വനിതാ ഫുട്‌ബോള്‍ താരങ്ങള്‍ക്ക് സ്വന്തം മണ്ണിലേക്ക് സ്വാഗതമോതി ഇറാന്‍; അഞ്ച് താരങ്ങള്‍ക്ക് അഭയം നല്‍കി ഓസ്‌ട്രേലിയ
വനിതാ ഫുട്‌ബോള്‍ താരങ്ങള്‍ക്ക് സ്വന്തം മണ്ണിലേക്ക് സ്വാഗതമോതി ഇറാന്‍
തെഹ്‌റാന്‍: യുദ്ധത്തിനിടെ ഓസ്‌ട്രേലിയയില്‍ കുടുങ്ങിയ വനിതാ ഫുട്‌ബോള്‍ താരങ്ങളെ സ്വന്തം മണ്ണിലേക്ക് സ്വാഗതം ചെയ്ത് ഇറാന്‍. ''വിഷമിക്കേണ്ട. തുറന്ന കൈകളുമായി ഞങ്ങള്‍ കാത്തിരിക്കുന്നുവെന്നായിരുന്നു'' ഇറാന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രതികരണം. താരങ്ങള്‍ സ്വന്തം വീട്ടിലേക്ക് മടങ്ങിവരണമെന്ന് മന്ത്രാലയ വക്താവ് ഇസ്മായില്‍ ബെഗായ് 'എക്‌സി'ലൂടെ അഭ്യര്‍ഥിച്ചു. വനിതാ സംഘത്തിലെ ശേഷിക്കുന്ന അംഗങ്ങളെ സമാധാനത്തോടും ആത്മവിശ്വാസത്തോടും കൂടി രാജ്യത്തേക്ക് തിരികെ ക്ഷണിക്കുന്നുവെന്ന് ഇറാന്റെ ജനറല്‍ പ്രോസിക്യൂട്ടറുടെ ഓഫിസ് അറിയിച്ചതിന് തൊട്ടുപിന്നാലെയാണ് ബെഗായിയുടെ പോസ്റ്റ്.
അതിനിടെ, വനിതാ ഏഷ്യ കപ്പ് ടൂര്‍ണമെന്റിന് രാജ്യത്തെത്തിയ അഞ്ച് ഇറാന്‍ വനിതാ ഫുട്ബാള്‍ ടീം അംഗങ്ങള്‍ക്ക് ഓസ്‌ട്രേലിയ അഭയം നല്‍കി. ഇറാനിലെ യു.എസ്, ഇസ്രായേല്‍ ആക്രമണങ്ങള്‍ക്കുമുമ്പ് ഓസ്‌ട്രേലിയയിലെത്തിയ ഇറാന്‍ വനിതാ ഫുട്ബാള്‍ ടീമിലെ അഞ്ച് താരങ്ങള്‍ക്കാണ് താല്‍ക്കാലിക 'മാനുഷിക വിസ' അനുവദിച്ചത്. താരങ്ങളുടെ അഭ്യര്‍ഥന പ്രകാരമാണ് നടപടി.
വനിതാ ഏഷ്യന്‍ കപ്പിനായി കളിക്കാരും പരിശീലകരുമടക്കം 26 പേരാണ് കഴിഞ്ഞ മാസം ഓസ്‌ട്രേലിയയിലെത്തിയത്. ഫെബ്രുവരി 28ന് ഇറാനുനേരെ യു.എസ്, ഇസ്രായേല്‍ ആക്രമണം ആരംഭിച്ചതോടെ ഇവരുടെ മടക്കയാത്ര അനിശ്ചിതത്വത്തിലാവുകയായിരുന്നു.