ഹമാസ് ചവറാണ്, അവര്‍ പുറത്തുപോകട്ടെ! ഭീകരസംഘടനയുടെ പിടി അയഞ്ഞതോടെ പഴയ പേടി മാറി ഗസ്സയില്‍ പ്രതിഷേധ മുദ്രാവാക്യങ്ങളുമായി ജനങ്ങള്‍; ഈ ക്രൂരന്മാരാണ് തങ്ങളുടെ ജീവിതം പാഴാക്കിയതെന്നും നാട്ടുകാര്‍; ഒന്നടങ്കം ഹമാസിന് എതിരെ തിരിഞ്ഞ് സഹികെട്ട ജനം
ഒന്നടങ്കം ഹമാസിന് എതിരെ തിരിഞ്ഞ് സഹികെട്ട ജനം
ജെറുസലേം: ഗസ്സയെ അടക്കി ഭരിച്ച ഹമാസ് ഭീകരസംഘടനക്കെതിരെ സഹികെട്ട് ഒടുവില്‍ നാട്ടുകാര്‍ രംഗത്തെത്തി. ഹമാസ് ഭീകരര്‍ ഗസ്സയില്‍ നിന്ന് പുറത്ത് പോകണം എന്നാവശ്യപ്പെട്ട് നിരവധി പേരാണ് ഇപ്പോള്‍ പരസ്യമായി തന്നെ രംഗത്ത് എത്തിയിരിക്കുന്നത്. സമൂഹ മാധ്യമങ്ങളിലും എല്ലാം ഇത്തരം ഗ്രൂപ്പുകള്‍ സജീവമാകുകയാണ്. എല്ലാ ഹമാസ് ഭീകരരും പുറത്ത് കടക്കൂ എന്നാണ് ഇവരെല്ലാം ആവശ്യപ്പെടുന്നത്.
പ്രമുഖ മാധ്യമമായ ബി.ബി.സി ഗസ്സയിലെ പല വ്യക്തികളുമായി ഇക്കാര്യത്തില്‍ അഭിപ്രായം തേടിയപ്പോള്‍ എല്ലാവരും ഒന്നടങ്കം ഹമാസിന് എതിരെയാണ് സംസാരിച്ചത്. പതിറ്റാണ്ടുകളായി ഗസ്സ മുനമ്പിലെ ജനങ്ങളെ ദുരിതത്തിലേക്ക് തള്ളിവിട്ട ഈ ഭീകരസംഘടനയെ ഒരു കാരണവശാലും വെച്ചുപൊറുപ്പിക്കേണ്ടതില്ല എന്നാണ് ഗാസയിലെ ജനങ്ങളുടെ നിലപാട്.
നേരത്തേയും, ഈ നിലപാട് ഉണ്ടായിരുന്ന ആളുകള്‍ ഹമാസിന്റെ ക്രൂരപീഡനങ്ങളെ ഭയന്നാണ് പ്രതികരിക്കാതെ തുടര്‍ന്നത്. ഇപ്പോള്‍ ഇസ്രയേലിന്റെ ശക്തമായ ആക്രമണത്തിന് മുന്നില്‍ ഭീകരസംഘടന അടിപതറിയിരിക്കുന്ന സാഹചര്യത്തിലാണ് ജനങ്ങള്‍ പ്രതികരിക്കാന്‍ ഇറങ്ങിയിരിക്കുന്നത്. കുറേ നാള്‍ മുമ്പ് ഗസ്സയില്‍ ഹമാസിന് എതിരെ പരസ്യമായി തന്നെ മുദ്രാവാക്യം വിളിച്ച് ജനങ്ങള്‍ തെരുവില്‍ ഇറങ്ങിയിരുന്നു.
ഹമാസ് എന്ന മാലിന്യത്തെ തൂത്തെറിയണം എന്നാണ് പല റാലികളിലും പങ്കെടുത്തവര്‍ വിളിച്ചിരുന്ന മുദ്രാവാക്യങ്ങള്‍. ലോകം കരുതുന്നത് ഗസ്സ ഹമാസാണെന്നും ഹമാസ് ഗസ്സയാണെന്നുമാണ് പലരും ചൂണ്ടിക്കാട്ടുന്നത്. തങ്ങള്‍ ആരും തന്നെ ഹമാസിനെ തെരഞ്ഞെടുത്തിട്ടില്ല എന്നും ജനങ്ങള്‍ പറയുന്നു. അത് കൊണ്ട് തന്നെ ഹമാസ് പിന്‍വാങ്ങണം എന്നാണ് അവര്‍ ആവശ്യപ്പെടുന്നത്.
ഹമാസ് തങ്ങളോട് വിയോജിക്കുന്നവരെ ഒരിക്കലും അംഗീകരിച്ചിട്ടില്ലെന്ന കാര്യം പലരും ചൂണ്ടിക്കാട്ടുന്നു. ഹമാസ് ഭീകരരെ ഇപ്പോള്‍ തങ്ങള്‍ക്ക് ഭയമില്ലെന്നും കുട്ടിക്കാലം മുതല്‍ തന്നെ അവരുടെ ക്രൂരതകള്‍ കണ്ടാണ് വളര്‍ന്നത് എന്ന കാര്യവും അവര്‍ ചൂണ്ടിക്കാട്ടുന്നു. തങ്ങളുടെ ജീവിതം പാഴാക്കിയതിന് ഉത്തരവാദികള്‍ ഹമാസ് നേതാക്കളാണ് എന്നും അവര്‍ കുറ്റപ്പെടുത്തുന്നു.
ഇസ്രയേലുമായി യുദ്ധം നടത്തുന്ന തിരക്കിനിടയിലും ഗസ്സയില്‍ തങ്ങളെ വിമര്‍ശിക്കുന്നവരെ ശിക്ഷിക്കാന്‍ അവര്‍ സമയം കണ്ടെത്തും എന്നാണ് ജനങ്ങള്‍ പറയുന്നത്. കഴിഞ്ഞ മാസം ഗസ്സയില്‍ നിന്ന് ഹമാസ് തട്ടിക്കൊണ്ട് പോയ ഒരു ഇരുപത്തിരണ്ടുകാരനെ അതിക്രൂരമായി പീഡിപ്പിച്ചതിന് ശേഷം വെടിവെച്ചു കൊന്ന കാര്യം അവര്‍ ഓര്‍മ്മിപ്പിക്കുന്നു. ഹമാസ് വിരുദ്ധ പ്രക്ഷോഭങ്ങളില്‍ പങ്കെടുത്ത വ്യക്തി ആയിരുന്നു അല്‍-റുബായ് എന്ന ഈ ചെറുപ്പക്കാരന്‍. കൂടാതെ ഗസ്സ പ്രേതങ്ങളുടെ നഗരമായി മാറിയതായി ഇയാള്‍ സമൂഹമാധ്യമങ്ങളില്‍ കുറിയ്ക്കുകയും ചെയ്തിരുന്നു.
അല്‍-റുബായിയുടെ ശവസംസ്‌ക്കാര ചടങ്ങില്‍ പങ്കെടുത്ത ഒരു വിഭാഗം ജനങ്ങള്‍ ഇക്കാര്യത്തില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. ഹമാസിനെതിരെ പ്രതിഷേധിച്ച അമിന്‍ അബൈദ് എന്ന വ്യക്തിയേയും ഹമാസ് ഭീകരര്‍ ക്രൂരമായി മര്‍ദ്ദിച്ചിരുന്നു. ഇയാളുടെ വൃക്കകള്‍ക്കും ആക്രമണത്തില്‍ തകരാറ് സംഭവിച്ചിരുന്നു.
ഇപ്പോള്‍ ഹമാസിന്റെ വെടിയുണ്ടകളെ തങ്ങള്‍ ഭയപ്പെടുന്നില്ല എന്നാണ് ജനങ്ങള്‍ പറയുന്നത്. ചില വീടുകളില്‍ ആയുധം സൂക്ഷിക്കാന്‍ എത്തിയ ചില ഹമാസ് ഭീകരരെ നാട്ടുകാര്‍ തുരത്തിയോടിച്ച സംഭവവും പലരും വെളിപ്പെടുത്തി. ഏതായാലും ഹമാസിന്റെ ഇരുമ്പുകരം ദുര്‍ബലമാകുകയാണ്. അതിന്റെ വ്യക്തമായ തെളിവ് തന്നെയാണ് ജനങ്ങളുടെ ഇത്തരം പരസ്യ പ്രതികരണങ്ങള്‍ സൂചിപ്പിക്കുന്നത്.