തലയോട്ടി പൊട്ടി തലച്ചോര്‍ വെളിയില്‍ വന്നു; ചെവി മുറിച്ചെടുത്തു; വാരിയെല്ലൊടിച്ച് കത്തി കയറ്റി; ഇന്ത്യന്‍ ഗാങ്‌സ് തമ്മിലുള്ള തെരുവ് യുദ്ധത്തില്‍ ഷ്രൂസ്ബറിയില്‍ കൊല്ലപ്പെട്ടത് പഞ്ചാബ് വംശജനായ യുവാവ്; രണ്ടു പേര് കൂടി കുറ്റക്കാരനെന്ന് കണ്ടെത്തി കോടതി
പാര്‍സല്‍ നല്‍കുന്നതിനിടയില്‍ ഒരു ഡി പി ഡി ഡ്രൈവറെ മാഫിയാ സ്‌റ്റൈല്‍ ആക്രമണത്തില്‍ കൊലപ്പെടുത്തിയ കേസില്‍ രണ്ടു പേര് കൂടി കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. കോടാലി, ഹോക്കി സ്റ്റിക്ക്, കത്തി, ഗോള്‍ഫ് ക്ലബ്ബ്, ഷവല്‍ തുടങ്ങിയ ആയുധങ്ങളുമായി 2023 ആഗസ്റ്റ് 21 ന് ആയിരുന്നു ഏഴംഗ സംഘം അര്‍മാന്‍ സിംഗ് എന്ന 23 കാരനെ ആക്രമിച്ചത്. ഷ്രോപ്ഷയറിലെ ഷ്രൂസ്ബറിയില്‍ റോഡരികില്‍ പട്ടാപകല്‍ നടന്ന ആക്രമണത്തില്‍, നിസ്സഹായനായ അര്‍മാന്‍ സിംഗിനെ ഒരുമിച്ച് ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു.
അതിശകതമായി തലയ്ക്കടിയേറ്റ സിംഗിന്റെ തലയോട്ടി തകര്‍ന്ന് തലച്ചോറ് പുറത്തു വന്നതായി കോടതിയില്‍ വിചാരണയ്ക്കിടെ പറഞ്ഞു.അതിക്രൂരമായ രക്തച്ചൊരിച്ചിലിനിടയില്‍ ഡെലിവറി ഡ്രൈവറുടെ ചെവികളും അക്രമികള്‍ മുറിച്ചു കളഞ്ഞു. ഹോക്കി സ്റ്റിക് വെച്ച് തല അടിച്ചു തകര്‍ത്തപ്പോള്‍, വാരിയെല്ലുകള്‍ക്കിടയിലൂടെ കത്തി കുത്തിക്കേറ്റുകയുമുണ്ടായി. സ്റ്റഫോര്‍ഡ് ക്രൗണ്‍ കോടതിയില്‍ മൂന്നാഴ്ചയായി നടന്നു വരികയായിരുന്ന വിചാരണയ്ക്കൊടുവില്‍ വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സ്, ടിപ്ടണില്‍ താമസിക്കുന്ന മഹദീപ് സിംഗ് എന്ന 24 കാരനും സെഹജ്പാല്‍ സിംഗ് എന്ന 26 കാരനുമാണ് കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയത്.
ഈ സംഘത്തിലെ മറ്റ് അഞ്ചു പേരെ നേരത്തെ കോടതി ശിക്ഷിച്ചിരുന്നു. അവര്‍ ഇപ്പോള്‍ ജയിലില്‍ തടവ് ശിക്ഷ അനുഭവിക്കുകയാണ്. കോട്ടണ്‍ ഹില്ലില്‍ ഡെലിവറി നടത്തുന്നതിനിടയില്‍, പട്ടാപ്പകല്‍ ആണ് അര്‍മാന്‍ സിംഗ് കൊല്ലപ്പെടുന്നത്. എന്നാല്‍, കൊലയ്ക്ക് പിന്നിലെ ഉദ്ദേശ്യം എന്തെന്ന് വ്യക്തമല്ല എന്നായിരുന്നു പ്രോസിക്യൂഷന്‍ കോടതിയില്‍ പറഞ്ഞത്. ഇരയുമായി അടുത്ത വൃത്തങ്ങളില്‍ നിന്നു തന്നെയാണ് സംഘം അര്‍മാന്‍ സിംഗിന്റെ ഡെലിവറി റൂട്ടിനെ കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിച്ചതും പിന്നീട് അയാളെ പിന്തുടര്‍ന്നതെന്നും പോലീസ് കോടതിയെ അറിയിച്ചു.
ഒരു വെളുത്ത മെഴ്സിഡസ് കാറിലും, ചാര നിറത്തിലുള്ള ഓഡിയിലുമായി എത്തിയാണ് അക്രമികള്‍ സിംഗിന്റെ വാനിനെ റോഡിന് നടുവില്‍ തടഞ്ഞു നിര്‍ത്തി ആക്രമിച്ചത്. സംഭവസ്ഥലത്ത് വെച്ചു തന്നെ അയാള്‍ മരണപ്പെടുകയായിരുന്നു. അടുത്തുള്ള ഹബര്‍ട്ട് വേയില്‍ ആയുധങ്ങള്‍ ഉപേക്ഷിച്ച അക്രമികള്‍ അവരുടെ കാറുകളില്‍ തന്നെ രക്ഷപ്പെടുകയായിരുന്നു. മഹദീപ് സിംഗും സെഹജ്പാല്‍ സിംഗും സഞ്ചരിച്ച മെഴ്സിഡസ് പിന്നീട് ഷ്രൂസ്ബറിയിലെ കേനാസ്റ്റന്‍ റോഡില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി.
കാര്‍ ഉപേക്ഷിച്ച അവര്‍ ഷ്രൂസ്ബറി റെയില്‍വേ സ്റ്റേഷനിലേക്ക് ഒരു ടാക്സിയില്‍ എത്തുകയും അവിടെ നിന്ന് വോള്‍വര്‍ഹാംപ്ടണിലെത്തി ആസ്ട്രിയയിലേക്ക് കടക്കുകയുമായിരുന്നു. നീണ്ട ഒരു രഹസ്യാന്വേഷണത്തിനൊടുവില്‍ ഹോഹെന്‍സെല്‍ എന്ന ആസ്ട്രിയന്‍ ഗ്രാമത്തില്‍ നിന്നും ആസ്ട്രിയന്‍ പോലീസ് ആയിരുന്നു ഇവരെ പിടികൂടിയത്. മറ്റ് അഞ്ചുപേരെയും കഴിഞ്ഞ വര്‍ഷം തന്നെ മൊത്തം 122 വര്‍ഷത്തെ തടവ് ശിക്ഷക്ക് കോടതി വിധിച്ചിരുന്നു.