ഫസ്റ്റ് കസിനെ വിവാഹം ചെയ്യുന്നത് തടയാനാവാതെ യുകെ നിയമങ്ങള്‍; പാക്കിസ്ഥാനി സമൂഹത്തില്‍ മാരക വൈറസായി പടര്‍ന്ന് ബന്ധു വിവാഹം; ബ്രാഡ്‌ഫോര്‍ഡ് ഫസ്റ്റ് കസിന്‍ കല്യാണത്തിന്റെ തലസ്ഥാനം; ബന്ധുക്കളുടെ മക്കള്‍ ജനിക്കുന്നത് ജനിത വൈകല്യത്തോടെ; ബ്രിട്ടണില്‍ സംഭവിക്കുന്നത്
ലണ്ടന്‍: ബ്രിട്ടനില്‍ എത്രപേര്‍ ഫസ്റ്റ് കസിന്‍സിനെ വിവാഹം ചെയ്യുന്നുണ്ട് എന്നതിനെ കുറിച്ച് ഔദ്യോഗിക കണക്കുകള്‍ ഒന്നും തന്നെ ലഭ്യമില്ല. അത്തരം കാര്യങ്ങള്‍ നിരീക്ഷിക്കാന്‍ സംവിധാനമില്ല എന്നത് തന്നെയാണ് കാരണം. സ്വന്തം സഹോദരനെയോ സഹോദരിയെയോ വിവാഹം ചെയ്യുന്നത് നിയമവിരുദ്ധമാണെങ്കിലും, കസിന്‍സിനെ വിവാഹം ചെയ്യുന്നതിന് ഇപ്പോഴും നിയമപരമായ അനുമതിയുണ്ട്. അതുകൊണ്ടു തന്നെ വിവാഹങ്ങള്‍ റെജിസ്റ്റര്‍ ചെയ്യുന്ന കൗണ്‍സിലുകള്‍ ഈ പ്രശ്നത്തിന്റെ ആഴത്തെ കുറിച്ച് അന്വേഷിക്കാറില്ല എന്നതാണ് വാസ്തവം.
പാകിസ്ഥാനി സമൂഹത്തിനിടയില്‍ കസിന്‍സ് വിവാഹം വ്യാപകമായ ബ്രാഡ്‌ഫോര്‍ഡിലെ കൗണ്‍സില്‍ അധികൃതര്‍ പറയുന്നത് രക്തബന്ധമുള്ളവര്‍ തമ്മിലുള്ള വിവാഹത്തിന്റെ കൃത്യമായ എണ്ണം അറിയില്ല എന്നാണ്. വിവാഹം റെജിസ്റ്റര്‍ ചെയ്യുന്നതിന് അത്തരമൊരു വിവരം നല്‍കേണ്ടത് ആവശ്യമില്ലാത്തതിനാലാണ് അത് അന്വേഷിക്കാത്തതെന്നും അവര്‍ പറയുന്നു. ഇതുമായി ബന്ധപ്പെട്ട വിവരത്തിനായി മെയില്‍ ഓണ്‍ലൈന്‍ സമീപിച്ച കൗണ്‍സിലുകളില്‍ 240 എണ്ണത്തില്‍ ഇതുമായി ബന്ധപ്പെടുത്തുന്ന വിവരങ്ങള്‍ ഇല്ലായിരുന്നു എന്ന് അവര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇത്തരമൊരു സമ്പ്രദായം നിര്‍ത്തലാക്കണമെന്ന് കണ്‍സര്‍വേറ്റീവ് പാര്‍ട്ടി ആവശ്യപ്പെടുന്നുണ്ട്. ഇത്തരത്തില്‍ രക്തബന്ധമുള്ളവര്‍ തമ്മില്‍വിവാഹം കഴിക്കുമ്പോള്‍ അതില്‍ ജനിക്കുന്ന കുട്ടികള്‍ക്ക് പലവിധ ജനിതക തകരാറുകള്‍ ഉണ്ടാകുന്നതായും, വളര്‍ച്ച സാവധാനത്തിലാകുന്നതായും പഠനവൈകല്യം സംസാര വൈകല്യം എന്നിവയ്ക്കുള്ള സാധ്യത വര്‍ദ്ധിക്കുന്നതായും തെളിഞ്ഞിട്ടുണ്ട്. ഫസ്റ്റ് കസിന്‍ വിവാഹങ്ങളില്‍ പിറക്കുന്ന കുട്ടികളില്‍, മാതാപിതാക്കളില്‍ ഉണ്ടായേക്കാവുന്ന സിസ്റ്റിക് ഫൈഗ്രോസിസ് പോലുള്ള ജനിത വൈകല്യങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത 6 ശതമാനത്തോളമാണെന്നു പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ഇത്, രക്തബന്ധമില്ലാത്ത മാതാപിതാക്കളില്‍ ജനിക്കുന്ന കുട്ടികള്‍ക്കുള്ള സാധ്യതയുടെ ഇരട്ടിയോളം വരും.
വളരെ അടുത്ത ബന്ധമുള്ള മാതാപിതാക്കള്‍ ചില തകരാറുകള്‍ ഉള്ള ജീനുകള്‍ വഹിക്കാനുള്ള സാധ്യത കൂടുതലായതിനാലാണിതെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ഒരുകാലത്ത് ബ്രിട്ടനിലെ വരേണ്യ വര്‍ഗ്ഗങ്ങള്‍ക്കിടയില്‍ രക്തബന്ധത്തിലുള്ളവര്‍ തമ്മില്‍ വിവാഹം കഴികുന്നത് സാധാരണമായിരുന്നു. കുടുംബബന്ധങ്ങള്‍ ശക്തിപ്പെടുത്തുന്നതിനും ഒപ്പം കുടുംബത്തിന്റെ സ്വത്തും ഭൂമിയുമൊക്കെ അന്യാധീനപ്പെടാതിരിക്കാനുമുള്ള വഴിയായിട്ടായിരുന്നു ഇതിനെ കണ്ടിരുന്നത്. എന്നാല്‍ ഇന്ന് ഒരു ശതമാനം ബ്രിട്ടീഷ് ദമ്പതികള്‍ മാത്രമാണ് രക്തബന്ധമുള്ളവരായിട്ടുള്ളത്.
അതേസമയം, ഒരു പതിറ്റാണ്ട് മുന്‍പ് ബ്രാഡ്‌ഫോര്‍ഡില്‍ ജീവിച്ചിരുന്ന പാകിസ്ഥാനി ദമ്പതികള്‍ക്കിടയില്‍ ഇത് 37 ശതമാനമായിരുന്നു എന്ന് കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍, ഇപ്പോള്‍ ഈ പ്രവണത കുറഞ്ഞുവരുന്നതായിട്ടാണ് കാണുന്നത്. സഹോദരീസഹോദരന്മാര്‍, അര്‍ദ്ധ സഹോദരങ്ങള്‍, തുടങ്ങി രക്തബന്ധത്തില്‍ പെട്ട ചിലരുമായിട്ടുള്ള വിവാഹം ബ്രിട്ടനില്‍ നിയമവിരുദ്ധമാണ്. മാത്രമല്ല, ഇവരുമായുള്ള ലൈംഗിക ബന്ധവും കുറ്റകൃത്യമാണ് . പിടിക്കപ്പെട്ടാല്‍ തടവ് വരെ അനുഭവിച്ചേക്കാം. കസിന്‍സ് തമ്മിലുള്ള വിവാഹം പൂര്‍ണ്ണമായും നിരോധിക്കാന്‍ ടൊറി എം പി റിച്ചാര്‍ഡ് ഹോള്‍ഡെന്‍ ഒരു ബില്‍ കൊണ്ടുവന്നിട്ടുണ്ട്.