്തില്‍ സൈനികര്‍ കൊല്ലപ്പെട്ടെന്നാണു റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. ബലൂചിസ്ഥാനില്‍ ട്രെയിന്‍ റാഞ്ചിയ ബലൂച് ലിബറേഷന്‍ ആര്‍മി (ബിഎല്‍എ) ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു. ആക്രമണമുണ്ടായെന്നു സ്ഥിരീകരിച്ച പാക്ക് സേന, 5 പേര്‍ കൊല്ലപ്പെട്ടെന്നും 10 പേര്‍ക്ക് പരുക്കേറ്റെന്നും സ്ഥിരീകരിച്ചു. 90 പേര്‍ കൊല്ലപ്പെട്ടെന്നാണു ബിഎല്‍എ വാര്‍ത്താക്കുറിപ്പില്‍ പറയുന്നത്.
ബലൂചിസ്ഥാനിലെ നോഷ്‌കി ജില്ലയില്‍ ദേശീയപാത 40ല്‍ ആയിരുന്നു വിമതരുടെ ആക്രമണം. ഒപ്പമുണ്ടായിരുന്ന മറ്റൊരു സൈനിക വാഹനവും ആക്രമിക്കപ്പെട്ടു. പരുക്കേറ്റവരെ സമീപത്തെ ആശുപത്രിയിലേക്കു മാറ്റി. കഴിഞ്ഞദിവസം ട്രെയിന്‍ റാഞ്ചിയ ബിഎല്‍എ നാനൂറിലേറെ യാത്രക്കാരെ ബന്ദികളാക്കിയിരുന്നു. 26 ബന്ദികളെ ഇവര്‍ കൊലപ്പെടുത്തിയെന്നും രക്ഷാപ്രവര്‍ത്തനത്തിനിടെ 33 അക്രമികളെ വധിച്ചതായും പാക്ക് സര്‍ക്കാര്‍ അറിയിച്ചു.
ബലൂചിസ്ഥാന്‍ തലസ്ഥാനമായ ക്വറ്റയില്‍നിന്നു 160 കിലോമീറ്റര്‍ അകലെ പര്‍വതമേഖലയില്‍ പാളം തകര്‍ത്തശേഷമാണു ചൊവ്വാഴ്ച ബിഎല്‍എ ട്രെയിന്‍ പിടിച്ചെടുത്തത്. ക്വറ്റയില്‍നിന്നു പെഷാവാറിലേക്കുള്ള ട്രെയിനില്‍ 9 കോച്ചുകളിലായി 425 യാത്രക്കാരാണുണ്ടായിരുന്നത്. ബന്ദികളായ യാത്രക്കാര്‍ക്കൊപ്പം ഓരോ കോച്ചിലും സ്‌ഫോടക വസ്തുക്കള്‍ ദേഹത്തുവച്ചുകെട്ടിയ ചാവേറുകള്‍ ഉണ്ടായിരുന്നതിനാല്‍ ഏറെ ശ്രമകരമായിരുന്നു രക്ഷാപ്രവര്‍ത്തനം.
എണ്ണ, ധാതു വിഭവങ്ങള്‍ കൊണ്ട് സമ്പന്നമായ ബലൂചിസ്ഥാന്‍ പാക്കിസ്ഥാനിലെ ഏറ്റവും വലുതും ജനസംഖ്യ കുറഞ്ഞതുമായ പ്രവിശ്യയാണ്. ഫെഡറല്‍ സര്‍ക്കാരില്‍നിന്ന് സ്വാതന്ത്ര്യം വേണമെന്നാണു ബിഎല്‍എയുടെ ആവശ്യം. പാക്ക് ജയിലിലുള്ള ബലൂച് രാഷ്ട്രീയ തടവുകാരെയും സൈന്യം തട്ടിക്കൊണ്ടുപോയ ആക്റ്റിവിസ്റ്റുകളെയും വിട്ടയയ്ക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടിരുന്നു. പാക്ക് സര്‍ക്കാരിനെതിരെ സായുധസമരം നടത്തുന്ന ബിഎല്‍എ കഴിഞ്ഞ നവംബറില്‍ ക്വറ്റ റെയില്‍വേ സ്റ്റേഷനില്‍ നടത്തിയ ചാവേര്‍ സ്‌ഫോടനത്തില്‍ 26 പേരാണു കൊല്ലപ്പെട്ടത്.
ബിഎല്‍എയുടെ ചാവേര്‍ സംഘമായ മജീദ് ബ്രിഗേഡാണ് പാക് സൈനികരെ ലക്ഷ്യമിട്ട് ആക്രമണം നടത്തിയത്. എട്ട് ബസുകളിലായാണ് സൈനികര്‍ യാത്രചെയ്തിരുന്നത്. വാഹനവ്യൂഹത്തിലേക്ക് സ്ഫോടക വസ്തുക്കള്‍ നിറച്ച മറ്റൊരു വാഹനം ഇടിച്ചുകയറ്റുകയായിരുന്നു. സ്ഫോടനത്തില്‍ ഒരു വാഹനം പൂര്‍ണമായി തകര്‍ന്നു. മറ്റൊരു വാഹനത്തിന് നേരെ റോക്കറ്റ് പ്രൊപ്പല്‍ഡ് ഗ്രനേഡ് പ്രയോഗിച്ചുവെന്നുമാണ് പാക് സൈന്യം പറയുന്നത്. ഇതിന് പുറമെ വെടിവെപ്പും നടന്നതായാണ് റിപ്പോര്‍ട്ടുകള്‍.