16 വയസ്സില്‍ താഴെയുള്ളവരുടെ സോഷ്യല്‍ മീഡിയ ഉപയോഗം നിയന്ത്രിക്കാന്‍ ഒരു വര്‍ഷത്തിനകം നിയമം നടപ്പിലാക്കാന്‍ ഒരുങ്ങി ബ്രിട്ടീഷ് സര്‍ക്കാര്‍; കുട്ടികള്‍ വെര്‍ച്വല്‍ പ്രൈവറ്റ് നെറ്റ് വര്‍ക്കുകള്‍ ഉപയോഗിക്കുന്നതും തടയും; ഓസ്‌ട്രേലിയയുടെ വഴിയെ കുട്ടികളുടെ സോഷ്യല്‍ മീഡിയാ നിയന്ത്രണത്തിന് ബ്രിട്ടനും
16 വയസ്സില്‍ താഴെയുള്ളവരുടെ സോഷ്യല്‍ മീഡിയ ഉപയോഗം നിയന്ത്രിക്കാന്‍ ഒരു വര്‍ഷത്തിനകം നിയമം നടപ്പിലാക്കാന്‍ ഒരുങ്ങി ബ്രിട്ടീഷ് സര്‍ക്കാര്‍
ലണ്ടന്‍: പതിനാറ് വയസ്സില്‍ താഴെയുള്ളവര്‍ക്ക് സാമൂഹ്യ മാധ്യമ ഉപയോഗം വിലക്കുന്ന നിയമം ഈ വര്‍ഷം അവസാനത്തോടെ കൊണ്ടുവന്നേക്കും. ഈ പ്രായപരിധിയില്‍ പെടുന്നവര്‍ക്ക് ഓണ്‍ലൈന്‍ പ്രവര്‍ത്തനങ്ങളില്‍ കാര്യമായ നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നതായിരിക്കും ഈ നിയമം എന്നാണ് പ്രധാനമന്ത്രി പ്രഖ്യാപിച്ചത്. പ്രതിദിനം വെറും 600 കലോറി മാത്രം പ്രദാനം ചെയ്യുന്ന ഡയറ്റ് ഓഫര്‍ ചെയ്യുന്നു എന്ന് ആരോപിക്കപ്പെട്ട എ ഐ ചാറ്റ്‌ബോട്ടിലേക്കും പരിമിതമായ അളവില്‍ മാത്രമായിരിക്കും അവര്‍ക്ക് ആക്‌സസ് അനുവധിക്കുക.
അതിനോടൊപ്പം കുട്ടികള്‍ വെര്‍ച്വല്‍ പ്രൈവറ്റ് നെറ്റ് വര്‍ക്കുകള്‍ (വി പി എന്‍) ഉപയോഗിക്കുന്നതും തടയും. അശ്ലീല വീഡിയോകള്‍ കാണുന്നതിനുള്ള പ്രായപരിധി മറികടക്കുന്നതിനായിട്ടാണ് ഇപ്പോള്‍ പലരും വി പി എന്‍ ഉപയോഗിക്കുന്നത്. കുട്ടികളുടെ സൈബര്‍ സുരക്ഷയുടെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ച്ചയ്ക്കും തയ്യാറില്ലെന്നാണ് പ്രധാനമന്ത്രി അസന്നിഗ്ധമായി പറഞ്ഞത്. ഇതിനുള്ള കണ്‍സല്‍ട്ടേഷന്‍ ഉടനടി ഉണ്ടാകും. അതിനു ശേഷം അതിവേഗത്തില്‍ തന്നെ നടപടികള്‍ കൈക്കൊള്ളുമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.
അടുത്ത മാസമായിരിക്കും കണ്‍സള്‍ട്ടേഷന്‍ ആരംഭിക്കുക. മൂന്ന് മാസത്തിനുള്ളില്‍ അതിന്റെ റിപ്പോര്‍ട്ട് തയ്യാറാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അങ്ങനെയായാല്‍ ഈ വര്‍ഷം തന്നെ നിയമഭേദഗതി കൊണ്ടുവരാന്‍ കഴിയുമെന്നാണ് കരുതുന്നത്. എ ഐ ചാറ്റ്‌ബോട്ടുകള്‍ കുട്ടികളില്‍ ചെലുത്തുന്ന സ്വാധീനത്തെ കുറിച്ച് ആശങ്കയുണ്ടെന്ന് ടെക്‌നോളജി സെക്രട്ടറി ലിസ് കെന്‍ഡാളും പറഞ്ഞു.
നേരത്തെ ഓസ്ട്രേലിയയും കുട്ടികളുടെ സോഷ്യല്‍ മീഡിയാ ഉപയോഗം പരിമിതപ്പെടുത്തിയിരുന്നു. ഇതോടെ 16 വയസ്സിന് താഴെയുള്ള കുട്ടികളുടെ അക്കൗണ്ടുകള്‍ സോഷ്യല്‍ മീഡിയയില്‍ നിന്ന് മെറ്റ നീക്കം ചെയ്തു തുടങ്ങി. ഇത്തരത്തില്‍ ലോകത്തിലെ ആദ്യത്തെ നിരോധനം ഓസ്‌ട്രേലിയയില്‍ പ്രാബല്യത്തില്‍ വരുന്നതിന് ഒരാഴ്ച ബാക്കിനില്‍ക്കെയാണ് മെറ്റ തങ്ങളുടെ പ്ലാറ്റ്ഫോമുകളില്‍ നിന്ന് കുട്ടികളുടെ അക്കൗണ്ടുകള്‍ നീക്കം ചെയ്യാന്‍ തുടങ്ങിയത്. ഇന്‍സ്റ്റഗ്രാം, ഫേസ്ബുക്ക്, ത്രെഡ്സ് എന്നീ പ്ലാറ്റ്ഫോമുകളില്‍ നിന്നാണ് 16 വയസ്സിന് താഴെയുള്ളവരെ ഒഴിവാക്കുന്നത്.
മെറ്റയുടെ പ്ലാറ്റ്ഫോമുകള്‍ക്ക് പുറമെ, യൂട്യൂബ്, എക്സ്, ടിക് ടോക്, സ്നാപ്ചാറ്റ്, റെഡിറ്റ്, കിക്ക്, ട്വിച്ച് തുടങ്ങിയ മറ്റ് സോഷ്യല്‍ മീഡിയ സൈറ്റുകളെയും ഈ നിരോധനം ബാധിക്കുന്നുണ്ട്. 16 വയസ്സിന് താഴെയുള്ളവരുടെ വിഭാഗത്തില്‍ തെറ്റായി ഉള്‍പ്പെടുത്തി അക്കൗണ്ട് നീക്കം ചെയ്യപ്പെട്ടു എന്ന് കരുതുന്ന കൗമാരക്കാര്‍ക്ക്, അവരുടെ പ്രായം ശരിയാണെന്ന് തെളിയിക്കുന്നതിനായി 'വീഡിയോ സെല്‍ഫി' വഴിയോ ഡ്രൈവിംഗ് ലൈസന്‍സ് പോലുള്ള സര്‍ക്കാര്‍ അംഗീകൃത തിരിച്ചറിയല്‍ രേഖകള്‍ വഴിയോ അപ്പീല്‍ നല്‍കാം.
ഈ നിയമം ഔദ്യോഗികമായി കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 10-നാണ് നിലവില്‍ വരുന്നത്. ഏകദേശം 150,000 ഫേസ്ബുക്ക് ഉപയോക്താക്കളെയും 350,000 ഇന്‍സ്റ്റാഗ്രാം അക്കൗണ്ടുകളെയും ഈ നടപടി ബാധിക്കുമെന്നാണ് കണക്കാക്കുന്നത്. നിയമം പാലിക്കുന്നതില്‍ കമ്പനികള്‍ വീഴ്ച വരുത്തിയാല്‍ 49.5 മില്യണ്‍ ഓസ്ട്രേലിയന്‍ ഡോളര്‍ വരെ പിഴ ചുമത്തും.
സോഷ്യല്‍ മീഡിയയുടെ ദൂഷ്യവശങ്ങളില്‍ നിന്ന് കുട്ടികളെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ ഈ നിരോധനം കൊണ്ടുവന്നിരിക്കുന്നത്. 10-നും 15-നും ഇടയില്‍ പ്രായമുള്ള ഓസ്ട്രേലിയന്‍ കുട്ടികളില്‍ 96% പേരും സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നുണ്ടെന്നും ഇവരില്‍ പത്തില്‍ ഏഴ് പേരും സ്ത്രീവിരുദ്ധവും അക്രമാസക്തവുമായ പോസ്റ്റുകള്‍, ആത്മഹത്യയുമായി ബന്ധപ്പെട്ട ഉള്ളടക്കം എന്നിവ പങ്കുവെക്കുന്നുണ്ടെന്നും ഈ വര്‍ഷം നടത്തിയ ഒരു പഠനത്തില്‍ കണ്ടെത്തിയിരുന്നു.
