ഭാര്യയോടൊപ്പം പ്രാര്‍ത്ഥിക്കുമ്പോള്‍ കിറുകൃത്യം ആക്രമം; ഹമാസിന് രാഷ്ട്രീയ നേതൃത്വത്തിലെ പ്രധാനിയേയും നഷ്ടപ്പെട്ടു; ഇസ്രയേല്‍ അവസാനം തീര്‍ത്തത് ഹമാസിന്റെ പൊളിറ്റിക്കല്‍ ബ്യൂറോ അംഗം സലാഹിനേയും ഭാര്യയേയും; ഗാസയില്‍ രണ്ടും കല്‍പ്പിച്ച് ഇസ്രയേല്‍; ഹമാസ് നേതൃത്വം പ്രതിസന്ധിയില്‍

Update: 2025-03-23 05:46 GMT

റാഫ: ഗാസയില്‍ ഹമാസിന് വീണ്ടും തിരിച്ചടി. തെക്കന്‍ ഗാസയിലെ ഖാന്‍ യൂനിസില്‍ ഇസ്രായേല്‍ വ്യോമാക്രമണത്തില്‍ ഹമാസ് രാഷ്ട്രീയ നേതാവ് സലാഹ് അല്‍-ബര്‍ദവീല്‍ കൊല്ലപ്പെട്ടു. ഖാന്‍ യൂനിസിലെ അല്‍ മവാസി മേഖലയിലെ ടെന്റിന് നേരെയുണ്ടായ ആക്രമണത്തില്‍ ഭാര്യയും കൊല്ലപ്പെട്ടിട്ടുണ്ട്. ഹമാസിന്റെ പൊളിറ്റിക്കല്‍ ബ്യൂറോ അംഗമാണ് സലാഹ്.

ഭാര്യയോടൊപ്പം പ്രാര്‍ഥിക്കുന്നതിനിടെയാണ് ആക്രമണമെന്ന് ഹമാസ് പ്രസ്താവനയില്‍ അറിയിച്ചു. ആക്രമണത്തെക്കുറിച്ച് ഇസ്രയേല്‍ പ്രതികരണമൊന്നും നടത്തിയിട്ടില്ല. സലാഹിന്റെയും ഭാര്യയുടെയുമടക്കമുള്ള രക്തസാക്ഷികളുടെയും രക്തം വിമോചനത്തിനും സ്വാതന്ത്യത്തിനും വേണ്ടിയുള്ള പോരാട്ടത്തിന്റെ ഇന്ധനമാകുമെന്നും ശത്രുവിന് നമ്മുടെ നിശ്ചയദാര്‍ഢ്യത്തെ തകര്‍ക്കാനാവില്ലെന്നും ഹമാസ് പ്രസ്താവനയില്‍ പറഞ്ഞു.

ഹമാസ് നേതൃത്വത്തിന്റെ മാധ്യമ ഉപദേഷ്ടാവായ താഹിര്‍ അല്‍-നോനോ ആക്രമണം സ്ഥിരീകരിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം തക്കന്‍ ഗാസയിലെ വ്യോമാക്രമണത്തില്‍ ഹമാസിന്റെ സൈനിക ഇന്റലിജന്‍സ് തലവന്‍ ഉസാമ തബാഷിനെ കൊലപ്പെടുത്തിയതായി ഇസ്രയേല്‍ സേന അവകാശപ്പെട്ടിരുന്നു. ഹമാസിന്റെ നിരീക്ഷണ, ദൗത്യ യൂണിറ്റിന്റെ തലവന്‍ കൂടിയാണ് തബാഷ്. 2023 ഒക്ടോബര്‍ 7 ആക്രമണത്തില്‍ ഇസ്രയേലിലേക്കുള്ള നുഴഞ്ഞുകയറ്റം ആസൂത്രണം ചെയ്യുന്നതിലും ഏകോപിപ്പിക്കുന്നതിലും നിര്‍ണായക പങ്ക് വഹിച്ചയാണ് തബാഷ്. ഇതിന് പിന്നാലെയാണ് മറ്റൊരു നേതാവിനേയും വകവരുത്തുന്നത്. ഇത് ഹമാസിന് വലിയ തിരിച്ചടിയാണ്.

ശനിയാഴ്ച പുലര്‍ച്ചെ മുതല്‍ വിവിധ പ്രദേശങ്ങളിലായി ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണങ്ങളില്‍ 32 പലസ്തീനികള്‍ കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്. റഫ നഗരത്തിലെ താല്‍ അല്‍-സുല്‍ത്താന്‍ പരിസരത്ത് ഇസ്രയേല്‍ നടത്തിയ ബോംബാക്രമണത്തില്‍ അഞ്ച് പേര്‍ മരിച്ചതായി റിപ്പോര്‍ട്ടുണ്ട്. വടക്കന്‍ ഗാസയിലെ ബെയ്റ്റ് ലാഹില്‍ മൂന്ന് പലസ്തീനികള്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കൊല്ലപ്പെട്ടവരുടെയും പരിക്കേറ്റവരുടെയും മൃതദേഹങ്ങള്‍ ഗാസ മുനമ്പിന്റെ വടക്കന്‍ ഭാഗത്തുള്ള ഇന്തോനേഷ്യന്‍ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.

അതേസമയം, ഗാസയിലെ നിയന്ത്രണം വിട്ടൊഴിയണമെന്ന് ഹമാസിനോട് പലസ്തീന്‍ അതോറിറ്റി പ്രസിഡന്റ് മഹ്‌മൂദ് അബ്ബാസിന്റെ നേതൃത്വത്തിലുള്ള ഫത്താ മൂവ്‌മെന്റ് ആവശ്യപ്പെട്ടു. 2007 മുതല്‍ ആണ് ഹമാസ് ഗാസയില്‍ നിയന്ത്രണം പിടിച്ചത്. യുദ്ധം തുടരുന്നത് പലസ്തീനികളുടെ നിലനില്‍പ്പിനെ തന്നെ ബാധിക്കുമെന്നാണ് ഫത്താ മൂവ്‌മെന്റിന്റെ മുന്നറിയിപ്പ്. ഹമാസ് ഗാസയിലെ കുട്ടികളോടും സ്ത്രീകളോടും പുരുഷന്മാരോടും അനുകമ്പ കാണിക്കണമെന്നും ഫത്താ വക്താവ് ആവശ്യപ്പെട്ടു.

ഗാസയില്‍ വ്യാഴാഴ്ച ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ നൂറുകണക്കിന് പേര്‍ മരിച്ചിരുന്നു. ചൊവ്വാഴ്ചയും ബുധനാഴ്ചയുമായി ഇസ്രയേല്‍ നടത്തിയ ആക്രമണങ്ങളില്‍ 190 കുട്ടികളുള്‍പ്പെടെ 510 പേര്‍ മരിച്ചെന്ന് ഗാസയിലെ സിവില്‍ ഡിഫന്‍സ് ഏജന്‍സി അവകാശപ്പെട്ടു. ഗാസയിലെ ഒരേയൊരു ക്യാന്‍സര്‍ സ്‌പെഷ്യാലിറ്റി ആശുപത്രി ഇസ്രയേല്‍ തകര്‍ത്തു. 2017-ല്‍ നിര്‍മാണം പൂര്‍ത്തിയായ തുര്‍ക്കിഷ് - പലസ്തീനിയന്‍ ഫ്രണ്ട്ഷിപ്പ് ആശുപത്രിയാണ് വെള്ളിയാഴ്ച തകര്‍ത്തത്. 2023-ല്‍ ഹമാസ്-ഇസ്രയേല്‍ യുദ്ധം ആരംഭിച്ചതോടെ ഈ ആശുപത്രി അടച്ചിട്ടിരിക്കുകയായിരുന്നു.

ഹമാസുമായുള്ള വെടിനിര്‍ത്തല്‍ കരാര്‍ അവഗണിച്ച് വീണ്ടും ആക്രമണം തുടങ്ങിയ ഇസ്രയേല്‍ സൈന്യം കഴിഞ്ഞ ദിവസം ഈ മേഖല തിരിച്ചുപിടിക്കുകയും ചെയ്തു.

Tags:    

Similar News