2015ല്‍ അദാനി ഗ്രൂപ്പുമായി വിഴിഞ്ഞം തുറമുഖനിര്‍മ്മാണ കരാര്‍ ഒപ്പുവച്ച് നിര്‍മ്മാണത്തിന് തറക്കല്ലിട്ടു; 2023ല്‍ ആദ്യഘട്ടം പൂര്‍ത്തിയായി; 2024 ജൂലായില്‍ ട്രയല്‍ റണ്‍; ഡിസംബര്‍ 3 ന് കമ്മീഷനിംഗ് സര്‍ട്ടിഫിക്കറ്റ്; ഇന്ന് ഉത്സവ പ്രതീതിയില്‍ കമ്മീഷനിങ്; കനത്ത സുരക്ഷ; പത്തരയ്ക്ക് വിഴിഞ്ഞത്ത് പ്രധാനമന്ത്രി എത്തും

Update: 2025-05-02 00:58 GMT

തിരുവനന്തപുരം: കേരളത്തിന്റെ സ്വപ്നപദ്ധതിയായ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം ഇന്ന് രാജ്യത്തിന് സമര്‍പ്പിക്കും. ഇതിനായി പധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം രാത്രി തിരുവനന്തപുരത്തെത്തി. വൈകീട്ട് ഏഴേമുക്കാലോടെയാണ് എയര്‍ ഇന്ത്യ വിമാനത്തില്‍ മോദി തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയത്. മുഖ്യമന്ത്രി പിണറായി വിജയന്‍, ചീഫ് സെക്രട്ടറി, ബിജെപിയുടെ സംസ്ഥാന നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ അദ്ദേഹത്തെ സ്വീകരിച്ചു. വിമാനത്താവളത്തിലും രാജ്ഭവനിലേക്ക് പോകുന്ന വഴിയിലും വന്‍ സുരക്ഷയാണ് ഒരുക്കിയത്. പ്രധാനമന്ത്രിയെ വരവേല്‍ക്കാനായി നിരവധിപേരാണ് പാതയോരങ്ങളില്‍ തടിച്ചുകൂടിയത്. വിഴിഞ്ഞത്തും പരിസരത്തും ഇന്നും സുരക്ഷ തുടരും.

വെള്ളിയാഴ്ച രാവിലെ 10.30-ന് മോദി വിഴിഞ്ഞത്തെത്തും. എംഎസ്സി സെലസ്റ്റിനോ മരസ്‌കാ എന്ന മദര്‍ഷിപ്പിനെ സ്വീകരിക്കും. തുടര്‍ന്ന് തുറമുഖം സന്ദര്‍ശിച്ചശേഷമായിരിക്കും പൊതുസമ്മേളനത്തില്‍ പങ്കെടുക്കുക. പ്രധാനമന്ത്രിയുടെ സന്ദര്‍ശനം കണക്കിലെടുത്ത് തിരുവനന്തപുരം നഗരത്തില്‍ ഗതാഗത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി തിരുവനന്തപുരം നഗരത്തില്‍ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. ഉത്സവ പ്രതീതിയിലാണ് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ കമ്മീഷനിങ് ചടങ്ങുകള്‍ നടക്കുക.

മുഖ്യമന്ത്രി പിണറായി വിജയന്‍, ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍, കേന്ദ്ര തുറമുഖ മന്ത്രി സര്‍ബാനന്ദ സോനോവാള്‍, കേന്ദ്ര സഹമന്ത്രിമാരായ സുരേഷ് ഗോപി, ജോര്‍ജ് കുര്യന്‍, സംസ്ഥാന മന്ത്രിമാരായ വിഎന്‍ വാസവന്‍, സജി ചെറിയാന്‍, ജി ആര്‍ അനില്‍, ഗൌതം അദാനി, കരണ്‍ അദാനി ഉല്‍പ്പെടെയുള്ള പ്രമുഖര്‍ പങ്കെടുക്കും. ചടങ്ങില്‍ നിന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ വിട്ടു നില്‍ക്കും. പൊതു ജനത്തിന് രാവിലെ 7 മണി മുതല്‍ 9.30 വരെ പ്രവേശനം ലഭിക്കും. കര്‍ശന സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്. ഉച്ചക്ക് 12.30ക്ക് ചടങ്ങുകള്‍ പൂര്‍ത്തിയാവും. ശേഷം പ്രധാനമന്ത്രി ആന്ധ്രാപ്രദേശിലേക്ക് മടങ്ങും.

പഹല്‍ഗാം ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പഴുതറ്റ സുരക്ഷയാണ് നഗരത്തില്‍ ക്രമീകരിച്ചിട്ടുള്ളത്. നഗരത്തിലും അനുബന്ധ റോഡുകളിലും ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.വിഴിഞ്ഞം കമ്മിഷനിംഗ് ചടങ്ങില്‍ പതിനായിരത്തോളം പേരാണ് പങ്കെടുക്കുക. ഇവര്‍ക്ക് പൊലീസ് സുരക്ഷാപാസ് നല്‍കും. ക്രിസ്ത്യന്‍ സഭാനേതാക്കള്‍, വിവിധ സാമൂഹ്യ,സമുദായ,സാംസ്‌കാരിക സംഘടനാപ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ക്ക് പരിപാടിയിലേക്ക് ക്ഷണമുണ്ട്.. 2015ലാണ് അദാനി ഗ്രൂപ്പുമായി വിഴിഞ്ഞം തുറമുഖനിര്‍മ്മാണ കരാര്‍ ഒപ്പുവച്ച് നിര്‍മ്മാണത്തിന് തറക്കല്ലിട്ടത്. 2023ല്‍ ആദ്യഘട്ടം പൂര്‍ത്തിയായി.

2024 ജൂലായില്‍ ട്രയല്‍ റണ്‍ ആരംഭിച്ചു. ഡിസംബര്‍ 3 ന് കമ്മീഷനിംഗ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചു. 2028 ഓടെ തുടര്‍ന്നുള്ള ഘട്ടങ്ങള്‍ പൂര്‍ത്തിയാകും. 2034 മുതല്‍ സംസ്ഥാനസര്‍ക്കാരിന് വരുമാനം ലഭിച്ചുതുടങ്ങും.

Similar News