'ഞങ്ങള്‍ കൊത്തിയാലും നിങ്ങള്‍ക്ക് മുറിയും; ഞങ്ങള്‍ വെട്ടിയാലും വെട്ടേല്‍ക്കും; രാഹുല്‍ മാങ്കൂട്ടത്തിലിനെ തൊടാന്‍ ആര്‍ക്കും കഴിയില്ല, തൊട്ടാല്‍ തിരിച്ചടിക്കും'; ബി.ജെ.പിക്കെതിരെ പ്രകോപന പ്രസംഗവുമായി കെ സുധാകരന്‍

ബി.ജെ.പിക്കെതിരെ പ്രകോപന പ്രസംഗവുമായി കെ സുധാകരന്‍

Update: 2025-04-29 15:07 GMT

പാലക്കാട്: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനും പാലക്കാട് എം.എല്‍.എയുമായ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ വധഭീഷണി മുഴക്കിയ ബി.ജെ.പിക്കെതിരെ അതേ നാണയത്തില്‍ മറുപടിയുമായി കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന്‍. രാഹുല്‍ മാങ്കൂട്ടത്തിലിനെ തൊടാന്‍ ആര്‍ക്കും കഴിയില്ല. രാഹുല്‍ മാങ്കൂട്ടത്തിലിനെ തൊട്ടാല്‍ തൊട്ടന്നവന്റെ കൈവെട്ടുമെന്ന് സുധാകരന്‍ പറഞ്ഞു. രാഹുല്‍ മാങ്കൂട്ടത്തിലെന്നാല്‍ വെറുതെ കിളിത്തുവന്ന വിത്തല്ലെന്നും വളര്‍ത്തിയെടുത്ത വിത്താണെന്നും തൊട്ടാല്‍ തിരിച്ചടിക്കുമെന്നും പ്രസംഗത്തിനിടെ കെ സുധാകരന്‍ പറഞ്ഞു.

രാഹുലിനെതിരെ കൊലവിളി നടത്തുന്ന ബി.ജെ.പി-ആര്‍.എസ്.എസ് നേതൃത്വത്തിനെതിരെ നടപടി സ്വീകരിക്കാത്ത സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ചാണ് പാലക്കാട് കോട്ട മൈതാനത്ത് കെ.പി.സി.സി ജനകീയ പ്രതിഷേധ യോഗം സംഘടിപ്പിച്ചത്. ഈ പ്രതിഷേധ പരിപാടിയിലായിരുന്നു സുധാകരന്റെ ഭീഷണി പ്രസംഗം. അഭ്യാസങ്ങളും അടിയുംവെട്ടും ബി.ജെ.പിക്ക് മാത്രമുള്ളതല്ല. ഞങ്ങള്‍ വെട്ടിയാലും നിങ്ങള്‍ക്ക് മുറിയും. അതിന് പറ്റിയ ആണ്‍കുട്ടികള്‍ കോണ്‍ഗ്രസ് പാര്‍ട്ടിയിലുണ്ടെന്ന് പരസ്യമായി പ്രഖ്യാപിക്കുകയാണ്.

രാഹുല്‍ മാങ്കൂട്ടത്തിലിനെ ചെയ്തിട്ട് ഇവിടെ നിന്ന് പ്രവര്‍ത്തിക്കാമെന്ന് നിങ്ങള്‍ക്ക് തോന്നുന്നുണ്ടോ?. വെറും തോന്നല്‍ മാത്രമാണ്. രാഹുല്‍ മാങ്കൂട്ടത്തില്‍ പാലക്കാട്ടെ ജനമനസില്‍ ഭദ്രമാണെന്ന് വിശ്വസിക്കുന്നു. രാഹുലിനെ തൊട്ടാല്‍ തൊട്ടവന്റെ കൈവെട്ടിയില്ലെങ്കില്‍ ഈ രാജ്യത്ത് രാഷ്ട്രീയ പ്രവര്‍ത്തനം ഉണ്ടാവില്ലെന്നും കെ. സുധാകരന്‍ ചൂണ്ടിക്കാട്ടി.

പാലക്കാട് നഗരസഭയിലെ നൈപുണ്യ വികസന കേന്ദ്രത്തിന് ആര്‍.എസ്.എസ് നേതാവ് ഹെഡ്ഗേവാറുടെ പേര് നല്‍കിയതിനെതിരെ പ്രതികരിച്ചതിനാണ് സ്ഥലം എം.എല്‍.എയായ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ബി.ജെ.പി നേതാക്കള്‍ ഭീഷണിയുമായി രംഗത്തെത്തിയത്. ആര്‍.എസ്.എസ് നേതാക്കളെ അവഹേളിച്ചാല്‍ എം.എല്‍.എയെ പാലക്കാട് കാലുകുത്താന്‍ അനുവദിക്കില്ലെന്നായിരുന്നു ഭീഷണി. കാല്‍ ഉള്ളിടത്തോളം കാലം കാല്‍ കുത്തിത്തന്നെ ആര്‍.എസ്.എസിനെതിരെ സംസാരിക്കുമെന്നും കാല്‍വെട്ടിയെടുത്താല്‍ ഉള്ള ഉടല്‍വെച്ച് ആര്‍.എസ്.എസിനെതിരെ സംസാരിക്കുമെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ മറുപടി നല്‍കി.

'ഈ സംസാരം നിര്‍ത്തണമെങ്കില്‍ നാവറുക്കേണ്ടി വരും. പിന്നെയും ആര്‍.എസ്.എസിനെതിരെ തന്നെ പ്രവര്‍ത്തിക്കും. അതു കൊണ്ട് ഇത്തരത്തിലുള്ള വിരട്ടലുകളൊന്നും വേണ്ട. പാലക്കാട് റെയില്‍വെ സ്റ്റേഷനില്‍ കാല് കുത്താന്‍ അനുവദിക്കില്ലെന്നാണ് ബി.ജെ.പിക്കാര്‍ പറയുന്നത്. അതിന് പ്ലാറ്റ്‌ഫോം ടിക്കറ്റ് കൊടുക്കുന്നത് ആര്‍.എസ്.എസ് അല്ലെന്നാണ് മനസിലാക്കുന്നത്. അങ്ങനെയുള്ള കാലം വരുമ്പോള്‍ അതിനെക്കുറിച്ച് ആലോചിക്കാം. ട്രെയിനില്‍ കേറാനും വന്നിറങ്ങാനും കാലു കുത്തി നില്‍ക്കാനും അറിയാം' -രാഹുല്‍ പറഞ്ഞു.

നഗരസഭ സ്ഥാപിക്കുന്ന നൈപുണ്യ വികസന കേന്ദ്രത്തിന് ആര്‍.എസ്.എസ് നേതാവിന്റെ പേര് നല്‍കിയ വിഷയത്തെ നിയമപരമായും ജനാധിപത്യപരമായും രാഷ്ട്രീയമായും നേരിടും. നഗരത്തില്‍ ഭിന്നശേഷി നൈപുണ്യ പരിശീലന കേന്ദ്രം ആരംഭിക്കുന്നതിനെയല്ല, ഭരണ നേതൃത്വത്തിലോ ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിലോ യാതൊരു പങ്കും വഹിക്കാത്ത ഒരു പ്രസ്ഥാനത്തിന്റെ വക്താവിന്റെ പേര് കേന്ദ്രത്തിനു നല്‍കുന്നതിനെയാണ് കോണ്‍ഗ്രസ് എതിര്‍ക്കുന്നത്. ജനപ്രതിനിധിയുടെ കാല്‍ വെട്ടുമെന്ന ബി.ജെ.പി നേതാവിന്റെ ഭീഷണി പ്രസംഗത്തില്‍ പൊലീസ് കേസെടുക്കുമോ എന്നും അദ്ദേഹം ചോദിച്ചു. എത്ര ഭീഷണിപ്പെടുത്തിയാലും ആര്‍.എസ്.എസിനോടുള്ള എതിര്‍പ്പ് തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഹെഡ്ഗേവാറുടെ സ്മാരകമായി നൈപുണ്യ-വികസന ഡേ കെയര്‍ സെന്റര്‍ ആര്‍.എസ്.എസ് സംഘടനയുടെ നൂറാം വാര്‍ഷികമായ വിജയദശമി ദിനത്തില്‍ തുറന്നു കൊടുക്കാനാണ് പാലക്കാട് നഗരസഭ പദ്ധതിയിടുന്നത്. ബി.ജെ.പി ഭരിക്കുന്ന പാലക്കാട് നഗരസഭയില്‍ സംസ്ഥാനത്ത് ആദ്യമായി ആര്‍.എസ്.എസ് സ്ഥാപകന്റെ പേരില്‍ ഒരു തദ്ദേശ സ്ഥാപനം കെട്ടിടം നിര്‍മിക്കുന്നത് സംഘടന നേട്ടമായാണ് ബി.ജെ.പി നഗരസഭ ഭരണസമിതി കാണുന്നത്.

നഗരസഭയുടെ സ്വന്തം ഫണ്ടല്ല, സി.എസ്.ആര്‍ ഫണ്ടാണ് ഉപയോഗിക്കുന്നതെന്ന ന്യായമാണ് ബി.ജെ.പിയുടേത്. ഓഷ്യാനസ് ഡ്വല്ലിങ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ 1.25 കോടി രൂപ സാമൂഹിക പ്രതിബദ്ധത ഫണ്ട് ഉപയോഗിച്ച് നഗര സൗന്ദര്യവത്കരണമാണ് ആദ്യം നടപ്പാക്കാന്‍ ഉദ്ദേശിച്ചതെങ്കിലും പിന്നീടാണ് ഹെഡ്ഗേവാറുടെ സ്മാരകം നിര്‍മിക്കാന്‍ തീരുമാനിച്ചത്. നഗരസഭ കൗണ്‍സില്‍ കൂടിയാലോചന പോലുമില്ലാതെയാണ് ആര്‍.എസ്.എസ് സ്ഥാപകന്റെ പേര് സര്‍ക്കാര്‍ കെട്ടിടത്തിന് നല്‍കുന്നതെന്നാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ ആരോപണം.

Tags:    

Similar News