കരിങ്കടലില്‍ വെടിനിര്‍ത്തലിന് യുക്രെയിനും റഷ്യയും തമ്മില്‍ ധാരണ; കപ്പലുകളെ ആക്രമിക്കാതെ സുഗമമായ യാത്ര അനുവദിക്കും; ഊര്‍ജ്ജോത്പാദന കേന്ദ്രങ്ങള്‍ക്ക് നേരേ മിസൈലുകള്‍ തൊടുക്കില്ല; തീരുമാനം യുഎസിന്റെ മധ്യസ്ഥതയില്‍ സൗദിയില്‍ നടന്ന ചര്‍ച്ചയില്‍

കരിങ്കടലില്‍ വെടിനിര്‍ത്തലിന് യുക്രെയിനും റഷ്യയും തമ്മില്‍ ധാരണ

Update: 2025-03-25 18:27 GMT

റിയാദ്: കരിങ്കടലില്‍ വെടിനിര്‍ത്തലിന് റഷ്യയും യുക്രെയിനും തമ്മില്‍ ധാരണയിലെത്തി. സൗദി അറേബ്യയില്‍, അമേരിക്കന്‍ മധ്യസ്ഥതയില്‍ നടന്ന ചര്‍ച്ചയിലാണ് തീരുമാനം. ഊര്‍ജ്ജോത്പാദന കേന്ദ്രങ്ങള്‍ക്ക് നേരേയുള്ള ആക്രമണങ്ങളും നിര്‍ത്തി വയ്ക്കും.

കപ്പലുകള്‍ക്ക് നേരേ ആക്രമണം അഴിച്ചുവിടുന്നത് ഒഴിവാക്കാന്‍, ഇരു രാജ്യങ്ങളും വെവ്വേറെ ചര്‍ച്ചകളില്‍ സമ്മതിച്ചു. മേഖലയില്‍ തടസ്സമില്ലാത്ത വാണിജ്യ കപ്പല്‍ ഗതാഗതം വേണമെന്ന് യുഎസ് ശാഠ്യംപിടിച്ചിരുന്നു.

ഇരുരാജ്യങ്ങളും സുരക്ഷിതമായ കരിങ്കടലിലെ കപ്പല്‍ ഗതാഗതത്തിനും. ആക്രമണം ഒഴിവാക്കാനും, വാണിജ്യ കപ്പലുകളെ സൈനിക ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാതിരിക്കാനും ധാരണയായി.. ധാരണ നിലവില്‍ വരും മുന്‍പ് ചില ഉപരോധങ്ങള്‍ പിന്‍വലിക്കണമെന്ന് റഷ്യ ആവശ്യപ്പെട്ടു. ധാരണ അനുസരിക്കാന്‍ യുക്രെയിന്‍ പ്രസിഡന്റ് വ്‌ലാഡ്മിര്‍ സെലന്‍സ്‌കിയോട് അമേരിക്ക നിര്‍ദേശിക്കണമെന്നും റഷ്യ ആവശ്യപ്പെട്ടിട്ടുണ്ട്. യുക്രെയിന് ഇനി കരിങ്കടല്‍ വഴി ധാന്യ കയറ്റുമതിക്ക് തടസ്സമില്ലെന്നും ധാരണയായിട്ടുണ്ട്.


ഊര്‍ജ്ജോത്പാദന കേന്ദ്രങ്ങള്‍ക്ക് നേരേയുളള ആക്രമണങ്ങള്‍ നിര്‍ത്തലാക്കാന്‍ നടപടികള്‍ എടുക്കാനും ധാരണയായി. യുക്രെയിന്‍കാരേക്കാള്‍ സമാധാനം കാംക്ഷിക്കുന്നവര്‍ വേറേയുണ്ടാകില്ലെന്ന് യുക്രെയിന്‍ പ്രതിരോധ മന്ത്രി റസ്റ്റം ഉമെറോവ് പറഞ്ഞു. കരിങ്കടലിന്റെ കിഴക്കന്‍ ഭാഗത്തിന് പുറത്ത് റഷ്യയുടെ കപ്പലുകള്‍ എത്തിയാല്‍ കരാര്‍ ലംഘനമായി കണക്കാക്കുമെന്ന് അദ്ദേഹം പറഞ്ഞു. അത്തരമൊരു സാഹചര്യം ഉരുത്തിരിഞ്ഞാല്‍ സ്വയം ചെറുത്തുനില്‍പ്പിനുള്ള പൂര്‍ണ അവകാശം യുക്രെയിന്‍ വിനിയോഗിക്കും.

അവര്‍ വെടിനിര്‍ത്തല്‍ ലംഘിച്ചാല്‍ ട്രംപിനോട് തനിക്ക് നേരിട്ട് ചോദിക്കാനുളള ചോദ്യം ഇതാണെന്ന് പ്രസിഡന്റ് സെലന്‍സ്‌കി പറഞ്ഞു. വെടിനിര്‍ത്തല്‍ ലംഘനമുണ്ടായാല്‍ ഞങ്ങള്‍ റഷ്യക്കെതിരെ ഉപരോധവും, തങ്ങള്‍ക്ക് ആയുധങ്ങളും ആവശ്യപ്പെടും, സെലന്‍സ്‌കി പറഞ്ഞു

Tags:    

Similar News