ഗസ്സയില്‍ നാനൂറിലേറെ പേരെ കൂട്ടക്കുരുതി നടത്തിയ വ്യോമാക്രമണത്തിന് പിന്നാലെ കരയുദ്ധം തുടങ്ങി ഇസ്രയേല്‍ സേന; ഹമാസിനെ നിലയ്ക്ക് നിര്‍ത്താന്‍ വീണ്ടും ഇരച്ചുകയറി സൈനികര്‍; യുദ്ധം പുനരാരംഭിച്ചതിന് എതിരെ ജെറുസലേമിലെ തെരുവുകളില്‍ വന്‍ പ്രതിഷേധം; ബന്ദി മോചനം തകിടം മറിയുമെന്ന് കുടുംബങ്ങള്‍ക്ക് ആശങ്ക

ഗസ്സയില്‍ വ്യോമാക്രമണത്തിന് പിന്നാലെ കരയുദ്ധം തുടങ്ങി ഇസ്രയേല്‍ സേന

Update: 2025-03-19 16:33 GMT

ജെറുസലേം: ഹമാസുമായുള്ള വെടിനിര്‍ത്തല്‍ കരാര്‍ തകര്‍ന്നതിന് പിന്നാലെ വ്യോമാക്രമണം പുനരാരംഭിച്ച ഇസ്രയേല്‍ സേന പുതിയ കരയുദ്ധവും തുടങ്ങി. ഗസ്സ മുനമ്പിന്റെ മധ്യത്തിലാണ് സൈനിക നീക്കത്തിന് തുടക്കമിട്ടതെന്ന് ഇസ്രയേല്‍ സേന പ്രഖ്യാപിച്ചു. വടക്ക്-തെക്കന്‍ മേഖലകള്‍ക്കിടയില്‍ ഭാഗിക നിഷ്പക്ഷ മേഖല സ്ഥാപിച്ചെടുക്കുന്നത് ലക്ഷ്യമിട്ടാണ് സൈനിക നീക്കം.

അതിന് പുറമേ, ഗസ്സയുടെ തെക്കന്‍ മേഖലയില്‍ സൈനികരെ വിന്യസിച്ച് നെറ്റ്‌സരിം ഇടനാഴിയുടെ നിയന്ത്രണം വീണ്ടും തിരിച്ചുപിടിക്കുകയാണ് ഉന്നമിടുന്നത്. ഹമാസുമായുളള ഇടക്കാല വെടിനിര്‍ത്തല്‍ കരാറിന്റെ ഭാഗമായി ഇവിടെ നിന്ന് ഇസ്രയേല്‍ സൈനികര്‍ പിന്‍വാങ്ങിയിരുന്നു.

അതിനിടെ, ബന്ദികളെ മടക്കി കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് ആയിരക്കണക്കിന് ഇസ്രയേലികള്‍ നെതന്യാഹുവിന്റെ വസതിയിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി. 'ഇസ്രയേലിന്റെ ഭാവി' എന്നെഴുതിയ ബാനറുകളാണ് ചിലര്‍ കയ്യിലേന്തിയിരുന്നത്. . ഇസ്രയേല്‍ പാര്‍ലമെന്റായ നെസറ്റിലേക്കും ബന്ദി മോചനം ആവശ്യപ്പെട്ട് പ്രതിഷേധ പ്രകടനം നടന്നു. ചിലരൊക്കെ നെതന്യാഹു സര്‍ക്കാര്‍ ഫാസിസ്റ്റ് സര്‍ക്കാരാണെന്ന് കുറ്റപ്പെടുത്തി. ജെറുസലേമിലെ തെരുവുകളില്‍ പ്രതിഷേധക്കാരെ കൊണ്ട് നിറഞ്ഞതോടെ ഗതാഗത സ്തംഭനവും ഉണ്ടായി.

മുന്‍ പ്രതിരോധ-സുരക്ഷാ ഉദ്യോഗസ്ഥര്‍ അടങ്ങുന്ന ഡിഫന്‍സീവ് ഷീല്‍ഡ് ഫോറം, അഴിമതി വിരുദ്ധ പ്രസ്ഥാനമായ മൂവ്‌മെന്റ് ഫോര്‍ ക്വാളിറ്റി ഗവണ്‍മെന്റ്, ബന്ദികളുടെ കുടുംബാംഗങ്ങള്‍ എന്നിവരാണ് പ്രതിഷേധവുമായി തെരുവിലിറങ്ങിയത്. അതിനിടെ വേറിട്ട പ്രതിഷേധവുമായി ജെറുസലേമിലെ പാരീസ് ചത്വരത്തിലെ റോഡ് തടസ്സപ്പെടുത്തിയ നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.

59 ബന്ദികളെ ഹമാസ് ഇനിയും വിട്ടുനല്‍കാനുള്ളപ്പോള്‍, നെതന്യാഹു യുദ്ധം പുനരാരംഭിക്കാന്‍ തീരുമാനിച്ചത് വലിയ പ്രതിഷേധത്തിനാണ് വഴിവച്ചിരിക്കുന്നത്. രാഷ്്ട്രീയ കാരണങ്ങളുടെ പേരിലാണ് സര്‍ക്കാര്‍ വീണ്ടും യുദ്ധം തുടങ്ങിയതെന്ന് പ്രതിഷേധക്കാര്‍ ആരോപിക്കുന്നു.


കഴിഞ്ഞ ദിവസം ഇസ്രയേല്‍ ഗസ്സയില്‍ നടത്തിയ വ്യോമാക്രമണത്തില്‍, നാനൂറിലേറെ പേരാണ് കൊല്ലപ്പെട്ടത്.

Tags:    

Similar News