കാലാവസ്ഥ ഉച്ചകോടിക്കിടെ വേദിയില്‍ വന്‍ തീപിടുത്തം;ആയിരത്തിലേറെ പ്രതിനിധികളെ ഒളിപ്പിച്ചു; തീ നിയന്ത്രണ വിധേയമാക്കിയതായി റിപ്പോര്‍ട്ട്: ഇന്ത്യന്‍ പ്രതിനിധികള്‍ സുരക്ഷിതര്‍
കാലാവസ്ഥ ഉച്ചകോടിക്കിടെ വേദിയില്‍ വന്‍ തീപിടുത്തം
ബെലേം: ബ്രസീലിലെ ബെലേമില്‍ നടക്കുന്ന അന്താരാഷ്ട്ര കാലാവസ്ഥ ഉച്ചകോടിക്കിടെ വേദിയില്‍ വന്‍ തീപിടുത്തം. ഇതേ തുടര്‍ന്ന് സമ്മേളനത്തില്‍ പങ്കെടുക്കാന്‍ വിവിധ രാജ്യങ്ങളില്‍ നിന്നെത്തിയ ആളുകളെ ഒഴിപ്പിക്കുകയും ചര്‍ച്ചകള്‍ തടസ്സപ്പെടുകയും ചെയ്തു. തീപിടുത്തമുണ്ടായതിനെ തുടര്‍ന്ന് കനത്ത പുക ഉയര്‍ന്നു. പുക ശ്വസിച്ച 13 പേര്‍ക്ക് ഉച്ചകോടി നടക്കുന്ന സ്ഥലത്ത് ചികിത്സ നല്‍കിയതായി സംഘാടകര്‍ അറിയിച്ചു.
കാലാവസ്ഥാ പ്രതിസന്ധി പരിഹരിക്കാനുള്ള അന്താരാഷ്ട്ര ശ്രമങ്ങള്‍ ശക്തിപ്പെടുത്തുന്നതിനായി ഒരു കരാറിലെത്താന്‍ പ്രതിനിധികള്‍ തയ്യാറെടുക്കുന്നതിനിടെയാണ് പെട്ടന്ന് തീ പടര്‍ന്നത്. ഇതോടെ ആളുകള്‍ പരിഭ്രാന്തരായി. മിനിറ്റുകള്‍ക്കകം തീ നിയന്ത്രണവിധേയമാക്കിയതായും അധികൃതര്‍ അറിയിച്ചു. യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് ഉള്‍പ്പെടെ ആയിരത്തിലേറെ പ്രതിനിധികളെ വേദിയില്‍ നിന്ന് ഒഴിപ്പിച്ചു. കേന്ദ്ര പരിസ്ഥിതി മന്ത്രി ഭൂപേന്ദര്‍ യാദവും മറ്റ് ഉദ്യോഗസ്ഥരും സുരക്ഷിതരാണ്.
തീ നിയന്ത്രണവിധേയമാക്കിയെന്നും സംഭവത്തില്‍ ആര്‍ക്കും പരുക്കില്ലെന്നും ബ്രസീല്‍ ടൂറിസം മന്ത്രി സെല്‍സോ സാബിനോ അറിയിച്ചു. ഇലക്ട്രിക്കല്‍ ഉപകരണത്തില്‍ നിന്നാണ് തീ പടര്‍ന്നതെന്നാണ് പ്രാഥമിക വിലയിരുത്തല്‍. തീപിടുത്തത്തിന്റെ കാരണം അന്വേഷിച്ചുവരികയാണെന്നും, ഒരു ഇലക്ട്രിക്കല്‍ ഉപകരണമോ, ഒരുപക്ഷേ മൈക്രോവേവോ ആകാം കാരണമെന്ന് കരുതുന്നതായും പ്രാദേശിക അഗ്നിശമന സേനയെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.
ആരോഗ്യ ശാസ്ത്ര പവലിയനുകളിലാണ് തീപിടുത്തമുണ്ടായതെന്നും ആറു മിനിറ്റിനുള്ളില്‍ അഗ്‌നിശമന സേനയെത്തി തീ അണച്ചെന്നും സുരക്ഷാ ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഈ മാസം 10 ന് ആരംഭിച്ച കാലാവസ്ഥാ ഉച്ചകോടി ഇന്ന് സമാപിക്കാനിരിക്കെയാണ് തീപിടുത്തം.