'വഴക്കാളി'യായ ചൈന ഒഴിച്ചുള്ള രാജ്യങ്ങള്‍ക്ക് മേലുള്ള പകര ചുങ്കം 90 ദിവസത്തേക്ക് മരവിപ്പിച്ച് ഡൊണള്‍ഡ് ട്രംപിന്റെ സുപ്രധാന പ്രഖ്യാപനം; അമേരിക്കയ്ക്ക് മേലുള്ള താരിഫ് 84 ശതമാനമായി ഉയര്‍ത്തിയ ചൈനയ്ക്ക് എതിരെ 125 ശതമാനം താരിഫ് ചുമത്തി തിരിച്ചടി; അമേരിക്കന്‍ ഓഹരി വിപണികള്‍ തകിടം മറിഞ്ഞെങ്കിലും എല്ലാവരും തന്റെ വഴിക്ക് വരുമെന്ന ആത്മവിശ്വാസ പ്രകടനവും
പകര ചുങ്കം 90 ദിവസത്തേക്ക് നിര്‍ത്തി വച്ച് ഡൊണള്‍ഡ് ട്രംപിന്റെ സുപ്രധാന പ്രഖ്യാപനം
വാഷിങ്ടണ്‍: താരിഫ് യുദ്ധത്തില്‍, ചൈനയോട് കൂടുതല്‍ കടുപ്പിച്ചും, മറ്റുരാജ്യങ്ങളോട് അയഞ്ഞും യുഎസ് പ്രസിഡന്റ് ഡൊണല്‍ഡ് ട്രംപ്. പകരം ചുങ്കം നടപ്പാക്കുന്നത് 90 ദിവസത്തേക്ക് മരവിപ്പിച്ചുകൊണ്ടാണ് ട്രംപിന്റെ ആശ്വാസ പ്രഖ്യാപനം. എന്നാല്‍, ചൈനയ്ക്ക് മേലുള്ള നികുതികള്‍ 104 ശതമാനത്തില്‍ നിന്ന് 125 ശതമാനമായി ഉയര്‍ത്തി. അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് മേല്‍ ചൈന പകരത്തിന് പകരമായി 84 ശതമാനം താരിഫ് ചുമത്തിയതിന് തിരിച്ചടിയായാണ് 125 ശതമാനമായി താരിഫ് ഉയര്‍ത്തിയത്.
90 ദിവസത്തേക്ക് പകരം ചുങ്കം മരവിപ്പിച്ചതായ വാര്‍ത്തയ്ക്ക് പിന്നാലെ വാള്‍ സ്ട്രീറ്റില്‍ ഓഹരികള്‍ കുതിച്ചുയര്‍ന്നു. നേരത്തെ യുഎസ് ഓഹരി വിപണികള്‍ തകിടം മറിഞ്ഞിട്ടും താരിഫുകള്‍ ഒരും ദിവസം 2 ബില്യന്‍ ഡോളര്‍ നികുതി കൊണ്ടുവരുന്നുണ്ടെന്ന് ട്രംപ് അവകാശപ്പെട്ടിരുന്നു. പുറംരാജ്യങ്ങളില്‍ നിര്‍മ്മാണം നടത്തുന്ന കമ്പനികളെ അമേരിക്കയിലേക്ക് തിരിച്ചുവരാന്‍ ഇതുപ്രേരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. മുന്‍കാല വാണിജ്യ നയങ്ങളെ രൂക്ഷമായി വിമര്‍ശിച്ച യുഎസ് പ്രസിഡന്റ് ഫാര്‍മസിക്യൂട്ടിക്കല്‍ മേഖലയിലും, കുറഞ്ഞ മൂല്യമുള്ള ചൈനീസ് ഇറക്കുമതി ഉത്പന്നങ്ങള്‍ക്കും അധിക നികുതികള്‍ ചുമത്തുന്ന ഉത്തരവില്‍ ഒപ്പു വച്ചു. അടുത്ത മാസം ഈ ഉത്തരവ് നിലവില്‍ വരും.
യുഎസ് ഉല്‍പന്നങ്ങളുടെ തീരുവ 34 ശതമാനത്തില്‍നിന്നു 84 ശതമാനമായി ചൈന ഉയര്‍ത്തിയത് ഏപ്രില്‍ 10 മുതല്‍ പുതിയ നിലവില്‍ വരും.
ചൈനീസ് ഉല്‍പന്നങ്ങള്‍ക്ക് മുകളിലുള്ള നികുതി 104 ശതമാനമായി ഉയര്‍ന്നതിന് പ്രതികാരമായാണ് ഇപ്പോള്‍ ചൈന നികുതി വര്‍ധിപ്പിച്ചിരിക്കുന്നത്. ''അമേരിക്ക വ്യാപാര നിയന്ത്രണങ്ങള്‍ വര്‍ധിപ്പിച്ചാല്‍, ആവശ്യമായ പ്രതിരോധ നടപടികള്‍ സ്വീകരിക്കാനും അവസാനം വരെ പോരാടാനും ചൈനയ്ക്ക് ഉറച്ച ഇച്ഛാശക്തിയും മാര്‍ഗങ്ങളുമുണ്ട്'' ചൈനയുടെ വാണിജ്യ മന്ത്രാലയം അറിയിച്ചു.
ചൈനയ്ക്ക് പിന്നാലെ യൂറോപ്യന്‍ യൂണിയനും യുഎസ് ഉല്‍പന്നങ്ങള്‍ക്ക് മുകളിലുള്ള തീരുവ വര്‍ധിപ്പിച്ചു. യൂറോപ്യന്‍ യൂണിയന്റെ സ്റ്റീല്‍, അലുമിനിയം കയറ്റുമതിയ്ക്ക് മുകളില്‍ 25 ശതമാനം തീരുവ ചുമത്തിയ ട്രംപിന്റെ നടപടിക്ക് പകരമായി യുഎസ് ഉല്‍പന്നങ്ങള്‍ക്ക് 25 ശതമാനം തീരുവ ചുമത്താന്‍ യൂറോപ്യന്‍ യൂണിയന്‍ അംഗീകാരം നല്‍കി. 27 അംഗരാജ്യങ്ങളില്‍ ഭൂരിപക്ഷവും തീരുവ ചുമത്താനുള്ള തീരുമാനത്തെ അനുകൂലിച്ചു. ഏപ്രില്‍ പകുതിയോടെ ചില തീരുവകള്‍ നിലവില്‍ വരും. കാര്‍ഷിക ഉല്‍പന്നങ്ങള്‍ മുതല്‍ ഡയമണ്ട് വരെയുള്ള ഉല്‍പന്നങ്ങള്‍ക്ക് മുകളിലാണ് പുതിയ തീരുവ ചുമത്തിയിരിക്കുന്നത്.
അതിനിടെ, അമേരിക്കയുടെ വാഹന ഇറക്കുമതിക്ക് മേല്‍ കാനഡ പകരം തീരുവ ചുമത്തിയത് ബുധനാഴ്ച നിലവില്‍ വന്നു. താരിഫ് യുദ്ധത്തില്‍ ആഗോള വിപണി ഉലഞ്ഞെങ്കിലും ഒട്ടും കൂസലില്ലാതെ ഈ രാജ്യങ്ങളെല്ലാം തന്റെ വഴിക്ക് വരികയാണെന്നാണ് ട്രംപ് ആത്മവിശ്വാസം പ്രകടിപ്പിച്ചത്.
ലോക വിപണിയോട് ചൈന കാട്ടിയ അനാദരവിന് ശിക്ഷയായി ചൈനയ്ക്ക് മേലുള്ള താരിഫ് 125 ശതമാനമായി ഉയര്‍ത്തുന്നു എന്നാണ് ട്രംപ് പ്രഖ്യാപിച്ചത്. അത് ഉടന്‍ നിലവില്‍ വരികയും ചെയ്തു.
75 ലേറെ രാജ്യങ്ങള്‍ അമേരിക്കയുമായി ചര്‍ച്ചയ്ക്ക് സന്നദ്ധരാവുകയും പ്രതികാര നടപടികള്‍ക്ക് മുതിരാതിരിക്കയും ചെയ്തത് പരിഗണിച്ചാണ് 90 ദിവസത്തേക്ക് പകര ചുങ്കം നിര്‍ത്തി വയ്ക്കാന്‍ ഉത്തരവിടുന്നതെന്ന് ട്രംപ് പറഞ്ഞു. ഈ കാലഘട്ടത്തില്‍ വെറും 10 ശതമാനം മാത്രമായി പകരച്ചുങ്കം കുറച്ചെന്നും ട്രംപ് വ്യക്തമാക്കി.