തട്ടിപ്പുകാര്‍ ജി മെയിലിന്റെ വേഷമിട്ടും വരും! കപടന്മാരുടെ വരവില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച് ഗൂഗിള്‍; ജി മെയിലില്‍ കടന്നുകയറി സ്വകാര്യ ഡാറ്റ മോഷ്ടിക്കാന്‍ ഹാക്കര്‍മാരുടെ നീക്കം; രക്ഷപ്പെടാന്‍ ഈ വഴികള്‍ നോക്കാം
തട്ടിപ്പുകാര്‍ ജി മെയിലിന്റെ വേഷമിട്ടും വരും!
കാലിഫോര്‍ണിയ: ജി മെയില്‍ ഉപഭോക്താക്കള്‍ക്ക് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച് ഗൂഗിള്‍. ഗൂഗിളിന്റെ ജി മെയിലില്‍ കടന്നു കയറി സ്വകാര്യ ഡാറ്റ മോഷ്ടിക്കാനുള്ള ചില ഹാക്കര്‍മാരുടെ നീക്കത്തെ തുടര്‍ന്നാണ് ഗൂഗിള്‍ ഈ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. കൂടാതെ ഇവ ഒഴിവാക്കാനുള്ള മാര്‍ഗങ്ങളും കമ്പനി നിര്‍ദ്ദേശിച്ചിട്ടുണ്ട്.
കഴിഞ്ഞ മാസമാണ് ഹാക്കര്‍മാരുടെ ഈ നീക്കം ശ്രദ്ധയില്‍ പെട്ടത്. തുടര്‍ന്നാണ് സുരക്ഷാ വിദഗ്ധര്‍ ഇതിനെ കുറിച്ച് മുന്നറിയിപ്പ്് നല്‍കിയത്. മാല്‍വെയര്‍ബൈറ്റ്സിലെ വിദഗ്ധ സംഘം പറയുന്നത്, എല്ലാ ജിമെയില്‍ ഉപേഭോക്താക്കളും ഈ തന്ത്രപൂര്‍വ്വമായ സൈബര്‍ ആക്രമണത്തെ തുടര്‍ന്ന് ഭീഷണി നേരിടുന്നു എന്നാണ്.
സൈബര്‍ കുറ്റവാളികള്‍ ഗൂഗിളിന്റെ അടിസ്ഥാന സൗകര്യങ്ങള്‍ ദുരുപയോഗം ചെയ്ത് ജി മെയിലില്‍ നിന്ന് വരുന്നതായി തോന്നിക്കുന്ന ഇമെയിലുകള്‍ അയയ്ക്കുകയാണ്. ഇത്തരത്തില്‍ ഉപഭോക്താക്കളുടെ ഗൂഗിള്‍ അക്കൗണ്ടിന്റെ വിശദാംശങ്ങള്‍ കൈമാറാന്‍ തട്ടിപ്പുകാര്‍ അവരോട് ആവശ്യപ്പെടും.
നിക്ക് ജോണ്‍സണ്‍ എന്ന ഐ.ടി വിദഗ്ധനാണ് ഈ തട്ടിപ്പ് ആദ്യം കണ്ടെത്തിയത്. ഒരടിയന്തര ഇ മെയിലിന്റെ രൂപത്തിലാണ് ഈ സന്ദേശം എത്തുന്നത്. പ്രാഥമിക പരിശോധനയില്‍ ഈ സന്ദേശം ഗൂഗിളില്‍ നിന്ന് തന്നെയാണ് വന്നതെന്ന് ഉപഭോക്താക്കള്‍ക്ക് തോന്നും. അയച്ച വ്യക്തിയുടെ ഇ മെയില്‍ ഐ.ഡിയും യഥാര്‍ത്ഥമാണെന്ന് തോന്നുന്ന രീതിയിലാണ് ഇത് അയയ്ക്കുന്നത്. നോ റിപ്ലേ അറ്റ് ദി റേറ്റ് ഓഫ് ഗൂഗിള്‍ ഡോട്ട് കോം എന്ന ഈ മെയില്‍ ഐ.ഡിയില്‍ നിന്നായിരിക്കും ഈ സന്ദേശം എത്തുന്നത്.
നിക്ക് ജോണ്‍സണ്‍ പറയുന്നത് തന്റെ അക്കൗണ്ടിലേക്ക് നിയമപരമായ ഒരു സമന്‍സ് അയച്ചിട്ടുണ്ട് എന്നായിരുന്നു സന്ദേശം എത്തിയത്. എന്നാല്‍ ഒറ്റനോട്ടത്തില്‍ തന്നെ ഇതില്‍ എന്തോ തട്ടിപ്പുണ്ടെന്ന കാര്യം അദ്ദേഹം മനസിലാക്കി. ഇതിന് കാരണം സാധാരണയായി ഗൂഗിളിന്റെ ഉപഭോക്താക്കള്‍ക്കുള്ള സന്ദേശങ്ങള്‍ അക്കൗണ്ട്സ് ഡോട്ട് ഗൂഗിള്‍ ഡോട്ട് കോമില്‍ നിന്നാണ് വരുന്നത്. എന്നാല്‍ ഈ സന്ദേശം
എത്തിയത് ആകട്ടെ സൈറ്റ്സ് ഡോട്ട് ഗൂഗിള്‍ ഡോട്ട്കോമില്‍ നിന്നായിരുന്നു.
ഗൂഗിള്‍ അക്കൗണ്ടുള്ള ആര്‍ക്കും സൈറ്റ്സ് ഡോട്ട് ഗൂഗിള്‍ ഡോട്ട്കോമില്‍ ഒരു വെബ്‌സൈറ്റ് സൃഷ്ടിക്കാന്‍ കഴിയും എന്നതാണ്. സൈബര്‍ കുറ്റവാളികള്‍ ചെയ്തതും ഇതുതന്നെയാണ്. ഭാവിയില്‍ ഇതുപോലുള്ള ആക്രമണങ്ങള്‍ തടയുന്ന ഒരു അപ്‌ഡേറ്റ് ഉപയോഗിച്ച് പ്രശ്‌നം പരിഹരിക്കുകയാണെന്നാണ് ഗൂഗിള്‍ അറിയിക്കുന്നത്.
സംഭവത്തെ കുറിച്ച്് തങ്ങള്‍ക്ക് കൃത്യമായ വിവരം ലഭിച്ചതായും കഴിഞ്ഞ ഒരാഴ്ച ഇതിനെ നേരിടാനുള്ള തയ്യാറെടുപ്പുകള്‍ നടത്തുന്നതായും ഗൂഗിള്‍ അധികൃതര്‍ മാധ്യമങ്ങളെ അറിയിച്ചു. ഇമെയില്‍ ഉപഭോക്താക്കളെ ഈ പുതിയ തട്ടിപ്പില്‍ നിന്ന് രക്ഷിക്കാനായി ചില മാര്‍ഗങ്ങള്‍ മാല്‍വെയര്‍ബൈറ്റ്സ് പുറത്തിറക്കിയിട്ടുണ്ട്.
ഇതില്‍ ഏറ്റവും പ്രധാനപ്പെട്ട കാര്യം ആവശ്യമില്ലാത്ത ഇമെയിലുകളിലോ അപരിചിതമായ വെബ്‌സൈറ്റുകളിലോ ഉള്ള ലിങ്കുകള്‍ ഒരു കാരണവശാലും പിന്തുടരരുത് എന്നതാണ്. അപ്രതീക്ഷിതമായി ഒരു ഇമെയില്‍ ലഭിക്കുമ്പോള്‍ അത്, എവിടെ നിന്നാണ് അയച്ചതെന്ന കാര്യം ശ്രദ്ധാപൂര്‍വ്വം നോക്കുക എന്നതും പ്രധാനപ്പെട്ട കാര്യമാണ്. ഇവയുടെ ആധികാരികത പരമാവധി ഉറപ്പാക്കുക. മറ്റുള്ള
സൈറ്റുകളിലും സേവനങ്ങളിലും ഒരു കാരണവശാലും നിങ്ങളുടെ ഗൂഗിള്‍ അക്കൗണ്ട് ഉപയോഗിക്കാതിരിക്കുക. പകരം ഇതിനായി മാത്രം ഒരു അക്കൗണ്ട് സൃഷ്ടിക്കുക.