ദ്വാരപാലക ശില്പങ്ങളില്‍ നിന്ന് സ്വര്‍ണം മുറിച്ചെടുത്തത് ആചാരലംഘനം; വിഗ്രഹങ്ങളിലോ, ശില്പങ്ങളിലോ മാറ്റം വരുത്തുന്നത് ക്ഷേത്ര ചൈതന്യത്തെ ബാധിക്കും; പരിഹാര ക്രിയകള്‍ ആവശ്യമെന്ന് കാട്ടി ദേവസ്വം ബോര്‍ഡിന് തന്ത്രിയുടെ കത്ത്; വിഷയം ചര്‍ച്ച ചെയ്യാന്‍ ബോര്‍ഡ്
ദ്വാരപാലക ശില്പങ്ങളില്‍ നിന്ന് സ്വര്‍ണം മുറിച്ചെടുത്തത് ആചാരലംഘനം
പത്തനംതിട്ട: ശബരിമല ക്ഷേത്രത്തിലെ ദ്വാരപാലക ശില്പങ്ങളില്‍ നിന്ന് പരിശോധനയ്ക്കായി സ്വര്‍ണ്ണം മുറിച്ചെടുത്ത നടപടി വലിയ ആചാര ലംഘനമാണെന്ന് തന്ത്രി കണ്ഠരര് മഹേഷ് മോഹനര്. ഇക്കാര്യത്തില്‍, തന്ത്രി ദേവസ്വം ബോര്‍ഡിന് കത്ത് നല്‍കി.
ക്ഷേത്ര പ്രതിഷ്ഠയുടെയും അനുബന്ധ ശില്പങ്ങളുടെയും പരിശുദ്ധിക്ക് ഭംഗം വരുത്തുന്ന ഇത്തരം നടപടികള്‍ പാടില്ലെന്ന് കാണിച്ചാണ് അദ്ദേഹം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് ഔദ്യോഗികമായി കത്ത് നല്‍കിയത്. വിഗ്രഹങ്ങളിലോ, ശില്പങ്ങളിലോ മാറ്റം വരുത്തുന്നത് ക്ഷേത്ര ചൈതന്യത്തെ ബാധിക്കുമെന്നും ഇതിന് പരിഹാര ക്രിയകള്‍ ആവശ്യമാണെന്നുമാണ് തന്ത്രിയുടെ നിലപാട്.
അന്വേഷണ പുരോഗതിയും ശാസ്ത്രീയ പരിശോധനയും
ഹൈക്കോടതിയുടെ കര്‍ശന നിര്‍ദ്ദേശപ്രകാരമാണ് പ്രത്യേക അന്വേഷണ സംഘവും (SIT) ലീഗല്‍ മെട്രോളജിയുടെ ഗോള്‍ഡ് അസസ്‌മെന്റ് വിഭാഗവും ദ്വാരപാലക ശില്പങ്ങളില്‍ നിന്ന് സാമ്പിളുകള്‍ ശേഖരിച്ചത്. സ്വര്‍ണ്ണത്തിന്റെ ഗുണനിലവാരം, കാലപ്പഴക്കം, നഷ്ടപ്പെട്ട കൃത്യമായ അളവ് എന്നിവ കണ്ടെത്താനാണ് ഈ നീക്കം. നേരത്തെ തിരുവനന്തപുരത്തെ വിക്രം സാരാഭായ് സ്‌പേസ് സെന്ററില്‍ (VSSC) നടത്തിയ പരിശോധനയില്‍ ദ്വാരപാലക കട്ടിളപ്പാളികളില്‍ നിന്ന് ഏകദേശം ഒരു കിലോ 70 ഗ്രാം സ്വര്‍ണ്ണം നഷ്ടപ്പെട്ടതായി കണ്ടെത്തിയിരുന്നു. ഇത് ശരിവെക്കുന്നതിനായി സാമ്പിളുകള്‍ ജംഷഡ്പൂരിലെ നാഷണല്‍ മെറ്റലര്‍ജിക്കല്‍ ലാബിലേക്കും അയച്ചിട്ടുണ്ട്.
നഷ്ടപ്പെട്ട സ്വര്‍ണ്ണത്തിന്റെ അളവില്‍ വ്യക്തത വരുത്തി റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കാനാണ് അന്വേഷണ സംഘം ശ്രമിക്കുന്നത്. എന്നാല്‍, അന്വേഷണത്തിന്റെ ഭാഗമായുള്ള ഈ സാങ്കേതിക നടപടി ഭക്തര്‍ക്കിടയിലും ക്ഷേത്ര ഭരണസമിതിയിലും വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിട്ടുണ്ട്. തന്ത്രി ഉന്നയിച്ച ആചാരപരമായ ആശങ്കകള്‍ ദേവസ്വം ബോര്‍ഡ് ഗൗരവത്തോടെയാണ് കാണുന്നത്. തന്ത്രിയുടെ കത്ത് വരാനിരിക്കുന്ന ബോര്‍ഡ് യോഗത്തില്‍ വിശദമായി ചര്‍ച്ച ചെയ്യുമെന്നും തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും പ്രസിഡന്റ് കെ. ജയകുമാര്‍ അറിയിച്ചിട്ടുണ്ട്.
അന്വേഷണ റിപ്പോര്‍ട്ട് കോടതിയിലെത്തുന്നതോടെ സ്വര്‍ണ്ണക്കൊള്ളയുടെ വ്യാപ്തി പുറത്തുവരും. ജംഷഡ്പൂര്‍ നാഷണല്‍ മെറ്റലര്‍ജിക്കല്‍ ലാബിലെ പരിശോധനാ ഫലം കൂടി ലഭിച്ച ശേഷം മാത്രമേ അന്തിമ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കൂ.