എന്‍ഡവര്‍ കാര്‍ വീട്ടിലേക്ക് കയറുന്നത് കാത്തു നിന്നു അക്രമികള്‍; ഗോറ്റ് തുറന്ന് വാഹനം പോര്‍ച്ചില്‍ കയറിയതോടെ പിന്നിലൂടെ എത്തി ആദ്യം ആക്രമിച്ചത് ഡ്രൈവറെ; പിന്നിലിരുന്ന സുനിലിനെ ആക്രമിച്ചത് ചുറ്റിക കൊണ്ട് ഡോര്‍ ഗ്ലാസ്സ് തകര്‍ത്ത്; പിന്നിലേക്ക് മറിഞ്ഞ് ഒഴിഞ്ഞു മാറാന്‍ ശ്രമിച്ചപ്പോള്‍ കാലിന് വെട്ടേറ്റു; അക്രമിച്ചത് മുഖം മറച്ചെത്തിയ സംഘം
പിന്നിലേക്ക് മറിഞ്ഞ് ഒഴിഞ്ഞു മാറാന്‍ ശ്രമിച്ചപ്പോള്‍ കാലിന് വെട്ടേറ്റു; അക്രമിച്ചത് മുഖം മറച്ചെത്തിയ സംഘം
തൃശൂര്‍: തൃശൂര്‍ രാഗം തിയറ്റര്‍ നടത്തിപ്പുകാരനായ സുനില്‍കുമാറിനും ഡ്രൈവറിനും വെട്ടേറ്റ സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. ക്വട്ടേഷന്‍ സംഘത്തിന്റെ ആക്രമണമാണ് നടന്നതെന്നാണ് പോലീസിന്റെ പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായിരിക്കുന്ന കാര്യം. തീയറ്റര്‍ നടത്തിപ്പുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളിലെ തര്‍ക്കങ്ങള്‍ ഒന്നിലേറെ ആള്‍ക്കാരുമായി സുനിലിന് ഉണ്ടായിരുന്നു. ഈ തര്‍ക്കങ്ങളുമായി ബന്ധപ്പെട്ടാണ് ക്വട്ടേഷന്‍ ആക്രമണം ഉണ്ടായതെന്നാണ് സുനില്‍ സൂചിപ്പിക്കുന്നത്.
ഇന്നലെ രാത്രി പത്ത് മണിയോടെ മുളംകുന്നത്ത് കാവിലുള്ള വീട്ടിലേക്ക് സുനില്‍ തന്റെ വാഹനത്തില്‍ എത്തിയപ്പോഴാണ് ആക്രമണം ഉണ്ടായത്. ബിസിനസുമായി ബന്ധപ്പെട്ട് യോഗങ്ങള്‍ക്ക് ശേഷമാണ് അദ്ദേഹം വീട്ടിലേക്ക് എത്തിയത്. പതിവു പോലെ ഗേറ്റ് തുറന്ന് ഡ്രൈവര്‍ അനീഷ് പോര്‍ച്ചിലേക്ക് വാഹനം കയറ്റി. ഈ സമയം എന്‍ഡവര്‍ കാറിന്റെ പിന്‍വശത്തായിരുന്നു സുനില്‍കുമാര്‍ ഇരുന്നത്. ഫോണില്‍ നോക്കി ഇരിക്കയായിരുന്നു. പുറത്തിറങ്ങിയ ഡ്രൈവര്‍ നിലവിളിക്കുന്നത് കേട്ടപ്പോഴാണ് ആക്രമണം ശ്രദ്ധയില്‍പെട്ടത്.
തുറന്ന ഗേറ്റ് വഴി പിന്നിലൂടെയാണ് മൂന്നംഗ ക്വട്ടേഷന്‍ സംഘം എത്തിയത്. ഡ്രൈവറെ കാലില്‍ വെട്ടി, ശേഷം കാറിലിരുന്ന സുനിലിന് നേരെ തിരിഞ്ഞു. ഇരുമ്പു ചുറ്റിക തുണിയില്‍ ചുറ്റി ഡോറിന്റെ വശത്തെ ചില്ലു തകര്‍ത്തു. ഇതോടെ സീറ്റ് പിന്നിലേക്കാക്കി സുനില്‍ ചാഞ്ഞു കിടന്നു. പിന്നാലെ ഗ്യാസ് കുറ്റി കൊണ്ടുവന്ന് സ്േ്രപ ചെയ്തു. പെപ്പര്‍ സ്‌പ്രേ ആണെന്ന് കരുതി കാലുകൊണ്ട് ചവിട്ടിത്തെറിപ്പിക്കാന്‍ ശ്രമിക്കവേയാണ് സുനിലിന് വെട്ടേല്‍ക്കുന്നത്. ഇതോടെ അദ്ദേഹം ഉച്ചത്തില്‍ നിലവിളിക്കുകയായിരുന്നു.
ഇതോടെ പരിഭ്രാന്തിയിലായ ക്വട്ടേഷന്‍ സംഘം ഓടി രക്ഷപെടുകയായിരുന്നു. മുഖംമറച്ചാണ് അക്രമികള്‍ എത്തിയത്. എന്നാല്‍, ഒരാളെ കണ്ടാല്‍ തിരിച്ചറിയാന്‍ സാധിക്കുമെന്ന് സുനില്‍കുമാര്‍ പറഞ്ഞു. ആരുടെ ക്വട്ടേഷനാണെന്നത് അടക്കമുള്ള അന്വേണത്തിലേക്ക് പോലീസ് കടന്നിട്ടുണ്ട്. സിസി ടിവി ദൃശ്യങ്ങള്‍ അടക്കം പരിശോധിച്ചു അന്വേഷണം തുടങ്ങിയിട്ടുണ്ട്. പരിക്കേറ്റ ഇരുവരെയും സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഓടി രക്ഷപ്പെട്ട പ്രതികള്‍ക്കായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. സുനിലിന്റെ വീടിന്റെ സിസിടിവി ദൃശ്യങ്ങളില്‍ വീടിന് എതിര്‍വശത്തുള്ള പാലത്തിന് സമീപത്ത് നിന്നും മൂന്നുപേര്‍ ഓടി വരുന്നതും ആക്രമിക്കുന്നതും കാണാം.
കുറേക്കാലം അടഞ്ഞു കിടന്ന രാഗം തീയറ്റര്‍ വീണ്ടും തുറന്നു പ്രവര്‍ത്തനം തുടങ്ങിയത് 2020 മുതലാണ്. തൃശ്ശൂരിന്റെ അടയാളമായാണ് സ്വരാജ് റൗണ്ടിലെ 'രാഗം' അഥവാ 'ജോര്‍ജേട്ടന്‍സ് രാഗം' അറിയപ്പെടുന്നത്. 40 വര്‍ഷത്തെ പ്രവര്‍ത്തനത്തിനുശേഷം 2015ലാണ് പ്രദര്‍ശനം നിര്‍ത്തുന്നത്. പുതിയകാലത്ത് പുത്തന്‍ സാങ്കേതികവിദ്യകളുമായി തിയറ്റര്‍ വീണ്ടും തുറക്കുകയായിരുന്നു. സമീപകാലത്തായി സുനില്‍കുമാറാണ് തീയറ്ററിന്റെ നടത്തിപ്പ് ചുമതല. ഇതുമായി ബന്ധപ്പെട്ട ചില തര്‍ക്കങ്ങളും നേരത്തെ നിലനിന്നിരുന്നു. ഇപ്പോഴത്തെ ആക്രമണങ്ങള്‍ക്ക് പി്ന്നില്‍ ഈ തര്‍ക്കങ്ങളാണെന്നും പോലീസ് സംശയിക്കുന്നുണ്ട്.
1974 ആഗസ്ത് 24 നാണ് 'രാഗ'ത്തില്‍ ആദ്യ സിനിമ പ്രദര്‍ശനം നടന്നത്. രാമു കാര്യാട്ടിന്റെ 'നെല്ല്'. 50 ദിവസം തുടര്‍ന്ന ആ സിനിമയുടെ പ്രദര്‍ശനത്തിന് പ്രേംനസീര്‍, ജയഭാരതി, അടൂര്‍ ഭാസി, ശങ്കരാടി, രാമു കാര്യാട്ട് തുടങ്ങി നിരവധി പ്രമുഖര്‍ തിയറ്ററിലെത്തി. തുടങ്ങുമ്പോള്‍ നഗരത്തിലെ ഏറ്റവും വലിയ കെട്ടിടമായിരുന്നു രാഗം. അന്നത്തെ കാലത്തെ നൂതന സാങ്കേതികവിദ്യ ഉപയോഗിച്ച് പ്രവര്‍ത്തനമാരംഭിച്ച തിയറ്റര്‍ ആണ് രാഗം.
മലയാള സിനിമാചരിത്രത്തില്‍ എപ്പോഴൊക്കെ പുതുമകളും പരീക്ഷണങ്ങളും പരീക്ഷിക്കുന്നുവോ അപ്പോഴെല്ലാം 'രാഗ'ത്തിലാണ് ആ സിനിമ പ്രദര്‍ശനത്തിനെത്തുക. ആദ്യത്തെ സിനിമാസ്‌കോപ്പ് ചിത്രം 'തച്ചോളി അമ്പു', ആദ്യത്തെ 70 എംഎം ചിത്രം 'പടയോട്ടം', ആദ്യത്തെ ത്രീഡി സിനിമ 'മൈ ഡിയര്‍ കുട്ടിച്ചാത്തന്‍' എന്നിവയെല്ലാം ഇവിടെ പ്രദര്‍ശിപ്പിച്ചു. 'ഷോലെ', 'ബെന്‍ഹര്‍', 'ടൈറ്റാനിക്' തുടങ്ങിയ ചിത്രങ്ങള്‍ അതിന്റെ എല്ലാ സൗന്ദര്യത്തോടെയും കാണാന്‍ രാഗം പ്രേക്ഷകര്‍ക്ക് വഴിയൊരുക്കി. 'ടൈറ്റാനിക്' 140 ദിവസമാണ് പ്രദര്‍ശിപ്പിച്ചത്. മോഹന്‍ലാലിന്റെ ദൃശ്യവും എമ്പുരാനുമെല്ലാം വലിയ തോതില്‍ കളക്ഷന്‍ ഈ തീയറ്ററില്‍ നിന്നും നേടിയിരുന്നു.
