2022-23 ല്‍ നാല് കോടി; 23-24 ല്‍ 25.65 കോടി; 24-25 ല്‍ 12.43 കോടി; കെ സ്മാര്‍ട്ട് സോഫ്ട് വെയറിന് വേണ്ടി ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ പ്രതിവര്‍ഷം ചെലവഴിക്കുന്നത് കോടികള്‍; അറ്റകുറ്റപ്പണിയുടെ ചെലവുകള്‍ നിശ്ചയിച്ചിട്ടില്ല; കെ-സ്മാര്‍ട്ടിലും അഴിമതിയോ?

Update: 2025-04-28 08:09 GMT

പത്തനംതിട്ട: സംസ്ഥാന സര്‍ക്കാരിന്റെ കംപ്ലീറ്റ് ഇ-ഗവേണന്‍സ് പദ്ധതി പ്രകാരം ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് വിവിധ സേവനങ്ങള്‍ ബന്ധിപ്പിക്കുന്നതിന് വേണ്ടിന നിര്‍മിച്ചിട്ടുള്ള കെ-സ്മാര്‍ട്ട് ഓണ്‍ലൈന്‍ ആപ്ലിക്കേഷന് വേണ്ടി പ്രതിവര്‍ഷം ചെലവഴിക്കുന്നത് കോടികള്‍. പന്തളം തോന്നല്ലൂര്‍ വാഴേലേത് വീട്ടില്‍ വി.സി. സുഭാഷ്‌കുമാര്‍ വിവരാവകാശ നിയമപ്രകാരം നല്‍കിയ അപേക്ഷയ്ക്ക് ഇന്‍ഫര്‍മേഷന്‍ കേരള മിഷനില്‍ നിന്നും ലഭിച്ച മറുപടിയിലാണ് ഈ വിവരം ഉള്ളത്.

കെ-സ്മാര്‍ക്ക് ആപ്ലിക്കേഷന്‍ നിര്‍മിച്ചു നല്‍കിയിരിക്കുന്നത് ഇന്‍ഫര്‍മേഷന്‍ കേരള മിഷനാണ്. കെ-സ്മാര്‍ട്ട് സോഫ്ട്വെയര്‍ നിര്‍മിക്കുന്നതിന് ഓരോ വര്‍ഷവും ചെലവാക്കിയ തുകയുടെ കണക്കും നല്‍കിയിട്ടുണ്ട്. 2022-23 ല്‍ നാല് കോടി, 23-24 ല്‍ 25.65 കോടി, 24-25 ല്‍ 12.43 കോടി എന്നിങ്ങനെയാണ് കെ-സ്മാര്‍ട്ട് സോഫ്ട്വെയര്‍ നിര്‍മാണത്തിന് ചെലവഴിച്ചിരിക്കുന്നത്. ഈ ആപ്ലിക്കേഷന്റെ സര്‍വീസിനും അറ്റകുറ്റപ്പണിക്കും ഇതുവരെ ആര്‍ക്കും കരാര്‍ നല്‍കിയിട്ടില്ല. സോഫ്ട്വെയര്‍ വികസന ഘട്ടത്തില്‍ ആയതിനാല്‍ ഇതുവരെയും മെയിന്റനന്‍സ് ചെലവ് നിശ്ചയിച്ചിട്ടില്ല. കേന്ദ്ര സര്‍ക്കാര്‍ മിനിസ്ട്രി ഓഫ് ഹൗസിങ് ആന്‍ഡ് അര്‍ബന്‍ അഫയേഴ്സിന് കീഴിലുള്ള നാഷണല്‍ അര്‍ബന്‍ ഡിജിറ്റല്‍ മിഷനില്‍(എന്‍യുഡിഎം) നിന്നുള് ഫണ്ട് ഉപയോഗിച്ചാണ് കെ-സ്മാര്‍ട്ട് നിര്‍മിക്കുന്നതെന്നും വിവരാവകാശ മറുപടിയില്‍ പറയുന്നു.

സംസ്ഥാന സര്‍ക്കാരിന്റെ കംപ്ലീറ്റ് ഇ-ഗവേണന്‍സ് പദ്ധതിയില്‍ അഴിമതിക്കുള്ള സാധ്യതയാണ് ഈ ഫണ്ട് വിനിയോഗത്തില്‍ നിന്ന് വ്യക്തമാകുന്നത്. സര്‍ക്കാരിന്റെ ഡിജിറ്റല്‍ പദ്ധതികള്‍ മുഴുവന്‍ ഇന്‍ഫര്‍മേഷന്‍ കേരള ഐടി മിഷന്റെ നേതൃത്വത്തിലാണ് നടക്കുന്നത്. ചെലവായ തുകയ്ക്കുള്ള ഗുണനിലവാരം ഒരു സോഫ്ട്വെയറിനുമില്ലെന്നുള്ളതാണ് വസ്തുത. കുറഞ്ഞ ചെലവില്‍ വികസിപ്പിക്കാവുന്ന നിസാരമായ സോഫ്ട്വെയറുകള്‍ക്കാണ് ലക്ഷക്കണക്കിന് രൂപ ചെലവഴിച്ചുവെന്ന് വിവരാവകാശ രേഖയിലുള്ളത്.

പുറത്ത് സ്വകാര്യ കമ്പനികള്‍ക്ക് കൊടുത്താല്‍ രണ്ടു ലക്ഷം രൂപയ്ക്ക് പോലും സോഫ്ട്വെയര്‍ ചെയ്യാമെന്നിരിക്കേയാണ് ഇവിടെ കോടികള്‍ ചെലവഴിച്ചിരിക്കുന്നത്. ഇതേക്കുറിച്ച് വിശദമായ ഓഡിറ്റും അന്വേഷണവും വേണ്ടി വരും. 2022-23 ലെ കണക്കുകള്‍ മാത്രമാണ് ഓഡിറ്റ് ചെയ്തിട്ടുള്ളത്. ശേഷിച്ച രണ്ടു സാമ്പത്തിക വര്‍ഷങ്ങളിലെ കണക്കുകള്‍ ഓഡിറ്റ് ചെയ്തിട്ടില്ലെന്നുംവിവരാവകാശ മറുപടിയില്‍ പറയുന്നു.

Similar News