'ഗെയിം ഓഫ് ത്രോണ്‍സി'ലൂടെ ശ്രദ്ധിക്കപ്പെട്ട കഥാപാത്രം; ആ കൂറ്റൻ വെള്ള ചെന്നായ്ക്കളെ മറക്കാൻ പറ്റുമോ?; ഇനി ഇവനെ എഡിറ്റിംഗിലൂടെ അല്ലാതെ റിയലായി കാണാം; ഡയർ വൂൾഫിന് 12500 വർഷങ്ങൾക്ക് ശേഷം 'പുനർജന്മം'; കുഞ്ഞന്മാരെ പ്രസവിച്ചത് നായ്ക്കൾ; അമ്പരന്ന് ശാസ്ത്ര ലോകം!
ടെക്‌സസ്: 'ഗെയിം ഓഫ് ത്രോണ്‍സ്' സീരിസിലെ ഡയര്‍ വൂള്‍ഫിനെ ഓർമ്മയില്ലാത്തവർ ആരും തന്നെ കാണില്ല.മഞ്ഞിലൂടെ കുതിക്കുന്ന കൂറ്റൻ വെള്ള ചെന്നായ്കൾക്ക് പ്രത്യകം ഫാൻസുവരെയുണ്ട്.ഇപ്പോഴിതാ, ലോകത്തെ തന്നെ ഒന്നടങ്കം ഞെട്ടിച്ച് 12500 വര്‍ഷങ്ങള്‍ക്ക് മുമ്പ് വംശനാശം സംഭവിച്ച ചെന്നായ വിഭാഗത്തില്‍പ്പെട്ട ജീവികൾ വീണ്ടും പുനർജനിച്ചിരിക്കുകയാണ്. ഇനി ഇവനെ വിഎഫ്എക്സും എഡിറ്റിങ്ങും ഇല്ലാതെ റിയലായി കാണാം.
ഡയര്‍ വൂള്‍ഫിനെ ജനിതക എന്‍ജിനീയറിങ്ങിലൂടെ പുനരുജ്ജീവിപ്പിച്ചിരിക്കുകയാണ് ശാസ്ത്രജ്ഞര്‍. ടെക്‌സസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കൊളോസല്‍ ബയോസയന്‍സ് എന്ന ജെനിറ്റിക് എന്‍ജീനീയറിങ് കമ്പനിയാണ് മൂന്ന് ഡയര്‍ വൂള്‍ഫുകള്‍ക്ക് ജന്മം നല്‍കിയത്. റോമുലസ് എന്നും റീമസ് എന്നും പേരിട്ട രണ്ട് ആണ്‍ ചെന്നായകളും ഖലീസി എന്ന പെണ്‍ചെന്നായ കുഞ്ഞുമാണ് ജനിച്ചിരിക്കുന്നത്.
ഡയര്‍ വൂള്‍ഫുകളുമായി ഏറെ സാമ്യമുള്ള ഗ്രേ വുള്‍ഫ് വര്‍ഗത്തിന്റെ ഡിഎന്‍എയില്‍ നിന്നാണ് ചെന്നായകളെ സൃഷ്ടിച്ചത്. പൂര്‍ണ വളര്‍ച്ചയെത്തുന്ന ഒരു ഡയര്‍ വൂള്‍ഫിന് 130 മുതല്‍ 150 പൗണ്ട് വരെ ഭാരമുണ്ടാകുമെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. 2000 ഏക്കറോളം വരുന്ന ഒരു പ്രദേശത്ത് അതീവ സുരക്ഷാസന്നാഹങ്ങളോടെയാണ് ഇവരെ പാര്‍പ്പിച്ചിരിക്കുന്നത്.
12,500 വർഷങ്ങൾക്ക് മുമ്പ് വടക്കേ അമേരിക്കൻ വൻകരയിൽ ജീവിച്ചിരുന്നവയാണ് ഡെയർ ചെന്നായകൾ. സാധാരണ ചെന്നായ്കളേക്കാൾ വളരെയേറെ വലിപ്പമുള്ളവയാണ് ഇവ. കാലാവസ്ഥാ വ്യതിയാനവും ഇരകളുടെ ദൗർലഭ്യവും കാരണം ഇവയ്ക്ക് വംശനാശം സംഭവിച്ചുവെന്നാണ് കരുതുന്നത്. പലപ്പോഴായി ഇവയുടെ ഫോസിലുകൾ കണ്ടെത്തിയിരുന്നു. ഡെയർ ചെന്നായ്ക്കളുടെ ഡി.എൻ.എ വേർതിരിച്ചെടുത്താണ് ഇവയുടെ ജനിതക ഘടന പഠിച്ചത്.
ഡയര്‍ ചെന്നായ്ക്കളുടെ ജീവിച്ചിരിക്കുന്ന ഏറ്റവും അടുത്ത ബന്ധുവാണ് ഇപ്പോഴുള്ള ഗ്രേ ചെന്നായ്ക്കൾ. ഗ്രേ ചെന്നായ്ക്കളുടെ ഭ്രൂണത്തിന്‍റെ ജനിതകഘടനയിൽ CRISPR ജീൻ എഡിറ്റിങ് സാങ്കേതിക വിദ്യ ഉപയോഗിച്ച് കൊളോസല്‍ ബയോസയന്‍സസിലെ ശാസ്ത്രജ്ഞർ 14 എഡിറ്റിങ്ങുകൾ നടത്തി ഡയർ ചെന്നായ്ക്കളുടെ ജനിതകഘടന സൃഷ്ടിക്കുകയായിരുന്നു. തുടർന്നാണ് ഡയർ ചെന്നായ്ക്കളുടെ എല്ലാ ജനിതക സ്വഭാവങ്ങളോടും കൂടിയ ചെന്നായ്ക്കൾ ജന്മമെടുത്തത്.
2024 ഒക്ടോബര്‍ ഒന്നിനായിരുന്നു രണ്ട് ചെന്നായ്ക്കുഞ്ഞുങ്ങളുടെയും ജനനം. ആറ് മാസം മാത്രം പ്രായമുള്ള ഇവയ്ക്ക് ഇതിനകം നാല് അടി നീളവും 36 കിലോഗ്രാമില്‍ കൂടുതല്‍ ഭാരവുമുണ്ട്. വംശനാശത്തില്‍ നിന്ന് പുനര്‍ജനിച്ച ഈ രണ്ട് ചെന്നായ്ക്കളും ആരോഗ്യത്തോടെയിരിക്കുന്നുവെന്ന് കമ്പനി പറയുന്നു. സാധാരണ നായ്കുട്ടികള്‍ മനുഷ്യരെ കാണുമ്പോള്‍ കാണിക്കുന്ന അടുപ്പവും പ്രസരിപ്പും ഇവ കാണിക്കുന്നില്ല. പകരം പേടിച്ച് പിന്‍വാങ്ങി നില്‍ക്കുകയാണ് ചെയ്യുന്നത്. ചെറുപ്പം തൊട്ടുതന്നെ ഇവരെ പരിപാലിക്കുന്നവരോട് പോലും ഇവ അടുപ്പം കാണിക്കുന്നില്ല. ഡയര്‍ വുള്‍ഫുകളുടെ അടിസ്ഥാന സ്വഭാവങ്ങളിലൊന്നാണിത്.
ജനിതകശാസ്ത്രത്തിലെ നാഴിക്കല്ലാണ് നൂറ്റാണ്ടുകൾക്ക് മുമ്പ് വംശനാശം സംഭവിച്ച ചെന്നായ്ക്കളെ പുന:സൃഷ്ടിച്ചതിലൂടെ സംഭവിച്ചതെന്ന് കൊളോസല്‍ ബയോസയന്‍സസ് അവകാശപ്പെട്ടു. വംശനാശം സംഭവിച്ച ഡോഡോ പക്ഷികൾ, വൂളി മാമോത്ത് എന്നിവയെയും പുന:സൃഷ്ടിക്കാനുള്ള പദ്ധതികൾ കമ്പനിക്കുണ്ട്.
ഡയർ വൂൾഫിനെ പുനഃസൃഷ്ടിച്ചത് ഇങ്ങനെ..ഡയർവൂൾഫിന്റെ 13,000 വർഷം പഴക്കമുള്ള ഒരു പല്ല്, 72,500 വർഷം പഴക്കമുള്ള തലയോട്ടി എന്നിവയിൽ നിന്ന് ഡിഎൻഎ വേർതിരിക്കുകയും. നിലവിലുള്ള ഗ്രേവൂൾഫ് ഭ്രൂണത്തിന്റെ ജനിതകഘടനയിൽ ഇതനുസരിച്ചുള്ള മാറ്റങ്ങൾ വരുത്തി. ഡയർവൂൾഫിന്റെ സവിശേഷതകൾ കിട്ടുന്നവിധമായിരുന്നു ഈ പ്രക്രിയ. പരിഷ്കരിക്കപ്പെട്ട ഈ ഡിഎൻഎ ഗ്രേവൂൾഫിന്റെ അണ്ഡത്തിൽ സന്നിവേശിപ്പിച്ചു. ലാബിൽ കുറച്ചുനാൾ വികസിപ്പിച്ചശേഷം ഈ ഭ്രൂണം ‘ഹൗണ്ട്’ വിഭാഗത്തിൽപെടുന്ന നായകളുടെ ഗർഭപാത്രത്തിൽ നിക്ഷേപിച്ചു. നായ്ക്കൾ ഡയർവൂൾഫുകളെ പ്രസവിക്കുകയായിരുന്നു.