'കഴുത്തറുത്തുകളയും'! അഭിനന്ദന്റെ പോസ്റ്ററും കയ്യില്‍ പിടിച്ച് ഇന്ത്യക്കാര്‍ക്ക് നേരെ പാക്കിസ്ഥാന്‍ ഡിഫന്‍സ് അറ്റാഷെയുടെ പ്രകോപനപരമായ ആംഗ്യം; ലണ്ടനിലെ പാകിസ്ഥാന്‍ ഹൈക്കമീഷനെതിരെ പ്രതിഷേധം ശക്തമാകുന്നു; നയതന്ത്ര നടപടികള്‍ സ്വീകരിക്കണമെന്ന് ഇന്ത്യന്‍ പ്രവാസികള്‍

ലണ്ടനിലെ പാകിസ്ഥാന്‍ ഹൈക്കമീഷനെതിരെ പ്രതിഷേധം ശക്തം

Update: 2025-04-26 15:01 GMT

ലണ്ടന്‍: പഹല്‍ഗാമില്‍ 26 പേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തെ അപലപിച്ച് ലണ്ടനില്‍ പാക്കിസ്ഥാന്‍ ഹൈക്കമ്മിഷനു മുന്നില്‍ പ്രതിഷേധിച്ച ഇന്ത്യന്‍ പ്രവാസികള്‍ക്ക് നേരെ പ്രകോപനപരമായ ആംഗ്യം കാണിച്ച പാക്ക് ഡിഫന്‍സ് അറ്റാഷെക്കെതിരെ പ്രതിഷേധം ശക്തം. ബ്രിട്ടനിലെ പാക്കിസ്ഥാന്‍ ഹൈക്കമ്മിഷനു മുന്നില്‍ ഇന്ത്യക്കാരായ പ്രവാസികള്‍ നടത്തിയ സമാധാനപരമായ പ്രതിഷേധത്തിനുനേരെയാണ് പാക് ഡിഫന്‍സ് അറ്റാഷെ തൈമൂര്‍ റാഹത്താണ് പ്രകോപനപരമായ ആംഗ്യം കാണിച്ചത്. സമരക്കാരെ നോക്കി കഴുത്തറക്കുമെന്ന് ആംഗ്യംകാണിച്ചായിരുന്നു ഇയാളുടെ ഭീഷണി.

ലണ്ടനിലെ പാകിസ്ഥാന്‍ ഹൈക്കമീഷന് മുന്നിലെ പ്രതിഷേധത്തിനിടെ ഓഫീസിന്റെ ബാല്‍ക്കണിയിലേക്ക് വന്ന പാക്കിസ്ഥാന്‍ ഡിഫന്‍സ് അറ്റാഷെ തൈമൂര്‍ റാഹത്താണ് പ്രകോപനപരമായ ആംഗ്യം കാട്ടിയത്. സമരക്കാരെ ചൂണ്ടിയ ശേഷം കഴുത്തറുത്തുകളയുമെന്ന ആംഗ്യമാണ് തൈമൂര്‍ റാഹത്ത് കാണിച്ചത്.

പാകിസ്ഥാനില്‍ പിടിയിലായ ശേഷം ഇന്ത്യക്ക് കൈമാറിയ ഇന്ത്യന്‍ വ്യോമസേന ഗ്രൂപ്പ് ക്യാപ്റ്റന്‍ അഭിനന്ദന്‍ വര്‍ത്തമാന്റെ പോസ്റ്ററും കയ്യില്‍ പിടിച്ചായിരുന്നു തൈമൂര്‍ റാഹത്ത് കഴുത്തറുത്തുകളയുമെന്ന ആംഗ്യം കാണിച്ചത്. കേണല്‍ തൈമൂര്‍ റാഹത്ത് രണ്ട് കൈകളും കൊണ്ട് അഭിനന്ദന്റെ പോസ്റ്റര്‍ ഉയര്‍ത്തിപ്പിടിച്ച ശേഷം, ഒരു കൈ പെട്ടെന്ന് താഴ്ത്തി പ്രതിഷേധക്കാര്‍ക്ക് നേരെ കഴുത്തറുത്തുകളയുമെന്ന ആംഗ്യം കാണിക്കുന്നതിന്റെ വീഡിയോ അടക്കം പുറത്തുവന്നിട്ടുണ്ട്. സമാധാനപരമായി നടന്ന പ്രതിഷേധത്തിന് നേരെയായിരുന്നു ഇയാളുടെ പ്രകോപനം.

പാക് ഉദ്യോഗസ്ഥന്റെ പ്രകോപനപരമായ ആംഗ്യം സംഘര്‍ഷാവസ്ഥയ്ക്ക് കാരണമായിരുന്നു. സംഭവത്തിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുമുണ്ട്. പഹല്‍ഗാമില്‍ 26 പേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തെ അപലപിച്ചായിരുന്നു ഇന്ത്യക്കാരുടെ പ്രതിഷേധം. പ്രതിഷേധത്തിനിടെ പാക് ഹൈക്കമ്മിഷന്‍ ഉച്ചത്തില്‍ പാട്ടുവയ്ക്കുകയും ചെയ്തു. ഇതോടെ ഇന്ത്യക്കാരുടെ പ്രതിഷേധം കടുത്തു. പ്രകോപനപരമായ പ്രവൃത്തിയാണ് പാക് ഉദ്യോഗസ്ഥന്റെ ഭാഗത്തുനിന്നുണ്ടായതെന്നും ഭീകരതയെ അവര്‍ക്ക് അപലപിക്കാന്‍ കഴിയുന്നില്ലെങ്കില്‍ അവരും അതില്‍ പങ്കാളികളാണെന്നും ഇന്ത്യക്കാര്‍ പ്രതികരിച്ചു.

യു.കെ.യിലുള്ള ഇന്ത്യക്കാരായ അഞ്ഞൂറിലധികം പേരാണ് പ്രതിഷേധത്തില്‍ പങ്കെടുത്തത്. ഇന്ത്യന്‍ പതാകകള്‍ വീശിയും ഭീകര സംഘടനകള്‍ക്ക് പാക്കിസ്ഥാന്‍ പിന്തുണ നല്‍കുന്നതിനെതിരേ പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിയുമാണ് പ്രകടനത്തില്‍ പങ്കെടുത്തത്. യു.കെ. സര്‍ക്കാര്‍ പാക്കിസ്ഥാനെതിരേ നയതന്ത്ര നടപടികള്‍ സ്വീകരിക്കണമെന്നും അവര്‍ ആവശ്യമുന്നയിച്ചു.

ഇന്ത്യന്‍ ദേശീയ പതാകകള്‍ ഏന്തിയെത്തിയവര്‍ ഭീകര വിരുദ്ധ പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിയും ഭീകരതക്കെതിരായ മുദ്രാവാക്യം വിളിച്ചും മാത്രമാണ് പ്രതിഷേധം നടത്തിയത്. സമാധാനപരമായ പ്രതിഷേധത്തിനോട് പ്രകോപനപരമായി പെരുമാറിയ പാക്കിസ്ഥാന്‍ ഹൈക്കമീഷനെതിരെ വലിയ വിമര്‍ശനം ഇതിനകം ഉയര്‍ന്നിട്ടുണ്ട്. ബ്രിട്ടിഷ് സര്‍ക്കാര്‍ പാക്കിസ്ഥാന്റെ ഈ പ്രകോപനത്തിനെതിരെ കൃത്യമായ നയതന്ത്ര നടപടികള്‍ സ്വീകരിക്കണമെന്ന് പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

Similar News