'ക്രിസ്മസ് ദിനത്തില്‍ വന്‍ ദുരന്തമുണ്ടായി ലോകം അവസാനിക്കും'; കനത്ത മഴ പെയ്യുന്നത് കണ്ട് ഘാനയിലെ ആള്‍ ദൈവത്തിന്റെ പ്രവചനം; പത്ത് പേടകങ്ങളുണ്ടാക്കിയതോടെ 'രക്ഷപ്പെടാന്‍' താമസം മാറ്റി അനുയായികള്‍; ദുരന്തം തല്‍ക്കാലം മാറ്റിവെച്ചെന്ന് വിശദീകരിച്ചതോടെ പേടകത്തിന് തീയിട്ട് ജനങ്ങളുടെ പ്രതികാരം; പശ്ചിമാഫ്രിക്കന്‍ രാജ്യത്തെ 'സംഭവങ്ങള്‍' സമൂഹമാധ്യമങ്ങളില്‍ വൈറല്‍

Update: 2025-12-29 08:32 GMT

അക്ര: ക്രിസ്മസ് ദിനത്തില്‍ വെള്ളപ്പൊക്കമടക്കം വന്‍ ദുരന്തമുണ്ടായി ലോകം അവസാനിക്കുമെന്ന ഘാനയിലെ ആള്‍ ദൈവത്തിന്റെ പ്രവചനം വിശ്വസിച്ച് ഇറങ്ങിത്തിരിച്ച അനുയായികള്‍ ഒടുവില്‍ വെട്ടിലായി. പശ്ചിമാഫ്രിക്കന്‍ രാജ്യമായ ഘാനയുടെ ചില ഭാഗങ്ങളില്‍ സമീപ മാസങ്ങളില്‍ കനത്ത മഴ പെയ്തിരുന്നു. മോശം കാലാവസ്ഥ ജനങ്ങളുടെ ഉത്കണ്ഠ വര്‍ധിക്കുന്നതിനിടെയാണ് ലോകം അവസാനിക്കുമെന്ന പ്രവചനവുമായി എബോ എനോക്ക് എന്നയാള്‍ രംഗത്ത് വന്നത്. ഇതോടെ പ്രദേശവാസികള്‍ പരിഭ്രാന്തരായി. ഇതിനിടെ പത്ത് പേടകങ്ങള്‍ തയ്യാറാക്കി രക്ഷകനായാകാന്‍ എബോ എനോക്ക് രംഗത്ത് വന്നു. മരം കൊണ്ട് വലിയ ബോട്ടുകള്‍ നിര്‍മിക്കുന്നതിന്റെ വീഡിയോകള്‍ ഇയാള്‍ യുട്യൂബിലും എക്‌സിലുമായി പ്രസിദ്ധീകരിച്ചു. വിവരം അറിഞ്ഞ് പേടകത്തിന് സമീപത്തേക്ക് താമസം മാറ്റിയവരുമുണ്ട്. ഒടുവില്‍ സാധാരണ ദിവസങ്ങള്‍ പോലെ ക്രിസ്മസ് ദിനം കടന്നു പോയതോടെയാണ് കബളിപ്പിക്കപ്പെട്ടതായി അവര്‍ തിരിച്ചറിഞ്ഞത്. പിന്നാലെ വിശദീകരണവുമായി എബോ എനോക്ക് രംഗത്ത് വന്നു. താന്‍ പ്രാര്‍ത്ഥിച്ച് അപേക്ഷിച്ചതിനാല്‍ ദുരന്തം തല്‍ക്കാലത്തേക്ക് മാറ്റിവെച്ചിരിക്കുകയാണെന്നാണ് ആള്‍ ദൈവത്തിന്റെ ഇപ്പോഴത്തെ വിശദീകരണം. ഇതിനിടെ മെഴ്സിഡസ് കാര്‍ വരെ സ്വന്തമാക്കിയ എബോ എനോക്ക് സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്.

ഡിസംബര്‍ 25 മുതല്‍ എല്ലാം നശിപ്പിക്കുന്ന വലിയ വെള്ളപ്പൊക്കത്തെക്കുറിച്ച് മുന്നറിയിപ്പ് നല്‍കുന്ന ദിവ്യ സന്ദേശം തനിക്ക് ലഭിച്ചതായി മാസങ്ങള്‍ക്ക് മുമ്പ് തന്നെ എബോ എനോക്ക് അവകാശപ്പെട്ടിരുന്നു. ഓഗസ്റ്റില്‍ ഇയാള്‍ പ്രസിദ്ധീകരിച്ച യൂട്യൂബ് വീഡിയോയില്‍, ക്രിസ്മസ് ദിനത്തില്‍ ആരംഭിക്കുന്ന നിര്‍ത്താതെയുള്ള മഴ മൂന്ന് വര്‍ഷം തുടരുമെന്നാണ് പറഞ്ഞത്. വരാനിരിക്കുന്ന ദുരന്തത്തില്‍നിന്ന് ജനങ്ങളെ രക്ഷിക്കാന്‍ പേടകങ്ങള്‍ നിര്‍മ്മിക്കാന്‍ ദൈവം തന്നോട് നിര്‍ദേശിച്ചതായും ഇയാള്‍ അവകാശപ്പെട്ടിരുന്നു. തുടര്‍ന്ന് മരം കൊണ്ട് വലിയ ബോട്ടുകള്‍ നിര്‍മിക്കുന്നതിന്റെ വീഡിയോകള്‍ ഇയാള്‍ യുട്യൂബിലും എക്‌സിലുമായി പ്രസിദ്ധീകരിച്ചു. പത്ത് വലിയ പേടകങ്ങള്‍ നിര്‍മിച്ചുവെന്നാണ് വീഡിയോയില്‍ പറഞ്ഞത്.

ഇതെല്ലാം കണ്ട് പലരും എബോ ഇനോക്കിന്റെ വാക്കുകള്‍ വിശ്വസിച്ചു. ഇതിനിടെ ഘാനയുടെ ചില ഭാഗങ്ങളില്‍ സമീപ മാസങ്ങളില്‍ കനത്ത മഴ പെയ്തിരുന്നു. മോശം കാലാവസ്ഥ ജനങ്ങളുടെ ഉത്കണ്ഠ വര്‍ധിപ്പിച്ചു. നിരവധി പേര്‍ എനോക്കിനെ വിശ്വസിക്കുകയും ചെയ്തു. ലോകാവസാനത്തെക്കുറിച്ച് പരിഭ്രാന്തി പരന്നതോടെ എനോക്കിന്റെ പേടകത്തില്‍ കയറി രക്ഷപ്പെടണമെന്ന ലക്ഷ്യത്തോടെ നിരവധി ആളുകളാണത്രെ തീരദേശ പട്ടണമായ എല്‍മിനയിലേക്ക് യാത്ര ചെയ്തത്. ഇത്തരത്തില്‍ ലൈബീരിയയില്‍നിന്ന് പുറപ്പെട്ട് ഘാനയിലെത്തി എല്‍മിനയില്‍ കുടുങ്ങിയയാള്‍ ഇനി എന്തുചെയ്യണമെന്നറിയാതെ കരയുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

വെള്ളപ്പൊക്കമുണ്ടാകുമെന്ന് വിശ്വസിച്ചെത്തിയ ഒരു കുടുംബം പേടകത്തിന് സമീപത്തേക്ക് താമസം മാറ്റി. ദുരന്തം മാറ്റിവെച്ചെന്ന വിവരം വന്നതോടെ രോഷാകുലനായ ഇദ്ദേഹം പേടകത്തിന് തീയിട്ടതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

'താന്‍ കൂടുതല്‍ പ്രാര്‍ഥിച്ചതോടെ ദൈവീക ഇടപെടലുണ്ടാകുകയും ദുരന്തം മാറ്റിവെക്കപ്പെടുകയുമായിരുന്നു എന്നാണ് ആള്‍ ദൈവം പറയുന്നത്. ഞാന്‍ പ്രാര്‍ഥിച്ചു, ഉപവസിച്ചു, ദാനം ചെയ്തു, പണിയിച്ചു, എന്റെ പ്രാര്‍ഥനയിലൂടെ എനിക്ക് മറ്റൊരു ദര്‍ശനം ലഭിച്ചു. ആ ദര്‍ശനം ദൈവത്തിന്റെ ചില മഹാന്മാരുമായി പങ്കുവെച്ചു. അതിനാല്‍, പത്ത് പേടകങ്ങള്‍ക്ക് പുറമേ നമ്മളെയെല്ലാം ഉള്‍ക്കൊള്ളാന്‍ കൂടുതല്‍ പേടകങ്ങള്‍ നിര്‍മ്മിക്കാന്‍ ദൈവം ഞങ്ങള്‍ക്ക് കുറച്ച് സമയം നല്‍കി. ഞാന്‍ ടിക്കറ്റ് വില്‍ക്കുന്നില്ല, ആരില്‍ നിന്നും പണം വാങ്ങുന്നില്ല, അതിനാല്‍ ദയവായി വീട്ടില്‍ തന്നെ തുടരുക...' -എന്നാണ് എബോ എനോക്ക് പറയുന്നത്.


അനുയായികളില്‍ നിന്ന് ഒരിക്കലും പണം വാങ്ങിയിട്ടില്ലെന്ന് എനോക്ക് അവകാശപ്പെട്ടിരുന്നു. എന്നാല്‍, ഏകദേശം 89,000 ഡോളര്‍ വിലയുള്ള മെഴ്സിഡസ് കാര്‍ ഇയാള്‍ വാങ്ങിയതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്. കാറിന്റെ ഫോട്ടോകള്‍ പുറത്തുവന്ന് വൈറലായതോടെ, പേടകം നിര്‍മ്മിക്കാനുള്ള പദ്ധതിക്കായി നല്‍കിയ സംഭാവനകള്‍ ആഡംബര ജീവിതത്തിനായി ഉപയോഗിച്ചുവെന്ന് ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്.

Tags:    

Similar News