ദേ..പോയി ദാ വന്നു..!! യൂണിഫോമിൽ വളരെ ഗൗരവത്തോടെ സംസാരിച്ചിരുന്ന ആ പാക്ക് പോലീസുകാരി; അവതാരകന്റെ ചോദ്യത്തിന് എല്ലാം മണിമണി പോലെ ഉത്തരങ്ങൾ; കള്ളന്മാരെ എങ്ങനെ ശാസ്ത്രീയമായി പിടിക്കാം..എന്നുവരെ ടോപ്പിക്ക്; പെട്ടെന്ന് ഫോണിലേക്ക് ഒരു എമർജൻസി കോൾ; പിന്നാലെ കണ്ണുംപൂട്ടി ഒരൊറ്റ ഓട്ടം; സത്യാവസ്ഥ അറിഞ്ഞപ്പോൾ അമ്പരപ്പ്
ലാഹോർ: ഒരു പോഡ്‌കാസ്റ്റ് അഭിമുഖത്തിനിടെ കൊലപാതകക്കേസ് അന്വേഷിക്കാൻ പാതിവഴിയിൽ എഴുന്നേറ്റ് പോവുകയും കേസ് ഒരു മണിക്കൂറിനുള്ളിൽ പരിഹരിച്ചതായി അവകാശപ്പെടുകയും ചെയ്ത പാകിസ്താനി പോലീസ് ഉദ്യോഗസ്ഥ ഷെഹർബാനോ നഖ്‌വി സമൂഹ മാധ്യമങ്ങളിൽ വ്യാപകമായ പരിഹാസത്തിന് ഇരയായി. ലാഹോർ അസിസ്റ്റന്‍റ് സൂപ്രണ്ട് ഓഫ് പോലീസ് (എ.എസ്.പി) ആയ നഖ്‌വിയുടെ "സിനിമയെ വെല്ലുന്ന" ഈ നടപടി രാജ്യത്ത് പോലീസിന്‍റെ പ്രവർത്തനരീതിയെക്കുറിച്ചുള്ള വലിയ ചർച്ചകൾക്ക് തുടക്കമിട്ടിരിക്കുകയാണ്.
ഒരു പോഡ്‌കാസ്റ്റിൽ സംസാരിച്ചുകൊണ്ടിരിക്കെയാണ് ഷെഹർബാനോ നഖ്‌വിക്ക് ഫോൺ കോൾ വന്നത്. വിളിച്ചത് തന്‍റെ എസ്.എച്ച്.ഒ ഖുറം ആണെന്നും ഒരു കൊലപാതകം നടന്നിട്ടുണ്ടെന്നും അവർ അവതാരകനെ അറിയിച്ചു. "ഒരു കൊലപാതകം നടന്നിട്ടുണ്ട്, ഞാൻ ഇപ്പോൾ അതൊന്ന് പോയി കൈകാര്യം ചെയ്തിട്ട് വരാം," എന്ന് പറഞ്ഞ ശേഷം അവർ അഭിമുഖം നിർത്തിവെച്ച് സംഭവസ്ഥലത്തേക്ക് പോയി.
കൃത്യം ഒരു മണിക്കൂറിന് ശേഷം തിരിച്ചെത്തിയ നഖ്‌വി, കേസ് പരിഹരിച്ചതായി അവകാശപ്പെട്ടു. എന്താണ് സംഭവിച്ചതെന്ന അവതാരകന്‍റെ ചോദ്യത്തിന്, "അതൊരു കൊലപാതകമായിരുന്നു," എന്ന് ലാഘവത്തോടെ സ്ഥിരീകരിച്ച അവർ, ഡിഫൻസ് ഫേസ് എ-യിലെ കെ ബ്ലോക്കിലാണ് സംഭവം നടന്നതെന്നും കൂട്ടിച്ചേർത്തു. സുഹൃത്തുക്കൾ തമ്മിലുള്ള പണമിടപാടിലെ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നും പ്രതിയെ പിടികൂടിയതായും അവർ വിശദീകരിച്ചു.
എന്നാൽ, ഒരു കൊലപാതകക്കേസ് ഒരു മണിക്കൂറിനുള്ളിൽ അന്വേഷിച്ച് തെളിയിച്ചെന്ന നഖ്‌വിയുടെ വാദം സമൂഹ മാധ്യമങ്ങളിൽ വ്യാപകമായ വിമർശനത്തിനും പരിഹാസത്തിനും ഇടയാക്കി. ഒരു മണിക്കൂറിനുള്ളിൽ എഫ്.ഐ.ആർ പോലും രജിസ്റ്റർ ചെയ്യാൻ കഴിയാത്ത സാഹചര്യത്തിൽ പ്രതിയെ പിടികൂടുകയും കൊലപാതകത്തിന്‍റെ കാരണം കണ്ടെത്തുകയും ചെയ്യുന്നത് കോടതികൾക്ക് വർഷങ്ങൾ എടുക്കുന്ന കാര്യമാണെന്ന വിമർശനം ഉയർന്നു.
"പരിഷ്കൃത സമൂഹത്തിൽ ഒരു പോലീസ് ഉദ്യോഗസ്ഥൻ ഇങ്ങനെ ചെയ്താൽ ജോലിയിൽ നിന്ന് പിരിച്ചുവിടുകയും ജയിലിലടയ്ക്കപ്പെടുകയും ചെയ്യുമായിരുന്നു" എന്ന് ചിലർ അഭിപ്രായപ്പെട്ടു. രാജ്യത്തെ പോലീസ് സംവിധാനം വിലകുറഞ്ഞ നടന്മാരെ റിക്രൂട്ട് ചെയ്യുന്ന ഒരു വേദിയായി മാറിയെന്നും എല്ലാവരും അവരവരുടെ നാടകങ്ങളിൽ മുഴുകിയിരിക്കുകയാണെന്നും വിമർശകർ കുറ്റപ്പെടുത്തി.