ഏഴു വയസുകാരിക്ക് പീഡനം: പരാതിയുമായി ചെന്നിട്ടും കേസെടുക്കാതെ പറഞ്ഞു വിട്ട പത്തനംതിട്ട വനിതാ എസ്.ഐയെ സിഡബ്ല്യുസി വിളിച്ചു വരുത്തും; തനിക്കെതിരേ പരാതി വരുന്നത് ഒഴിവാക്കാന്‍ കോന്നി സ്റ്റേഷനിലും വനിതാ എസ്ഐയുടെ ഇടപെടല്‍; സംരക്ഷിക്കാന്‍ ജില്ലയിലെ പോലീസ് ഉന്നതനും

Update: 2025-04-25 04:42 GMT

പത്തനംതിട്ട: പോക്സോ കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചുവെന്ന പരാതിയില്‍ അന്വേഷണം നേരിടുന്ന വനിതാ എസ്.ഐയെ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മറ്റി (സിഡബ്ല്യുസി) വിളിച്ചു വരുത്തും. കേസന്വേഷണം അട്ടിമറിക്കാന്‍ ശ്രമിച്ചുവെന്ന ബാലികയുടെയും അച്ഛന്റെയും പരാതിയില്‍ വനിതാ എസ്.ഐയെ രക്ഷിക്കാന്‍ ജില്ലയിലെ പോലീസ് ഉന്നതന്‍ ശ്രമിക്കുന്നുവെന്ന് ആക്ഷേപം ഉയരുന്നതിനിടെയാണ് പത്തനംതിട്ട വനിതാ സ്റ്റേഷന്‍ എസ്എച്ച്ഓ കെ.ആര്‍. ഷെമിമോളെ വിളിച്ചു വരുത്തി അന്വേഷണം നടത്താന്‍ സിഡബ്ല്യുസി ഒരുങ്ങുന്നത്.

ട്യൂഷന്‍ ടീച്ചറുടെ വയോധികനായ പിതാവ് കുട്ടിക്ക് നേരെ ലൈംഗികാതിക്രമം കാട്ടിയെന്ന പരാതിയുമായി ആദ്യം ചെന്നത് വനിതാ പോലീസ് സ്റ്റേഷനില്‍ എസ്ഐയുടെ മുന്നിലായിരുന്നു. ഇവരാകട്ടെ പരാതി നല്‍കുന്നത് നിരുത്സാഹപ്പെടുത്തിയെന്ന് മാത്രമല്ല, ഈ വിവരം പ്രതിയുടെ ബന്ധുവിനെ വിളിച്ച് അറിയിക്കുകയും ചെയ്തുവെന്നാണ് കുട്ടിയുടെ പരാതി. തുടര്‍ന്നാണ് ഇവര്‍ ചൈല്‍ഡ് ലൈനിനെ സമീപിച്ച് പ്രതിക്കും കേസ് അട്ടിമറിക്കാന്‍ ശ്രമിച്ച എസ്ഐക്കും എതിരേ പരാതി നല്‍കിയത്.

ചൈല്‍ഡ് ലൈന്‍ നേരെ പരാതി കോന്നി പോലീസിന് കൈമാറി. ഇതോടെ സംഗതി കുഴപ്പമാകുമെന്ന് മനസിലാക്കിയ എസ്ഐ ഷെമിമോള്‍ പോലീസ് ഉന്നതനില്‍ തനിക്കുള്ള സ്വാധീനം ഉപയോഗിച്ച് നടപടിക്രമങ്ങള്‍ എല്ലാം തന്റെ വരുതിയിലാക്കിയെന്ന് രഹസ്യാന്വേഷണ വിഭാഗങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഒരു സ്റ്റേഷനില്‍ ഇരയുടെ മൊഴി എടുക്കുന്നതിന് വനിതാ പോലീസ് ഇല്ലെങ്കില്‍ മാത്രം പുറത്തു നിന്ന് വനിതാ പോലീസിന്റെ സേവനം തേടിയാല്‍ മതി. അങ്ങനെ വരുമ്പോള്‍ വനിതാ പോലീസിനെ അയയ്ക്കുന്നത് ജില്ലാ പോലീസ് ആസ്ഥാനത്തെ വനിതാ സെല്ലില്‍ നിന്നാണ്. പക്ഷേ, കോന്നി സ്റ്റേഷനില്‍ വനിതാ പോലീസ് ഉണ്ടായിരുന്നിട്ടും അവരെ കൊണ്ട് മൊഴി എടുപ്പിക്കാതെ ഷെമിമോള്‍ക്ക് കീഴിലുള്ള വനിതാ പോലീസ് സ്റ്റേഷനില്‍ നിന്നുമുള്ള ഉദ്യോഗസ്ഥയെ ആണ് മൊഴി എടുക്കാന്‍ നിയോഗിച്ചത്.

തങ്ങള്‍ ആദ്യം വനിതാ സ്റ്റേഷനില്‍ പോയെന്നും എസ്ഐ തിരികെ അയച്ചുവെന്നുമുള്ള കുട്ടിയുടെയും പിതാവിന്റെയും മൊഴി ഈ ഉദ്യോഗസ്ഥ രേഖപ്പെടുത്തിട്ടിയിട്ടില്ല എന്ന വിവരമാണ് പുറത്തു വരുന്നത്. ഷെമിയെ രക്ഷിക്കാന്‍ വേണ്ടി ജില്ലയിലെ പോലീസ് ഉന്നതനാണ് മൊഴി എടുക്കാന്‍ പോലീസുകാരിയെ അയച്ചത്. ഇവര്‍ ഉന്നതന്റെയും വനിതാ എസ്ഐയുടെയും നിര്‍ദേശം അനുസരിച്ച് പ്രവര്‍ത്തിച്ചുവെന്നാണ് വിവരം.

നിലവില്‍ ഇരയും പിതാവും മൊഴിയില്‍ ഉറച്ചു നില്‍ക്കുന്ന സാഹചര്യത്തില്‍ വനിതാ എസ്ഐക്കെതിരേ അട്ടിമറി ശ്രമത്തിന് പോക്സോ കേസ് എടുക്കേണ്ടി വരും. കേരളാ പോലീസ് ഓഫീസേഴ്സ് അസോസിയേഷന്റെ സംസ്ഥാന വൈസ് പ്രസിഡന്റായ ഷെമിക്ക് വേണ്ടി വലിയ ഇടപെടലാണ് നടക്കുന്നത്. ഇതിന് പുറമേയാണ് ജില്ലയിലെ പോലീസ് ഉന്നതന്റെ സ്വാധീനവും. ജില്ലാ സ്പെഷല്‍ ബ്രാഞ്ചിനെ വരെ സ്വാധീനിക്കാന്‍ കഴിയുന്നയാളാണ് ഉദ്യോഗസ്ഥന്‍. ഇതു കാരണം നടപടി അട്ടിമറിക്കുന്നതിനുള്ള ശ്രമം വലിയ തോതില്‍ നടക്കുന്നുണ്ട്.

Similar News