മാഞ്ചസ്റ്ററും ബര്‍മിംഗമും ഗാറ്റ്വിക്കും ഒക്കെ ഹീത്രു വിമാനങ്ങളെ സ്വീകരിച്ചിട്ടും പല വിമാനങ്ങള്‍ക്കും ലാന്‍ഡ് ചെയ്യാതെ മടങ്ങേണ്ടി വന്നു; ദുരന്തം മുതലെടുത്ത് ഹീത്രൂവിലെ ഹോട്ടലുകള്‍ നിരക്ക് പതിന്മടങ്ങ് വര്‍ധിപ്പിച്ചു ; ഹോട്ടല്‍ മുറി കിട്ടാതെ വഴിയില്‍ കിടന്ന് യാത്രക്കാര്‍; ദുരന്തം ബാധിച്ചത് 670 വിമാനങ്ങളെ

Update: 2025-03-22 03:19 GMT

ലണ്ടന്‍: നോര്‍ത്ത് കരോലിനയില്‍ നിന്നും ഹീത്രൂവിലേക്കുള്ള വിമാനത്തിലെ യാത്രക്കാര്‍ ഞെട്ടിയത്, തങ്ങളുടെ മുന്‍പിലുള്ള സ്‌ക്രീനുകളില്‍ തെളിഞ്ഞ ഫ്‌ലൈറ്റ് മാപ്പില്‍ വിമാനം 180 ഡിഗ്രി തിരിഞ്ഞ് മടക്കയാത്ര ചെയ്യുന്നത് കണ്ടപ്പോഴായിരുന്നു. ഹീത്രൂവില്‍ ഇറങ്ങേണ്ട വിമാനം പിന്നെ കാനഡ ലക്ഷ്യമാക്കിയായിരുന്നു പറന്നത്. ഹീത്രൂവിനടുത്തുള്ള സബ്‌സ്റ്റേഷനിലെ പൊട്ടിത്തെറിമൂലം വിമാനത്താവളം പ്രവര്‍ത്തന രഹിതമായതോടെ വഴിതിരിച്ചു വിട്ട നൂറുകണക്കിന് വിമാനങ്ങളില്‍ ഒന്നായിരുന്നു അത്. യൂറോപ്പിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളത്തിലെ അപകടം ലോകമാകെ 670 ല്‍ അധികം വിമാനയാത്രകളെയാണ് ബാധിച്ചത്.

ഗാറ്റ്വിക്ക്, മാഞ്ചസ്റ്റര്‍ വിമാനത്താവളങ്ങളിലും തിരക്കേറിയതോടെ കൂടുതല്‍ വിമാനങ്ങള്‍ അവിടങ്ങളിലേക്ക് തിരിച്ചു വിടാന്‍ കഴിയാതെയായി. തുടര്‍ന്ന് മറ്റു യൂറോപ്യന്‍ നഗരങ്ങളിലേക്ക് വിമാനങ്ങള്‍ തിരിച്ചു വിടാന്‍ ആരംഭിച്ചു. അവിടെയും സമാനമായ രീതിയില്‍ തിരക്കായതോടെയാണ് പല വിമാനങ്ങള്‍ക്കും യാത്ര ആരംഭിച്ച ഇടങ്ങളിലേക്ക് തിരികെ പറക്കേണ്ടി വന്നത്. ബ്രിട്ടന്റെ സമ്പദ്ഘടനക്കും പ്രതിച്ഛായയ്ക്കും ഏറ്റ ഒരു തിരിച്ചടിയായാണ് ഈ അപകടത്തെ വിലയിരുത്തുന്നത്.

കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാന്‍ ഇറങ്ങിയ ഹീത്രൂവിലെ ഹോട്ടലുകള്‍ ഈ അപകടം ശരിക്കും മുതലാക്കി എന്നു പറയാം. അപകടത്തെ തുടര്‍ന്ന് വിമാസ സര്‍വ്വീസുകള്‍ റദ്ദാക്കിയതോടെ താമസിക്കാന്‍ എത്തിയ യാത്രക്കാരില്‍ നിന്നും വന്‍ തുകകളാണ് വാടകയായി ഇവര്‍ ഈടാക്കിയത്. 946 പൗണ്ട് വരെ വാടക നല്‍കേണ്ടി വന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. ജനങ്ങളുടെ ദുരിതത്തെ പണം വാരാനുള്ള അവസരമായി കണ്ട ഹോട്ടലുകള്‍ക്ക് നേരെ പ്രതിഷേധവും ശക്തമാകുന്നുണ്ട്.

രണ്ടു പേര്‍ക്കുള്ള ഒരു സാധാരണ മുറിക്ക് ഇന്നലെ ഒരു രാത്രിക്ക് മാത്രം ഹീത്രൂവിലെ ഒരു ഹോട്ടല്‍ ഈടാക്കിയത് 1000 പൗണ്ട് ആണെന്ന് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ബുക്കിംഗ് ഡോട്ട് കോമില്‍ നോര്‍ത്ത് അവന്യു ഗസ്റ്റ് ഹൗസിനാണ് 1000 പൗണ്ട് കാണിച്ചിരിക്കുന്നത്. സാധാരണ ഗതിയില്‍ വെള്ളിയാഴ്ചകളില്‍ ഇതേ മുറിക്ക് അവര്‍ ഈടാക്കുന്നത് 54 പൗണ്ട് ആണെന്ന് ഓര്‍ക്കണം. അതായത്, ഒരു ദുരന്തം സംഭവിച്ചപ്പോള്‍ അത് മുതലാക്കാന്‍ വാടക വര്‍ദ്ധിപ്പിച്ചത് 1,850 ശതമാനം. സമാനമായ രീതിയില്‍, സാധാരണ 132 പൗണ്ട് വാടകയുള്ള റാഡിസണ്‍ റെഡ് ലണ്ടന്‍ ഹീത്രോ, ഇന്നലെ ഈടാക്കിയത് 555 പൗണ്ട് ആയ്രുന്നു. 89 പൗണ്ട് വാടക ഈടാക്കാറുള്ള മുറിക്ക് ഹോളിഡെ ഇന്‍ ലണ്ടന്‍ ഈടാക്കിയത് 569 പൗണ്ടും.

അമിത ചാര്‍ജ്ജ് ഈടാക്കിയിട്ടും വേറെ നിവൃത്തിയില്ലാത്തതിനാല്‍ നിസ്സാഹയരായ യാത്രക്കാര്‍ക്ക് ഹോട്ടലുകളെ ആശ്രയിക്കേണ്ടി വന്നു. പല യാത്രക്കാരും ഹോട്ടലുകളില്‍ മുറി ലഭിക്കാതെ നിരത്തുകളില്‍ കിടന്നുറങ്ങിയതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

Tags:    

Similar News