ഒരു വര്‍ഷത്തിനിടെ ഒട്ടേറ തവണ ഹമാസ് പ്രവര്‍ത്തകര്‍ പാക്ക് അധീന കശ്മീരും പാക്കിസ്ഥാനും സന്ദര്‍ശിച്ചു; ബഹവല്‍പുരില്‍ജയ്ഷെ മുഹമ്മദിന്റെ ആസ്ഥാനം ഹമാസ് സംഘം എത്തി; കഴിഞ്ഞ മാസം പാക്ക് കരസേനാ മേധാവി ഉദ്ഘാടനം ചെയ്ത സൈനിക കേന്ദ്രത്തിലും സാന്നിധ്യം; പഹല്‍ഗാമിലേത് സംയുക്ത ഓപ്പറേഷന്‍; ഇന്ത്യയുമായി തീവ്രവാദത്തെ തുടച്ചു നീക്കാന്‍ ഇസ്രയേലും കൈകോര്‍ക്കും; തെളിവുകള്‍ പാക് കുതന്ത്രം പൊളിക്കുമ്പോള്‍
ന്യൂഡല്‍ഹി: പഹല്‍ഗാമില്‍ ഹമാസ് ഇടപെടലും. ഇതിന് വേണ്ട തെളിവുകള്‍ ഇന്റലിജന്‍സിന് കിട്ടിയെന്ന് റിപ്പോര്‍ട്ട്. പാക്കിസ്ഥാനിലെ വിവധ ഭീകര സംഘടനകളുമായി ഹമാസ് യോജിച്ച് പ്രവര്‍ത്തിക്കുന്നതായാണ് വിലയിരുത്തല്‍. ഹമാസ് നേതാക്കള്‍ പാക് രഹസ്വാന്വേഷണവിഭാഗവുമായി നിരന്തരം സമ്പര്‍ക്കം പുലര്‍ത്തിയിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ ഹമാസിന്റെ മുതിര്‍ന്ന നേതാക്കള്‍ പാകിസ്ഥാനില്‍ പലതവണ സന്ദര്‍ശനം നടത്തിയെന്നതിന് വ്യക്തമായ തെളിവുകള്‍ ഇന്റലിജന്‍സിന് ലഭിച്ചിട്ടുണ്ട്. ഹമാസ് സംഘം അടുത്തിടെ ബഹവല്‍പൂരിലെ ജയ്ഷെ മുഹമ്മദിന്റെ ആസ്ഥാനം സന്ദര്‍ശിച്ചിരുന്നു. ഇതിനാെപ്പം അതിര്‍ത്തിയിലെ തന്ത്രപ്രധാന പാക് സൈനിക കേന്ദ്രങ്ങളും ഹമാസ് നേതാക്കള്‍ സന്ദര്‍ശിച്ചു എന്നാണ് ഇന്റലിജന്‍സ് ഏജന്‍സികള്‍ പറയുന്നത്. പഹല്‍ഗാമില്‍ 26 പേരുടെ ജീവന്‍ കവര്‍ന്ന ഭീകരാക്രമണത്തിന് പിന്നില്‍ ഹമാസിന്റെ കൈകളുണ്ടെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്ന് ഇസ്രയേല്‍ വ്യക്തമാക്കിയിരുന്നു. ഇന്ത്യയിലെ ഇസ്രയേല്‍ പ്രതിനിധി റൂവന്‍ അസറാണ് പഹല്‍ഗാമിലെ ഭീകരാക്രമണത്തെ ഹമാസ് ഇസ്രയേലില്‍ നടത്തിയ മിന്നലാക്രമണത്തോട് ഉപമിച്ചത്. രണ്ട് ആക്രമണങ്ങളും തമ്മില്‍ സമാനതകള്‍ ഉണ്ടെന്നും സാധാരണ പൗരന്‍മാരെയാണ് ഇവര്‍ കൊന്നൊടുക്കിയതെന്നും ഭീകരസംഘടനകളുടെ വര്‍ധിച്ചുവരുന്ന സഹകരണത്തിലേക്കാണ് ഇത് വിരല്‍ ചൂണ്ടുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ത്യന്‍ രഹസ്യാന്വേഷണ വിഭാഗങ്ങളും ചിലത് സ്ഥിരീകരിക്കുന്നത്.
ഒരു വര്‍ഷത്തിനിടെ ഒട്ടേറ തവണ ഹമാസ് പ്രവര്‍ത്തകര്‍ പാക്ക് അധീന കശ്മീരും പാക്കിസ്ഥാനും സന്ദര്‍ശിച്ചതായാണ് റിപ്പോര്‍ട്ട്. ബഹവല്‍പുരില്‍ ഭീകരസംഘടനായ ജയ്ഷെ മുഹമ്മദിന്റെ ആസ്ഥാനം ഹമാസ് സംഘം അടുത്തിടെ സന്ദര്‍ശിച്ചിരുന്നു. കഴിഞ്ഞ മാസം പാക്ക് കരസേനാ മേധാവി അസിം മുനീര്‍ ഉദ്ഘാടനം ചെയ്ത സൈനിക കേന്ദ്രത്തിലും ഹമാസ് സംഘം എത്തി. ഇന്ത്യയിലെ രാജസ്ഥാനുമായി അതിര്‍ത്തി പങ്കിടുന്ന ബഹവല്‍പുര്‍ തന്ത്രപ്രധാനമായ സ്ഥലമാണ്. പാക്കിസ്ഥാന്‍ സൈന്യത്തിന്റെ വിഭാഗമായ ബഹവല്‍പുര്‍ കോറാണ് ഇവിടെ കാവല്‍. ഫെബ്രുവരിയില്‍, പാക് അധീന കശ്മീരിലെ റാവലക്കോട്ടില്‍ 'കശ്മീര്‍ ഐക്യദാര്‍ഢ്യ ദിന'ത്തില്‍ ഹമാസ് നേതാവ് ഖാലിദ് ഖദ്ദൂമിയുടെ പ്രസംഗം കേള്‍ക്കാന്‍ ഉന്നത ലഷ്‌കറെ തയിബ, ജയ്ഷെ കമാന്‍ഡര്‍മാര്‍ എത്തിയിരുന്നതായും സൂചനയുണ്ട്. ജമ്മു കശ്മീരിലെ ഭീകരപ്രവര്‍ത്തനങ്ങള്‍ ഇസ്രയേലിനെതിരായ പലസ്തീന്റെ പോരാട്ടവുമായി ബന്ധിപ്പിക്കാനുള്ള ശ്രമമായാണ് സുരക്ഷ ഏജന്‍സികള്‍ ഇതിനെ കാണുന്നത്. രണ്ടും 'അധിനിവേശത്തിനെതിരായ പ്രതിരോധം' ആയി ചിത്രീകരിക്കാന്‍ ശ്രമിക്കുന്നു എന്നാണ് വിലയിരുത്തല്‍. കഴിഞ്ഞ ഒരു വര്‍ഷമായി, പ്രത്യേകിച്ച് 2023 ഒക്ടോബര്‍ 7ന് ഇസ്രയേലില്‍ നടത്തിയ ആക്രമണത്തിനു ശേഷം പാക്കിസ്ഥാനില്‍ ഹമാസിന്റെ സാന്നിധ്യം വര്‍ധിച്ചതായാണ് ആരോപണം. ജനുവരിയില്‍ പാക്കിസ്ഥാന്‍ പാര്‍ലമെന്റിനെ അഭിസംബോധന ചെയ്യാന്‍ ഹമാസ് നേതാവ് ഖാലിദ് ഖദ്ദൂമിയെ ക്ഷണിച്ചിരുന്നു. ഇസ്രയേലിനെതിരായ പോരാട്ടത്തില്‍ അന്നത്തെ ഹമാസ് തലവനായ ഇസ്മായില്‍ ഹനിയ പാക്കിസ്ഥാനില്‍നിന്നു സഹായം തേടിയതിനു തൊട്ടുപിന്നാലെയാണ് ഹമാസ് നേതാക്കള്‍ പാക്കിസ്ഥാന്‍ സന്ദര്‍ശിച്ചത്. 2024 ജൂലൈ 31ന് ടെഹ്റാനില്‍ ഹനിയെ കൊല്ലപ്പെട്ടപ്പോള്‍, പാക്കിസ്ഥാന്‍ ദേശീയ ദുഃഖാചരണം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
ഹമാസ് നേതാക്കള്‍ അടുത്തയിലെ പാക് അധീന കശ്മീര്‍ സന്ദര്‍ശിച്ചത് ഇസ്രയേല്‍ അംബാസിഡര്‍ അസര്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഹമാസ് നേതാക്കള്‍ ജയ്‌ഷെ ഭീകരരുമായി കൂടിക്കാഴ്ച നടത്തിയിരുന്നുവെന്നും യോജിച്ചുള്ള പ്രവര്‍ത്തനത്തിന് തീരുമാനിച്ചിരുന്നുവെന്നും അദ്ദേഹം സൂചിപ്പിച്ചു. ഇത്തരം ഭീകരസംഘടനകളുടെ അടിവേരിളക്കാന്‍ രഹസ്യാന്വേഷണ ഏജന്‍സികളുടെ കൂട്ടായ പ്രവര്‍ത്തനം ആവശ്യമാണെന്നും അസര്‍ എന്‍ഡിടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. 'ഭീകരര്‍ എല്ലാ അര്‍ഥത്തിലും സഹകരണം ശക്തിപ്പെടുത്തിയിരിക്കുകയാണ്.ആക്രമണ രീതികള്‍ വരെ അവര്‍ ഒരുപോലെയുള്ളതാക്കുന്നു. ആക്രമണങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊള്ളുന്നുവെന്ന വസ്തുത നമ്മള്‍ അംഗീകരിക്കണമെന്നും പഹല്‍ഗാമില്‍ നടന്ന ആക്രമണം അതാണ് സൂചിപ്പിക്കുന്നതെന്നും അസര്‍ കൂട്ടിച്ചേര്‍ത്തു. അവധിക്കാലം ആഘോഷിച്ചിരുന്ന വിനോദസഞ്ചാരികളെയാണ് പഹല്‍ഗാമില്‍ വകവരുത്തിയതെങ്കില്‍ ഇസ്രയേലില്‍ സംഗീതപരിപാടി ആസ്വദിച്ചിരുന്നവര്‍ക്ക് നേരെയാണ് നിറയൊഴിച്ചതെന്നും ബന്ദികളാക്കി കൊണ്ടുപോയതെന്നും അദ്ദേഹം പറഞ്ഞു. ആക്രമണത്തിന് പിന്നാലെ ഇന്ത്യ സ്വീകരിച്ച നിലപാടിനെയും ഇസ്രയേല്‍ പ്രശംസിച്ചു. ഭീകരവാദത്തെ പ്രോല്‍സാഹിപ്പിക്കുന്നവരെ തുറന്ന് കാട്ടണമെന്നും ആഗോളവ്യാപകമായി ഇതിനുള്ള ശ്രമങ്ങള്‍ വേണമെന്നും അസര്‍ ആഹ്വാനം ചെയ്തു. ഭീകരവാദികള്‍ക്ക് പണവും ആയുധങ്ങളും വിവരങ്ങളും നല്‍കുന്ന രാജ്യങ്ങളെ ഒറ്റപ്പെടുത്തുകയാണ് വേണ്ടതെന്നും അസര്‍ വ്യക്തമാക്കി.
''നിര്‍ഭാഗ്യവശാല്‍, തീവ്രവാദ ഗ്രൂപ്പുകള്‍ പരസ്പരം പ്രചോദിപ്പിക്കുന്നുണ്ടെന്നു നാം സമ്മതിക്കണം. പഹല്‍ഗാം ആക്രമണവും ഒക്ടോബര്‍ 7 (2023)ന് ഇസ്രയേലില്‍ നടന്നതും തമ്മില്‍ സമാനതകളുണ്ട്. നിരപരാധികളായ വിനോദസഞ്ചാരികള്‍ പഹല്‍ഗാമില്‍ അവധിക്കാലം ആസ്വദിക്കുകയായിരുന്നു, അതേസമയം ഇസ്രയേലില്‍ ആളുകള്‍ ഒരു സംഗീതോത്സവം ആഘോഷിക്കുകയായിരുന്നു.'' അസര്‍ മാധ്യമങ്ങളോട് പറഞ്ഞു. പഹല്‍ഗാം ആക്രമണമുണ്ടായ സമയവും ഹമാസ് നേതാക്കളുടെ പാക്കിസ്ഥാന്‍ സന്ദര്‍ശനവും ഇസ്രയേല്‍ അംബാസഡര്‍ ചൂണ്ടിക്കാട്ടി. ഹമാസ് നേതാക്കള്‍, ജയ്ഷെ മുഹമ്മദ് ഭീകരരുമായും മറ്റു ചിലരുമായും കൂടിക്കാഴ്ച നടത്തിയതായി റിപ്പോര്‍ട്ടുണ്ട്. ഇത് ഈ ഗ്രൂപ്പുകള്‍ തമ്മിലുള്ള ഏകോപനമാണു സൂചിപ്പിക്കുന്നതെന്ന് അസര്‍ പറഞ്ഞു.