കാട്ടിക്കൂട്ടിയതെല്ലാം മണ്ടത്തരം എന്ന് തിരിച്ചറിഞ്ഞ് ആവേശം ഉപേക്ഷിച്ച് തെറ്റ് തിരുത്താന്‍ തുടങ്ങി ട്രംപ്; സ്മാര്‍ട്ട് ഫോണുകളും ലാപ് ടോപുകളും ഹാര്‍ഡ് വെയറുകളും ഇറക്കുമതി ചുങ്കത്തില്‍ നിന്നൊഴിവാക്കി; ട്രംപിന്റെ പ്രഖ്യാപനത്തില്‍ ഐഫോണ്‍ കിട്ടാനില്ലാതെ വരികയും ആപ്പിളിന്റെ മൂല്യം ഇടിയുകയും ചെയ്തതോടെ തിരുത്ത്: ട്രംപിന് മുന്‍പില്‍ കീഴടങ്ങാതെ ആദ്യ യുദ്ധം ജയിച്ച് ചൈന

ട്രംപിന് മുന്‍പില്‍ കീഴടങ്ങാതെ ആദ്യ യുദ്ധം ജയിച്ച് ചൈന

Update: 2025-04-12 16:25 GMT

വാഷിങ്ടണ്‍: ചൈനയുമായുളള പൊരിഞ്ഞ താരിഫ് യുദ്ധത്തിനിടെ, യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ അപ്രതീക്ഷിത നീക്കം. ഐഫോണ്‍, ലാപ്‌ടോപ്പ്, മറ്റ് ഇലക്രോണിക് ഉപകരണങ്ങള്‍ തുടങ്ങിയവയെ ട്രംപ് താരിഫില്‍ നിന്ന് ഒഴിവാക്കി. ഇതോടെ ആപ്പിള്‍, സാംസങ് എന്നീ കമ്പനികള്‍ക്ക് വലിയ ആശ്വാസവും ജയവുമായി. വന്‍വിലക്കയറ്റത്തില്‍ നിന്ന് അമേരിക്കക്കാര്‍ക്കും രക്ഷയായി.

ചൈനീസ് ഉത്പന്നങ്ങള്‍ക്ക് മേല്‍ ചുമത്തിയ 125 ശതമാനം ഇറക്കുമതി നികുതിയില്‍ നിന്നാണ് ഗാഡ്ജറ്റുകളെ ഒഴിവാക്കിയത്. പൊതുവെ പ്രഖ്യാപിച്ച 10 ശതമാനം ആഗോള താരിഫില്‍ നിന്നും ഇവയെ ഒഴിവാക്കിയതായി യുഎസ് കസ്റ്റംസ് ആന്‍ഡ് ബോര്‍ഡര്‍ പ്രൊട്ടക്ഷനാണ് വെളളിയാഴ്ച വൈകി അറിയിച്ചത്.

സ്മാര്‍ട്ട് ഫോണുകള്‍, ലാപ് ടോപ്പുകള്‍, ഹാര്‍ഡ് ഡ്രൈവുകള്‍. മെമ്മറി ചിപ്പുകള്‍, പ്രോസസറുകള്‍ എന്നിവയുടെ താരിഫാണ് ഒഴിവാക്കിയത്. ഇവയൊക്കെ അപൂര്‍വ്വമായാണ് അമേരിക്കയില്‍ നിര്‍മ്മിക്കുന്നത്. ഗാഡ്ജറ്റുകളുടെ ആഭ്യന്തര ഉത്പാദനം വര്‍ദ്ധിപ്പിക്കാന്‍ വര്‍ഷങ്ങള്‍ എടുക്കുമെന്ന് വിദഗ്ധര്‍ പറയുന്നു. ആപ്പിളിന്റെ 80 ശതമാനത്തിലേറെ ഉത്പന്നങ്ങളും ചൈനയിലാണ് നിര്‍മ്മിക്കുന്നത്. അക്കൂട്ട്ത്തില്‍ 80 ശതമാനത്തോളം ഐപ്പാഡുകളും, പകുതിയോളം മാക് കംപ്യൂട്ടറുകളും ഉള്‍പ്പെടുന്നു. ഇതെല്ലാം കണക്കിലെടുത്താണ് ട്രംപിന്റെ തീരുമാനം.

ട്രംപിന്റെ താരിഫ് പ്രഖ്യാപനത്തോടെ ആപ്പിളിന്റെ വിപണി മൂല്യത്തില്‍ 640 ബില്യന്‍ നഷ്ടം നേരിട്ടിരുന്നു. കമ്പ്യൂട്ടറുകള്‍ അടക്കമുള്ളവയുടെ വില കുത്തനെ കൂടുന്നത് യു.എസ് ടെക് കമ്പനികളെ ബാധിക്കുമെന്ന ആശങ്കയാണ് തീരുമാനത്തിന് പിന്നിലെന്നാണ് സൂചന. ചൈനയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉപകരണങ്ങളാണ് ടെക് കമ്പനികള്‍ വ്യാപകമായി ഉപയോഗിക്കുന്നത് എന്നകാര്യം പരിഗണിച്ചാണിത്. സെമി കണ്ടക്ടറുകള്‍, സോളാര്‍ സെല്ലുകള്‍ എന്നിവ അടക്കമുള്ള ഇലക്ട്രോണിക് ഉപകരണങ്ങളെയും ഘടകങ്ങളെയും ഉയര്‍ന്ന തീരുവയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

ട്രംപിന്റെ ഉയര്‍ന്ന തീരുവ മൂലം സ്മാര്‍ട്ട്ഫോണ്‍ നിര്‍മാതാക്കളായ ആപ്പിളും സാംസങ്ങും അടക്കമുള്ളവ കടുത്ത പ്രതിസന്ധിയെ നേരിടുകയായിരുന്നു. ഐഫോണിന്റെ ഏറ്റവും വലിയ വിപണി അമേരിക്കയാണ്. ആപ്പിള്‍ നിര്‍മിക്കുന്ന ഐഫോണുകളില്‍ പകുതിയും വിറ്റഴിക്കുന്നത് അവിടെയാണ്, എന്നാല്‍ അമേരിക്കയില്‍ വിറ്റഴിക്കാനുള്ള ഐഫോണുകളില്‍ 80 ശതമാനവും നിര്‍മിക്കപ്പെടുന്നത് ചൈനയിലാണ്. അവശേഷിക്കുന്ന 20 ശതമാനമാകട്ടെ ഇന്ത്യയിലും.

ഉയര്‍ന്ന തീരുവ പ്രഖ്യാപിക്കപ്പെട്ടതിന് പിന്നാലെ ആപ്പിളും സാംസങ്ങും അടക്കമുള്ളവ സ്മാര്‍ട്ട് ഫോണുകളുടെയും അനുബന്ധ ഘടകങ്ങളുടെയും നിര്‍മാണം ചൈനയില്‍ നിന്ന് മാറ്റുന്നതിനുള്ള ആലോചനകള്‍ തുടങ്ങിയിരുന്നു. ചൈനയ്ക്ക് പുറമെ ഇന്ത്യയും വിയറ്റ്നാമുമാണ് ആപ്പിളിന്റെയും സാംസങ്ങിന്റെയും നിര്‍മാണ ഹബ്ബുകള്‍. ഉയര്‍ന്ന തീരുവ പ്രഖ്യാപനത്തിന് പിന്നാലെ ആപ്പിള്‍ ഇന്ത്യയിലെ ഉത്പാദനം വര്‍ധിപ്പിച്ചിരുന്നു. അതിനിടെയാണ് മൊബൈല്‍ ഫോണുകളെയും കമ്പ്യൂട്ടറുകളെയും അടക്കമുള്ളവയെ ഉയര്‍ന്ന തീരുവയില്‍നിന്ന് ട്രംപ് ഭരണകൂടം ഒഴിവാക്കിയിരിക്കുന്നത്.

അമേരിക്കയുടെ താരിഫുകള്‍ മുഴുവന്‍ ലോകത്തിനും എതിരാണെന്ന് ചൈന കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ചട്ടങ്ങളില്‍ അധിഷ്ഠിതമായ ബഹുമുഖ വാണിജ്യ സംവിധാനത്തിന് ഗുരുതര തകരാറുണ്ടാക്കുന്നതാണ് ഈ താരിഫുകളെന്നും വിദേശകാര്യ വക്താവ് ലിന്‍ ജിയാന്‍ പറഞ്ഞിരുന്നു. തങ്ങള്‍ക്ക് മേല്‍ 125 ശതമാനം താരിഫ് ചുമത്തിയ ട്രംപിന്റെ നടപടി നോക്കിയിരിക്കില്ലെന്നും ചൈന മുന്നറിയിപ്പ് നല്‍കിയിരുന്നു.

അതേസമയം, ചര്‍ച്ചയ്ക്കുള്ള വാതിലുകള്‍ എല്ലായ്പോഴും തുറന്നുകിടക്കുകയാണെന്ന് ചൈനീസ് വാണിജ്യ മന്ത്രാലയം വക്താവ് ഹീ യോങ് ക്വിയാന്‍ പറഞ്ഞു. എന്നാല്‍, ചര്‍ച്ചകള്‍ പരസ്പര ബഹുമാനത്തിന്റെയും തുല്യതയുടെയും അടിസ്ഥാനത്തിലായിരിക്കണം. സമ്മര്‍ദം, മുന്നറിയിപ്പുകള്‍, ഭീഷണി തുടങ്ങിയവയൊന്നും ചൈനയുമായി ഇടപെടുന്നതിനുള്ള ശരിയായ മാര്‍ഗ്ഗങ്ങളല്ല', ഹീ യോങ് ക്വിയാന്‍ പറഞ്ഞു. വാണിജ്യ യുദ്ധത്തിനായി യുഎസ് ശഠിക്കുകയാണെങ്കില്‍ ചൈനയും അതേനിലപാട് സ്വീകരിക്കുമെന്നും യോങ് ക്വിയാന്‍ കൂട്ടിച്ചേര്‍ത്തു. വാണിജ്യയുദ്ധത്തില്‍ വിജയികളില്ലെന്നും അവര്‍ ആവര്‍ത്തിച്ചു.

ചൈന ഒഴിച്ചുള്ള രാജ്യങ്ങള്‍ക്ക് മേലുള്ള പകരം തീരുവ 90 ദിവസത്തേക്ക് മരവിപ്പിക്കാന്‍ ട്രംപ് കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. അതിനൊപ്പം ചൈനയ്ക്ക് മേലുള്ള തീരുവ 125 ശതമാനമായി ഉയര്‍ത്തുകയും ചെയ്തു. അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് മേല്‍ ചൈന പകരത്തിന് പകരമായി 84 ശതമാനം താരിഫ് ചുമത്തിയതിന് തിരിച്ചടിയായാണ് 125 ശതമാനമായി താരിഫ് ഉയര്‍ത്തിയത്. ഏതായാലും, ട്രംപിന്റെ പുതിയ തീരുമാനം ചൈനയുടെ കൂടി വിജയമാണെന്ന് പറയേണ്ടി വരും.

Tags:    

Similar News