ഭൂചലനത്തിന്റെ നടുക്കം വിട്ടുമാറും മുമ്പെ മ്യാന്‍മാറില്‍ തുടര്‍പ്രകമ്പനങ്ങള്‍; രക്ഷാദൗത്യത്തിന് വെല്ലുവിളി; മരണ സംഖ്യ പതിനായിരം കവിയാന്‍ സാധ്യതയെന്ന് യു.എസ്; ദുരന്തഭൂമിയില്‍ കൂടുതല്‍ സഹായമെത്തിക്കാന്‍ ഇന്ത്യ; നാവികസേന കപ്പലുകള്‍ മ്യാന്‍മാറിലേക്ക്; തിരച്ചിലിനായി 80 അംഗ എന്‍ഡിആര്‍എഫ് സംഘം; ആശുപത്രി സ്ഥാപിക്കാന്‍ ഇന്ത്യന്‍ സൈന്യം

മ്യാന്‍മാറില്‍ തുടര്‍പ്രകമ്പനങ്ങള്‍

Update: 2025-03-29 13:40 GMT

നയ്പിഡോ/ബാങ്കോക്ക്: ഭൂകമ്പം തകര്‍ത്ത മ്യാന്‍മറിലും തായ്‌ലന്‍ഡിലും രക്ഷാപ്രവര്‍ത്തനവും തിരച്ചിലും തുടരുന്നതിനിടെ വെല്ലുവിളിയായി തുടര്‍പ്രകമ്പനങ്ങള്‍. വെള്ളിയാഴ്ച്ച ഉണ്ടായ ഭൂകമ്പത്തിനു പിന്നാലെ ഇന്ന് രാവിലെയും ഉച്ചയ്ക്കു ശേഷവും ഉണ്ടായ തുടര്‍പ്രകമ്പനങ്ങളാണ് രക്ഷാപ്രവര്‍ത്തനത്തിന് ആശങ്ക സൃഷ്ടിക്കുന്നത്. ഉച്ചയ്ക്ക് പ്രദേശികസമയം 2.50-ന് റിക്ടര്‍ സ്‌കെയിലില്‍ 5.1 രേഖപ്പെടുത്തിയ തുടര്‍പ്രകമ്പനം രക്ഷാപ്രവര്‍ത്തനത്തെയും ബാധിച്ചു. രാവിലെ 11.53-ന് റിക്ടര്‍ സ്‌കെയിലില്‍ 4.3 രേഖപ്പെടുത്തിയ മറ്റൊരു തുടര്‍പ്രകമ്പനവും ഉണ്ടായിരുന്നു. മ്യാന്‍മാര്‍ തലസ്ഥാനത്തും സമീപപ്രദേശങ്ങളിലും തുടര്‍ പ്രകമ്പനങ്ങള്‍ ഉണ്ടായതോടെ ഭീതിയിലാണ് പ്രദേശവാസികള്‍. മ്യാന്‍മാറില്‍ മാത്രം വെള്ളിയാഴ്ച്ച ഉണ്ടായ ഭൂകമ്പത്തില്‍ ആയിരത്തിലധികം പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്.

മരിച്ചവരുടെ എണ്ണം 1,002 ആയി ഉയര്‍ന്നതായും 2,376 പേര്‍ക്ക് പരിക്കേറ്റതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അയല്‍രാജ്യമായ തായ്‌ലന്‍ഡില്‍ ഭൂകമ്പത്തില്‍ 10 പേര്‍ മരിച്ചു. തലസ്ഥാനമായ ബാങ്കോക്കിലെ ചതുചാക്ക് മാര്‍ക്കറ്റിന് സമീപം നിര്‍മ്മാണത്തിലിരുന്ന ഒരു ബഹുനില കെട്ടിടം തകര്‍ന്നാണ് മരണം. നൂറോളം തൊഴിലാളികള്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുകയാണ്. ഭൂകമ്പമാപിനിയില്‍ 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ വലിയ തോതില്‍ ആള്‍നാശവും വ്യാപകമായ നാശനഷ്ടങ്ങളും ഉണ്ടായേക്കാമെന്നും മരണസംഖ്യ 10,000 കവിയാന്‍ സാധ്യതയുണ്ടെന്നും യുണൈറ്റഡ് സ്റ്റേറ്റ്സ് ജിയോളജിക്കല്‍ സര്‍വേ (യുഎസ്ജിഎസ്) മുന്നറിയിപ്പ് നല്‍കി. നേരത്തെ ആയിരത്തിലേറെപ്പേര്‍ മരിച്ചിരിക്കാമെന്ന് യു.എസ്. ജിയോളജിക്കല്‍ സര്‍വേ അറിയിച്ചിരുന്നു.

ഇരുരാജ്യങ്ങളിലും രക്ഷാദൗത്യം തുടരുകയാണ്. കാണാതായവര്‍ക്ക് വേണ്ടിയുള്ള തിരച്ചിലും ശക്തമാക്കിയിട്ടുണ്ട്. കെട്ടിടാവശിഷ്ടങ്ങളിലും മറ്റും ആളുകള്‍ കുടുങ്ങിക്കിടക്കുന്ന സാഹചര്യത്തില്‍ മരണസംഖ്യ ഉയര്‍ന്നേക്കുമെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. തലസ്ഥാനമായ നയ്പിഡോ ഉള്‍പ്പെടെ മ്യാന്‍മാറിലെ ആറ് പ്രവിശ്യകളില്‍ പട്ടാളഭരണകൂടം ദുരന്തകാല അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്.

കൂടുതല്‍പ്പേരും കൊല്ലപ്പെട്ടത് മ്യാന്മറിലാണ്. മ്യാന്മറില്‍ രക്ഷാപ്രവര്‍ത്തനം മന്ദഗതിയിലാണെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12:50നാണ് 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമുണ്ടായത്. മിനിറ്റുകള്‍ക്ക് ശേഷം, 6.7 തീവ്രത രേഖപ്പെടുത്തിയ തുടര്‍ചലനവും ചെറിയ ഭൂചലനങ്ങളുടെ നിര തന്നെ ഉണ്ടായി.

ഇന്ത്യയുടെ പടിഞ്ഞാറന്‍ ഭാഗത്തും ചൈനയുടെ കിഴക്കന്‍ ഭാഗത്തും കംബോഡിയ, ലാവോസ് എന്നിവിടങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു. മ്യാന്‍മറില്‍ തുടരുന്ന ആഭ്യന്തരയുദ്ധം അടിയന്തര സേവനങ്ങളെ ദുര്‍ബലപ്പെടുത്തിയെന്നും ആരോപണമുയര്‍ന്നു. ബാങ്കോക്കിലെ ചാറ്റുചക് മാര്‍ക്കറ്റിന് സമീപം നിര്‍മ്മാണത്തിലിരുന്ന ഒരു ബഹുനില കെട്ടിടം തകര്‍ന്ന് 100 ഓളം തൊഴിലാളികള്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു.

ഇരുരാജ്യങ്ങളിലും രക്ഷാദൗത്യം തുടരുകയാണ്. കാണാതായവര്‍ക്ക് വേണ്ടിയുള്ള തിരച്ചിലും ശക്തമാക്കിയിട്ടുണ്ട്. കെട്ടിടാവശിഷ്ടങ്ങളിലും മറ്റും ആളുകള്‍ കുടുങ്ങിക്കിടക്കുന്ന സാഹചര്യത്തില്‍ മരണസംഖ്യ ഉയര്‍ന്നേക്കുമെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

സഹായ ഹസ്തവുമായി ഇന്ത്യ

ഭൂകമ്പം തകര്‍ത്ത മ്യാന്‍മറില്‍ രക്ഷാപ്രവര്‍ത്തനത്തിനും തിരച്ചിലിനും സഹായം നല്‍കുന്നതിനായി 80 അംഗ ദേശീയ ദുരന്ത പ്രതികരണ സേന (എന്‍ഡിആര്‍എഫ്) സംഘത്തെ ശനിയാഴ്ച ഇന്ത്യയില്‍ നിന്ന് അയക്കുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. സംഘാംഗങ്ങള്‍ ഒത്തുചേരുകയും ഉപകരണങ്ങള്‍ സജ്ജമാക്കുകയും ചെയ്തു. ഉടന്‍ തന്നെ അവര്‍ മ്യാന്‍മറിലേക്ക് പറക്കും. രക്ഷാപ്രവര്‍ത്തനത്തിനും തിരച്ചിലിനും ആവശ്യമായ എല്ലാ ഉപകരണങ്ങളും സംഘം കൊണ്ടുപോകുന്നുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.

118 അംഗ മെഡിക്കല്‍ ടീമിനെയും നാല് നാവിക സേന കപ്പലുകളും മ്യാന്‍മറിലേക്ക് അയക്കും. ദൗത്യത്തിന് ഓപ്പറേഷന്‍ ബ്രഹ്‌മ എന്നാണ് ഇന്ത്യ പേര് നല്‍കിയിരിക്കുന്നത്. അതേ സമയം മ്യാന്‍മറിലെ പതിനാറായിരത്തോളം ഇന്ത്യക്കാര്‍ സുരക്ഷിതമെന്ന് കേന്ദ്രം അറിയിച്ചു. പ്രധാനമന്ത്രി മ്യാന്‍മര്‍ സീനിയര്‍ ജനറലുമായി സംസാരിച്ചു. 1500 ലധികം വീടുകളാണ് ഭൂകമ്പത്തില്‍ തകര്‍ന്നത്. ഇവിടെ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.

ഓപ്പറേഷന്‍ ബ്രഹ്‌മ

ഭൂകമ്പം കനത്ത നാശംവിതച്ച മ്യാന്‍മാറിലേക്ക് സഹായവുമായി ഇന്ത്യന്‍ നാവികസേനയും. ഐഎന്‍എസ് സത്പുരയും ഐഎന്‍എസ് സാവിത്രിയും യാങ്കൂണിലേക്ക് പുറപ്പെട്ടു. ഓപ്പറേഷന്‍ ബ്രഹ്‌മ എന്ന പേരില്‍ 40 ടണ്‍ ദുരിതാശ്വാസ വസ്തുക്കളാണ് കൊണ്ടുപോകുന്നത്. രണ്ടു കപ്പലുകള്‍ കൂടി പുറപ്പെടുമെന്ന് നാവികസേന അറിയിച്ചു. ദുരന്ത ഭൂമിയില്‍ ഇന്ത്യന്‍ സൈന്യം താതാകാലിക ആശുപത്രിയും സ്ഥാപിക്കും. 118 അംഗങ്ങള്‍ ഉള്‍പ്പെടുന്ന ഡോക്ടര്‍മാരുടെയും ആരോഗ്യപ്രവര്‍ത്തകരുടെയും സംഘം യാങ്കൂണിലെത്തുമെന്ന് വിദേശകാര്യ മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു.

കഴിഞ്ഞദിവസം 15 ടണ്‍ ദുരിതാശ്വാസ വസ്തുക്കളുമായി വ്യോമസേനാ വിമാനം യാങ്കൂണ്‍ വിമാനത്താവളത്തിലെത്തിലെത്തിയിരുന്നു. ടെന്റുകള്‍, ബ്ലാങ്കറ്റുകള്‍, സ്ലീപ്പിങ് ബാഗുകള്‍, ഭക്ഷ്യ പായ്ക്കറ്റുകള്‍, ശുചീകരണ കിറ്റുകള്‍, ജനറേറ്ററുകള്‍, അവശ്യമരുന്നുകള്‍ എന്നിവയടക്കമുള്ള ദുരിതാശ്വാസ വസ്തുക്കളാണ് ആദ്യഘട്ട സഹായത്തില്‍ ഇന്ത്യ മ്യാന്‍മാറിലെത്തിച്ചത്.

വെള്ളിയാഴ്ച പ്രാദേശികസമയം ഉച്ചയ്ക്ക് 12.50-ഓടെയാണ് ഭൂചലനമുണ്ടായത്. 6.8 ത്രീവ്രത രേഖപ്പെടുത്തിയതുള്‍പ്പെടെ ആറ് തുടര്‍ചലനങ്ങളുമുണ്ടായി. മ്യാന്‍മാറിലെ രണ്ടാമത്തെ വലിയ നഗരമായ മാന്‍ഡലെയിലാണ് ഭൂകമ്പം കനത്തനാശം വിതച്ചത്. ഇവിടെ ഒട്ടേറെ കെട്ടിടങ്ങളും ഇരവതി നദിക്കുകുറുകെയുള്ള പഴയപാലവും അണക്കെട്ടും തകര്‍ന്നു. ദേശീയപാതകള്‍ രണ്ടായി മുറിഞ്ഞു. ഒരു പള്ളിയും നിലംപൊത്തി. തായ്ലാന്‍ഡ് തലസ്ഥാനമായ ബാങ്കോക്കിലെ ചതുചാക്കില്‍ നിര്‍മാണത്തിലിരിക്കുന്ന 33 നില കെട്ടിടം ഭൂകമ്പത്തില്‍ തകര്‍ന്നു.

Tags:    

Similar News