ഉദ്ഘാടനത്തിനു പിന്നാലെ പാമ്പന്‍ പാലത്തില്‍ സാങ്കേതിക തകരാര്‍; വെര്‍ട്ടിക്കല്‍ ലിഫ്റ്റ് സ്പാന്‍ താഴ്ത്താനായില്ല; അറ്റകുറ്റപ്പണിയിലൂടെ പരിഹരിച്ചു; ഇന്ത്യ അലയന്‍സിനെക്കാള്‍ മൂന്നുമടങ്ങ് ഫണ്ട് കേന്ദ്രസര്‍ക്കാര്‍ തമിഴ്‌നാടിനു നല്‍കിയിട്ടുണ്ടെന്ന് നരേന്ദ്ര മോദി

ഇന്ത്യ അലയന്‍സിനെക്കാള്‍ മൂന്നുമടങ്ങ് ഫണ്ട് കേന്ദ്രസര്‍ക്കാര്‍ തമിഴ്‌നാടിനു നല്‍കിയിട്ടുണ്ടെന്ന് നരേന്ദ്ര മോദി

Update: 2025-04-06 13:52 GMT

ചെന്നൈ: രാജ്യത്തെ ആദ്യ വെര്‍ട്ടിക്കല്‍ ലിഫ്റ്റ് കടല്‍പാലമായ രാമേശ്വരത്തെ പുതിയ പാമ്പന്‍ റെയില്‍പാലം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തതിന് പിന്നാലെ സാങ്കേതിക തകരാര്‍ നേരിട്ടു. രാമേശ്വരത്തു നിന്ന് താംബരത്തേക്കുള്ള പുതിയ ട്രെയിന്‍ പ്രധാനമന്ത്രി ഫ്‌ലാഗ് ഓഫ് ചെയ്തിരുന്നു. തുടര്‍ന്ന് പാലത്തിന്റെ വെര്‍ട്ടിക്കല്‍ ലിഫ്റ്റ് സ്പാന്‍ ഉയര്‍ത്തി തീരസംരക്ഷണ സേനയുടെ ചെറുകപ്പല്‍ അടിയിലൂടെ കടത്തിവിട്ടു. പിന്നീട് ലിഫ്റ്റ് സ്പാന്‍ താഴ്ത്താന്‍ കഴിഞ്ഞിരുന്നില്ല. വെര്‍ട്ടിക്കല്‍ ലിഫ്റ്റ് സ്പാനിന്റെ ഒരു ഭാഗത്തായിരുന്നു പ്രശ്‌നം. തുടര്‍ന്ന് അറ്റകുറ്റപ്പണിയിലൂടെ ഇതു പരിഹരിക്കുകയായിരുന്നു. കൂടുതല്‍ പരിശോധനകള്‍ പാലത്തില്‍ നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു.

രാജ്യത്തെ ആദ്യ വെര്‍ട്ടിക്കല്‍ ലിഫ്റ്റ് കടല്‍പാലമായ രാമേശ്വരത്തെ പുതിയ പാമ്പന്‍ റെയില്‍പാലം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിനു സമര്‍പ്പിച്ചതിനു പിന്നാലെയാണ് തകരാര്‍ റിപ്പോര്‍ട്ട് ചെയ്തത്. രാമേശ്വരത്തെ ഇന്ത്യയുടെ മറ്റ് ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്ന 110 വര്‍ഷം പഴക്കമുള്ള പാലത്തിന് സമീപമാണ് പുതിയ പാലം നിര്‍മിച്ചത്. 99 തൂണുകളോടു കൂടിയ പാലത്തിന് 2.08 കിലോമീറ്ററാണ് നീളം.

കാലപ്പഴക്കത്തെത്തുടര്‍ന്ന് 2002 ഡിസംബറില്‍ പാലം ഡീകമ്മിഷന്‍ ചെയ്തു. ഇതേത്തുടര്‍ന്നാണ് 535 കോടി രൂപ ചെലവില്‍ പുതിയ പാലം നിര്‍മിക്കാന്‍ ആരംഭിച്ചത്. പഴയ പാലത്തില്‍ ലിഫ്റ്റ് സ്പാന്‍ രണ്ടായി വേര്‍പെടുത്തി ഇരുവശത്തേക്കും ഉയര്‍ത്തുകയാണ് ചെയ്തിരുന്നതെങ്കില്‍ ലിഫ്റ്റ് സ്പാന്‍ ലംബമായി ഉയര്‍ത്തുന്ന സംവിധാനമാണ് പുതിയ പാലത്തിലുള്ളത്. ഇത്തരത്തിലുള്ള രാജ്യത്തെ ആദ്യ വെര്‍ട്ടിക്കല്‍ ലിഫ്റ്റ് കടല്‍പാലമാണിത്. 72.5 മീറ്റര്‍ നീളമുള്ള ലിഫ്റ്റ് സ്പാന്‍ 5 മിനിറ്റു കൊണ്ട് ഉയര്‍ത്താനാകും.

1910ല്‍ ബ്രിട്ടീഷുകാര്‍ നിര്‍മാണം തുടങ്ങിയ പഴയ പാമ്പന്‍ പാലം 1914ലാണ് ഗതാഗതത്തിന് തുറന്നുകൊടുത്തത്. 1964ലെ ചുഴലിക്കാറ്റില്‍ പാമ്പന്‍ധനുഷ്‌കോടി പാസഞ്ചര്‍ ഒഴുകിപ്പോയ അപകടത്തില്‍ 126 പേര്‍ കൊല്ലപ്പെടുകയും പാലം ഏതാണ്ട് പൂര്‍ണമായി നശിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് മെട്രോമാന്‍ ഇ.ശ്രീധരന്റെ നേതൃത്വത്തില്‍ രണ്ടു മാസത്തിനുള്ളിലാണ് പാലം പുനര്‍നിര്‍മിച്ചത്. കാലപ്പഴക്കത്തെത്തുടര്‍ന്ന് 2002 ഡിസംബറില്‍ പാലം ഡീകമ്മിഷന്‍ ചെയ്തിരുന്നു. ഇതേത്തുടര്‍ന്നാണ് 535 കോടി രൂപ ചെലവില്‍ പുതിയ പാലം നിര്‍മിക്കാന്‍ ആരംഭിച്ചത്.

വിവാദങ്ങള്‍ക്കിടെ കണക്ക് വെളിപ്പെടുത്തി മോദി

തമിഴ്‌നാടിന്റെ അടിസ്ഥാന സൗകര്യ വികസനം തങ്ങളുടെ മുന്‍ഗണന വിഷയങ്ങളിലൊന്നായിരുന്നുവെന്ന് നരേന്ദ്ര മോദി. പുതിയ പാമ്പന്‍പാലത്തിന്റെ ഉദ്ഘാടനത്തിനിടെ നടത്തിയ പ്രസംഗത്തില്‍ കേന്ദ്രം സംസ്ഥാനത്തിനു നല്‍കിയ വിവിധ പദ്ധതികള്‍ ചൂണ്ടികാട്ടുകയായിരുന്നു മോദി.

'തമിഴ്‌നാടിന്റെ അടിസ്ഥാന സൗകര്യ വികസത്തിനാണ് തങ്ങള്‍ മുന്‍ഗണന നല്‍കിയിട്ടുള്ളത്. കഴിഞ്ഞ പത്തു വര്‍ഷത്തിനുള്ളില്‍ സംസഥാനത്തിന്റെ റെയില്‍ ബജറ്റ് ഏഴുമടങ്ങായി വര്‍ധിപ്പിച്ചു. ഇത്രയും വളര്‍ച്ചയുണ്ടായിട്ടും ചിലര്‍ അതൊന്നും അംഗീകരിക്കാതെ കുറ്റം പറയുകയാണ്.' മോദി പറഞ്ഞു.

2014 നു മുമ്പ് 900 കോടിയാണ് തമിഴ്‌നാടിന്റെ റെയില്‍ ബജറ്റിനായി അനുവദിച്ചിരുന്നത്. എന്നാല്‍ അതിനു ശേഷം 6000 കോടിയായി അത് വര്‍ധിച്ചുവെന്നും മോദി കൂട്ടിച്ചേര്‍ത്തു. രാജ്യത്തെ 77 റെയില്‍വേ സ്റ്റേഷനുകള്‍ ആധുനികവത്കരിക്കാനുള്ള ഗവണ്‍മെന്റിന്റെ പദ്ധതികളില്‍ ഒന്ന് രാമേശ്വരത്താണ്. കഴിഞ്ഞ പത്തു വര്ഷത്തിനുള്ളില്‍ പ്രധാനമന്ത്രി ഗ്രാമീണ്‍ സഡക് യോജനയിലൂടെ 4000 കിലോമീറ്റര്‍ വരുന്ന ഗ്രാമീണ റോഡുകളും ഹൈവേകളും തമിഴ്‌നാട്ടില്‍ പണിതിട്ടുണ്ട്.

തമിഴ്‌നാട്ടിലെ പാവപ്പെട്ടവര്‍ക്ക് 12 ലക്ഷത്തോളം വീടുകള്‍ നിര്‍മിച്ചു നല്‍കിയെന്നും ചെന്നൈ മെട്രോ തമിഴ്‌നാട് ജനതയുടെ യാത്രാ സൗകര്യം വര്‍ധിപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ വികസനത്തിന് തമിഴ്‌നാടിന് വലിയ പങ്കുണ്ടെന്നും തമിഴ്‌നാടിന്റെ ശേഷി വികസനത്തിലൂടെ രാജ്യത്തും വലിയ മാറ്റങ്ങള്‍ ഉണ്ടാക്കാന്‍ കഴിയുമെന്നാണ് താന്‍ വിശ്വസിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Tags:    

Similar News