'മമ്മൂക്കയുടെ ആരോഗ്യപ്രശ്‌നവും ലാലേട്ടന്റെ വഴിപാടും മറുനാടന്റെ മരണവും'; സോഷ്യല്‍ മീഡിയയില്‍ കൊടുങ്കാറ്റായ വാര്‍ത്തയില്‍ മറുനാടന്‍ അന്വേഷിച്ചത് സത്യം മാത്രം; മറ്റുമാധ്യമങ്ങള്‍ ഇട്ടാല്‍ ബര്‍മൂഡ, മറുനാടന്‍ ഇട്ടാല്‍ വള്ളിനിക്കര്‍; മമ്മൂട്ടിയുടെ ആരോഗ്യത്തില്‍ ആശങ്കയ്ക്ക് വകയില്ലെന്ന് ക്യത്യമായി അറിയിച്ച മറുനാടനെ വേട്ടയാടുമ്പോള്‍

മറുനാടനെ വേട്ടയാടുമ്പോള്‍

Update: 2025-03-19 15:51 GMT

തിരുവനന്തപുരം: മലയാളത്തിന്റെ പ്രിയനടന്‍ മമ്മൂട്ടിക്ക് ക്യാന്‍സറിന്റെ പ്രാഥമിക ലക്ഷണങ്ങള്‍ കണ്ടെത്തിയെന്നും ചികിത്സാ ആവശ്യങ്ങള്‍ക്കായി സിനിമയില്‍ നിന്നും ഇടവേളയെടുക്കുമെന്ന വാര്‍ത്ത മറുനാടന്‍ പുറത്ത് വിട്ടത് ഇക്കഴിഞ്ഞ ദിവസമാണ്. വാര്‍ത്ത പുറത്തുവന്ന് ചര്‍ച്ചയായതിനാല്‍ പിന്നാലെ സമൂഹമാധ്യമങ്ങളില്‍ ഉള്‍പ്പടെ മറുനാടനെതിരെ ശക്തമായ വിദ്വേഷ പ്രചാരണങ്ങളാണ് നടക്കുന്നത്. മറുനാടന്‍ വ്യാജവാര്‍ത്തയാണ് പുറത്തുവിട്ടതെന്നും മമ്മൂട്ടി റമദാന്‍ നോമ്പിന്റെ ഭാഗമായി ഇടവേളയെടുക്കുന്നതാണെന്നും മമ്മൂട്ടിയുടെതെന്ന് അവകാശപ്പെടുന്ന ഔൗദ്യോഗികമല്ലാത്ത പി ആര്‍ ടീം പ്രതികരിച്ചതോടെയാണ് മറുനാടനെതിരെ പ്രചാരണങ്ങള്‍ ആരംഭിച്ചത്.

Full View


എന്നാല്‍ മമ്മൂട്ടിയുമായി ചേര്‍ന്നുനില്‍ക്കുന്ന വൃത്തങ്ങളൊന്നും തന്നെ വിഷയത്തില്‍ ഇതുവരെ പ്രതികരണം നടത്തിയിട്ടുമില്ല, മറുനാടന്റെ പ്രതികരണം നിഷേധിച്ചിട്ടുമില്ല. മറുനാടനെതിരെ പലതരത്തിലുള്ള ക്യാമ്പയിനുകള്‍ സജീവമാകുമ്പോഴാണ് അസുഖകാര്യം വെളിപ്പെടുത്തി കേരളകൗമുദിയും ദീപിക ദിനപത്രവും വാര്‍ത്ത പ്രസിദ്ധീകരിക്കുന്നത്. മറുനാടന്‍ പുറത്തുവിട്ട അതേ കാര്യമാണ് ഇരുപത്രങ്ങളും റിപ്പോര്‍ട്ട് ചെയ്തത്. മമ്മൂട്ടിക്ക് വന്‍കുടലില്‍ ക്യാന്‍സറിന്റെ പ്രാഥമിക ലക്ഷണങ്ങള്‍ കണ്ടെത്തിയെന്നും ചെന്നൈയിലെ പ്രമുഖ ആശുപത്രിയില്‍ ചികിത്സ നടക്കുമെന്നും പറഞ്ഞ മാധ്യമങ്ങള്‍ താരം സിനിമയില്‍ നിന്ന് ഇടവേളയെടുക്കുന്ന കാര്യവും വ്യക്തമാക്കുന്നു.

എന്നാല്‍ മറുനാടനെതിരെ വാളെടുത്ത പ്രമുഖരുള്‍പ്പടെ ആരും തന്നെ ഈ മാധ്യമങ്ങള്‍ക്കെതിരെ ഒരു പ്രസ്താവനയും നടത്തിയില്ല. നിര്‍മ്മാതാക്കളോടുള്ള വിദ്വേഷമാണ് മറുനാടന്‍ വാര്‍ത്തയ്ക്ക് പിന്നില്‍ എന്നുവരെ പ്രചരണങ്ങളുണ്ടായി. എന്നാല്‍ സോഷ്യല്‍മീഡിയയില്‍ നിറഞ്ഞുനിന്ന ഊഹാപോഹങ്ങള്‍ക്ക് ഒരു വ്യക്തത വരുത്തുക മാത്രമായിരുന്നു മറുനാടന്റെ വാര്‍ത്ത. സോഷ്യല്‍ മീഡിയ ഫീഡുകളില്‍ പ്രചരിച്ചപോലെ താരം ഗുരുതരാവസ്ഥയിലൊന്നുമല്ലെന്നും പ്രാഥമിക ലക്ഷണങ്ങള്‍ കണ്ടെതിനെത്തുടര്‍ന്ന് ചികിത്സയ്ക്ക് വിധേയനാകുന്നുവെന്നും മാത്രമാണ് മറുനാടന്‍ വ്യക്തമാക്കിയത്. മമ്മൂട്ടിയെ സ്നേഹിക്കുന്ന ആരാധകര്‍ ഉള്‍പ്പടെയുള്ള നിരവധിപേര്‍ക്ക് വിഷയത്തെക്കുറിച്ച് വ്യക്തത വരുത്തിയതും മറുനാടന്‍ ആയിരുന്നു.

പക്ഷെ ഇവിടെ ഉയരുന്ന ഒരേ ഒരു ചോദ്യം രോഗം ഒരാളുടെ സ്വകാര്യതയല്ലെ അതിലേക്ക് കൈകടത്താമോ എന്നു മാത്രമാണ്. പക്ഷെ സെലിബ്രിറ്റിയെ സംബന്ധിച്ചടത്തോളം ഇതൊരു കുഴപ്പം പിടിച്ച ചോദ്യമാണ്. കാരണം ഒരു സെലിബ്രിറ്റിയെ സംബന്ധിച്ചിടത്തോളം സ്വകാര്യതയ്ക്ക് പരിമിതി നിശ്ചയിക്കപ്പെടുന്നു എന്നത് തന്നെ. സെലിബ്രിറ്റിയുമായുള്ള എല്ലാ വിവരവും ജനങ്ങള്‍ അറിയാന്‍ ആഗ്രഹിക്കുന്നു. സ്വാഭാവികമായും അതിന്റെ തിക്തഫലവും അവര്‍ നേരിടുന്നു. ഉദാഹരണത്തിന് മമ്മൂട്ടി ഒരു പുതിയ കാറ് വാങ്ങിയാല്‍ മലയാളത്തിലെ പ്രമുഖ മാധ്യമങ്ങളില്‍ ഉള്‍പ്പടെ അത് പ്രധാനവാര്‍ത്തയാണ്. ഒരു സാധാരണക്കാരന്റെ കൊച്ചുമകന്റെ നൂലുകെട്ടൊ പിറന്നാളോ ഒന്നും വാര്‍ത്തയല്ല. എന്നാല്‍ സെലിബ്രിറ്റികളുടെ കാര്യത്തിലേക്ക് വരുമ്പോള്‍ അതല്ല സ്ഥിതി.

അതിനാല്‍ തന്നെ അവരുടെ രോഗവും ദുരന്തവുമൊക്കെ ഒരു വാര്‍ത്തയായി മാറുന്നു. അത് ആഘോഷിക്കപ്പെടാന്‍ മാത്രമല്ല. തങ്ങളുടെ പ്രിയ താരങ്ങള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്ന വഴിപാട് കഴിപ്പിക്കുന്ന എത്രയോ ആരാധകര്‍ നമുക്ക് ചുറ്റുമുണ്ട്.അവരൊക്കെയും കാര്യങ്ങള്‍ അറിയാന്‍ ആഗ്രഹിക്കുന്നു. പക്ഷെ അവിടെയുമുണ്ട് സ്വകാര്യതയുടെ വരമ്പുകള്‍. രോഗത്തിന്റെ കാര്യമാണെങ്കില്‍ അതിന്റെ ഏറ്റവും മൈനൂട്ടായ കാര്യങ്ങളിലേക്ക് പോകാതെ പ്രേക്ഷകരില്‍ ഭയം ജനിപ്പിക്കാതെ, ആശുപത്രി രേഖകളോ ചിത്രങ്ങളോ പുറത്തുവിടാതെ വേണം വാര്‍ത്തകള്‍ ചെയ്യാന്‍. താരത്തിന് ഇങ്ങനെ ഒരു രോഗമുണ്ടെന്നു അറിയാനുള്ള അവകാശം സാധാരണക്കാരനുണ്ട്. അറിയിക്കാനുള്ള അവകാശം മാധ്യമങ്ങള്‍ക്കുമുണ്ട്.

അമേരിക്കന്‍ പ്രസിഡന്റിന്റെ ഉള്‍പ്പടെ രോഗവിവരങ്ങള്‍ ഇത്തരത്തില്‍ അന്താരാഷ്ട്ര മാധ്യമങ്ങള്‍ വാര്‍ത്തയാക്കാറുണ്ട്. അല്ലെങ്കില്‍ പിന്നെ ആ വ്യക്തി തന്റെ ഒരു വിവരവും പുറംലോകത്തെ അറിയിക്കാതെ ജിവിക്കുന്നയാളാവണം. പക്ഷെ ഇവരൊന്നും തന്നെ അങ്ങനെയല്ല. കൂടെ ആരാധകര്‍ക്ക് പ്രാര്‍ത്ഥിക്കാനും ആശംസകള്‍ നേരാനും അവസരവുണ്ട്. സെലിബ്രിറ്റികളുടെ സ്വകാര്യതയെക്കുറിച്ചുള്ള സംവാദം തുടരട്ടെ അതില്‍ തര്‍ക്കമില്ല. പക്ഷെ കൃത്യമായ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നല്‍കുന്ന വാര്‍ത്തകളെ വ്യാജവാര്‍ത്തകളെന്ന ലേബല്‍ ഉണ്ടാക്കി വാര്‍ത്തയുടെ വിശ്വാസ്യത കളയുന്നത് ശരിയായ രീതിയില്ല. വാര്‍ത്തകള്‍ അറിയാന്‍ ആഗ്രഹിക്കുന്ന സാധാരണക്കാരനോട് കൂടിയുള്ള വെല്ലുവിളിയാണത്.

കഴിഞ്ഞ ദിവസം മോഹന്‍ലാലിന്റെ ശബരിമല ദര്‍ശനവും ഇതിനോട് ചേര്‍ത്ത് വായിക്കാവുന്നതാണ്. എത്രയോ തവണ മോഹന്‍ലാല്‍ ശബരിമലയില്‍ പോയി.പക്ഷെ ഇതുവരെ തന്റെ ഇച്ചാക്കയ്ക്ക് വേണ്ടി ശബരിമലയില്‍ വഴിപാടുകള്‍ ചെയ്തിട്ടുണ്ടോ? ഇത്തവണമാത്രം ചെയ്തതിന്റെ കാരണം എന്ത്. ഇത്രയെറെ അടുപ്പമുണ്ടായിട്ടും നാളിതുവരെ ഇത്തരമൊരു പ്രവൃത്തി ചെയ്യാത്ത മോഹന്‍ലാല്‍ രോഗശാന്തിയും സമ്പല്‍സമൃദ്ധിയും ലക്ഷ്യമിട്ട് ചെയ്യുന്ന ഉഷപൂജ തന്നെ ശബരിമലയില്‍ ചെയ്തത് സംഭവത്തിന്റെ സ്ഥിരീകരണമാണ്. മമ്മൂട്ടിയുടെ പ്രിയപ്പെട്ട ആരാധകരും മലയാളത്തിലെ ജനങ്ങളും അറിയേണ്ട ഒരു കാര്യം ജനങ്ങളെ ആശങ്കയ്ക്ക് ഇടയില്ലാത്ത വിധം കൃത്യമായി അറിയിച്ചുവെന്നത് മാത്രമാണ് മറുനാടന്‍ ചെയ്തത്.

ആ വാര്‍ത്തയ്ക്ക് നല്‍കേണ്ട എല്ലാ സ്വകാര്യതകളെയും ഉള്‍ക്കൊണ്ടും മാനിച്ചുകൊണ്ടും തന്നെയാണ് വാര്‍ത്ത പ്രേക്ഷകരിലേക്കെത്തിച്ചത്.

Tags:    

Similar News