ലോകത്തെ ഏറ്റവും ചെലവേറിയ വിമാന യാത്രയുമായി ഇത്തിഹാദ്; ഒരു ടിക്കറ്റിന് നിരക്ക് 50 ലക്ഷം; എന്‍സ്യൂട്ട് അറ്റാച്ചഡ് റൂമില്‍ അല്ലല്‍ അറിയാതെ രാജാവിനെ പോലെ യാത്ര ചെയ്യാം: ആകാശ യാത്രയില്‍ ആഡംബരം നിറയുമ്പോള്‍

Update: 2025-03-20 07:37 GMT

ലോകത്തെ ശതകോടീശ്വരന്‍മാര്‍ പലരും ജീവിതം ആഘോഷമാക്കുന്നതിനായി പലപ്പോഴും സ്വന്തമായി ജെറ്റു വിമാനങ്ങള്‍ വാങ്ങുന്നതാണ് പതിവ്. അവര്‍ക്ക് ഇഷ്ടമുള്ള രീതിയില്‍ സുഖസൗകര്യങ്ങള്‍ ഒരുക്കാനും ഇത്തരം വിമാനങ്ങള്‍ ഏറെ സഹായകമാകും. എന്നാല്‍ സ്വന്തമായി വിമാനമില്ലെങ്കിലും രാജാവിനെ പോലെ യാത്ര ചെയ്യാന്‍ അവസരം ഒരുക്കുകയാണ് ഇത്തിഹാദ് എയര്‍ലൈന്‍സ്.

ഒരു ടിക്കറ്റിന് നിരക്ക് അമ്പത് ലക്ഷം രൂപയാണ്. എന്‍സ്യൂട്ട് അറ്റാച്ച്ഡ് റൂമില്‍ അല്ലല്‍ അറിയാതെ യാത്ര ചെയ്യാം. ഇത്തിഹാദ് എയര്‍ലൈന്‍സിന്റെ വിമാനത്തിലെ എന്‍സ്യൂട്ട് അറ്റാച്ച്ഡ് റൂം എന്നത് മൂന്ന് മുറികള്‍ ഒത്തു ചേരുന്നതാണ്. എയര്‍ബസ് എ 380 ഇനത്തില്‍ പെട്ട വിമാനങ്ങളാണ് ഇതിനായി ഉപയോഗിക്കുന്നത്. എന്‍സ്യൂട്ട് അറ്റാച്ച്ഡ് റൂമില്‍ ഒരു ലിവിംഗ് ഏര്യയയും ഇരട്ടക്കിടക്കകളുള്ള ബെഡ്റൂമും ഉണ്ട്. കൂടാതെ ഷവര്‍ ഉള്‍പ്പെടെയുള്ള സംവിധാനങ്ങളുള്ള ബാത്ത് റൂമും ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്. അതിഥികള്‍ക്ക് ബട്ലറുടെ സേവനം എപ്പോഴും ലഭ്യമാണ്.

ഏത് വിഭവങ്ങളും നിമിഷങ്ങള്‍ക്കുള്ളില്‍ യാത്രക്കാര്‍ക്ക് എത്തിക്കാന്‍ ഇവര്‍ എപ്പോഴും സേവന സന്നദ്ധരായിരിക്കും. ഇതിലെ യാത്രക്കാര്‍ക്ക് സാധാരണയായി ഉന്നതര്‍ക്കായി മാറ്റി വെച്ചിരിക്കുന്ന സ്വകാര്യതയും സുഖസൗകര്യങ്ങളും ആസ്വദിക്കാന്‍ കഴിയും. ആകാശത്തിലെ നിങ്ങളുടെ സ്വന്തം സ്വീകരണമുറിയില്‍ വിശ്രമിക്കുന്നതും ഷാംപെയ്ന്‍ നുകരുക അല്ലെങ്കില്‍ ലോകോത്തര പാചകക്കാര്‍ ഒരുക്കിയ വിഭവങ്ങള്‍ ആസ്വദിക്കുക തുടങ്ങിയ സ്വപ്നതുല്യമായ ഒരനുഭവമാണ് ഈ യാത്ര അതിഥികള്‍ക്ക് സമ്മാനിക്കുന്നത്. ദി റെസിഡന്‍സ് എന്നാണ് ഈ സംവിധാനത്തിന് ഇത്തിഹാദ് പേരിട്ടിരിക്കുന്നത്.

വിമാനയാത്രയിലെ നിങ്ങളുടെ അനുഭവങ്ങളെ ഈ യാത്ര പുനര്‍ നിര്‍വ്വചിക്കുന്നു എന്നാണ് ഇത്തിഹാദ് അവകാശപ്പെടുന്നത്. ടിക്കറ്റ് നിരക്ക് വളരെ കൂടുതലാണെങ്കിലും അവിടെ ലഭിക്കുന്ന സുഖ സൗകര്യങ്ങള്‍ അതിനെ മറികടക്കും എന്നാണ് പറയപ്പെടുന്നത്. മറ്റ് എയര്‍ലൈനുകളും ഇപ്പോള്‍ അള്‍ട്രാ-ലക്ഷ്വറി വിഭാഗത്തില്‍ വന്‍ സംവിധാനങ്ങളാണ് ഒരുക്കുന്നത്. യാത്രക്കാരെ ആകര്‍ഷിക്കുന്നതിനായി നിരവധി സുഖ സൗകര്യങ്ങളാണ് ഇവര്‍ വാഗ്ദാനം ചെയ്യുന്നത്.

സിംഗപ്പൂര്‍ എയര്‍ലൈന്‍സിന്റെ സ്യൂട്ടുകള്‍, യാത്രക്കാര്‍ക്ക് പ്രത്യേക കിടക്കയും ഹോട്ടല്‍ മുറികളേക്കാള്‍ വലിയ സംവിധാനങ്ങളും വാഗ്ദാനം ചെയ്യുന്നു. മറ്റൊരു പ്രമുഖ വിമാനക്കമ്പനിയായ എമിറേറ്റ്സ് ആകട്ടെ അവരുടെ ഫസ്റ്റ് ക്ലാസില്‍ സ്ലൈഡിംഗ് ഡോറുകളും ഓണ്‍ബോര്‍ഡ് ഷവറും കൂടാതെ പ്രമുഖരായ പാചകക്കാരേയും വിപുലമായ മെനുവുമാണ് ഇത്തരം സ്വകാര്യ സ്യൂട്ടുകളില്‍ ഒരുക്കിയിരിക്കുന്നത്.

Tags:    

Similar News