ബ്രിട്ടീഷ് ജയിലുകളെ കീഴടക്കി ഇസ്ലാമിക ഭീകരവാദികള്‍; ജയിലില്‍ വലിയ തോതില്‍ മതപരിവര്‍ത്തനം പതിവായി; തടവുകാര്‍ക്ക് സുരക്ഷാ വേണമെങ്കില്‍ ഇസ്ലാമിലേക്ക് മാറണം; നിയന്ത്രണം നഷ്ടപ്പെട്ട് അധികൃതര്‍; ബ്രിട്ടീഷ് ജയില്‍ കഥയില്‍ ഞെട്ടി ലോകം
ലണ്ടന്‍: നിലവിലെ ബ്രിട്ടീഷ് നീതിനിര്‍വഹണ വ്യവസ്ഥയുടെ അവസ്ഥയെ കുറിച്ച് അറിയുവാന്‍ ഡെന്നി ഡി സില്‍വയുടെ കഥ അറിഞ്ഞാല്‍ മതി. മയക്കുമരുന്ന് കടത്തുകാരനും കൊലപാതകിയുമായി ഡെന്നി ഡി സില്‍വയെ 2016 ല്‍ ആയിരുന്നു ജയിലില്‍ അടച്ചത്. ജയിലില്‍ വെച്ച് ഇസ്ലാമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെട്ട അയാള്‍ അന്നു മുതല്‍ ഏത് ജയിലില്‍ പോയാലും തീരാത്ത തലവേദന സൃഷ്ടിച്ചു കൊണ്ടിരിക്കുകയാണ്. തന്റേതല്ലാത്ത വിശ്വാസങ്ങള്‍ പിന്തുടരുന്ന ജയില്‍പ്പുള്ളികളെ മര്‍ദ്ധിക്കുക, ജയിലിനകത്തേക്ക് മൊബൈല്‍ ഫോണുകളും ഇസ്ലാമിക് സ്റ്റേറ്റ് പ്രചാരണ ലഘുലേഖകളും ഒളിച്ചു കടത്തുക തുടങ്ങിയവയൊക്കെ അയാളുടെ സ്ഥിരം പരിപാടികളാണത്രെ.
ജയിലിനകത്ത് അതിതീവ്ര ഇസ്ലാമായി അറിയപ്പെടുന്ന ഈ 32 കാരന്‍, ഏത് ജയിലില്‍ പോയാലും ഇസ്ലാമിതര വിശ്വാസികളായ തടവുകാരെ ഇസ്ലാമതത്തിലേക്ക് ബലപ്രയോഗത്താല്‍ പരിവര്‍ത്തനം ചെയ്യിക്കുകയാണെന്നും മെയില്‍ ഓണലൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. തുടര്‍ന്ന് 2023 ല്‍ ഇയാളെ സെപ്പറേഷന്‍ സെന്ററിലേക്ക് മാറ്റാന്‍ തീരുമാനിക്കുകയായിരുന്നു. പത്തില്‍ താഴെ ആളുകളെ മാത്രം ഉള്‍ക്കൊള്ളാന്‍ കഴിയുന്ന ഇത്തരം സെന്ററുകള്‍ മൂന്ന് അതീവ സുരക്ഷാ ജയിലുകളിലാണ് പ്രവര്‍ത്തിക്കുന്നത്. ബ്രിട്ടീഷ് ജയിലുകളില്‍ ഇസ്ലാമിക തീവ്രവാദികളുടെ ഉപദ്രവം വര്‍ദ്ധിച്ചതോടെയാണ് ഇത്തരം സെന്ററുകള്‍ ആരംഭിച്ചത്.
എന്നാല്‍, ജയിലിനുള്ളിലെ പ്രത്യേക ജയിലില്‍ കഴിയാന്‍ താത്പര്യപ്പെടാതെ ഇയാള്‍ സാധാരണ ജയിലിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് നിയമനടപടികള്‍ക്ക് മുതിര്‍ന്നിരിക്കുകയാണ്. പ്രത്യേക ജയിലിലേക്ക് മാറ്റുക വഴി തന്റെ മനുഷ്യാവകാശം ലംഘിക്കപ്പെട്ടിരിക്കുന്നു എന്നാണ് ഇയാള്‍ അവകാശപ്പെടുന്നത്.പ്രത്യേക ജയില്‍ എന്നാല്‍ ഗ്വണ്ടാനാമോ പോലെ ഒരു പീഢന കേന്ദ്രമൊന്നുമല്ല. ലൈബ്രറിയും ജിമ്‌നേഷ്യവുമെല്ലാം അവിടെയുണ്ട്. എന്നാല്‍ അവിടെ ചെലവഴിക്കാന്‍ പരിമിതമായ സമയമേ ഉള്ളു എന്നാണ് ഇയാള്‍ ഇന്നലെ ഹൈക്കോടതിയില്‍ കേസ് വിചാരണവേളയില്‍ പറഞ്ഞത്.
അതുപോലെ, ക്വിസ്, ഡോക്യുമെന്ററി കാണല്‍ തുടങ്ങിയ പഠന പദ്ധതികളോടും താത്പര്യമില്ല എന്ന് അയാള്‍ പറയുന്നു. ഇത്തരത്തില്‍ അയാളെ മാറ്റിപ്പാര്‍പ്പിക്കുന്നത് അയാളുടെ മാനസികാരോഗ്യം തകര്‍ക്കും എന്നാണ് അയാളുടെ അഭിഭാഷകര്‍ കോടതിയില്‍ വാദിച്ചത്. ഉത്ക്കണ്ഠ വര്‍ദ്ധിക്കുകയും ക്രമേണ വിഷാദരോഗത്തിലേക്ക് വഴുതിവീഴുകയും ചെയ്തേക്കാം എന്നും അവര്‍ പറയുന്നു. അദ്ഭുതകരമെന്ന് പറയട്ടെ, ഇയാളുടെ തടവുമായി ബന്ധപ്പെട്ട് പുനപരിശോധന ആവശ്യമാണെന്നായിരുന്നു കോടതി ഉത്തരവിട്ടത്.
യൂറോപ്യന്‍ കണ്‍വെന്‍ഷന്‍ ഓണ്‍ ഹ്യുമന്‍ റൈറ്റ്‌സിലെ ആര്‍ട്ടിക്കിള്‍ 8 ഉറപ്പു നല്‍കുന്ന, തടവുകാരുടെ അവകാശം ഇയാള്‍ക്ക് ലഭിച്ചിട്ടില്ലെന്നായിരുന്നു കോടതിയുടെ നിരീക്ഷണം. അതനുസരിച്ച് ഇപ്പോള്‍ ഇയാളെ സാധാരണ ജയിലിലേക്ക് മാറ്റിയിരിക്കുകയാണെന്നാണ് മെയില്‍ ഓണ്‍ ലൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇത് ഒരു ഒറ്റപ്പെട്ട സംഭവമല്ല, മാഞ്ചസ്റ്റര്‍ അറീന ബോംബ് സ്‌ഫോടനകേസില്‍ 55 വര്‍ഷത്തെ തടവ് ശിക്ഷ അനുഭവിക്കുന്ന ഹാഷിം അബേഡി കഴിഞ്ഞ ദിവസമായിരുന്നു മൂന്ന് ജയില്‍ വാര്‍ഡന്മാരെ കുത്തി പരിക്കേല്‍പ്പിച്ചത്. ആക്രമിക്കുന്നതിനു മുന്‍പ് ഉദ്യോഗസ്ഥര്‍ക്ക് മേല്‍ ഇയാള്‍ തിളച്ച എണ്ണ ഒഴിക്കുകയും ചെയ്തിരുന്നു.
ബ്രിട്ടനിലെ ജയിലുകള്‍ എല്ലാം തന്നെ ഇപ്പോള്‍ നിയന്ത്രിക്കുന്ന സ്വയം പ്രഖ്യാപിത ബ്രദര്‍ഹുഡ് സംഘങ്ങളാണെന്ന് ഷാഡോ ജസ്റ്റിസ് സെക്രട്ടറി റോബര്‍ട്ട് ജെന്റിക്ക് ആരോപിക്കുന്നു. ജയില്‍ ഉദ്യോഗസ്ഥരെയും മറ്റ് തടവുകാരെയും ഇസ്ലാമിസ്റ്റുകള്‍ ആക്രമിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ജയിലിലെ ഭക്ഷണ ക്രമവും പ്രാര്‍ത്ഥനാ സമയവുമെല്ലാം അവരാണ് തീരുമാനിക്കുന്നത്. ഇസ്ലാമേതര വിശ്വാസികളെ മതപരിവര്‍ത്തനം ചെയ്യിക്കാനും അവര്‍ ബലപ്രയോഗം നടത്തുന്നതായി അദ്ദേഹം ആരോപിച്ചു.