വെള്ളക്കാര്‍ക്കും ഏഷ്യക്കാര്‍ക്കും ഉയര്‍ന്ന ശമ്പളം; ഹിസ്പിനോകളും റെഡ് ഇന്ത്യക്കാരുമടക്കം ഉള്ളവര്‍ക്ക് കുറഞ്ഞതും; ഒരു ജീവനക്കാരന്‍ കേസ് കൊടുത്തപ്പോള്‍ കോടികള്‍ നല്‍കി ഒത്തു തീര്‍പ്പ്: വംശീയ വെറി കേസില്‍ നിന്ന് ഗൂഗിള്‍ തലയൂരിയത് ഇങ്ങനെ

Update: 2025-03-20 07:10 GMT

ഗോള ടെക് ഭീമനായ ഗൂഗിള്‍ വംശീയവെറി കേസില്‍ നിന്ന് വല്ല വിധേനയും തലയൂരി. സ്ഥാപനത്തില്‍ വെള്ളക്കാര്‍ക്കും ഏഷ്യാക്കാര്‍ക്കും ഉയര്‍ന്ന ശമ്പളവും ഹിസ്പിനോകളും റെഡ് ഇന്ത്യക്കാരും അടക്കമുള്ളവര്‍ക്ക് കുറഞ്ഞ ശമ്പളവും നല്‍കുന്ന രീതി പിന്തുടര്‍ന്്ന വരികയായിരുന്നു. ഇതിനെതിരെ ഒരു ജീവനക്കാരി നല്‍കിയ വംശീയവെറി കേസില്‍ കമ്പനി 28 മില്യണ്‍ ഡോളര്‍ നല്‍കിയാണ് നിയമനടപടികളില്‍ നിന്ന് രക്ഷപ്പെട്ടത്.

വെള്ളക്കാര്‍ക്കും ഏഷ്യാക്കാര്‍ക്കും ഉയര്‍ന്ന ശമ്പളം കൂടാതെ വലിയ പദവികളിലേക്കും മുന്‍ഗണന ലഭിച്ചിരുന്നതായിട്ടായിരുന്നു കേസ്. ഇക്കാര്യത്തില്‍ ധാരണയില്‍ എത്തിയെങ്കിലും തങ്ങള്‍ക്ക് നേരേ ഉയര്‍ന്ന പല ആരോപണങ്ങളും ഗൂഗിള്‍ തള്ളിക്കളഞ്ഞിരുന്നു. ഹിസ്പാനിക്, ലാറ്റിനോ, തദ്ദേശീയ അമേരിക്കന്‍, മറ്റ് പശ്ചാത്തലങ്ങളില്‍ നിന്നുള്ള തൊഴിലാളികള്‍ തുടങ്ങിയവര്‍ വെള്ളക്കാരും ഏഷ്യന്‍ വംശജരുമായ തൊഴിലാളികളേക്കാള്‍ കുറഞ്ഞ ശമ്പളത്തിലും ജോലി നിലവാരത്തിലുമാണ് ജോലി ചെയ്യുന്നതെന്നാണ് മുന്‍ ഗൂഗിള്‍ ജീവനക്കാരിയായ അന കാന്റു 2021 ല്‍ കേസ് ഫയല്‍ ചെയ്തത്.

കാലിഫോര്‍ണിയയിലെ സാന്താ ക്ലാര കൗണ്ടി സുപ്പീരിയര്‍ കോടതിയിലെ ജഡ്ജിയായ ചാള്‍സ് ആഡംസ് ഈ ഒത്തുതീര്‍പ്പിന് പ്രാഥമിക അംഗീകാരം നല്‍കിയിരിക്കുകയാണ്. കമ്പനിയുടെ തന്നെ ആഭ്യന്തര റിപ്പോര്‍ട്ട് ചോര്‍ന്നതിനെ അടിസ്ഥാനമാക്കിയാണ് അന കാന്റു പരാതി സമര്‍പ്പിച്ചത്. ഈ റിപ്പോര്‍ട്ടില്‍ ചില വംശീയ വിഭാഗത്തില്‍ ഉള്‍പ്പെട്ടവര്‍ക്ക് സമാനമായ ജോലികള്‍ക്ക് കുറഞ്ഞ വേതനമാണ് നല്‍കുന്നത് എന്നാണ് പരാമര്‍ശം ഉണ്ടായിരുന്നത്. മുന്‍ കാലത്തെ ശമ്പളത്തെ അടിസ്ഥാനമാക്കി പ്രാരംഭ ശമ്പളവും പദവിയും നിശ്ചയിക്കുന്ന രീതി അസമത്വം വളര്‍ത്തും എന്നും അന കാന്റുവിന്റെ അഭിഭാഷകര്‍ ചൂണ്ടിക്കാട്ടുന്നു.

2018 ഫെബ്രുവരി 15 നും 2024 ഡിസംബര്‍ 31 നും ഇടയില്‍ ഗൂഗിളില്‍ ജോലി ചെയ്തിരുന്ന് 6,632 പേര്‍ക്ക് വേണ്ടിയാണ് കേസ് ഫയല്‍ ചെയ്തതെന്ന് റോയിട്ടേഴ്‌സ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നത്. ശ്മ്പളത്തിലെ ഈ അസമത്വം ജീവനക്കാരില്‍ നിന്ന് കമ്പനി സമര്‍ത്ഥമായി മറച്ചു വെച്ചിരുന്നു എന്നാണ് പരാതിക്കാര്‍ പറയുന്നത്. എന്നാല്‍ തങ്ങള്‍ ഏതെങ്കിലും ജീവനക്കാരോട് ഇത്തരത്തിലുള്ള അസമത്വം കാട്ടിയിട്ടില്ല എന്നാണ് ഗൂഗിള്‍ അവകാശപ്പെടുന്നത്. തങ്ങള്‍ ആരോടും വിവേചനപരമായി പെരുമാറിയെന്ന ആരോപണങ്ങളോട് വിയോജിക്കുന്നതായും എല്ലാ ജീവനക്കാര്‍ക്കും ന്യായമായ ശമ്പളം നല്‍കുന്നതിനും നിയമനത്തില്‍ തുല്യത ഉറപ്പാക്കുന്നതിനും പ്രതിജ്ഞാബദ്ധരാണ്, എന്നും ഗൂഗിള്‍ വക്താവ് മാധ്യമങ്ങളോട് പറഞ്ഞു.

അതിനിടെ ജോബൈഡന്‍ സര്‍ക്കാര്‍ കൊണ്ടു വന്ന പദ്ധതിയായ ഡി.ഇ.ഐ അഥവാ ഡൈവേഴ്സിറേറി ഇക്വിററി ആന്‍ഡ് ഇന്‍ക്ലൂഷന്‍ ഗൂഗിള്‍ ഉപേക്ഷിച്ചു. മെറ്റാ, ആമസോണ്‍, പെപ്‌സി, മക്‌ഡൊണാള്‍ഡ്‌സ്, വാള്‍മാര്‍ട്ട് തുടങ്ങിയവരും അവരുടെ ഈ പ്രോഗ്രാമുകള്‍ പിന്‍വലിച്ചിരിക്കുകയാണ്. അമേരിക്കന്‍ പ്രസിഡന്റായി ചുമതലയേറ്റതിന് തൊട്ടു പിന്നാലെയാണ് ഡൊണാള്‍ഡ് ട്രംപ് ഈ പദ്ധതിക്കെതിരെ രംഗത്ത് വന്നത്. എല്ലാ സ്ഥാപനങ്ങളോടും ഈ പദ്ധതി ഉപേക്ഷിക്കാന്‍ അദ്ദേഹം കര്‍ശന നിര്‍ദ്ദേശം നല്‍കിയിരുന്നു.

Tags:    

Similar News